Wednesday, June 4, 2008

എല്ലാം സുതാര്യം... സ്വകാര്യത എവിടെ?

(Published in Info Kairali Computer Magazine - May 2008)


കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു അവധിക്കാല പഠന സഹവാസ ക്യാമ്പില്‍ 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന്, നാളെ' എന്ന വിഷയം സംബന്ധിച്ച് ക്ലാസെടുത്തു കൊണ്ടിരിക്കെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് വിദ്യാര്‍ഥികളോട് ചോദിച്ചു. 'മൊബൈല്‍ ഫോണുമായി ക്ലാസ് റൂമില്‍ കടക്കാന്‍ അനുവദിക്കുന്ന ഏതെങ്കിലും വിദ്യാലയം നമ്മുടെ പ്രദേശത്തുണ്ടോ?' ഇല്ലെന്നായിരുന്ന കുട്ടികളുടെ ഉത്തരം. വിനീതനായ കോര്‍ക്കറസ് തുടര്‍ന്നു. 'എന്നാല്‍ മനസ്സിലാക്കുക, മൊബൈല്‍ ഫോണില്ലാതെ ക്ലാസ് റൂമില്‍ കടക്കരുതെന്ന് നിര്‍ബന്ധിക്കുന്ന വിദ്യാലയങ്ങളാണ് ഇനി വരാന്‍ പോകുന്നത്. നിങ്ങള്‍ക്ക് സന്തോഷമാവില്ലേ. മൊബൈല്‍ ഫോണ്‍ കൂടെക്കൊണ്ട് വരാത്തതിന് പ്രിന്‍സിപ്പല്‍ നിങ്ങളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലോ?' കുട്ടികള്‍ക്ക് താല്‍പര്യമായി. എന്ത്? അങ്ങനെയൊരു സംഭവമോ? അവര്‍ ഒന്ന് നിവര്‍ന്നിരുന്നു. കൂട്ടുകാരെപ്പോലെ തങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ വേണമെന്ന് എത്ര തവണ പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത രക്ഷിതാക്കളെ അവര്‍ ഓര്‍ത്തിരിക്കും. ഇനി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണില്ലാതെ ക്ലാസ്സില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാലെങ്കിലും അതൊന്ന് വാങ്ങിത്തരുമല്ലോ.

ജി.പി.എസ്. സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. നിങ്ങളുടെ ഹാജര്‍ മാത്രമല്ല, ചലനങ്ങള്‍ മുഴുക്കെ രേഖപ്പെടുത്തുകയും നിങ്ങളെവിടെപ്പോയാലും ദൂരെ നിന്ന് നിങ്ങളെ ട്രാക്ക് ചെയ്യാന്‍ സാധ്യമാക്കുകയും ചെയ്യുന്ന മൊബൈല്‍ ഫോണ്‍...കൂടുതല്‍ വിശദീകരിച്ചു തുടങ്ങിയതോടെ കുട്ടികളുടെയെല്ലാം മുഖം മങ്ങിത്തുടങ്ങി. ഒടുവില്‍ കോര്‍ക്കറസ് അവരോട് ചോദിച്ചു. നിങ്ങള്‍ക്കെല്ലാം മൊബൈല്‍ ഫോണ്‍ വേണ്ടേ?. 'വേണ്ട...' എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞു. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കാര്യങ്ങള്‍ ഈ രീതിയിലേക്കാണ് മുന്നേറുന്നത്.

അതായത് ഇവിടെ ആര്‍ക്കും ഒന്നും ഒളിപ്പിച്ചു വെക്കാനാവില്ല. ടെക്നോളജി രംഗത്ത് ലോകം അതിവേഗം മുന്നേറുമ്പോള്‍ ഈ ലോകത്ത് ഒരിടത്തും ഒരിക്കലും നിങ്ങള്‍ ഒറ്റക്കല്ലെന്ന് നല്ലപോലെ ഓര്‍ക്കുക. കോളേജില്‍ പോയ വിദ്യാര്‍ഥി ക്ലാസ്റൂമിലാണോ സിനിമാ തിയേറ്ററിലാണോ ഉള്ളതെന്ന് രക്ഷിതാവിന് ഇനി വീട്ടിലിരുന്ന് മനസ്സിലാക്കാം. ഫീല്‍ഡില്‍ പോയ ബിസിനസ് എക്സിക്യൂട്ടീവ് വീട്ടില്‍ കിടന്നുറങ്ങുകയാണോ എന്ന് വേണമെങ്കില്‍ കമ്പനി മാനേജര്‍ക്ക് മനസ്സിലാക്കാന്‍ മറ്റാരുടെയും സഹായം വേണ്ട. ബിസിനസ് ടൂറിലായിരുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന് ഇനി ഭാര്യയെ കബളിപ്പിക്കാനാവില്ല. ആര്‍ക്കും ആരെയും കബളിപ്പിക്കാന്‍ സാധ്യമാകാത്ത കാലം വരുന്നു. നാം ജീവിക്കുന്ന ഈ ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരുപറ്റം സാറ്റലൈറ്റ് വ്യൂഹങ്ങള്‍ നമ്മെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിനാല് സാറ്റലൈറ്റ് അമേരിക്കയുടെ വക. റഷ്യയും സമാന സംരംഭവുമായി മുന്നേറുകയാണ്. പിന്നെ യൂറോപ്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ വേറെയും ഉപഗ്രഹങ്ങള്‍ നമ്മെ നിരീക്ഷിക്കാന്‍ വരുന്നു. എല്ലാംകൂടിയാവുമ്പോള്‍ ഭൂമിയില്‍ മനുഷ്യന്റെ സ്വകാര്യത പാടെ നഷ്ടമാവുകയാണ്.

ഈ സാറ്റലൈറ്റ് സംവിധാനം നല്‍കുന്ന പിന്‍ബലത്തിലാണ് ജി.പി.എസ് (Global Positioning System ^ ആഗോള സ്ഥാനനിര്‍ണ്ണയ വ്യവസ്ഥ) പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം. ലോകത്തെ ഓരോ ഇഞ്ച് സ്ഥലവും അതിസൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം. പുതിയ തലമുറ മൊബൈല്‍ ഫോണും സിം കാര്‍ഡുകളും ഇനി ജി.പി.എസ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് രംഗത്തെത്തുക. അതായത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നിങ്ങള്‍ക്കെതിരെത്തന്നെ ചാരപ്രവര്‍ത്തനം നടത്തുന്നു. സ്കൂളിലും കോളേജിലും വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ഇനി ഈ മൊബൈല്‍ ഫോണ്‍ മതി. ഓഫീസിലും ഫാക്ടറിയിലും വര്‍ക്ക്ഷാപ്പുകളിലുമൊക്കെ കൃത്യമായ ഹാജര്‍. എല്ലാവര്‍ക്കും ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. എല്‍.കെ.ജി ക്ലാസ്സില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ജി.പി.എസ്. സംവിധാനമുള്ള ഒരു സിം കാര്‍ഡിനും മൊബൈല്‍ ഫോണിനും കൂടി ഇനി നാം ഫീസടക്കേണ്ടിവരും. രക്ഷിതാക്കള്‍ക്ക് കുട്ടിയെ വീട്ടിലിരുന്ന് ട്രാക്ക് ചെയ്യാം. കുട്ടി ക്ലാസ്സില്‍ കയറുന്നതോടെ അവന്റെ ഹാജര്‍ ഈ മൊബൈല്‍ ഫോണ്‍ മുഖേന സ്വയം രേഖപ്പെടുത്തപ്പെടുന്നു. ഓരോ ക്ലാസിലും എത്ര വിദ്യാര്‍ഥികള്‍ ഹാജറുണ്ടെന്നും ആരൊക്കെയാണ് ഹാജറില്ലാത്തതെന്നും പ്രധാനാധ്യാപകന് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിരീക്ഷിക്കാം.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ നമ്മുടെ ക്ലാസ്സ് റൂമുകളിലൊക്കെ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കയാണല്ലോ. സമീപ ഭാവിയില്‍ തന്നെ മൊബൈല്‍ ഫോണും ജി.പി.എസ് സൌകര്യവുമുള്ള സിം കാര്‍ഡും വിദ്യാര്‍ഥി വഹിക്കേണ്ടിവരും. അത് കൈവശമില്ലെങ്കില്‍ അവനെ ക്ലാസ്സില്‍ കേറിയിരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണുണ്ടാവുക. അതായത് ഇന്ന് ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണിന് നിരോധം. നാളെ ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധം. ഈ മൊബൈല്‍ ഫോണ്‍ പോക്കറ്റിലുണ്ടാവുമ്പോള്‍ ഇനി കുട്ടികളുടെ വേലത്തരങ്ങളൊന്നും നടക്കാന്‍ പോവുന്നില്ല. മര്യാദക്ക് ക്ലാസ്സിലിരുന്ന് പഠിക്കേണ്ടി വരും.
ഭൂഗോളത്തിലേക്ക് വാതായനം തുറന്ന് ഗൂഗിളിന്റെ ഗൂഗിള്‍ എര്‍ത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമായപ്പോള്‍ നാം ആഹ്ളാദിച്ചു. സ്വന്തം വീടും വീട്ടിലേക്കുള്ള വഴിയും പലരും അവിടെ കൃത്യമായി നിര്‍ണ്ണയിച്ചു മാര്‍ക്ക് ചെയ്തു. ലോകത്തെവിടെ നിന്നും നമ്മുടെ വീട്ടിലേക്കെത്തിച്ചേരാന്‍ എളുപ്പവഴിയായല്ലോ. ആര്‍ക്കും വഴി അന്വേഷിച്ച് അലയേണ്ടതില്ല. പക്ഷെ വീട്ടിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് ഇത് കനത്ത ഭീഷണിയാവുകയാണെന്ന് നാം അറിഞ്ഞില്ല. ലോകത്തെങ്ങുമുള്ള മര്‍മ്മപ്രധാനവും തന്ത്രപ്രധാനവുമായ സ്ഥാനങ്ങളെല്ലാം ആര്‍ക്കും എപ്പോഴും നെറ്റിലൂടെ ലഭ്യമാക്കാവുന്ന അവസ്ഥ. എവിടെയാണ് സ്വകാര്യത. നമ്മുടെ മാത്രമല്ല, രാഷ്ട്രങ്ങളുടെത്തന്നെ രഹസ്യങ്ങള്‍ എവിടെ ഒളിപ്പിച്ചുവെക്കും. ശത്രു രാജ്യത്തിന് മാത്രമല്ല ഭീകര പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അവരവരുടെ ജോലി എളുപ്പമായിത്തീരുന്നു. തങ്ങളുടെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളൊക്കെ ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് മാറ്റിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഗൂഗിളിന്റെ ആസ്ഥാനത്തേക്കൊഴുകുന്നു. വിവിധ ലോക രാഷ്ട്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതൊക്കെ സുതാര്യമാക്കി, പിന്നെ സൌജന്യമാക്കിയതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ. സ്വകാര്യതക്ക് വേണ്ടി ഇനി ഗൂഗിളിന്റെ മുമ്പിലും നാം കെഞ്ചേണ്ടി വരും. ചിലപ്പോള്‍ അതിന് വന്‍തുകയും വില നല്‍കേണ്ടിവരും.

