Thursday, September 11, 2008

കോര്‍ക്കറസും ഇനി ബൂലോകത്തേക്ക്


(Published in info Kairali Computer Magazine - August 2008)

അങ്ങനെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഒരു ബ്ലോഗറായിരിക്കുന്നു. ബ്ലോഗന്‍ എന്ന് മലയാളം ഭാഷ്യം. ബൂലോകന്‍ എന്ന് തനിമലയാളം. ഇനി ബ്ലോഗാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബൂലോകനായി മാറിയത്. ബ്ലോഗ് ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ വരാന്‍ അല്‍പം വൈകിയോ എന്ന സംശയം അവശേഷിക്കുകയും ചെയ്യുന്നു. അതേതായാലും മലയാളം ബൂലോകത്തുള്ള എല്ലാ ബ്ലോഗന്‍മാര്‍ക്കും കോര്‍ക്കറസിന്റെ വക പ്രത്യേകം ഭാവുകങ്ങള്‍.

മലയാളത്തിലും ബ്ലോഗ് തഴച്ചു വളരുകയാണ്. അയ്യായിരത്തിലേറെ ബ്ലോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണത്രെ കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണമെന്ന് ബൂലോകര്‍ പറയുന്നു. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയിരിക്കുന്നത്. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ നമുക്കും സാധ്യമായിരിക്കുന്നു. അതായത് മലയാള ഭാഷയും ആഗോളവല്‍ക്കരിക്കപ്പെട്ടു എന്നര്‍ത്ഥം. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും. നേരത്തെ ഇംഗ്ലീഷ് ഭാഷയിലും മറ്റും പരിമിതമായിരുന്ന തിരച്ചില്‍ സംവിധാനം മലയാളത്തിലേക്ക് കടന്നതോടെ നമ്മുടെ ഭാഷക്കും നെറ്റില്‍ ഒരു നവോന്മേഷം കൈവന്നിരിക്കുന്നു. നമ്മുടെ സര്‍ക്കാരും ഇതിന് അങ്ങേയറ്റം പിന്തുണ നല്‍കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്ക് ഇയ്യിടെ നാം തുടക്കം കുറിച്ചിരിക്കയാണല്ലോ. ബൂലോകത്തെ ബ്ലോഗന്‍മാരെസ്സംബന്ധിച്ചേടത്തോളം ഇതൊക്കെ സന്തോഷ ദായകമായ വാര്‍ത്തകളാണ്.

അതായത് ബ്ലോഗര്‍മാരുടെ ലോകമായ ബൂലോകം വിശാലമായക്കൊണ്ടിരിക്കുന്നു. ബ്ലോഗുകള്‍ക്കും അതിലെ പോസ്റ്റുകള്‍ക്കും നിയന്ത്രണമില്ല എന്നതാണ് അതിന്റെ ശക്തിയും അതേസമയം ദൌര്‍ബല്യവും. ഏത് ലേഖനവും കവിതയും കഥയും അനുഭവങ്ങളും അഭിപ്രായങ്ങളും ചിന്തകളുമൊക്കെ അതില്‍ പ്രസിദ്ധീകരിക്കാം. എവിടെയും ആരോടും പ്രതികരിക്കാം. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം. സ്വതന്ത്രമായ ഒരു ലോകം തുറന്ന് കിട്ടിയിരിക്കയാണ്. നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവിന് യാജിക്കേണ്ടതില്ല. അവിടെ പേന മൂര്‍ച്ചകൂട്ടി വെട്ടിനിരത്താന്‍ കാത്തിരിക്കുന്ന പത്രാധിപരെന്ന അന്തകനില്ല. പ്രസാധകനെന്ന മുതലാളിയുമില്ല. അതിലുപരി തുടക്കക്കാരുടെ പേടിസ്വപ്നമായ ചവറ്റുകുട്ട എന്ന കുഴിമാടവുമില്ല. അവനവന്‍ പ്രസാധനം. എഴുത്തുകാരനും പത്രാധിപരും പ്രസാധകനും ഒക്കെ നിങ്ങള്‍ തന്നെ. നിങ്ങളുടെ രചന ലേകത്തെങ്ങും വായിക്കപ്പെടുന്നു.

