
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന് ജനുവരി 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
ഈ ലേഖനം തയ്യാറാക്കാന്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ഉപയോഗിക്കുന്നത് എയ്സര്‍ കമ്പനിയുടെ ആസ്പെയര് വണ്‍ എന്ന 'നെറ്റ്ബുക്കാ'ണ്. വലിയ ആരോഗ്യമില്ലാത്ത ശരീര പ്രകൃതക്കാരനായതിനാല്‍ എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഭാരം കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ കോര്‍ക്കറസിന്റെ സ്വപ്നമായിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന സെനിത്തിന്റെ മൂന്ന് കിലോഗ്രാം തൂക്കമുള്ള നോട്ട്ബുക്കില്‍ നിന്ന് രണ്ട് കിലോഗ്രാമില്‍ താഴെ ഭാരമുള്ള സെനിത്തിന്റെ തന്നെ 12.1 ഇഞ്ച് ലാപ്ടോപിലേക്ക് മാറാനുള്ള കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് പര്യടനത്തിലായിരിക്കെ സോണി, എച്ച്.പി തുടങ്ങിയ കമ്പനികള്‍ നിര്‍മ്മിച്ച കുറഞ്ഞ ഭാരമുള്ള കമ്പ്യൂട്ടര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്ന് അതിന്റെ വില ഏതാണ്ട് ഒരു ലക്ഷം രൂപക്ക് മുകളിലായിരുന്നതിനാല്‍ തല്ക്കാലം വാങ്ങിയില്ല. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ കമ്പ്യൂട്ടറിന്റെ വിലയില്‍ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അതേ ഉപയോഗത്തിനുള്ള നന്നെ ചെറുതും ഒതുക്കമുള്ളതും അത്യധികം ആകര്‍ഷകവുമായ കമ്പ്യൂട്ടറാണ് രണ്ട് മാസം മുമ്പ് കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വെറും ഇരുപതിനായിരത്തി അഞ്ഞൂറ് രൂപക്ക് ലഭിച്ചത്. കൂടെ കൊണ്ടുനടക്കാന്‍ എന്തൊരു സൌകര്യം. മോണിറ്റര്‍ ചെറുതാണെന്ന പരാതിയുണ്ട്. വീട്ടിലും ഓഫീസിലും ഓരോ അഡീഷണല്‍ മോണിറ്റര്‍ സംഘടിപ്പിച്ച് നെറ്റ്ബുക്കിന്റെ ഡിസ്പ്ളേ സ്ക്രീന്‍ ഇതിലേക്ക് മാറ്റിയതോടെ പരാതിയും തീര്‍ന്നു.
ഒരു കിലോഗ്രാമില്‍ താഴെ ഭാരം, 120 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, ഇന്റല്‍ എക്സ്പ്രസ്സ് ചിപ്പ്സെറ്റ്, 1 ജിഗാബയ്റ്റ് റാം, ബില്‍റ്റ് ഇന്‍ വെബ്കാം, എസ്.ഡി. കാര്‍ഡ് സ്ളോട്ട്, മള്‍ട്ടി കാര്‍ഡ് റീഡര്‍, മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, ഈതര്‍നെറ്റ് കാര്‍ഡ്, 8.9 ഇഞ്ച് സ്ക്രീന്‍, 1024ഃ600 പിക്സല്‍ റെസല്യൂഷന്‍, ഡിസ്പ്ളേ സംവിധാനം അഡീഷണല്‍ മോണിറ്ററിലേക്കോ എല്‍.സി.ഡി പ്രൊജക്ടറിലേക്കോ മാറ്റാനുള്ള വി.ജി.എ സ്ളോട്ട് തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. 2008 ജൂലൈയില്‍ എയ്സര്‍ പുറത്തിറക്കിയ ഈ കമ്പ്യൂട്ടറിലുപയോഗിച്ചിരിക്കുന്നത് ഇന്റലിന്റെ 'ആറ്റം എന്‍ 270' പ്രോസസ്സറാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വലുപ്പത്തില്‍ നന്നെ ചെറുതായതിനാല്‍ സി.ഡി/ഡി.വി.