ഇതിനൊക്കെ പുറമെ പൊതു സ്ഥലങ്ങളിലും ബിസിനസ് കേന്ദ്രങ്ങളിലും ഓഫീസുകളിലുമൊക്കെ ക്യാമറക്കണ്ണുകള്‍ നിങ്ങളെ വലയം ചെയ്യുന്നു. നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറും ടെലിഫോണും മൊബൈല്‍ ഫോണും ഇതര ഉപകരണങ്ങളുമൊക്കെ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളയക്കുന്ന ഇ^മെയിലും ഇതര ഡാറ്റകളും ശേഖരിക്കപ്പെടുന്നു. നിങ്ങളുടെ സ്വഭാവം, താല്‍പര്യങ്ങള്‍, സാമ്പത്തിക സ്ഥിതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളൊക്കെ എവിടെയൊക്കെയോ ശേഖരിക്കപ്പെടുന്നു. പരസ്യക്കാര്‍ക്ക് നല്ല മുതല്‍ക്കൂട്ട്. അവധിക്കാലത്ത് നിങ്ങള്‍ എങ്ങോട്ട് യാത്ര ചെയ്യുന്നു, ഓണക്കാലത്ത് നിങ്ങള്‍ എന്തെല്ലാം പുതിയ ഇനങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നൊക്കെ നിരീക്ഷിക്കാന്‍ പരസ്യക്കമ്പനികള്‍ നിങ്ങള്‍ക്ക് പുറകിലുണ്ട്. സ്പാമുകള്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ നിറയാറുണ്ടല്ലോ. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണോ? പതിവായി കൂട്ടുകാര്‍ക്കൊക്കെ ഇ^മെയില്‍ അയക്കാറുണ്ടോ? മെസ്സഞ്ചര്‍ സേവനമുപയോഗിച്ച് തല്‍സമയ സന്ദേശങ്ങള്‍ കൈമാറാറുണ്ടോ? ചാറ്റ് റൂമുകളില്‍ കടന്ന് അപരിചിതരുമായി സല്ലപിക്കാറുണ്ടോ? സൂക്ഷിക്കുക. നിങ്ങളെസ്സംബന്ധിച്ച അത്യന്തം സൂക്ഷ്മമായ വിവരങ്ങള്‍ നിങ്ങളെക്കാള്‍ നന്നായറിയുന്നവര്‍ ലോകത്ത് ധാരാളമുണ്ട്.

വിവിധ മൊബൈല്‍ഫോണ്‍ നെറ്റ്വര്‍ക്കുകളിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതായി നാം പത്രങ്ങളില്‍ വായിച്ചു. സുരക്ഷാ ഏജന്‍സികള്‍ക്ക് മൊബൈല്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായവ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാനും വേണ്ടിയാണത്രെ മൊബൈല്‍ഫോണ്‍ സംഭാഷണ നീരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയുള്ള ആശയവിനിമയങ്ങളും ഇതുപോലെ നിരീക്ഷിക്കപ്പെടും. കോള്‍ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് കമ്പനികള്‍ തന്നെ ഒരു വര്‍ഷം വരെ സുക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സമീപ കാലത്ത് നടന്ന നിവരധി കുറ്റകൃത്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ സുപ്രധാന തെളിവായി വര്‍ത്തിച്ചത് നമുക്കറിയാം. നാടിനെ പിടിച്ചുകുലുക്കിയ ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തന്നെ ഇതിനുദാഹരണമാണ്. പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതി വിദഗ്ദമായി ആസൂത്രണം ഈ വന്‍ കവര്‍ച്ചയില്‍ കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചത് ഒരു മൊബൈല്‍ ഫോണും മൊബൈല്‍ സംഭാഷണങ്ങളുമായിരുന്നല്ലോ. മോഷ്ടാക്കളെ അകപ്പെടുത്താന്‍ അവരുടെ കാര്യങ്ങളൊക്കെ സുതാര്യമാക്കുന്നത് നല്ലത് തന്നെ. പക്ഷെ, അതിന് മുഴുവന്‍ ജനതയുടെയും സ്വകാര്യത നശിപ്പിക്കേണ്ടതുണ്ടോ. സുതാര്യത ചൂഷണം ചെയ്യാനും ദുരുപയോഗപ്പെടുത്താനും വന്‍ സാധ്യതകളാണുള്ളത്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റത്തിന്റെ വിപത്ത് കൂടുതല്‍ രൂക്ഷമായിരിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ സര്‍ക്കാരിന് പുറമെ സ്വകാര്യ ഏജന്‍സികളും ഈ പണി നല്ലപോലെ ചെയ്തു കൊണ്ടിരിക്കുന്നു. ഹാക്കര്‍മാരും ക്രാക്കര്‍മാരും ഇതുതന്നെ ചെയ്യുന്നു. ഒരുകൂട്ടര്‍ ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നു. പാസ്വേര്‍ഡ് തട്ടിയെടുത്ത് വേറൊരു കൂട്ടര്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് വന്‍ തുകകള്‍ തന്നെ അടിച്ചുമാറ്റുന്നു. ഇതിന് സഹായകമായി വര്‍ത്തിക്കുന്ന പ്രത്യേകം സോഫ്റ്റ്വെയറുകളും അണിയറയിലുണ്ട്. നെറ്റിലൂടെത്തന്നെ അതും നിങ്ങള്‍ക്ക് സ്വായത്തമാക്കാം. അതായത് നിങ്ങളുടെ ഇ^മെയില്‍ അക്കൌണ്ട് മാത്രമല്ല, നെറ്റിലൂടെയുള്ള എല്ലാ ഇടപാടുകളും ആശയ വിനിമയങ്ങളും സുതാര്യമാവുകയാണ്. സ്വകാര്യതക്കെതിരെയുള്ള കടന്നു കയറ്റത്തിന് ആക്കം കൂട്ടാനായി പാശ്ചാത്യ നാടുകളിലും മറ്റും 'സ്പൈ ഷോപ്പുകള്‍' തന്നെ വ്യാപിപ്പിക്കുകയാണ്. ഇതരരെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനും ആവശ്യമായ ഉപകരണങ്ങളൊക്കെ അവിടെ ലഭിക്കും.
കുട്ടികളുടെ നെറ്റ് ഉപയോഗം നിരീക്ഷിക്കാനെന്ന രൂപത്തില്‍ വിപണനം ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ആ പണി മാത്രമല്ല ചെയ്യുന്നത്. മുതിര്‍ന്നവരുടെയും ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങള്‍ക്ക് അതിലൂടെ നിരീക്ഷിക്കാം. ആരെങ്കിലും നിങ്ങള്‍ക്കൊരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുന്നുവെന്നിരിക്കട്ടെ. സൂക്ഷിക്കണം, നിങ്ങളുടെ സംഭാഷണം മുഴുക്കെ നിങ്ങളറിയാതെ ചോര്‍ത്താന്‍ പ്രാപ്തമായ സോഫ്റ്റ്വെയര്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാം.

എല്ലാറ്റിന്റെയും അടിസ്ഥാനം 'മാര്‍ക്കറ്റിംഗ്' തന്നെ. നിങ്ങള്‍ രോഗിയായി ആശുപത്രിയിലെത്തുമ്പോഴാണ് ഇതറിയുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക എങ്ങനെയെന്ന് ചോദിക്കാതെത്തന്നെ കൃത്യമായി അവര്‍ക്കറിയാന്‍ സാധിക്കുന്നു. ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് നിങ്ങള്‍ക്കുള്ള ബില്ല് തയ്യാറാക്കേണ്ടതെന്നും ആശുപത്രി അധികൃതര്‍ മനസ്സിലാക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, നിങ്ങള്‍ കയറിയിറങ്ങുന്ന ഹോട്ടലിലും ടുറിസ്റ്റ് കേന്ദ്രങ്ങളിലും കലാലയങ്ങളിലും സര്‍ക്കാര്‍ ഓഫീകുകളിലുമൊക്കെ നിങ്ങള്‍ സുതാര്യനാണ്. നിങ്ങളെസ്സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതെ, ടെക്നോളജി യുഗത്തില്‍ നിങ്ങള്‍ സുതാര്യനാണ്. നിങ്ങള്‍ക്ക് സ്വകാര്യതയില്ല. ഒന്നും മറച്ചുവെക്കാനും നിങ്ങള്‍ക്കാവില്ല.

Monday, June 2, 2008

ടെക്നോളജി 2020^ാമാണ്ടില്‍

വിനീതനായ കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര^സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലെന്ന് (Backboan) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010^ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ലാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.

അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ Pew Internet & American Life Project എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.

നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ^ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ലാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടെച്ച് സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ലഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കൊ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ലാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി വീട്ടില്‍ വെര്‍ച്ച്വല്‍ ക്ലാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂര വിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ^ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ^ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും.

വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇത് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.

ഭാവിയിലെ കമ്പ്യൂട്ടര്‍

ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് ഇനി സ്വതന്ത്രമായ നിലനില്‍പില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ടെലി കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. ഇതിന്റെ തണലില്‍ ലോകത്ത് വലിയൊരു വിപ്ലവം തന്നെ അരങ്ങേറുകയാണ്. അതാണ് വിവര വിപ്ലവം. കാര്‍ഷിക വിപ്ലവത്തിനും വ്യവസായ വിപ്ലവത്തിനും ശേഷമുള്ള മൂന്നാം തരംഗമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.