ആര്‍ക്കുവേണമെങ്കിലും കാശുമുടക്കില്ലാതെ blogspot.com പോലുള്ള സൈറ്റുകളിലൂടെ സ്വന്തം ബ്ലോഗുകള്‍ ആരംഭിക്കാം. വെറും ടെക്സ്റ്റുകളും നിശ്ചല ചിത്രങ്ങളും എന്ന നിലവിട്ട് വീഡിയോ ബ്ലോഗുകളും (vlogs^വ്ളോഗുകള്‍) ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. സാങ്കേതികജ്ഞാനം വേണ്ടത്രയില്ലാത്തവര്‍ക്കും ബ്ലോഗുകള്‍ നിഷ്പ്രയാസം നിര്‍മ്മിക്കുകയും അപ്ഡേറ്റ് ചെയ്യുകയുമാവാം. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് ഇതര വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ്പരാഗത പ്രസിദ്ധീകരണ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മുതല്‍മുടക്കോ, എഴുത്തുകാര്‍, പ്രസാധകര്‍, വിതരണക്കാര്‍ എന്നിവരടങ്ങിയ വിപുലമായ ശൃംഖലയോ ബ്ലോഗുകള്‍ക്ക് ആവശ്യമില്ല. പരസ്പരം പറഞ്ഞറിഞ്ഞാണ് സന്ദര്‍ശകര്‍ ഇവ പരിചയപ്പെടുന്നത്. സെര്‍ച്ച് എഞ്ചിനുകളിലൂടെയും അഗ്രഗേറ്ററുകളിലൂടെയും ബ്ലോഗിലെത്താം. ഇ^മെയിലും മറ്റ് ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപാധികളും ഇവയുടെ പ്രചാരണത്തിന് സഹായിക്കുന്നു. വളരെ ലളിതമാണ് ഇതിന്റെ സാങ്കേതികവിദ്യ. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടര്‍. പിന്നെ ഒരു ഇ^മെയില്‍ വിലാസം. ഇ^മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അത്രതന്നെ എളുപ്പത്തില്‍ നിങ്ങള്‍ക്കും സ്വന്തം ബ്ലോഗ് നിര്‍മ്മിക്കാനാവും. യാഹൂ, ഗൂഗിള്‍ പോലുള്ള പ്രമുഖ വെബ് സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് സേവന ദാതാക്കളും മറ്റും ബ്ലോഗുകളുണ്ടാക്കി പ്രസിദ്ധീകരിക്കാനുതകുന്ന ടൂളുകള്‍ നല്‍കുന്നുണ്ട്.

അനോണി മാഷും കുറുമാനും അവറാന്‍ കുട്ടിയും അച്ചായനും തെക്കേടനും അനോണി ആന്റണിയും ഇടിവാളും പാച്ചുവും ഭൂമിപുത്രിയും തെന്നാലി രാമനും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനും പിന്നെ കോര്‍ക്കറസുമൊക്കെ ബ്ലോഗിലപ്പോള്‍ വിലസുകയാണ്. പാഠപുസ്തക വിവാദവും ആണവക്കരാറും യുക്തിവാദവും ഒക്കെ ബൂലോകത്തിലെയും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ് ചില ബ്ലോഗര്‍മാരുടെ രചനകള്‍ അനുവാദം കൂടാതെ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളം ബ്ലോഗര്‍മാര്‍ അതിന്നെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം പിന്നെ രോഷ പ്രകടനമായി മാറി. ബ്ലോഗ് കറുപ്പിച്ച് കരിവാരം ആചരിക്കണമെന്ന് ബ്ലോഗിലൂടെ നിര്‍ദ്ദേശമുണ്ടായതോടെ പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗ് കറുപ്പിച്ചുകൊണ്ട് കരിവാരത്തില്‍ പങ്കുചേര്‍ന്നു.