ഡി ഡ്രൈവ് ഇതിലില്ല. പകരം ആവശ്യമാണെങ്കില്‍ നിങ്ങള്‍ക്കൊരു എക്സ്റ്റേണല്‍ ഡ്രൈവ് വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ. വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയുള്ള പെന്‍ഡ്രൈവും ഫ്ളാഷ് മൊമ്മറിയുമൊക്കെ സുലഭമായതിനാല്‍ ഇതിന്റെ ആവശ്യവും ഇല്ലെന്ന് പറയാം. ഓപറേറ്റിംഗ് സിസ്റ്റം തകര്‍ന്ന് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതാവശ്യം വരൂ. കരുതലെന്ന നിലക്ക് ഹാര്‍ഡ് ഡിസ്ക്കിലെ മറ്റൊരു പാര്‍ട്ടീഷണില്‍ ഒരു അഡീഷണല്‍ വിന്‍ഡോസ് കൂടി ഇന്‍സ്റ്റാള്‍ ചെയ്ത് സൂക്ഷിച്ചാല്‍ വൈറസ് ആക്രമണം മൂലമോ മറ്റോ ആദ്യത്തേത് തകരുമ്പോള്‍ ഇതുപയോഗപ്പെടുത്താനാവും.
ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഇനി കുറഞ്ഞ വിലക്ക് ഏറെ സവിശേഷതകളുള്ള നെറ്റ്ടോപ് കമ്പ്യൂട്ടര്‍ സ്വന്തമാക്കാം. വില കുറഞ്ഞതും കൊണ്ടുനടക്കാന്‍ സൌകര്യമുള്ളതുമായ കമ്പ്യൂട്ടര്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷാരംഭത്തില്‍ ഇന്റലിന്റെ ആറ്റം പ്രോസസ്സര്‍ രംഗത്തെത്തുന്നത്. നോട്ട്ബുക്ക് കമ്പ്യൂട്ടിംഗ് രംഗത്ത് ഇത് വലിയൊരു മാറ്റത്തിന് തുടക്കമിടുകയായിരുന്നു. നോട്ട്ബുക്ക് എന്ന പേരിന് പകരം ഈ പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറിന് നെറ്റ്ബുക്ക് എന്ന പേരും ലഭിച്ചു.
കമ്പ്യൂട്ടറിന്റെ തലച്ചോറെന്നാണല്ലോ അതിന്റെ പ്രോസസ്സറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തുള്ള കമ്പ്യൂട്ടറുകളില്‍ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത് ഇന്റല്‍ പ്രോസസ്സറുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. തൊഴില്‍ മേഖലയിലും വീട്ടുപയോഗത്തിനുമൊക്കെ അനുയോജ്യമായ വ്യത്യസ്ത ഇനം പ്രോസസ്സറുകള്‍ ഇന്റലിന്റേതായി വിപണിയിലുണ്ട്. ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി വിലകുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന ആശയവുമായി 2007 മധ്യത്തില്‍ രംഗത്തെത്തിയ ഇന്റല്‍ ഇത് നടപ്പാക്കാനായി 'ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ ലാപ്ടോപ്' എന്ന പദ്ധതിയുമായി മുന്നോട്ടുന്നു. പ്രധാനമായും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലെ ദരിദ്ര വിദ്യാര്തഥികളെ ലക്ഷ്യമാക്കിയ ഈ പദ്ധതിക്ക് വേണ്ടി രൂപകല്പന ചെയ്തതും ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ്ടോപിന് നിശ്ചയിച്ച വില വെറും 189 ഡോളറായിരുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ വിന്‍ഡോസുമായി ഈ പദ്ധതിയിലേക്ക് കടന്നുവരികയും വില 199 ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സഹകരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും പദ്ധതി ഇടക്കുവെച്ച് തടസ്സപ്പെട്ടു. 2008-ന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ നിന്ന് ഇന്റല്‍ പൂര്‍ണ്ണമായും പിന്മാറുകയും 'ക്ളാസ്സമേറ്റ്' എന്ന പേരില്‍ സ്വന്തമായി ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ആറ്റം പ്രോസസ്സറിന്റെ നിര്‍മ്മാണത്തിലും അവര്‍ ശ്രദ്ധയൂന്നി.