അടുത്ത ഊഴം ബയോടെക്നോളജിയുടെതാണെന്നാണ് നിരീക്ഷണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോ ടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടും. അതായത് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ^ അമ്പത് വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വരില്ല ^ നിങ്ങളൊരു ബസ്സില്‍ കയറുകയാണെങ്കില്‍ അതിന്റെ ഡ്രൈവര്‍ ഇന്നത്തെപ്പോലെ ഒരു മനുഷ്യനായിരിക്കില്ല. മറിച്ച് മനുഷ്യ രൂപത്തിലുള്ള ഒരു ബയോ^ഇലക്ട്രോണിക് ഉപകരണമായിരിക്കും. അന്ന് നിങ്ങളൊരു തെങ്ങ് കയറ്റക്കാരനെ കാണുകയാണെങ്കില്‍ അതും മനുഷ്യ രൂപത്തിലുള്ള ഒരു ജൈവ ഉപകരണമായിരിക്കും. അതായത് യഥാര്‍ത്ഥ മനുഷ്യരെയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളെയും പരസ്പരം തിരിച്ചറിയാനാവാത്ത അവസ്ഥ. നായയും പൂച്ചയും ഒക്കെ ഇങ്ങനെത്തന്നെ. യഥാര്‍ത്ഥത്തിലുള്ള ജീവി ഏത്, മനുഷ്യ നിര്‍മ്മിതമായ ജൈവ ഉപകരണമേത് എന്ന് സാധാരണക്കാര്‍ക്ക് തിരിച്ചറിയാനാവില്ല. അന്ന് പാടത്തും ഫാക്ടറികളിലുമെല്ലാം ജോലി ചെയ്യുന്നത് മനുഷ്യരാവില്ല. മറിച്ച് കമ്പ്യുട്ടറുകളായിരിക്കും. ജൈവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യഥാര്‍ത്ഥ മനുഷ്യരുടെ രൂപത്തില്‍ തന്നെ നിര്‍മ്മിച്ചെടുത്ത ജൈവ^ഇലക്ട്രോണിക് ഉപകരണങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനേത്, കമ്പ്യൂട്ടറേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് സംജാതമാവുക. മനുഷ്യരും കമ്പ്യൂട്ടറും ഒന്നായിത്തീരുന്ന ലോകം. അതിനെ നമുക്ക് വിവര^ജൈവ സാങ്കേതിക വിദ്യയെന്നോ മറ്റോ വിശേഷിപ്പിക്കാം. നമ്മുടെ ഇന്നത്തെ പരിചയവും കാഴ്ചപ്പാടുമൊക്കെ ആസ്പദമാക്കി ഇതിന് ജൈവ വിപ്ലവമെന്ന് പേരും നല്‍കാം. അതേതായാലും ഇന്നത്തെ വിവര വിപ്ലവത്തിന് ശേഷമുള്ള ഒരു നാലാം തരംഗത്തിലേക്കാണ് ഇത് ലോകത്തെ നയിക്കുക. ഈ ജൈവ^കമ്പ്യൂട്ടര്‍ വിപ്ലവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്‍സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.

വിസ്റ്റയുടെ കാര്യത്തില്‍ ഒരു പുനരാലോചന


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിസ്റ്റ ഏതോ മോട്ടോര്‍ കാറിന്റെ ഓപറേറ്റിംഗ് സിസ്റ്റമാണെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ആദ്യം ധരിച്ചത്. നമ്മുടെ മാരുതി കാറിന് നന്നായി ഇണങ്ങുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിന്നുവെന്ന് പലപ്പോഴും ആഗ്രഹിച്ചതുമാണ്. കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് സുഖമായിരിക്കും. വഴിയില്‍ 'ഹാങ്ങാ'യാല്‍ വര്‍ക്ക്ഷാപ്പിലെ മെക്കാനിക്കുമാരെ വിളിക്കേണ്ടതില്ല. റീസ്റ്റാര്‍ട്ട് ചെയ്യാന്‍ 'കണ്‍ട്രോള്‍+ആള്‍ട്ട്+ഡിലീറ്റ്' എന്ന ഒരൊറ്റ സൂത്രവാക്യം പ്രയോഗിച്ചാല്‍ മതിയല്ലോ. പക്ഷെ, അബദ്ധം മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തില്ല. ഇത് സാക്ഷാല്‍ ക്രാൈേസോഫ്റ്റിന്റെ പണിപ്പുരയില്‍ നിന്നിറങ്ങിയ സവിശേഷമായ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റമാണെന്നും ഇനി മുതല്‍ ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളും മര്യാദക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും ബോധ്യപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണല്ലോ വിസ്റ്റ പുറത്തിറങ്ങിയത്. സന്തോഷം. ഇന്‍ഫോകൈരളി മുതല്‍ക്കുള്ള കമ്പ്യൂട്ടര്‍ മാഗസിനുകളും ഇതര പ്രസിദ്ധീകരണങ്ങളും പത്രങ്ങളുമൊക്കെ വിന്‍ഡോസിന്റെ പുതിയ പതിപ്പിനെ സാഘോഷം വരവേല്‍ക്കുകയും ചെയ്തു. അങ്ങനെ ചെയ്യാതെ നിവൃത്തിയുമില്ല. ലോകത്താകെ 57 കോടി കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് പ്രവര്‍ത്തിക്കുന്നുവെന്നാണല്ലോ പ്രസിദ്ധ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (IDC) പുതിയ കണക്ക്. വെറും കണക്ക് മാത്രം. കണക്കിന് വേണ്ടിയുള്ള ഒരു കണക്ക് എന്നര്‍ത്ഥമാക്കിയാല്‍ മതി. ആദ്യപതിപ്പായ വിന്‍ഡോസ് 3.0 മുതല്‍ 95-ലൂടെ പക്വത പ്രാപിച്ചുവെന്നവകാശപ്പെട്ട് എക്സ്.പിയിലൂടെ പിന്നെയും വളര്‍ന്ന വിന്‍ഡോസ് ഓപറേറ്റിറ്റിംഗ് സിസ്റ്റത്തിന്റെ അവസാനത്തെ പതിപ്പാകുമോ വിസ്റ്റ എന്ന കാര്യത്തിലും അത്ര ഉറപ്പൊന്നുമില്ല.

അതിരിക്കട്ടെ, മലയാളികളായ നമുക്ക് ഉടനെത്തന്നെ വിന്‍ഡോസ് വിസ്റ്റ വേണോ? നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളൊക്കെ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകമായതാണോ? അല്ലെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ നിരീക്ഷണം. വിസ്റ്റ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കമ്പ്യൂട്ടറിന്റെ സവിശേഷതകളിലൂടെ കണ്ണോടിച്ചാല്‍ നിലവില്‍ നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളില്‍ അഞ്ച് ശതമാനത്തില്‍ പോലും ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ബോധ്യപ്പെടാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. ഇനി വിസ്റ്റ അത്രമാത്രം നിര്‍ബന്ധമാണെങ്കിലോ? നാം പാവപ്പെട്ട മലയാളികള്‍ ആ ഇനത്തില്‍ കോടിക്കണക്കിന് രൂപ മുടക്കേണ്ടിയിരിക്കുന്നു. സോഫ്റ്റ്വെയറിന്റെ വിലയല്ല, മറിച്ച് ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ അപ്ഗ്രഡേഷന്‍ ഇനത്തിലാണ് ഇത്രയും സംഖ്യ ചിലവാക്കേണ്ടത്. ലോകത്തെങ്ങുമുള്ള ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് വിസ്റ്റയുടെ ആഗമനത്തില്‍ ആഹ്ലാദിക്കുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഭാഗ്യത്തിന് ഹാര്‍ഡ്വെയര്‍ രംഗത്ത് പിന്‍നിരയിലായതിനാല്‍ നമുക്ക് ആഹ്ലാദിക്കാന്‍ തല്‍ക്കാലം വകയില്ല.

വിനീതനായ കോര്‍ക്കറസിന് മൈക്രോസോഫ്റ്റിനോടോ വിന്‍ഡോസിനോടോ ശത്രുത ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. അതേസമയം കമ്പ്യൂട്ടര്‍ ഉപയോക്താക്കളെല്ലാം വിസ്റ്റയുടെ താല്‍പര്യക്കാരാണെന്ന് ധരിക്കുന്നതും ശരിയല്ലെന്നാണ് കോര്‍ക്കറസിന്റെ അഭിപ്രായം. വിസ്റ്റ എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ അത് സ്വന്തമാക്കാനും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇവിടെ പെട്ടെന്നാരും തുനിയുകയില്ലെന്നും കോര്‍ക്കറസ് വിശ്വസിക്കുന്നു. ചുരുങ്ങിയത് നമ്മുടെ സംസ്ഥാനത്തെങ്കിലും. വിസ്റ്റയില്ലെങ്കിലും കമ്പ്യൂട്ടറുകളൊക്കെ നന്നായി പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കുക. നമ്മുടെ കമ്പ്യൂട്ടര്‍ ജോലികളും ഭംഗിയായി നടക്കും. സ്കൂള്‍ തലം മുതല്‍ ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന നമ്മെസ്സംബന്ധിച്ചേടത്തോളം തല്‍ക്കാലം വിസ്റ്റ അധികപ്പറ്റ് തന്നെയാണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ പത്ത് വര്‍ഷം മുമ്പ് വാങ്ങിയതാണെങ്കില്‍ പോലും ലിനക്സ് അതില്‍ നന്നായി പ്രവര്‍ത്തിക്കും. വിസ്റ്റയുടെ കാര്യം നേരെ മറിച്ചാണ്. കമ്പ്യൂട്ടര്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയതാണെങ്കില്‍ തന്നെ വിസ്റ്റ പ്രവര്‍ത്തിപ്പിക്കാന്‍ അതിന്റെ പ്രോസസ്സറോ മെമ്മറിയോ ഏതെങ്കിലുമൊന്ന് അപ്ഗ്രേഡ് ചെയ്യേണ്ടിവന്നേക്കാം.

