Friday, August 8, 2008

വ്യാജനെ പ്രോല്‍സാഹിപ്പിക്കുന്ന ഒറിജിനലുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂണ്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരെന്ന് നാം വിശേഷിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ കാര്യം വലിയ കഷ്ടം തന്നെ എന്നായിരുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ ധാരണ. കാരണം പൈറസിക്ക് എറ്റവുമധികം വിധേയമാകുന്നത് വിന്‍ഡോസ് ഉള്‍പ്പെടെയുള്ള ഇവരുടെ സോഫ്റ്റ്വെയറുകളാണല്ലോ. അതായത് ലോകത്ത് വിന്‍ഡോസിന്റെ തൊണ്ണൂറ് ശതമാനം ഉപയോഗവും അനധികൃത കോപ്പി മുഖേനയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുമുഖേന അവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അളവ് എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ വിജയ രഹസ്യവും ഇതുതന്നെയാണന്ന രസകരമായ വസ്തുത വളരെ വൈകിയാണ് കോര്‍ക്കറസിന് മനസ്സിലാക്കാനായത്. ആധുനിക ബിസിനസ് തന്ത്രങ്ങളൊന്നും പഠിക്കാത്തതിനാല്‍ കോര്‍ക്കസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ പൈറസിയിലൂടെ ലോകത്തെങ്ങും വിന്‍ഡോസിന്റെ ഉപയോഗം വ്യാപകമായി എന്ന് ചരിത്രം പറയുന്നു. ഇത് സോഫ്റ്റ്വെയറിന്റെ അംഗീകൃത രൂപത്തിലെ വില്‍പന വര്‍ദ്ധിപ്പിച്ചു പത്ത് ശതമാനം വരെയെങ്കിലും ഉയര്‍ത്തി. ലേകത്തെ ഏറ്റവുമധകം ലാഭമുണ്ടാക്കുന്ന കമ്പനി എന്ന സ്ഥാനം കരസ്തമാക്കാന്‍ മൈക്രോസോഫ്റ്റിന് ഇതുതന്നെ ധാരാളം മതിയായിരുന്നു. ഉപയോക്താക്കളില്‍ പത്ത് ശതമാനം പേരെങ്കിലും വിന്‍ഡോസ് കാശ് കൊടുത്തുവാങ്ങുന്നുണ്ടല്ലോ എന്ന് ബില്‍ഗേറ്റ്സിന് ആത്മസംതൃപ്തി.

കുത്തകകളുടെ ലാഭമോഹം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ്കൊടുത്ത് വാങ്ങാതെ സോഫ്റ്റ്വെയറുകള്‍ കോപ്പി ചെയ്തു ഉപയോഗിക്കുന്നതു കാരണം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി മൈക്രോസോഫ്റ്റ് ഈയിടെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ മാത്രമായി ഇങ്ങനെ 2500 കോടി രൂപയാണത്രെ കമ്പനിക്ക് നഷ്ടമാകുന്നത്. സംഗതി ശരിതന്നെ. ഇതുപറയുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ മുമ്പില്‍ തലകുനിക്കാത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളുണ്ടാവില്ല. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗം ഇനിയും കൂടുകയാണത്രെ. ഇത് കമ്പനിയുടെ ലാഭം പിന്നെയും ഇടിക്കുന്നു. പല സോഫ്റ്റ്വെയറുകള്‍ക്കും പ്രതീക്ഷിച്ച വില്‍പന ഉണ്ടാവുന്നില്ലെന്നും അവര്‍ വിലപിക്കുന്നു. സോഫ്റ്റ്വെയര്‍ ഉപയോഗത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ അതത് രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നാണ് ഇതിന് പരിഹാരമായി മൈക്രോസോഫ്റ്റിന് നിര്‍ദ്ദേശിക്കാനുള്ളത്. തങ്ങളുടെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് വിസ്റ്റയുടെ വില്‍പന മുഖേന കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിക്ക് ലഭിച്ചത് വെറും പതിനാറായിരം കോടി രൂപ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റുവരവ് ഇരുപത്തയ്യായിരം കോടിയായിരുന്നുവെന്ന് കമ്പനി പറയുന്നു. സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗമാണ് ഇങ്ങനെ വന്‍ നഷ്ടത്തിന് കാരണമായത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ വ്യാജ സാേേഫ്റ്റ്വെയര്‍ ഉപയോഗത്തിനെതിരെ നിരീക്ഷണം ശക്തമാക്കണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ് മുടക്കാതെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് തടയണമെന്ന് നമ്മുടെ കേന്ദ്ര സര്‍ക്കാറിനോട് അമേരിക്ക ഇക്കഴിഞ്ഞ ഏപ്രീല്‍ അവസാന വാരം ശക്തമായി ആവശ്യപ്പെട്ടിരിക്കയാണ്. ഇതിന്റെ പശ്ചാതലത്തില്‍ വരും മാസങ്ങളില്‍ രാജ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും ഉപയോക്താക്കള്‍ക്കിടയിലും വ്യാപക പരിശോധന നടക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ പ്രത്യേകം ഓഫീസുകള്‍ തുറന്ന് സോഫ്റ്റ്വെയര്‍ ഉപയോഗം നിരീക്ഷിക്കാനും പോലീസ് സഹായത്തോടെ പരിശോധനകള്‍ നടത്താനും മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മനുഷ്യരെയൊക്കെ അവരറിയാതെത്തന്നെ കമ്പ്യൂട്ടറിന്റെ അടമകളാക്കി പിന്നെ അവരെ വേട്ടയാടി കാശ് പിടുങ്ങുന്ന കുത്തകകളുടെ തന്ത്രം.

ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും വിഷമഘട്ടത്തിലാവും. ഇന്റര്‍നെറ്റ് കഫേകള്‍, ഡി.ടി.പി. സെന്ററുകള്‍, സ്റ്റൂഡിയോകള്‍, കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനമുള്ള ചെറുകിട ബിസിനസ്സുകാര്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയവയെ എല്ലാം ഇത് സാരമായി ബാധിക്കും. നിയമനടപടികള്‍ കര്‍ശനമാവുകയാണെങ്കില്‍ കമ്പ്യൂട്ടറിന്റെ വിലയുടെ ഇരട്ടിയിലേറെ തുക സോഫ്റ്റ്വെയര്‍ വാങ്ങാനും ചിലവഴിക്കേണ്ടിവരും. അമേരിക്കന്‍ പകര്‍പ്പവകാശ നിയമം ലംഘിക്കുന്നതില്‍ മുന്‍നിരയിലാണത്രെ ഇന്ത്യക്കാര്‍. സോഫ്റ്റ്വെയര്‍, മുദ്രകള്‍, പാറ്റന്റ്, വിപണന നാമങ്ങള്‍ എന്നിവയൊക്കെ ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കുത്തകകളുടെ കണ്ടെത്തല്‍. ഇതിന്നെതിരെ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ നിരന്തരം സമ്മര്‍ദ്ധം ചെലുത്തുമെന്നും സൂചനണ്ട്. പകര്‍പ്പവകാശ ലംഘനത്തെപ്പറ്റി കമ്പനികള്‍ ലോകവ്യാപാര സംഘടനയില്‍ പരാതിപ്പെട്ടാല്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം വരെ നേരിടേണ്ടിവരുമെന്നാണ് പുതിയ ആഗോളവ്യവസ്ഥ അനുശാസിക്കുന്നത്. നമ്മളെപ്പോലെ ചൈന, റഷ്യ, അഫ്ഘാനിസ്ഥാന്‍, അര്‍ജന്റിന തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ പകര്‍പ്പവകാശ നിയമലംഘനം നടക്കുന്നതായി അമേരിക്ക കണ്ടെത്തിയിരിക്കുന്നു.

സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗം തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കുക, സി.ഡി. കമ്പനികള്‍ക്കും സോഫ്റ്റ്വെയര്‍ ഉപയോഗത്തിനും ലൈസന്‍സിംഗ് സമ്പ്രദായം എര്‍പ്പെടുത്തുക, പകര്‍പ്പകവകാശ ലംഘനം തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അമേരിക്ക ഇന്ത്യക്ക് മുമ്പില്‍ വെച്ചിരിക്കയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെത്തന്നെ സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗത്തിന് മൈക്രോസോഫ്്റ്റ് ഇപ്പോഴും കൂട്ടുനില്‍ക്കുന്നുവെന്നത് രസകരമായി തോന്നുന്നു. വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിസ്റ്റ പുറത്തിറക്കിയപ്പോള്‍ വ്യാജ കോപ്പികള്‍ തടയാനായി തുടക്കത്തില്‍ മൈക്രോസോഫ്റ്റ് കര്‍ശന വ്യവസ്ഥ നടപ്പാക്കുകയുണ്ടായി. അതായത് വിസ്റ്റയുടെ ഉപയോഗം തുടങ്ങി മുപ്പത് ദിവസത്തിനകം നിര്‍ബന്ധമായും അത് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ടാക്കി. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഓപറേറ്റിംഗ് സിസ്റ്റം 'Reduced Funcationality Mode'^ലേക്ക് മാറ്റപ്പെടുന്നു. ഓപറേറ്റിംഗ് സിസ്റ്റത്തന്റെ സവിശേഷതകളൊക്കെ നഷ്ടമായി കാര്യമായ പ്രയോജനമൊന്നുമില്ലാത്ത അവസ്ഥയാണ് പിന്നീടുണ്ടാവുക. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ സോഫ്റ്റ്വെയര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. അതല്ലെങ്കില്‍ പുതുതായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരുന്നു. വ്യാജ കോപ്പികള്‍ക്ക് രജിസ്ത്രേഷനില്ല. അതിനാല്‍ ഉപയോക്താക്കള്‍ ഒറിജിനല്‍ തന്നെ വാങ്ങാന്‍ മുന്നോട്ടുവരുമെന്നായിരുന്നു മൈക്രോസോഫ്റ്റ് കണക്കുകൂട്ടല്‍. കാശ് കൊടുത്ത് വാങ്ങിയ ശേഷം ഇത്തരം നിബന്ധനകളൊക്കെ പാലിക്കണമെന്ന് വന്നതോടെ വിസ്റ്റയുടെ വില്‍പന മാത്രമല്ല ഉപയോഗവും വന്‍തോതില്‍ കുറയുന്നുവെന്ന് കമ്പനി ക്രമേണ മനസ്സിലാക്കി. രജിസ്ത്രേഷന്‍ നിര്‍ബന്ധമായതോടെ വ്യാജ കോപ്പികള്‍ക്കും നിലനില്‍പില്ലാതായി. അതോടെ വിസ്റ്റയുടെ വ്യാപനവും നിലച്ചു. ഇത് തങ്ങളുടെ വില്‍പനയെ സാരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ അവര്‍ തന്ത്രം മാറ്റി. അങ്ങനെ വിസ്റ്റയുടെ ഒന്നാമത് സര്‍വീസ് പാക്ക് പുറത്തിറക്കിയപ്പോള്‍ ഈ സംവിധാനം മാറ്റുകയുണ്ടായി. പകരം കൊണ്ടുവന്നതാകട്ടെ 'നിങ്ങളുപയോഗിക്കുന്നത് വ്യാജ കോപ്പിയാണ്' എന്ന നിരുപദ്രവകരമായ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടല്‍ മാത്രം. ഇതാകട്ടെ വിസ്റ്റയുടെ പ്രവര്‍ത്തനത്തിന് തടസ്സമൊന്നുമുണ്ടാക്കില്ല. വ്യാജനാണെങ്കിലും വിസ്റ്റയുടെ ഉപയോഗം വ്യാപകമാക്കലാണ് മൈക്രോസോഫ്റ്റ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തല്‍. യഥാര്‍ഥമായും പൈറസി തടയണമെന്ന് ഉദ്ദേശമുണ്ടായിരിന്നുവെങ്കില്‍ ഈ രീതിയൊന്നും ആവശ്യമില്ല. സോഫ്റ്റ്വെയര്‍ നിര്‍മ്മാണ വേളയില്‍ തന്നെ അതിന് സംവിധാനമുണ്ടാക്കുക എന്നത് ഒട്ടും ശ്രമകരമല്ലല്ലോ.