ബ്ലോഗര്‍മാര്‍ക്ക് പല ആശയങ്ങളുമുണ്ടാകാം. വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാകാം. പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് അവരൊക്കെ ഒന്നാണ്. ബൂലോകത്തെ ഈ ഐക്യം മാതൃകാപരമായിരിക്കുന്നുവെന്നതാണ് രസകരമായ വസ്തുത. മലയാളത്തില്‍ ബ്ലോഗിന്റെ പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും രംഗത്തെത്തിയിരിക്കുന്നു. ബ്ലോഗ് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളും വിശദവിവരങ്ങളും മുഴുക്കെ മലയാളത്തില്‍ ലഭ്യമാക്കിയ ബ്ലോഗ് സൈറ്റുകളും ധാരാളമുണ്ട്. കൂടാതെ മലയാളം ബൂലോകരുടെ സഹായത്തിന് സന്നദ്ധമായ സൈറ്റുകളും നിലവില്‍ വന്നിരിക്കുന്നു. ഇവയെല്ലാം കൂടിയായപ്പോള്‍ മലയാളം ബ്ലോഗിന് ശക്തികൂടി. നിങ്ങള്‍ക്കും ഇനി ബ്ലോഗിലേക്ക് കടക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയാണുള്ളത്. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടേ. നിങ്ങളെക്കൂടി ബാധിക്കുന്ന ചര്‍ച്ചകളിലൊക്കെ നിങ്ങള്‍ക്കും പങ്കുചേരേണ്ടതില്ലേ.
സിംഹത്തിന്റെ മുമ്പില്‍പെട്ടാല്‍ എന്ത് ചെയ്യണം? ബൂലോകത്തേക്ക് കടക്കൂ. നിഷ്ക്കളങ്കന്‍ എന്ന ബ്ലോഗന്‍ ശരിയായ മാര്‍ഗം നിര്‍ദ്ദേശിച്ചുതരും. 'നില്‍ക്കുക, ഓടരുത്. ശാന്തനായി കൂളായി നില്‍ക്കുക (പേടി പുറത്തേക്ക് കാണിക്കേണ്ട. മൂത്രം അസാരമാവാം). ധൈര്യത്തോടെ.. താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദത്തോടെ സിംഹത്തോട് സംസാരിക്കുക. വേണ്ടാ.. കളി എന്നോട് വേണ്ട...... നമ്മള് വലിയ ആളാണെന്ന് കാണിക്കുക. കൈ പൊക്കിപ്പിടിക്കുക.....' ഇങ്ങനെ അത്യന്തം 'പ്രായോഗിക'മായ ഒരുപാട് സൂത്രവിദ്യകള്‍ നിഷ്ക്കളങ്കന്‍ നമ്മെ പഠിപ്പിക്കുന്നു. പോരേ. ഇനി ആര്‍ക്കും സിംഹത്തിന്റെ മുമ്പില്‍ ധൈര്യമായി ചെന്ന് നില്‍ക്കാമല്ലോ. ഒട്ടും പേടിക്കേണ്ട.