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണെങ്കില്‍ വിന്‍ഡോസിനെ ഒരുനിലക്കും വിശ്വസിക്കാനാവില്ല. സുരക്ഷിതത്തം തന്നെയാണ് പ്രശ്നം. ഇന്റര്‍നെറ്റ് ബ്രൌസിംഗിന് എക്സ്പ്ലോളറോ ഇ^മെയില്‍ സൌകര്യത്തിന് ഔട്ട്ലുക്കോ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ദിനംപ്രതി വൈറസിന്റെയോ വേം, ട്രോജന്‍, സ്പൈവെയര്‍ പോലുള്ള ക്ഷുദ്രകീടങ്ങളുടെയോ ആക്രമണത്തിന് വിധേയമാകാതിരിക്കില്ലെന്നറിയുക. ഏറെ സുരക്ഷിതമെന്ന് കൊട്ടിഘോഷിച്ച XP SP2^ലും സുരക്ഷാ വിടവുകളും വിള്ളലുകളും പ്രത്യക്ഷമായി. സുരക്ഷാഭിത്തി ഒരുനിലക്കും തകര്‍ക്കാനാവില്ലെന്ന് മൈക്രോസോഫ്റ്റ് വീമ്പ് പറഞ്ഞ എക്സ്പ്ലോററിന്റെ പുതിയ വേര്‍ഷനിലും ഹാക്കര്‍മാര്‍ പാളിച്ചകള്‍ കണ്ടെത്തി. വിസ്റ്റ ഇതിലും എത്രയോ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും തുടക്കത്തില്‍ തന്നെ അതിന്റെ പ്രൊട്ടക്ഷന്‍ സംവിധാനം തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇതര സുരക്ഷാ സംവിധാനങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം. ഹാക്കര്‍മാര്‍ തങ്ങളുടെ സിസ്റ്റത്തെ പ്രധാനമായും ലക്ഷ്യമിടുന്നത് അത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നുവെന്നതിനാലാണെന്ന് സൈക്രോസോഫ്റ്റിന്റെ ന്യായീകരണം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം ലോകത്തുപയോഗിക്കുന്ന ഏതാണ്ട് പത്ത് കോടി സെര്‍വര്‍ കമ്പ്യൂട്ടറുകളിലെ അറുപത് ശതമാനവും ലിനക്സ് പ്ലാറ്റ്ഫോറത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ തന്നെ സെര്‍വറുകളില്‍ പലതും ലിനക്സിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രഹസ്യമല്ല.

നേരത്തെ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചത് വിന്‍ഡോസ് എക്സ്.പിയുടെ ഒറജിനല്‍ ലൈസന്‍സുള്ള പതിപ്പാണെങ്കില്‍ നിങ്ങള്‍ കുടുങ്ങിയത് തന്നെ. അത് വിസ്റ്റയിലേക്ക് അപഗ്രേഡ് ചെയ്യണമെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങിയ സ്ഥാപനത്തില്‍ പോയി അതിനുള്ള പ്രത്യേക കുപ്പണോ മറ്റോ കരസ്തമാക്കണം. പിന്നെ അപ്ഗ്രഡേഷനുള്ള ചെലവും വഹിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകുന്നു. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ വാങ്ങിയെന്ന തെറ്റിന് ലഭിക്കുന്ന ശിക്ഷ ഇതിലവസാനിക്കുമെന്നും കരുതേണ്ടതില്ല.

നിങ്ങള്‍ പുതുതായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയാണെന്ന് സങ്കല്‍പിക്കുക. സ്വാഭാവികമായും ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിസ്റ്റ തന്നെയാവട്ടെ കമ്പ്യൂട്ടറിലെന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പോക്കറ്റ് അന്യായമായി കാലിയാക്കാനുള്ള തീരുമാനമാണെന്ന് അറിയുക. കമ്പ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ തന്നെയാണ് പ്രശ്നം. ലിനക്സോ വിന്‍ഡോസ് എക്സ്.പിയോ പ്രവര്‍ത്തിപ്പിക്കാവുന്ന കമ്പ്യൂട്ടറിന്റെ ഏതാണ്ട് ഇരട്ടി വിലയെങ്കിലും നിങ്ങള്‍ നല്‍കേണ്ടിവരും. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വില വേറെയും. പിന്നെ വിസ്റ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറുകള്‍ വേറെയും ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതൊക്കെ ആലോചിച്ച ശേഷം മാത്രമേ വിസ്റ്റയിലേക്ക് കടക്കാനാവൂ. വിസ്റ്റാ കംപാറ്റിബിളായ ഇന്റല്‍ ഡ്യുവര്‍ കോര്‍ പ്രോസസ്സര്‍, 1.8 ജിഗാഹെര്‍ട്ട്സ് ക്ലോക്ക് സ്പീഡ്, ശരാശരി മിനിടവര്‍ കെയ്സ്, സി.ഡിയും ഡിവിഡിയും പ്രവര്‍ത്തിപ്പിക്കാനും റൈറ്റ് ചെയ്യാനും സൌകര്യമുള്ള കോംപോ ഡ്രൈവ്, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, 2 ജിഗാബയ്റ്റ് റാം, ആവശ്യമായ ഗ്രാഫിക് കാര്‍ഡ് തടങ്ങിയ സവിശേഷതകളുള്ള കമ്പ്യൂട്ടറിന് ചുരുങ്ങിയത് ഇപ്പോഴത്തെ അവസ്ഥയില്‍ മുപ്പതിനായിരം രൂപ വേണം. മോണിറ്റര്‍, കീബോര്‍ഡ്, മൌസ്, സ്പീക്കര്‍ തുടങ്ങിയവക്ക് വേറെയും കാശ് മുടക്കണം. അതേസമയം ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 15000^20000 രൂപയുണ്ടെങ്കില്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാനുതകുന്ന കമ്പ്യൂട്ടര്‍ സ്വന്തമാക്കാവുന്നതാണ്. അതുകൊണ്ട് പെട്ടെന്ന് നമുക്ക് വിസ്റ്റയിലേക്ക് കടക്കാതിരിക്കുന്നതാണ് ബുദ്ധി. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളിലോ ലിനക്സിലോ മറ്റോ നമ്മുടെ പ്രവര്‍ത്തനം തുടരാമെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ അപേക്ഷ.

Sunday, June 1, 2008

ടെക്നോളജിയെ ആര്‍ക്കാണ് പേടി?

ഓരോ ദിവസവും ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന പുതിയ വാര്‍ത്തകള്‍ കണ്ടെത്തുക എന്നത് ജോലിയുടെ ഭാഗമെന്ന നിലക്ക് വിനീതനായ കോര്‍ക്കറസിന്റെ ശീലമായിരിക്കയാണ്. ദിനപത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും പുറമെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇതിനുപയോഗിക്കുന്നു. യാഹു, ഗൂഗിള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ നല്‍കുന്ന ന്യൂസ് അലെര്‍ട്ട് സേവനങ്ങളും ടെക്നോളജി സംബന്ധമായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളും ഇക്കാര്യത്തില്‍ ഏറെ പ്രയോജനപ്പെടാറുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ വഴി ആര്‍.എസ്.എസ് ന്യൂസ് ഫീഡറുകളും ഉപയോഗിക്കുന്നതിനാല്‍ ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അപൂവമായേ ശ്രദ്ധയില്‍പെടാതെ പോകാറുള്ളൂ. അതോടൊപ്പം ഐ.ടി. കമ്പനികളും കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സ്ഥാപനങ്ങളും നടത്താറുള്ള സെമിനാറുകളിലും മറ്റും ക്ഷണിതാവെന്ന നിലക്കും കോര്‍ക്കറസ് പങ്കെടുക്കാറുണ്ട്. മിക്കപ്പോഴും ആശംസാ പ്രസംഗകനെന്ന റോളാണ് ലഭിക്കുക. ഇതിനൊക്കെ പുറമെ കമ്പ്യൂട്ടര്‍ സംബന്ധമായ ഒട്ടുമിക്ക കര്യങ്ങളിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ കോര്‍ക്കറസ് വിശ്വസ്തനായ ഒരുപദേഷ്ടാവായി പരിഗണിക്കപ്പെടുന്നു.വളരെ സന്തോഷം. ഇക്കാരണത്താല്‍ തന്നെ പലരും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വാങ്ങാനുദ്ദേശിക്കുമ്പോള്‍ പലപ്പോഴും ഷോപ്പുകളിലേക്ക് അവരെ അനുഗമിക്കാന്‍ കോര്‍ക്കറസിനെ നിര്‍ബന്ധിക്കാറുണ്ട്. സമയക്കുറവിന്റെയും മറ്റും കാരണത്താല്‍ ഇങ്ങനെ പോകാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവരുടെ അപ്രീതിയും പിണക്കവും സമ്പാദിക്കേണ്ടി വരുന്നുവെന്നത് കഥയുടെ മറുവശം.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മാത്രമല്ല, ഏത് പുതിയ ഇലക്ട്രോണിക് ഉപകരണമായാലും കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം അത് നിസ്സാരമാണ്. പ്രവര്‍ത്തന രീതി പെട്ടെന്ന് കണ്ടെത്തുക മാത്രമല്ല അതിന്റെ കോട്ടങ്ങളും പോരായ്മകളും പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കുന്നു. പുതിയൊരു ഇലക്ട്രോണിക് ഉപരണം കൈയിലെത്തുമ്പോള്‍ കൊച്ചുകുട്ടികളുടെ കൈവശം കളിക്കോപ്പ് കിട്ടുന്ന ആവേശമാണ് അനുഭവപ്പെടുക. ഈയ്യിടെ നഗരത്തിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് ചൈനീസ് നിര്‍മ്മിതവും ഒട്ടേറെ സവിശേഷതകളുമുള്ള ഒരു എം.പി.4 പ്ലേയര്‍ കിട്ടി. ഇതുപയോഗിച്ച് എം.പി.3 സംഗീതം കോള്‍ക്കാം, എ.എം.വി ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്ത മൂവി കാണാം, 48 മണിക്കൂര്‍ വരെ ഓഡിയോ റിക്കര്‍ഡ് ചെയ്യാം, ചിത്രങ്ങള്‍ കാണാം.. ഈ സവിശേഷതകള്‍ക്ക് പുറമെ ഇതിലൊരു എഫ്.എം. റേഡിയോവും ഉണ്ട്. തീപ്പെട്ടിക്കൂടിലേറെ ഒരല്‍പം വലിപ്പം തോന്നുമെങ്കിലും കനം അതിന്റെ പകുതി മാത്രം. തരക്കേടില്ലാത്ത ഒരു സ്പീക്കറും പിന്നെ രണ്ട് ഇയര്‍ഫോണ്‍ ഘടിപ്പിക്കാന്‍ സൌകര്യവുമുള്ള ഈ കൊച്ചു ഉപകരണത്തിന്റെ മെമ്മറി കപ്പാസിറ്റി നാല് ജിഗാബയ്റ്റ്. ജപ്പാനിലെ അതി പ്രശസ്തമായ ഇലക്ട്രോണിക് കമ്പനിയുടെ പേരും ഇതിന്‍മേല്‍ എഴുതി ഒട്ടിച്ചുവെച്ചിരിക്കുന്നു. വില രണ്ടായിരം ഉറുപ്പികക്ക് താഴെ. നാം 'ഡ്യൂപ്ളിക്കേറ്റ്' എന്ന് ഓമനപ്പേര്‍ നല്‍കുമെങ്കിലും ഇത് ഈ രൂപത്തില്‍ നര്‍മ്മിച്ച് ഇത്ര നിസ്സാര വിലക്ക് നല്‍കുന്ന ചൈനക്കാരുടെ ടെക്നോളജിയോട് കോര്‍ക്കറസിന് ആദരവ് തോന്നി. ഈ കൊച്ചു ഉപകരണവും ഉപ്പോള്‍ കോര്‍ക്കറസിന്റെ സന്തതസഹചാരിയായി മാറിയിരിക്കയാണ്. ഏതാണ്ട് ഇതേ ഉപയോഗം നല്‍കുന്ന ഇതര കമ്പനികളുടെ ഒട്ടേറെ ഉപകരണങ്ങള്‍ കോര്‍ക്കറസിനറിയാം. ആപ്പിള്‍ കമ്പനിയുടെ ഇത്രയും മെമ്മറിയുമുള്ള 'ഐപോഡി'ന് പതിനായിരം ഉറുപ്പികക്ക് മേല്‍ വിലവരും. മൈക്രോസോഫ്റ്റിന്റെ 'സൂണി'നാകട്ടെ ഇരുപതിനായിരം ഉറുപ്പികയിലധികമാണ് വില. വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ നിങ്ങളെത്ര തിരഞ്ഞാലും ഇത്ര ഒതുക്കവും ഇത്രയധികം ഉപയോഗങ്ങള്‍ നല്‍കുന്നതുമായ മറ്റൊരുപകരണം കണ്ടെത്താനാവില്ല.