അതേതാലും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയും ഏതാണ്ട് ഈ ഇനത്തിലെ ഒരു തന്ത്രമാണെന്ന് മനസ്സിലാക്കുന്നവരുണ്ട്. ഭീഷണി ഫലിച്ചാല്‍ കുറേപേരെങ്കിലും ഒറിജിനല്‍ വാങ്ങുമല്ലോ. അത്രയും സംഖ്യ ലാഭത്തില്‍ വര്‍ദ്ധനവായി. അതേസമയം നമ്മുടെ സംസ്ഥാനത്ത് ഇത്തരം ഭീഷണികളൊന്നും വിലപ്പോവില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മെക്രോസോഫ്റ്റായാലും മറ്റേത് കുത്തക കമ്പനികളായാലും സോഫ്റ്റ്വെയര്‍ ഉപയോഗത്തിന്റെ പേരില്‍ സ്വാതന്ത്യ്രത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാവതല്ലെന്നാണ് അവര്‍ പറയുന്നത്. മലയാളികള്‍ നാം അത്ര മോശക്കാരൊന്നുമല്ല. സിലിക്കണ്‍ വാലിയിലായാലും ബാംഗ്ലൂരിലായാലും ഐ.ടി. മേഘലയില്‍ നമുക്ക് നല്ലൊരു സാന്നിധ്യം തന്നെയുണ്ട്. സോഫ്റ്റ്വെയര്‍ രംഗത്തെ നമ്മുടെ വൈദഗ്ധ്യം ലോകം ഇതിനകം അംഗീകരിച്ചതുമാണ്. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗത്തിന്റെ പേരില്‍ നിയമനടപടികള്‍ കര്‍ശനമാക്കുന്നതോടെ നാം മലയാളികള്‍ സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് കൂടുമാറാന്‍ ഒട്ടും മടിക്കില്ലെന്നാണ് അനുഭവം. ഐ.ടി. അറ്റ് സ്കൂളില്‍ നടപ്പാക്കി വരുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പശ്ചാലത്തില്‍ കമ്പ്യൂട്ടര്‍ അഭ്യസിച്ച ഇളംതലമുറയായിരിക്കും ഇതിന് നേതൃത്വം നല്‍കുന്നതെന്നും പറയേണ്ടിയിരിക്കുന്നു.

കാശ് കൊടുത്തുവാങ്ങുന്ന സോഫ്റ്റ്വെയര്‍ നമ്മുടെത്തന്നെ മറ്റൊരു കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ കമ്പനിയുടെ അനുവാദം വാങ്ങണമെന്ന് അനുശാസിക്കുന്നത് ഉപയോക്താക്കളോട് കാണിക്കുന്ന ധിക്കാരമെന്നല്ലാതെ മറ്റെന്താണ്. ഇതാണ് കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളുടെ നിലപാട്. ഇതിന് തീര്‍ച്ചയായും ബദല്‍ സംവിധാനമുണ്ട്. സ്വതന്ത്രവും ഏറെക്കുറെ സൌജന്യവുമെന്ന് പറയാവുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. കേരളീയരായ നാം ഒരു ദീര്‍ഘകാല സമീപനം ആവിഷ്ക്കരിച്ച് സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാനുള്ള ചുവടുവെപ്പ് ആരംഭിക്കാനുള്ള അവസരമാണിതെന്ന് വിനീതനായ കോര്‍ക്കറസ് വിശ്വസിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ ഇതിന് വലിയ തോതില്‍ പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടെ ആവശ്യമായ സോഫ്റ്റ്വെയറുകളെല്ലാം സൌജന്യമായിത്തന്നെ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ധാരാളം സംവിധാനങ്ങളുമുണ്ട്.
==============