ഇതാണ് ബ്ലോഗ്. അവിടെ നിങ്ങള്‍ക്ക് എന്തും കുറിച്ചിടാം. പ്രസിദ്ധീകരിക്കാം. ഒരു വിലക്കുമില്ല. കൊച്ചുകുട്ടികള്‍ക്ക് അവരുടെ നിഷ്ക്കളങ്കമായ കൊച്ചുരചനകള്‍ പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് മാത്രമാണ് ഏക ആശ്രയം. സാഹിത്യ ലോകത്തെ നവാഗതര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ ഇനി ആരുടെയും ഔദാര്യം വേണ്ട. ഭാഷക്ക് തന്നെ ഇത് വലിയ മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലോഗിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മലയാള ഭാഷക്ക് തന്നെ പുതിയൊരു രൂപവും ഭാവവുമൊക്കെ കൈവന്നിരിക്കുന്നു. വ്യാകരണത്തിന്റെയും ഭാഷാ നിയമങ്ങളുടെയും വേലിക്കെട്ടുകളൊക്കെ ഭേദിച്ച്, പരമ്പരാഗത മതില്‍കെട്ടുകളും അതിരുകളും തകര്‍ത്തു മലയാള ഭാഷയും ബ്ലോഗിലൂടെ മുന്നേറുകയാണ്. പാഠപുസ്തകത്തിലുള്ളതല്ല ഭാഷ, മറിച്ച് മലയാളി സംസാരിക്കുന്നതാണ് മലയാള ഭാഷ എന്ന അവസ്ഥയിലേക്ക് ഭാഷ വളരുകയാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കുത്തക പത്രസ്ഥാപനങ്ങളും പ്രസിദ്ധീകരണ മുതലാളിമാരുമല്ല ഇനി ഭാഷയുടെ ഗതി നിയന്ത്രിക്കുക, മറിച്ചു സാധാരണക്കാരായി മലയാളികളായിരിക്കും. ബ്ലോഗില്‍ നിന്ന് അച്ചടി രൂപത്തിലേക്കിറങ്ങി വരുന്ന രചനകളും കൂടിവരികയാണ്. സജീവ് എടത്താടന്‍ എന്ന 'വിശാല മനസ്ക്കന്റെ' കൊടകര പുരാണം എന്ന പുസ്തം ഇതിന്റെ മികച്ച ഉദാഹരണമാണ്.
2004-ല്‍ അമേരിക്കന്‍ മെറിയം വെബ്സ്റ്റെര്‍ ഡിക്ഷ്ണറിയുടെ വെബ്സൈറ്റില്‍ ഏറ്ററവുമധികം അന്വേഷണ വിധേയമായ പദമായിരുന്നു ബ്ലോഗ് എന്നത് ഇതിന്റെ ജനകീയതക്കുള്ള തെളിവാണ്. ആദ്യത്തെ ബ്ലോഗ് പേജായി കണക്കാക്കുന്ന റൊബോട്ട് വിസ്ഡം 1997^ലാണ് നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് ബ്ലോഗുകളുടെ കുതിപ്പ് തുടങ്ങുകയായി. വെബ്ബിലെ ഇന്‍സ്റ്റന്റ് മെസേജുകള്‍ പോലെയാണ് ബ്ലോഗ് പോസ്റ്റുകള്‍. പ്രത്യേകവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഇ^മെയില്‍ ഗ്രൂപ്പുകളെക്കാള്‍ കാര്യക്ഷമമായും ലളിതമായും ആശയവിനിമയം നടത്താന്‍ ബ്ലോഗുകള്‍ സഹായകമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങള്‍ തമ്മില്‍ ഫാമിലിബ്ലോഗുകള്‍ വഴി ആശയവിനിമയം നടത്തുന്നത് ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു. 2004 ഒടുവില്‍ തെക്കന്‍ ഏഷ്യയെ ദുരന്ത ഭൂമിയാക്കിയ സൂനാമിക്കെടുതികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ബ്ലോഗുകള്‍ സഹായഹസ്തമായത് നാം മനസ്സിലാക്കിയതാണ്. 10 ലക്ഷത്തില്‍പരം സന്ദര്‍ശകരാണ് ഇന്ത്യന്‍ ബ്ലോഗുകളില്‍ ഇക്കാലയളവിലെത്തിയത്. ഭരണകൂടവിലക്കുകളും മറ്റും വികസിത രാജ്യങ്ങളില്‍ വരെ മാധ്യമ സ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍ ഇന്റര്‍നെറ്റിന്റെ സ്വതന്ത്രഭൂമികയില്‍ നിന്ന് സത്യം വിളിച്ചു പറയുന്നതിനപ്പുറത്തേക്കും ബ്ലോഗുകള്‍ വളര്‍ന്നിരിക്കയാണ്. എംബഡഡ് ജേര്‍ണലിസ്റ്റുകള്‍ മൂടിവെച്ച അധിനിവേശ സൈന്യത്തിന്റെ ഇറാഖിലെ ചെയ്തികള്‍ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടിയത് 'സലാം പാക്സ്' എന്ന ബ്ലോഗറായിരുന്നു. ലോകത്തെങ്ങുമുള്ള വാര്‍ത്താമാധ്യമങ്ങളുടെ സ്രോതസ്സാവാന്‍ വരെ ഈ ബ്ലോഗിന് സാധിച്ചുവെന്നത് പുതുയുഗത്തിന് ആശ നല്‍കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തിടത്തും ബ്ലോഗ് അതിശക്തമായ മാധ്യമമായി തുടരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അതേസമയം ബ്ലോഗ് ഈ രൂപത്തില്‍ എത്രകാലം നിലനില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. ഗൂഗിള്‍, യാഹൂ പോലുള്ള വന്‍കിട വെബ് സ്ഥാപനങ്ങള്‍ സൌജന്യമായി നല്‍കുന്ന സ്പെയ്സ് ഉപയോഗിച്ചാണ് ഇപ്പോള്‍ ലോകത്തെങ്ങും ബ്ലോഗ് നിര്‍മ്മിക്കുന്നത്. ഇത് എത്രകാലം തുടരുമെന്ന് ആര്‍ക്കും പറയാനാവില്ല. നാം നിര്‍മ്മിക്കുന്ന ബേളാഗുകളിലെ ഉള്ളടക്കത്തിന്റെ അവകാശികള്‍ നമ്മള്‍ തന്നെയാണെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു. ഏത് സമയവും തങ്ങളുടെ സേവന വ്യവസ്ഥകളില്‍ എന്ത് മാറ്റവും വരുത്താന്‍ ഈ കമ്പനികള്‍ക്കവശകാശമുണ്ടത്രെ. കണ്ടന്റിന്റെ അവകാശികള്‍ ഇനി തങ്ങളാണെന്ന് നാളെ കമ്പനി പറയുകയാണെങ്കില്‍ അവര്‍ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ ബ്ലോഗര്‍മാര്‍ക്കവകാശമുണ്ടാവില്ല. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ധാരണയില്‍ തന്നെ നമുക്ക് തല്‍ക്കാലം നമ്മുടെ ബ്ലോഗുമായി മുന്നോട്ട് കുതിക്കാം. കൂട്ടത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കസിനെയും ബ്ലോഗില്‍ തിരയുക.