തലച്ചോറ് തന്നെ 'ഇലക്ട്രോണിക് ഉപകരണ'മാക്കിയ ഒരു സുഹൃത്തുണ്ട് കോര്‍ക്കറസിന്. മൊബൈല്‍ ഫോണന്റെയും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വെഹിക്കിള്‍ സെക്യൂരിറ്റി സംവിധാനങ്ങളുടെയും ഷോറൂമകളും മൊബൈല്‍ ഫോണ്‍ ട്രൈനിംഗ് കേന്ദ്രങ്ങളുടെ ഒരു ശൃംഖല തന്നെയും ഇദ്ദേഹം നിയന്ത്രിക്കുന്നു. ആസ്ഥാനം മലപ്പുറം ജില്ലയിലെ ഒരു കൊച്ചു പട്ടണത്തില്‍. സ്ഥാപനത്തിന്റെ ബ്രഞ്ചുകള്‍ ഡല്‍ഹിയിലും കാശ്മീരിലും ദുബൈയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ ഏത് പുതിയ ഉല്‍പന്നവും ഇദ്ദേഹത്തിന്റെ കൈവശം എത്തും. ജി.പി.എസ്. നേവിഗേറ്ററും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റവുമൊക്കെ കോര്‍ക്കറസ് പരീക്ഷിച്ചറിയുന്നത് അങ്ങനെയാണ്. ഈയ്യിടെ ചൈനയിലെ കോങ്ചോയില്‍ നടന്ന 'കാന്റണ്‍ ഫെയറും' ഹോങ്കോങില്‍ നടന്ന 'ഏഷ്യാ വേള്‍ഡ് എക്സ്പോ'യും സുഹൃത്ത് സന്ദര്‍ശിച്ചിരുന്നു. രണ്ടും ഏഷ്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍^ഇലക്ട്രോണിക് വാര്‍ഷിക പ്രദര്‍ശനങ്ങള്‍. പുതിയ ടെക്നോളജിയാണ് രണ്ട് പ്രദര്‍ശനത്തിന്റെയും മുഖ്യ വിഷയം. എല്‍.സി.ഡി. മോണിറ്ററും ഇയര്‍ഫോണും ഘടിപ്പിച്ച സവിശേഷമായൊരു കണ്ണടയാണ് അവിടെ നിന്ന് സുഹൃത്ത് കെണ്ടുവന്ന ഉപകരണങ്ങളില്‍ ഏറെ കൌതുകകരമായിത്തോന്നിയത്. മൊബൈല്‍ ഫോണ്‍ പോലെയുളള ചെറിയ ഉപകരണമുപയോഗിച്ച് തിയേറ്ററിലെ വലിയ സ്ക്രിനലെന്നപോലെ മൂവി കാണാന്‍ ഈ കണ്ണട പ്രയോജനപ്പെടും. വീഡിയോ കാമറയുടെ വ്യൂ പോയിന്റ് പോലെ കണ്ണിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ സ്ക്രീനില്‍ ഫിലിം കാണുന്ന പ്രതീതിയാണുണ്ടാവുക. ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ നേട്ടം. സി.ഡി പ്ലേയറില്‍ നിന്ന് നേരിട്ട് കണ്ണടയിലേക്ക് കണക്റ്റ് ചെയ്യാനും സംവിധാനമുണ്ട്.

'ടെക്നോളജിയെ ആര്‍ക്കാണ് പേടി' എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. 'ടെക്നോഫോബിയ' എന്ന മാനസിക രോഗമല്ല ഇവിടെ ചര്‍ച്ചാവിഷയം. കമ്പ്യൂട്ടറും പുതിയ ഉപകരണങ്ങളുമൊക്കെ കാണുമ്പോഴും ഓഫീസിലും മറ്റും അതുപയോഗിക്കാന്‍ നിര്‍ബന്ധിതരാവുമ്പോഴും ചിലര്‍ക്കുണ്ടാവുന്ന പ്രത്യേക തരം അസുഖമാണിത്. കമ്പ്യൂട്ടര്‍ കാണുമ്പോള്‍ ചിലര്‍ വിയര്‍ക്കും, ചിലര്‍ക്ക് കൈകാലുകള്‍ വിറക്കും. ചിലര്‍ക്ക് മോഹാലസ്യമുണ്ടാകും. നമ്മില്‍ ചിലരൊക്കെ വെള്ളത്തെ ഭയപ്പെടാറുണ്ടല്ലോ. മറ്റു ചിലര്‍ക്ക് തീ കാണുമ്പോഴോ ഉയര്‍ന്ന പ്രദേശങ്ങള്‍ കാണുമ്പോഴോ ഒക്കെ ഭയമുണ്ടാകാറുണ്ട്. ഇതൊക്കെ ചികില്‍സിച്ചു ഭേദമാക്കാവുന്ന മാനസിക രോഗങ്ങളാണ്. ടെക്നോഫോബിയയും അങ്ങനെത്തന്നെ. അതേസമയം കാര്യം എത്ര എളപ്പവും സൌകര്യപ്രദവുമാണെങ്കില്‍ പോലും പുതിയ ടെക്നോളജിയെ ഉള്‍ക്കൊള്ളാനും അത് പ്രയോജനപ്പെടുത്താനും ചിലര്‍ക്ക് പ്രയാസം. കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം ഡോസില്‍ നിന്ന് വിന്‍ഡോസിലേക്ക് മാറിയപ്പോള്‍ പലരും തങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. മോട്ടോര്‍ കാറുകളില്‍ കുടുതല്‍ സൌകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഇലക്ട്രോണിക് ഘടകങ്ങളും അത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍ഫന്‍മേഷന്‍ ടെക്നോളജിയും കടന്നുവന്നപ്പോള്‍ പലരും അത്തരം വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ മടിച്ചു. കാര്‍ വഴിയിലെങ്ങാനും കേടുവന്നാല്‍ മോട്ടോര്‍ മെക്കാനിക്കിനെയാണോ ഇലക്ട്രോണിക് എഞ്ചിനിയറെയാണോ അതോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെയാണോ സമീപിക്കേണ്ടതെന്ന് ആശയക്കുഴപ്പിലാകുമെന്നതായിരുന്നു ഇവരുടെ ആശങ്ക. പുതിയ സൌകര്യങ്ങളുള്‍ക്കൊണ്ട വാഷിംഗ് മെഷീനോ ഫ്രിഡ്ജോ മറ്റ് ഉപകരണങ്ങളോ വാങ്ങുമ്പോഴും പലരും ഇത്തരം ആശയക്കുഴപ്പത്തില്‍ അകപ്പെടാറുണ്ട്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാര്യം മാത്രമല്ല ഇവിടെ പറയുന്നത്. ഇന്‍ഫോകൈരളിയുടെ വായനക്കാരുടെ കൂട്ടത്തില്‍ വ്യത്യസ്ത ടെക്നോളജികളില്‍ പ്രാവീണ്യം നേടിയവര്‍ ധാരാളമുണ്ടാവുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും ഇത്തരക്കാരെ ധാരാളം കണ്ടെത്തുമെന്നതില്‍ സംശയമില്ല. ചിലര്‍ ടെക്നോളജിയെ പേടിയോടെ സമീപിക്കുന്നു. ചിലര്‍ അതിനെ വെറുക്കുന്നു. മറ്റുചിലര്‍ അതിനെ ആശങ്കയോടെ നോക്കിക്കാണുന്നു. 'മനുഷ്യന്‍ തനിക്കറിയാത്തതിന്റെ ശത്രുവാണെ'ന്നത് വളരെ ശരി തന്നെയല്ലേ. അതശയോക്തി എഴുതുകയല്ല. കമ്പ്യൂട്ടര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് അതിന്റെ കീബോര്‍ഡില്‍ വിരലമര്‍ത്താന്‍ വരെ പേടിയുള്ളവരുണ്ടായിരുന്നു. ആ സാധനത്തെ തങ്ങളുടെ ഓഫീസില്‍ നിന്ന് മാത്രമല്ല പരിസരത്തുനിന്ന് പോലും ദൂരെ മാറ്റിനിര്‍ത്താന്‍ അവരാവശ്യപ്പെട്ടു. നമ്മുടെ സുഹൃത്തുക്കളും അധ്യാപകരും സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ മനഷ്യനെ പിന്‍നിരയിലേക്ക് തള്ളിമാറ്റി അവന്റെ പ്രസക്തി ഇല്ലാമാക്കുമെന്നും തൊഴിലസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും മറ്റൊരു കൂട്ടര്‍ ഭയപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരായിരുന്നു ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്.