ആറ്റം പ്രോസസ്സറിന്റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിന്റെ വരവിലൂടെ ലാപ്ടോപ് നിര്‍മ്മാണ കമ്പനികള്‍ക്ക് മുമ്പില്‍ പെട്ടെന്ന് പുതിയൊരു കവാടം തന്നെ തുറന്നുകിട്ടി. അതോടെ വിലകുറഞ്ഞ നെറ്റ്ബുക്ക് കമ്പ്യൂട്ടറുമായി കമ്പനികള്‍ വിപണിയില്‍ മല്‍സരത്തിനെത്തിത്തുടങ്ങി. ആറ്റം പ്രോസസ്സറിന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകള്‍ ലഭ്യമാണ്. വിലകുറഞ്ഞ ചെറിയ ലാപ്ടോപ് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവുന്നവയാണ് ഒന്നാമത്തെ ഇനം. ഇത് ഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നോട്ട്ബുക്ക് എന്നതിന് പകരം നെറ്റ്ബുക്ക് എന്നറിയപ്പെടുന്നു. ചെറിയ ഓഫീസുകളിലെ ഡസ്ക്ടോപ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ രൂപകല്പന ചെയ്ത വിലകുറഞ്ഞ പ്രോസസ്സറാണ് രണ്ടാമത്തേത്. ആറ്റം പ്രോസസ്സര്‍ ഘടിപ്പിക്കുന്നതോടെ ഈ ഡസ്ക്ക്ടോപ് കമ്പ്യൂട്ടര്‍ 'നെറ്റ്ടോപ്' കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നു. ആറ്റം പ്രോസസ്സറിന്റെ മൂന്നാമത്തെ ഇനം ഇന്റര്‍നെറ്റുമായ സദാ ബദ്ധപ്പെടാന്‍ തയ്യാറാക്കിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ളവയാണ്. എം.ഐ.ഡി എന്നാണ് ഇവക്ക് പേര് നല്‍കിയിരുക്കുന്നത്. ങീയശഹല കിലൃിേല ഉല്ശരല എന്ന് പൂര്‍ണ്ണ രൂപം. ലോകത്ത് തന്നെ ഏറ്റവും ചെറിയ പ്രോസസ്സറാണിതെന്ന് ഇന്റല്‍ അവകാശപ്പെടുന്നു. സുഗമമായ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, മെബൈല്‍ ഉപകരണത്തില്‍ തന്നെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗങ്ങള്‍, നന്നെക്കുറഞ്ഞ വൈദ്യുതി ഉപയോഗം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. ആറ്റം പ്രോസസ്സറുകളുടെ മറ്റൊരു സവിശേഷത അവ വയര്‍ലെസ് ഇന്റനെറ്റ് കണക്ഷന് സജ്ജമാണെന്നതാണ്.
നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ മുഖ്യ സവിശേഷത പ്രവര്‍ത്തന വേഗതയും കാര്യക്ഷതയമാണ്. ഉയര്‍ന്ന സംഭരണ ശേഷിയും അഭികാമ്യം തന്നെ. അതോടൊപ്പം സൌകര്യപ്രദമായ കീബോര്‍ഡ്, മൌസ് ഉപയോഗം എന്നിവയും ആവശ്യമായിരിക്കുന്നു. ആറ്റം പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറുകളില്‍ ഇതൊക്കെ സാധ്യമാണെന്നത് ലാപ്ടോപ് നിര്‍മ്മാണ കമ്പനികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു.