-------------

11 comments:

 1. ഇനി ബ്ലോഗാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബൂലോകനായി മാറിയത്. ....:
  :)

  ReplyDelete
 2. *******************************************************************
  ഐശ്വര്യ പൂര്‍ണമായ ഓണത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍
  *****************************************************************
  നല്ല അവതരണം , നിര്‍ദേശങ്ങളും. ചിലതു കൂടി
  ===================================
  ൧. ബ്ലോഗു പ്രസ്ധ്തീകരിക്കുന്നതോനോടൊപ്പം അതിന്റെ ഒരു കോപ്പി അവരവരുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക. html ഫയല്‍ ആയോ, Word ഫയല്‍ ആയോ.
  ൨. പഴയ ബ്ലോഗുകള്‍ delete ചെയ്യുക. പഴന്കഞ്ഞി എല്ലാവര്കും ആസ്വ്വദ്യകരമാവില്ലല്ലോ.
  ൩. നല്ല രചനകള്‍ തിരഞ്ഞെടുത്തു കഴിയുമെന്കില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുക. ബ്ലോഗുകള്‍ 'കാപിലാന്‍' പറഞ്ഞതു പോലെ അല്പായുസ്സുകലാവാന്‍ സാധ്യതയുണ്ട്. പോരാഞ്ഞു പുസ്തകങ്ങള്‍ എല്ലാ കാലത്തും നിലനില്‍കും, നല്ലവ തീര്ച്ചയായും.
  ൪. അവനവന്‍ പ്രസിദ്ധീകരണം ആണെന്കിലും അല്പം publicity ഉണ്ടായാല്‍ ആള്‍കാര്‍ വായിക്കും. അതുകൊണ്ടു ലേശം പരസ്യം ആവാം. സുത്രിത്ത്തുക്കലെക്കൊന്റെന്കിലും വായിപ്പിക്കാന്‍ ശ്രമിക്കുക.
  ൫. കഴിവതും ഏതെങ്കിലും ബ്ലോഗ് ലിസ്റ്റില്‍ കയറി കുടുക .

  ReplyDelete
 3. പോരട്ടെ കൂടുതല്‍ പോസ്റ്റുകള്‍....
  എല്ലാ ഭാവുകങ്ങളും...

  ഓണാശംസകളും...........

  ReplyDelete
 4. അതു ശരി ഇതിപ്പഴാ ബ്ളോഗിലെത്തുന്നേ, മാസികയില്‍ വായിച്ചപ്പോള്‍ കരുതി പണ്ടേ എത്തിക്കാണുമെന്ന്..
  അഭിനന്ദനങ്ങള്‍....

  ReplyDelete
 5. ബാ, ബാ, പോരട്ടെ.
  :)

  ReplyDelete
 6. ബാ, ബാ, പോരട്ടെ.
  :)

  ReplyDelete
 7. ഇവിടെയങ്ങ് സജീവമായിക്കൂടെ?

  ReplyDelete
 8. thangal blogan ayathu kandittanu njanumoru bloganayathu.nandhi

  ReplyDelete
 9. .....ഈ ഭൂലോകത്ത് ഒരു കുടില്‍ കെട്ടി താമസം തുടങ്ങാം.......

  ReplyDelete