കാലം മാറി. ടെക്നോളിയെ ഇന്ന് ആര്‍ക്കും പേടിയില്ലാതായിരിക്കുന്നു. നാം കേരളീയ സമൂഹം കൂടുതല്‍ 'സ്മാര്‍ട്ടാ'യി മാറുകയാണ്. അങ്ങനെ നാം ഇപ്പോള്‍ 'സ്മാര്‍ട്ട് സിറ്റി'യിലെത്തിയിരിക്കുന്നു. കമ്പ്യൂട്ടറെന്ന് മാത്രമല്ല എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ന് നമ്മുടെ സഹചാരികളായി മാറുന്ന അവസ്ഥയാണുള്ളത്. ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ട്രെയിന്‍ സീറ്റ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളറിയാനും ബസ്സില്‍ ടിക്കറ്റ് കൊടുക്കാനും പാട്ടു കേള്‍ക്കാനും സിനിമ കാണാനും വോട്ട് ചെയ്യാനുമൊക്കെ നമുക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുടിയേ തീരൂ.

ആവശ്യങ്ങള്‍ക്കനുസരിച്ച് ടെക്നോളജിയെ പാകപ്പെടുത്തുകയാണ് നമ്മുടെ കര്‍ത്തവ്യം. ഭയപ്പാടോടെ മാറി നിന്നാല്‍ ടെക്നോളജിക്കനുസരിച്ച് നാം പിന്നീട് സ്വയം പാകപ്പെടുകയും അതിന് കീഴൊതുങ്ങുകയും ചെയ്യേണ്ടി വരും. അത് ഒട്ടും അഭികാമ്യമല്ലെന്ന് വീനീതനായ കോര്‍ക്കസ് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും 'സ്മാര്‍ട്ട് സലാം'.

ഐഫോണും കുറേ പകരക്കാരും

ആപ്പിള്‍ കമ്പനി ഏറെ കൊട്ടിഘോഷിച്ച് ഈയ്യിടെ പുറത്തിറക്കിയ ഐഫോണിന് എന്താണിത്ര പ്രത്യേകത? എന്തിന് ഐഫോണ്‍ തന്നെ വാങ്ങണം? വിപണിയിലിറക്കിയ അതേദിവസം തന്നെ ജനങ്ങള്‍ ഇത് വാങ്ങാനായി എന്തിനാണ് ഇത്രയൊക്കെ ബഹളം കാണിച്ചത്്? ഐഫോണിനെസ്സംബന്ധിച്ച ചൂടുള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച ലേഖനങ്ങളും ഫീച്ചറുകളുമൊക്കെ പത്രങ്ങളിലും ഇന്റര്‍നെറ്റിലുമൊക്കെ വായിച്ചപ്പോള്‍ വിനീതനായ കോര്‍ക്കറസിനും അതൊന്ന് വാങ്ങണമെന്ന് തോന്നി. അതാണല്ലോ പരസ്യത്തിന്റെ ആകര്‍ഷണം. കോര്‍ക്കറസും അതില്‍ വീണുപോയി. അന്വേഷിച്ചപ്പോള്‍ അത് നമ്മുടെ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും ഒരുവര്‍ഷത്തോളമെടുക്കുമെന്നാണറിഞ്ഞത്. ആശ്വാസമായി. ആലോചിക്കാന്‍ സമയമുണ്ടല്ലോ. വിപണിയിലറക്കിയ അമേരിക്കയില്‍ തന്നെ അത് എല്ലാവര്‍ക്കും ലഭ്യമല്ലെന്നതും പിന്നീടാണ് മനസ്സിലായത്. വിലക്കൂടുതല്‍ മാത്രമല്ല കാരണം, അവിടുത്തെ എല്ലാ നെറ്റ്വര്‍ക്ക് കമ്പനികളും ഐഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ തന്നെ ചില പ്രത്യേക നെറ്റ്വര്‍ക്ക് കമ്പനികള്‍ മുഖേന മാത്രമേ ഐഫോണ്‍ ലഭിക്കുകയുള്ളൂ എന്നാണവസ്ഥ. യുവാക്കളുടെ ഹരമായി മാറിയ ആപ്പിളിന്റെ ഐപോഡ് മ്യൂസിക് പ്ലേയറിന് ലഭിച്ച സ്വീകാര്യതായിരിക്കാം ആപ്പിളിനെ ഐഫേണിന്റെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്. 100 ദശലക്ഷം ഐപോഡ് വിറ്റഴിഞ്ഞപ്പോള്‍ ആപ്പിള്‍ കമ്പനി പഴയ ആലസ്യം ഒഴിവാക്കി ഉയിര്‍ത്തെണീറ്റു. പിന്നെ താമസിച്ചില്ല, ഐപോഡിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് ഒരു മൊബൈല്‍ ഫോണ്‍ പുറത്തിറക്കുക. അത് വന്‍ വിജയമാകുമെന്ന് ആപ്പിളിന്റെ സാരഥി സ്റ്റീഫ് ജോബ്സണ് ബോധ്യമായി. അങ്ങനെയാണ് ഐഫോണ്‍ പിറവിയെടുക്കുന്നത്.

നിലവിലെ മൊബൈല്‍ ഫോണ്‍ സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തമായി കീപാഡില്ലാത്ത പുതിയൊരു മൊബൈല്‍ ഫോണ്‍. വിശാലമായ സ്ക്രീന്‍. ഐപോഡ്, സ്മാര്‍ട്ട്ഫോണ്‍ എന്നീ ഉപയോഗങ്ങള്‍ക്കൊപ്പം പി.ഡി.എയുടെയും പാംടോപ് കമ്പ്യൂട്ടറിന്റെയും സൌകര്യങ്ങള്‍, വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ^മെയില്‍ ഉപയോഗം. ഇതൊക്കെ ഐഫോണിന്റെ സവിശേഷതകളായി പറയുന്നുണ്ടെങ്കിലും ഇതിനെയൊക്കെ മറികടക്കുന്ന കുറെ ന്യൂനതളും അതിനുണ്ടെന്നാണ് കേള്‍വി. എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന മൊബൈലാണത്രെ ഐഫോണ്‍. എന്നാല്‍ പലര്‍ക്കും അത് ഒട്ടുംതന്നെ തൃപ്തിയായിട്ടില്ലെന്നാണ് വാര്‍ത്ത. മുന്തിരിക്കുലക്ക് ചാടി കിട്ടാതായപ്പോള്‍ അത് പുളിക്കും കയ്ക്കും എന്ന് പറഞ്ഞ കുറുക്കന്റെ തത്വശാസ്ത്രമാണിതെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യന്‍ വിപണിയില്‍ ഐഫോണെത്തിയാല്‍ തന്നെ അമേരിക്കയിലുണ്ടായതുപോലെ ഷോറൂമുകളില്‍ ക്യൂ നിന്ന് അത് വാങ്ങാനായി ഇവിടെ ആരും ധൃതികൂട്ടുമെന്നും കോര്‍ക്കറസിന് തോന്നുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ 20,000^30,000 രൂപ വില വരുന്ന ഐഫോണിന്റെ അതേ സവിശേഷതകളുള്ള ഇതര മൊബൈെല്‍ ഫോണുകള്‍ 10,000^20,000 രൂപ വിലക്ക് ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ഈയിടെ ചൈനയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലേക്കൊഴുകുന്ന മൊബൈല്‍ ഫോണുകളാകട്ടെ ഏറെ സവിശേഷതകളുള്‍ക്കൊള്ളുന്നതോടൊപ്പം 5000^8000 രൂപക്ക് ലഭിക്കുകയും ചെയ്യും. ഇതൊക്കെ ആപ്പിളിന്റെ ഐഫോണ്‍ നല്‍കുന്നതിനപ്പുറം സവിശേഷതകളുള്‍ക്കൊള്ളുന്നതാണ്.

