Friday, May 30, 2008

വിവരവിദ്യയോ വിവരക്കേടിന്റെ വിദ്യയോ?

ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അന്തിമ വിശകലനത്തില്‍ വൃഥാവിലാണെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ എളിയ അഭിപ്രായം. എത്രതന്നെ കഴമ്പുള്ളതും ഗൌരവമര്‍ഹിക്കുന്നതുമാകട്ടെ ബുദ്ധിമാന്‍മാര്‍ക്കതിന്റെ ആവശ്യമില്ല. വിഡ്ഡികളാകട്ടെ നിങ്ങളുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരിക്കലും ചെവിക്കൊള്ളുകയുമില്ല. ടെക്നോളജിയുടെ കാര്യത്തിലും ഇത് വളരെ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ബുദ്ധിമാന്‍മാരായ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയിലെ കാര്യബോധമുള്ളവര്‍ പലപ്പോഴും മുറവിളി കൂട്ടുകയും പൊതുജനത്തെ ഒന്നാകെ ബോധവല്‍ക്കരിക്കാനായി നിര്‍ദ്ദേശങ്ങളുടെ രൂപത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന നിവരധി നല്ല കാര്യങ്ങളുണ്ട്. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ പാലിച്ചിരിക്കേണ്ടതും സദാചാരവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളാണവ. 'മറ്റുള്ളവരെ ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ ഒരിക്കലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കരുതെന്നാ'ണ് അതില്‍ പ്രധാനപ്പെട്ടൊരു നിര്‍ദ്ദേശം.

കാര്യങ്ങള്‍ ഇതനുസരിച്ചല്ല നീങ്ങുന്നതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ലോകത്തേറ്റവും മോശപ്പെട്ട നഗരങ്ങളെക്കാള്‍ അധപതിച്ചിരിക്കയാണ് സൈബര്‍ലോകം. എങ്ങും ഉപദ്രവകാരികളായ വൈറസുകള്‍. വെബ്സൈറ്റുകളിലൂടെയും ഇ^മെയില്‍ സന്ദേശങ്ങളിലൂടെയും അവ അനുസ്യൂതം നാശം വിതച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കമ്പ്യൂട്ടറിലെ ഡാറ്റമുഴുക്കെ നശിപ്പിക്കാന്‍ മാത്രമല്ല കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തന്നെ നിശ്ചലമാക്കാന്‍ പോലും ഇവക്ക് ശേഷിയുണ്ട്. ഇ^മെയിലുപയോആാക്കള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം സ്പാം മെയിലുകളാണ്. നാമാവശ്യപ്പെടാതെ, നമുക്കിഷ്ടമില്ലാതെ നമ്മുടെ മെയില്‍ ബോക്സിലെത്തുന്ന ഈ സന്ദേശങ്ങള്‍ മുഴുവന്‍ പരസ്യങ്ങളായിരിക്കും. അതില്‍ തന്നെ ഭൂരിഭാഗവും വൃത്തികെട്ട ലൈംഗിക കേളികളുള്‍ക്കൊണ്ട സൈറ്റുകളുടെതും. ഇത്തരം പരസ്യങ്ങളടങ്ങിയ സന്ദേശം അബദ്ധത്തില്‍ നാം തുറക്കുകയോ അവയില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ ആഭാസചിത്രങ്ങള്‍ നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. അങ്ങനെ ആഗോള കമ്പ്യൂട്ടര്‍ ശൃംഖല ആഭാസ ശൃംഖലയായി മാറിയിരിക്കയാണ്.