ഡാറ്റാ സ്റ്റോറേജിനുള്ള സംവിധാനവും മുഖ്യ ഘടകം തന്നെ. അസൂസ്, സെനിത്ത് പോലുള്ള ഇതര കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില നെറ്റ്ബുക്കുകളിലും എയ്സറിന്റെ തന്നെ വേറെ ചില മോഡലുകളിലും പരമ്പരാഗത ഹാര്‍ഡ് ഡിസ്ക്കിന് പകരം എസ്.എസ്.ഡി ഇനത്തിലെ സ്റ്റോറേജ് സംവിധാനമാണുപയോഗിക്കുന്നത്. 1 മുതല്‍ 40 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള ഇത്തരം മെമ്മറി സംവിധാനമുണ്ടെങ്കിലും ഇതിന് വിലകൂടും. അതിനാല്‍ തന്നെ പരമാവധി 8 ജിഗാബയ്റ്റ് വരെയുള്ള സ്റ്റോറേജ് കപ്പാസിറ്റി മാത്രമേ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാവൂ. ഇവക്ക് ചലിക്കുന്ന ഭാഗങ്ങളില്ലാത്തതിനാല്‍ സാധാരണ ഹാര്‍ഡ്ഡിസ്ക്കിനെ അപേക്ഷിച്ച് യാത്രയിലും മറ്റും പെട്ടെന്ന് കേടുവരാനുള്ള സാധ്യത കുറവാണെന്ന ഗുണമുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പറയത്തക്ക വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററിയുടെ പ്രവര്‍ത്തന സമയം കാര്യമായി വര്‍ദ്ധിക്കുന്നു. അതേസമയം പരമ്പരാഗത രീതിയിലെ ഹാര്‍ഡ് ഡിസ്ക്കാണ് വിനീതനായ കോര്‍ക്കസ് തിരഞ്ഞെടുത്തത്. കാരണം അവയുടെ വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയും വിലക്കുറവും തന്നെ. 120 ജിഗാബയ്റ്റിന് പുറമെ 160 ജിഗാബയ്റ്റ് സംരംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്ക് ഘടിപ്പിച്ച നെറ്റ്ബുക്കും ലഭ്യമാണ്.
നെറ്റ്ബുക്കിന്റെ സ്ക്രീനിന്റെ വലിപ്പക്കുറവ് ഒരു ന്യൂനത തന്നെ. 7 മുതല്‍ 10 ഇഞ്ച് വരെ വലിപ്പത്തില്‍ അവ ലഭിക്കുന്നുണ്ട്. പത്ത് ഇഞ്ച് എന്നത് തരക്കേടില്ലാത്ത വലിപ്പം തന്നെ. ചെറിയ കമ്പ്യൂട്ടര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്ക്രീനിന്റെ ഈ വലിപ്പക്കുറവ് സഹിക്കാവുന്നതേയുള്ളൂ എന്ന് അനുമാനിക്കാം. അതല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ സ്ഥിരമായി ഉപയോഗമുള്ളേടത്ത് അഡീഷണല്‍ മോണിറ്റര്‍ സ്ഥാപിച്ച് ഇതു പരിഹരിക്കാം. നെറ്റ്ബുക്കിന്റെ സ്ക്രീന്‍ യാത്രയിലായിരിക്കെ ബിസ്സിലോ ട്രെയിനിലോ ഫ്ളൈറ്റിലോ ഒക്കെയുള്ള ഉപയോഗത്തില്‍ പരിമിതമാക്കിയാല്‍ മതി. നിലവിലെ നെറ്റ്ബുക്കിന്റെ പരമാധി സ്ക്രീന്‍ റെസല്യൂഷന്‍ 1024ഃ600 പിക്സലായതിനാല്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രശ്നമുണ്ടാക്കുമെന്നത് ശരിയാണ്. അഡീഷണല്‍ മോണിറ്റര്‍ ഘടിപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ.
വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്തുവരുന്ന നെറ്റ്ബുക്കിന് ലിനക്സ് പതിപ്പിനെ അപേക്ഷിച്ച് ഏണ്ട് രണ്ടായിരം രൂപ കൂടുതലായിരിക്കും. ഓരോരുത്തരുടെ താല്പര്യവും മുടക്കുന്ന സംഖ്യയും പരിഗണിച്ച് ഉചിതമായ ഓപറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. ബി.എസ്.എന്‍.എല്‍, റിലയന്‍സ്, ടാറ്റ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ വിതരണം ചെയ്യുന്ന ഡാറ്റാകര്‍ഡ് വാങ്ങിയാല്‍ നെറ്റ്ബുക്ക് ഉപയോഗിച്ച് യാത്രയിലും നിങ്ങള്‍ക്ക് എവിടെയും ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാം. വീഡിയോ ചാറ്റിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ബില്‍റ്റ്-ഇന്‍ വെബ്കാം നന്നായി പ്രയോജനപ്പെടും.
ഇതൊക്കെ വായിക്കുമ്പോള്‍ ഇത്തരമൊരു നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന് ചിലര്‍ക്കെങ്കിലും താല്പര്യമുണ്ടായേക്കാം. വരട്ടെ, നെറ്റ്ബുക്ക് വാങ്ങാന്‍ ധൃതി കൂട്ടരുത്. ആദ്യം ഇതിന്റെ സ്ക്രീന്‍ നന്നായി പരിശോധിക്കുക. സ്ക്രീനിന്റെ വലുപ്പവും ഡിസ്പ്ളേയും നിങ്ങളുടെ കണ്ണിനിണങ്ങുന്നുണ്ടോ അതോ കുറച്ച്സമയം സ്ക്രീന്‍ ഉപയോഗിക്കുമ്പോഴേക്കും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് ഷോറൂമുകളില്‍ ചെന്ന് നന്നായി പരിശോധിച്ചു ഉറപ്പുവരുത്തുക. കീബോര്‍ഡും മൌസിന് പകരമുള്ള ടച്ച്പാഡും നിങ്ങള്‍ക്ക് വഴങ്ങുമോ എന്നും പരിശോധിക്കണം. അഡീഷണല്‍ മൌസും കീബോര്‍ഡും ഉപയോഗിക്കാനുള്ള സൌകര്യമുണ്ടെന്നതും ഓര്‍ക്കുക.
അവസാനമായി വിലയുടെ കാര്യം. 16200 മുതല്‍ 25000 രൂപ വരെയുള്ള നെറ്റ്ബുക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എയ്സറിന് പുറമെ എച്ച്.പിയുടെയും അസൂസിന്റെയും സെനിത്തിന്റെയുമൊക്കെ നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിത്തുടങ്ങിയിരിക്കുന്നു. എച്ച്.സി.എല്‍ കമ്പനിയുടെ നെറ്റ്ബുക്കാണ് ഏറ്റവും വിലകുറഞ്ഞത്. 40 ജിഗാബയ്റ്റ് ഹാര്ഡ്ഡിസ്ക്ക്, 1 ജിഗാബയ്റ്റ് മെമ്മറി, 7 ഇഞ്ച് സ്ക്രീന്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.
നെറ്റ്ബുക്ക് വിപണിയില്‍ അന്താരാഷ്ട്രതലത്തില്‍ എയ്സര്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 60 ലക്ഷം നെറ്റ്ബുക്കാണ് അവര്‍ വിപണിയിലെത്തിച്ചതത്രെ. അതില്‍തന്നെ ആസ്പെയര് വണ്‍ എന്ന മോഡല്‍ മുന്നിട്ടു നില്ക്കുന്നു. തൊട്ടടുത്ത് എച്ച്.പിയും അസൂസും നിലകൊള്ളുന്നു.
*****
thank u for this informations..
ReplyDeletevery much informative... thank you very much
ReplyDeletethank you
ReplyDeleteവായിച്ചു നന്ദി
ReplyDeletethanks
ReplyDelete