ഐഫോണിന് ബദലായി ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇതിനകം പരിചയപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് ബ്രൌസിംഗിന് സാധ്യമാകുന്ന റിസര്‍ച്ച് ഇന്‍ മോഷന്‍ (RIM) കമ്പനിയുടെ ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം പ്രയോജനപ്പെടുത്തുന്ന വിവിധ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍, പാംവണ്‍ കമ്പനിയുടെ ട്രെയോ സീരീസ് ഇതൊക്കെ ഈ ഇനത്തിലുള്‍പ്പെടുന്നു. നോക്കിയയുടെ E65 മോഡല്‍ ഫോണ്‍ വൈഫൈ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഉള്‍ക്കൊള്ളുന്നതാണ്. നോക്കിയ എന്ന പേരാണല്ലോ നമുക്ക് ഏറെ സുപരിചിതം. ഇതുപയോഗിച്ച് എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് സൌകര്യം ലഭിക്കുമെന്ന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനമുപയോഗിച്ച് കുറഞ്ഞ ചില്‍വില്‍ ലോകത്തെവിടേക്കും സംസാരിക്കാനും സാധിക്കും. ഐഫോണില്‍ ഈ സൌകര്യമുണ്ടോ എന്ന് വ്യക്തമല്ല. ഇപ്പോള്‍ ലോകത്തെങ്ങും അതിവേഗം വ്യാപകമായി വരുന്ന മൊബൈല്‍ ടി.വി സംവിധാനവും 3G ടെക്നോളജി പ്രയോജനപ്പെടുത്തുന്ന നോക്കിയയിലൂടെ ലഭ്യമാക്കാം. അതിവേഗം ടൈപ് ചെയ്യാന്‍ സഹായകമായ QWERTY കീബോര്‍ഡ് ഇല്ലെന്നതാണ് ഇതിന്റെ ഒരേയൊരു ന്യൂനത. അതേസമയം ബിസിനസ് ലോകത്തെ ലക്ഷ്യമാക്കി നോക്കിയ പുറത്തിറക്കിയ E61i മോഡല്‍ ഈ സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നതാണ്. 3G സപ്പോര്‍ട്ട്, വൈഫൈ, ഇന്റര്‍നെറ്റ് ടെലിഫോണി തുടങ്ങിയ സേവനങ്ങളെല്ലാം ഇത് നല്‍കുന്നു. നിങ്ങള്‍ ബസ്സിലോ ട്രയിലിനോ ആണെങ്കില്‍ ഇതുപയോഗിച്ച് സംഗീതമാസ്വദിക്കുകയോ ഫിലിം കാണുകയോ ചെയ്യാവുന്നതാണ്.

ബ്ലാക്ബെറിയുടെ പുതിയ മോഡലായ BlackBerry Curve 8300 ആണ് ഐഫോണിന് മറ്റൊരു പകരക്കാരന്‍. വില അല്‍പം കൂടുമെങ്കിലും അതിവേഗതയിലെ ഇന്റര്‍നെറ്റ് സെര്‍ഫിംഗ്, നേരിട്ടുള്ള ഇ^മെയില്‍ സേവനം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഐഫോണില്‍ ഗൂഗിള്‍ മാപ്സ് ലഭിക്കുന്നതുപോലെ ബ്ലാക്ബെറിയില്‍ ബ്ലാക്ബെറി മാപ്സ് ലഭിക്കുന്നു. ടൌണില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ഥലങ്ങളറിയാന്‍ ഇത് അങ്ങേയറ്റം ഉപകാരപ്രദമാണ്. സംഗീതമാസ്വദിക്കാനും സിനിമ കാണാനും ഇതില്‍ സൌകര്യമുണ്ട്. ബ്ലാക്ബെറിയുടെത്തന്നെ മറ്റൊരു മോഡലായ പേള്‍ കുറച്ചുകൂടി മികച്ചു നില്‍ക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നെറ്റ്വര്‍ക്ക് കമ്പനികള്‍ ബ്ലാക്ബെറി ഫോണ്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കൂടുതല്‍ കാരണം ഇത് സാധാരണക്കാരെസ്സംബന്ധിച്ചേടത്തോളം അപ്രാപ്യമാണ്.

സാംസംഗിന്റെ ബ്ലാക്ജാക്കാണ് മറ്റൊന്ന്. ബിസിനസ് ആവശ്യങ്ങള്‍ നിര്‍വഹിക്കാമെന്നതിന് പുറമെ നേരംപോക്കിനും ഇത് പ്രയോജനപ്പെടുത്താം. മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ബ്ലാക്ക്ബെറി നല്‍കുന്ന ഇ^മെയില്‍ സംവിധാനമായ 'ഡയറക്ട് പുഷ്' സൌകര്യവും ലഭ്യമാണ്. വിന്‍ഡോസ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും സോഫ്റ്റ്വെയറുകളെല്ലാം ഇതിലുപയോഗിക്കാന്‍ സാധിക്കുന്നു. നിലവിലെ ഫോണുകളില്‍ ബിസ്നസ് ഉപയോഗിത്തിന് ഏറ്റവും അനുയോജ്യമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ് ഹൈടെക് കമ്പ്യൂട്ടര്‍ കമ്പനി ഏതാനും മാസം മുമ്പ് പുറത്തിക്കിയ 'സ്പ്രിന്റ് മൊഗൂള്‍'. ഹൈടെക് കമ്പ്യൂട്ടര്‍ കമ്പനി തന്നെ നിര്‍മ്മിക്കുന്ന ടി^മൊബൈല്‍ വിംഗാണ് മറ്റൊന്ന്. മോട്ടോറോളാ കമ്പനിയുടെ Moto Q9h മൊബൈല്‍ ഫോണും ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

ഏറെ സവിശേഷതകളുള്‍ക്കൊണ്ട മൊബൈല്‍ ഫോണുകള്‍ ദിനംപ്രതിയെന്നോണം വിപണിയിലെത്തുന്നുണ്ടെങ്കിലും വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ശിപാര്‍ശ ചെയ്യുന്നത് പാംവണ്‍ കമ്പനിയുടെ ട്രയോ സീരിയലാണ്. ഇതിന്റെ പുതിയ മോഡലായ Treo 755p മുകളില്‍ പരാമര്‍ശിച്ച മിക്ക സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. മികച്ച എം.പി3 പ്ലേയര്‍, വീഡിയോ പ്ലേയര്‍, അതിവേഗ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഡയറക്ട് പുഷ് ഇ^മെയില്‍ സംവിധാനം, വൈഫൈ വയര്‍ലെസ് കണക്ഷന്‍, ഇന്റര്‍നെറ്റ് ടെലിഫോണി സൌകര്യം, ജി.പി.എസ് തുടങ്ങിയ സൌകര്യങ്ങളൊക്കെ ഇപ്പോള്‍ ഇത്തരം മൊബൈല്‍ ഫോണുകളില്‍ ഒത്തുകൂടിയിരിക്കയാണ്. ഇത്രയും എഴുതിയത് മികച്ച നിലവാരം പുലര്‍ത്തുന്ന മൊബൈല്‍ ഫോണുകളെസ്സംബന്ധിച്ചാണ്.

എന്നാല്‍ ഈ സവിശേഷതകളൊക്കെ ഉള്‍ക്കൊണ്ട ഒരു സ്മാര്‍ട്ട് ഫോണ്‍ 6000^8000 രൂപക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമായാലോ. പിന്നെ ആര്‍ക്കാണ് ആപ്പിളിന്റെയും നോക്കിയയുടെയും ബ്ലാക്ക്ബെറിയുടെയും വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ വേണ്ടത്? ചൈനയില്‍ നിന്ന് ഈയിടെ ഒഴുകിയെത്തുന്ന പുതിയ തരം മൊബൈല്‍ ഫോണിന്റെ കാര്യമാണ് പറയുന്നത്. ആറായിരം രൂപക്ക് നിങ്ങള്‍ക്കൊരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചാലോ. ഐഫോണിന്റെ എല്ലാ സവിശേഷതകളും ഒത്തുചേര്‍ന്നത്. അതില്‍ രണ്ട് സിം ഉപയോഗിക്കാനുള്ള സൌകര്യവും. കൂടെ ഒരു അഡീഷണല്‍ ബാറ്ററിയും. ഫോണിന്റെ കമ്പനി നോക്കേണ്ട. ഓപറേറ്റിംഗ് മാന്വലും ഉണ്ടാവണമെന്നില്ല. വാറണ്ടിയോ ഒട്ടും തന്നെ ഇല്ല. എന്നാലും നിങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം ഫോണ്‍ സുഖമായി ഉപയോഗിക്കാം. അതല്ലെങ്കില്‍ ഫോണ്‍ കേടാവുന്നതുവരെ. കമ്പനിയുടെ പേരെന്തിന് നോക്കുന്നു?