വിവരവിദ്യ ഇന്നൊരു അനിഷേധ്യ സാന്നിധ്യമായിരിക്കുന്നു. അത് വിവരക്കേടിന്റെ വിദ്യയായി അധപതിച്ചുകൂടാ. ഐ.ടി. ഒരവസരവും അതേസമയം ഒരു കെണിയുമാണ്. അത് അകലം ഇല്ലാതാക്കിയിരിക്കുന്നു. കാലതാമസം പഴങ്കഥയാക്കിയിരിക്കുന്നു. വിജ്ഞാനത്തിന്റെ മഹാശേഖരമെന്നും അറിവിന്റെ പേമാരിയെന്നും വാഴ്ത്തപ്പെടുന്ന ഇന്റര്‍നെറ്റ് ദുഷിച്ച കരങ്ങളിലെത്തുമ്പോള്‍ ദുശãക്തിയായി മാറുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് വിവരവിദ്യാ രംഗത്ത് ദുശãക്തികള്‍ കൊടികുത്തി വാഴുകയാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ ഒരുക്കുന്ന ആഗോള ഗ്രാമം ഇലക്ട്രോണിക് വനമായി മാറിയിരിക്കുന്നു. വന്യമൃഗങ്ങളാണവിടെ വിഹരിക്കുന്നത്. കാട്ടുനീതിയാണവിടെ നടപ്പാകുന്നത്. ശക്തന്‍ ദുര്‍ബലനെ വിഴുങ്ങുന്നു. വിഡ്ഡികള്‍ക്ക് മുമ്പില്‍ ബുദ്ധിമാന്‍മാര്‍ തോല്‍പിക്കപ്പെടുന്നു. വിവിരം മാത്രമല്ല ഏതു തരത്തിലുള്ള വിവരക്കേടും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആര്‍ക്കും എന്തും കയറ്റി വിടാവുന്ന സര്‍വസ്വതന്ത്ര ശൃംഖലയാണല്ലോ അത്. വിവരവും വിവരക്കേടും ഒരേ അളവില്‍ ലഭിക്കുമ്പോള്‍ വിവരത്തെ വരിക്കാന്‍ തയ്യാറുള്ളവര്‍ നന്നെച്ചുരുങ്ങും.

തന്നെ പഠിപ്പിച്ച് ആളാക്കിയ കലാലയത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇലക്ട്രോണിക് ബോമ്പുകള്‍ തൊടുത്ത് വിട്ട് അവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം നിശ്ചലമാക്കിയ വിദ്യാര്‍ഥിയെക്കുറിച്ച് നേരത്തെ നാം വായിച്ചറിഞ്ഞു. ഒരേസമയത്ത് പതിനായിരക്കണക്കിന് ഇ^മെയില്‍ സന്ദേശം കലാലയത്തിന്റെ മെയില്‍ ബോക്സിലെത്തിയപ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ നിശ്ചലമാവുകയും സിസ്റ്റം മുഴുക്കെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇതിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണ്. പാസ്വേര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍മാര്‍ ഇ^കൊമേഴ്സ് മേഖലക്ക് പുതിയ ഭീഷണിയായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ കമ്പ്യൂട്ടറിന്റെ നിയന്ത്രണം തകര്‍ക്കുക മാത്രമല്ല വിലപ്പെട്ട വിവരങ്ങള്‍ മുഴുക്കെ ചോര്‍ത്തുകയയും ചെയ്യുന്നു.

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമൊരുക്കുന്ന ആധുനിക സാങ്കേതിക വിദ്യ, കള്ളനോട്ടടിക്കാനുപയോഗപ്പെടുത്തിയ സാമൂഹിക വിരുദ്ധര്‍ കേരളത്തിലുണ്ടല്ലോ. ഇത്തരമൊരു സംഘത്തെ കഴിഞ്ഞ വര്‍ഷം കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ സംഭവം നമുക്കറിയാം. നോട്ടിന്റെ വലുപ്പത്തില്‍ മുറിച്ചെടുത്ത ഗുണനിലവാരമുള്ള പേപ്പറില്‍ ആദ്യം ഗാന്ധിജിയുടെ ചിത്രം സ്ക്രീന്‍പ്രിന്റ് വഴി പതിപ്പിക്കുകയും പിന്നീട് യഥാര്‍ത്ഥ നോട്ട് സ്കാന്‍ ചെയ്തു കളര്‍ ഇങ്ക്ജറ്റ് പ്രിന്ററുപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുകയുമാണ് സംഘം ചെയ്തത്. യഥാര്‍ത്ഥ നോട്ടിനോട് കിടപിടിക്കുന്ന ഈ ഹൈടെക് കള്ളനോട്ടിന്റെ ന്യൂനത ഇതിന് വെള്ളം തട്ടാന്‍ പാടില്ലെന്നതാണ്. വിവര ശേഖരത്തിന്റെ മുഖ്യഘടകമായ വെബ്സൈറ്റുകള്‍ വഴി നീലച്ചിത്രങ്ങള്‍ വില്‍പന നടത്തിയ മലയാളി ഡോക്ടറെ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പിടികൂടിയ സംഭവവും നാം വിസ്മരിച്ചിട്ടില്ല. സാങ്കേതിക വിദ്യ കുറ്റവാളികളുടെ കരങ്ങളിലെത്തുമ്പോര്‍ അത് കുറ്റകൃത്യത്തിനുള്ള ഉപകരണമായി മാറുന്നു.

കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന കറിക്കത്തി വീട്ടമ്മയുടെ കൈകളിലാകുമ്പോള്‍ അത് മുഖേന സ്വാദിഷ്ടമായ ഭക്ഷ്യ വിഭവങ്ങളൊരുക്കപ്പെടുന്നു. ഇതേ കത്തി കുറ്റവാളിയുടെ കരങ്ങളിലായാല്‍ കൊലപാതകത്തിന് വരെ ഉപയോഗിക്കപ്പെടുന്നു. ടെക്നോളജിയുടെ അവസ്ഥയും ഇത് തന്നെ. ഉപഭോഗത്തിന്റെ മാത്രമല്ല ഭോഗത്തിന്റെയും അനന്തസാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് വിവര വിദ്യ കടിഞ്ഞാണില്ലാതെ മുന്നേറുന്നത്. എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ലോകത്ത് നല്ലൊരു വിഭാഗത്തെ അത് നിഷ്ക്രിയരും നീചരുമാക്കി മാറ്റുകയാണ്. സൈബര്‍ ലോകത്തിന്റെ കുത്തഴിഞ്ഞ അശ്ലീലങ്ങളില്‍ ഹോമിക്കപ്പെട്ട ബാല്യങ്ങളുടെ ഒരുപാടു കഥകള്‍ നാം കേള്‍ക്കുന്നു. അതിന്റെ വ്യാജങ്ങളിലും നാട്യങ്ങളിലും പെട്ട് മനസ്സമാധാനവും പിന്നെ ജീവനും നഷ്ടപ്പെട്ട ശുദ്ധാഅാക്കളുടെ അനുഭവങ്ങള്‍ നാം വായിക്കുന്നു. കേരളത്തില്‍ പോലും പുരോഗതിയുടെ ഗോപുരമായി നാം കൊണ്ടാടുന്ന ഇന്റര്‍നെറ്റ് കഫേകളില്‍ മനുഷ്യത്വം ഭോഗതൃഷ്ണക്ക് അടിപ്പെടുകയാണ്. പരിഷ്കൃതരെന്നവകാശപ്പെടുന്ന സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത കാര്യങ്ങളാണവിടെ നടക്കുന്നത്. ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനോ സന്നദ്ധ സംഘങ്ങള്‍ക്കോ സാധ്യമല്ലെന്നതാണ് ഖേദകരമായ വസ്തുത.

അമേരിക്കന്‍ ഭരണകൂടം രൂപം നല്‍കി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ബോംബിനെസ്സംബന്ധിച്ച വാര്‍ത്ത ഏറെ അസ്വസ്ഥതയോടെയാണ് ലോകത്തെങ്ങുമുള്ള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ബ്രിട്ടണിലെ 'ന്യൂ സയന്റിസ്റ്റ്' മാഗസിന്‍ ഈ 'മൈക്രോവേവ്' ഇലക്ട്രോണിക് ബോംബ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കമ്പ്യൂട്ടര്‍ ശൃംഖല വഴി ഇലക്ട്രോ മാഗനറ്റിക് തരംഗങ്ങള്‍ പ്രസരിപ്പിച്ച് മറുവശത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഴുക്കെ പ്രവര്‍ത്തന രഹിതമാക്കാന്‍ ശേഷിയുള്ള ഇത് അങ്ങേയറ്റം അപകടകാരിയാണത്രെ. ഇലക്ട്രോണിക് ബോംബിലൂടെ പ്രസരിക്കുന്ന ഇലക്ട്രോ മാഗനറ്റിക് തരംഗങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലക്ക് പുറമെ ഇലക്ട്രിക് ലൈനിലൂടെയും വാട്ടര്‍ പൈപുകളിലൂടെയുമൊക്കെ തൊടുത്തുവിടാനാവുമെന്നതും ഇതിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ചുരുക്കത്തില്‍ വിവരസാങ്കേതികത സാധ്യതകളുടെയും അവസരങ്ങളുടെയും ഒരു മഹാശൃംഖല തന്നെയാണ്. അതേസമയം അത് വിവരക്കേടിന്റെയും വിനാശത്തിന്റെയും വിദ്യയായി മാറുകയാണെന്ന ആശങ്ക അസ്ഥാനത്തല്ല. ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ അല്ല, ഇതിന്നെതിരെ ശക്തമായ നടപടികളാണവശ്യം.

No comments:

Post a Comment