ഐ.ടി. മേഖലയിലെ തൊഴിലന്വേഷകരോട്

ഐ.ടി. മേഖലയില്‍ നിങ്ങള്‍ക്ക് തൊഴില്‍ നേടാന്‍ ഏറ്റവും ഉചിതമായ കമ്പനി ഏതാണ്? ഗൂഗിള്‍ തന്നെ... സംശയിക്കേണ്ട. ഇന്ന് തന്നെ അപേക്ഷ തയ്യാറാക്കി അയച്ചുകൊള്ളൂ. ലോകത്തെ 440 വന്‍കിട കമ്പനികളുടെ കൂട്ടത്തില്‍ നിന്ന് പ്രസിദ്ധമായ ഫോര്‍ച്ച്യൂന്‍ മാസിക തിരഞ്ഞെടുത്തതാണിത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബുഫെയെപ്പോലും വെല്ലുന്ന സൌജന്യ ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇനിയെന്ത് വേണം നിങ്ങള്‍ക്ക്? മൌണ്ട് വ്യൂ നഗരത്തില്‍ ഗൂഗിളിന്റെ ആസ്ഥാനത്താണ് നിങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍ ഒട്ടും മടിച്ചു നില്‍ക്കേണ്ട. അവിടെ നിങ്ങളൊരു തൊഴിലാളിയായിരിക്കില്ല. മറിച്ച് മികച്ചൊരു യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥിയെന്ന തോന്നലാണ് നിങ്ങള്‍ക്കുണ്ടാവുക. ദിവസം മുഴുക്കെ പുതുമകളുടെ നിമിഷങ്ങള്‍. യുവത്വത്തിന്റെ സജീവത. പ്രത്യേക യൂണിഫോം ധരിക്കണമെന്ന് അവിടെ ആരും നിങ്ങളെ നിര്‍ബന്ധിക്കില്ല. പ്രായത്തിനനുസരിച്ച് എത് വേഷവും നിങ്ങള്‍ക്ക് ധരിക്കാം. യുവത്വത്തിന്റെ വേഷമായാല്‍ ഉഗ്രനായി. ഒരുവഷത്തെ വരുമാനം കൊണ്ട് തന്നെ മുന്തിയ ഒരു കാര്‍ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി ആയിരത്തിമുന്നോറോളം തൊഴിലപേക്ഷകളാണത്രെ ഗൂഗിള്‍ ആസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 6500 ഐ.ടി. വിദഗ്ധരും വിദേശങ്ങളിലായി 3000 വിദഗ്ധരും ഇപ്പോള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നു. കമ്പിനിയുടെ നിലവിലെ വളര്‍ച്ചയനുസരിച്ച് വര്‍ഷംപ്രതി 2200 പുതിയ തൊഴിലൊഴിവുകളാണുണ്ടാവുന്നത്. ഗൂഗിളില്‍ തൊഴില്‍ ലഭിക്കുക എന്നത് അത്ര എളുപ്പമാണെന്ന് കരുതരുത്. പതിനൊന്ന് ലക്ഷം തൊഴിലപേക്ഷകള്‍ ഇപ്പോള്‍ തന്നെ അവിടെ കെട്ടിക്കിടക്കുന്നുണ്ട്. ജോലിക്ക് പുറമെ വര്‍ഷം ചുരുങ്ങിയത് നൂറ് മണിക്കൂറെങ്കിലും നിങ്ങള്‍ക്ക് പരിശീലനം ലഭിക്കും. തൊഴിലാളികളില്‍ മുപ്പത്തൊന്ന് ശതമാനം വനിതകളാണത്രെ. കമ്പനിയുടെ വാര്‍ഷിക വരുമാനം 600 കോടി ഡോളര്‍.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കകം കമ്പനി ഇത്രയും വലിയ പുരോഗതി കൈവരിച്ചതിന്റെ പിന്നിലെ രഹസ്യം എന്താണ്? വിദഗ്ധ തൊഴിലാളികളോടുള്ള ഈ രീതിയിലെ സമീപനമാണോ? അതേതായാലും ഗൂഗിള്‍ ആസ്ഥാനത്ത് എത്തിപ്പെട്ടാല്‍ ലോകത്തിലെത്തന്നെ ഏറ്റവും ഭാഗ്യവാനായ തൊഴിലാളി നിങ്ങളാണെന്ന് തോന്നാതിരിക്കില്ല. കമ്പനിയുടെ മുഖ്യ വരുമാന മാര്‍ഗമായ പരസ്യങ്ങളുടെ മാറ്ററുകള്‍ എവിടെ ഫിറ്റ് ചെയ്യണമെന്ന് ആലോചിക്കുന്നതായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ ജോലി. അതല്ലെങ്കില്‍ നിങ്ങള്‍ പ്രോഗ്രാം എഴുതുകയായിരിക്കാം. അതുമല്ലെങ്കില്‍ കുറെ വിവരങ്ങള്‍ അവ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള മാര്‍ഗം അന്വേഷിക്കുകയായിരിക്കും നിങ്ങള്‍. ഇനി ആലോചിച്ചു നില്‍ക്കേണ്ടതില്ല. നിങ്ങള്‍ യോഗ്യനും സാഹസികനുമായ ഒരു തൊഴിലന്വേഷകനാണെങ്കില്‍ ഒരു ശ്രമം നടത്തിനോക്കു. വിജയം നിങ്ങളെ കടാക്ഷിക്കുകതന്നെ ചെയ്യും. ശോഭനമായൊരു തൊഴില്‍ ജീവിതം ആശംസിക്കുന്നു. അന്ന് വിനീതനായ നിങ്ങളുടെ കോര്‍ക്കറസിനെ മറന്നേക്കരുതേ...

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളോട്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിനീതനായ കോര്‍ക്കറസിന് എന്നും ഇഷ്ടമാണ്. എന്നുവച്ച് എല്ലാവരും കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ, ഇലക്ട്രോണിക്സ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ ഇതിലുള്‍പ്പെടുന്നു. ഇവരുടെ തൊഴില്‍പരമായ ഭാവി സുരക്ഷിതമാണെന്നതാണ് കാരണം. സര്‍ക്കാര്‍ ജോലിയും മറ്റും ലഭിക്കാന്‍ ഇക്കാലത്ത് വലിയ പ്രയാസമാണെന്നിരിക്കെ ഈ വിദ്യാര്‍ത്ഥികളെങ്കിലും ഭാവിയില്‍ തൊഴില്‍ രഹിതരായി അലഞ്ഞു നടക്കില്ലല്ലോ എന്നതാണ് ആശ്വാസം. വെറുതെ പറയുകയല്ല, ഇവര്‍ക്ക് ശുഭസൂചകമായ ഒട്ടേറെ വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളമാണ് ഈയിടെ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ തന്നെ സിലിക്കണ്‍വാലിയാകാനുള്ള തയ്യാറെടുപ്പിലാണല്ലോ നമ്മുടെ രാജ്യം. നാം മോശക്കാരൊന്നുമല്ല. 2004^ല്‍ ഐ.ടി സേവനങ്ങളിലൂടെ നമുക്ക് 16 ബില്യന്‍ ഡോളര്‍ ലഭിച്ചത് 2006^ല്‍ 30 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. 2008^ല്‍ ഇത് 87 ബില്യന്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് നാസ്കോമിന്റെ നിരീക്ഷണം. വിവിധ ഇനം ഐ.ടി. സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഐ.ടി. അനുബന്ധ സേവനങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ നാല് മുഖ്യ ഇനങ്ങളിലാണ് ഈ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ രംഗത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇത് മുഖേന വര്‍ദ്ധിച്ച അവസരങ്ങളാണ് ലഭിക്കുന്നത്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, സത്യം, എച്ച്.സി.എല്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ വര്‍ഷംതോറും വന്‍വളര്‍ച്ചയാണ് നേടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തൊണ്ണൂറുകളില്‍ സാമ്പത്തിക രംഗത്ത് ഉദാരനയം സ്വീകരിക്കുകയും വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതോടെ ഐ.ടി. രംഗത്ത് വലിയൊരു മുന്നേറ്റം തന്നെയുണ്ടായി. 3300 കമ്പനികള്‍ നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഐ.ടി. ഉല്‍പന്നങ്ങള്‍ ഇപ്പോള്‍തന്നെ കയറ്റി അയക്കുന്നു. വരുംനാളുകളില്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഇനത്തിലെ ആയിരത്തഞ്ഞൂറോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലാണ് ഐ.ടി. വരുമാനത്തിന്റെ മുഖ്യഓഹരി കേന്ദ്രീകരിച്ചിരിക്കുന്നത്. ഈയ്യിടെ ചെറിയ നഗരങ്ങളിലേക്കും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവരികയാണ്. ചെറിയ നഗരങ്ങളില്‍ മാത്രല്ല ഇന്ത്യയിലെല്ലായിടത്തും വിദഗ്ദരായ ഐ.ടി. തൊഴിലാളികള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഐ.ടി. മേഖലയില്‍ നാല് ദശലക്ഷത്തോളം വരുന്ന ടെക്നോക്രാറ്റുകളും ഇന്ത്യയുടെ മികവിന് പിന്നിലുണ്ട്. എഞ്ചീനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളുമായി രണ്ടായിരത്തോളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഐ.ടി, ഇലക്ട്രോണിക് മേഖലകളില്‍ വര്‍ഷം തോറും പഠനം പൂര്‍ത്തിയാക്കി എഴുപതിനായിരം വിദഗ്ദരാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ ഐ.ടി രംഗത്ത് പതിമൂന്ന് ലക്ഷം വിദഗ്ദരാണ് ജോലിചെയ്യുന്നതെന്ന് നാസ്കോമിന്റെ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ രംഗത്ത് കൈവരിക്കുന്ന പുരോഗതി കണക്കിലെടുത്താല്‍ വര്‍ഷംപ്രതി മൂന്നര ലക്ഷം വിദഗ്ദരെ ഇന്ത്യന്‍ ഐ.ടി. മേഖലയിലേക്ക് ആവശ്യമുണ്ടാകും. കാര്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിയാല്‍ രണ്ടായിത്തി പത്താമാണ്ടോടെ ഐ.ടി. മേഖലയില്‍ മാത്രം രണ്ട് ലക്ഷം വിദഗ്ധരുടെ കുറവാണ് ഇന്ത്യയിലുണ്ടാവുക. അതായത് ഈ രംഗത്ത് വൈദഗ്ധ്യവും മികവും തെളിയിച്ചവര്‍ക്ക് തൊഴില്‍ ഒരു പ്രശ്നമാവില്ലെന്ന് ചുരുക്കം.

നമ്മുടെ യുവതലമുറക്കുള്ള ഈ തൊഴില്‍ സാധ്യത ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ലോക ഐ.ടി. മേഖല തന്നെ ഇന്ത്യന്‍ വിദഗ്ധരെ ഉറ്റുനോക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ നമ്മുടെ മികവും നമ്മുടെ സാങ്കേതിക വിദഗ്ധരുടെ കഴിവും താതമ്യേന കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാനുള്ള സന്നദ്ധതയുമാണ് ഇതിന് കാരണം. കുറഞ്ഞ വേതനമെന്ന് പറയുമ്പോള്‍ നിസ്സാരമായി കാണരുത്. എത്രതന്നെ കുറഞ്ഞാലും ഇന്നത്തെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐ.എ.എസ്. ഉദ്യോഗസ്ഥന്‍മാരുമൊക്കെ വാങ്ങുന്നതിലേറെ വേതനം നല്ലൊരു ഐ.ടി വിദഗ്ധന് ലഭിക്കുക തന്നെ ചെയ്യും. വേതനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഐ.ടി. വിദഗ്ധര്‍ക്ക് സമൂഹത്തിലും ഇന്ന് നല്ല സ്ഥാനമുണ്ട്.

ഡെല്‍, ഹ്യൂലെറ്റ് പക്കാര്‍ഡ്, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഐ.ടി. രംഗത്ത് നാം തെളിയിച്ച മികവിന്റെ മികച്ച തെളിവാണ്. അമേരിക്കക്കും ചൈനക്കും പുറമെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മൂന്നാമത്തെ റിസര്‍ച്ച് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ബാംഗ്ലൂരിലാണല്ലോ. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഇത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ടത്രെ. ടെക്നോളജി രംഗത്തെ വന്‍ കമ്പനികളുടെ സാന്നിധ്യം ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ പ്രവര്‍ത്തനത്തിലും ആവേശം പകര്‍ന്നിരിക്കയാണ്. വിദേശത്ത് പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനികള്‍ സ്വന്തമാക്കി നമ്മുടെ കഴിവുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ശ്രമവും വിജയിച്ചുവരുന്നു. വിയറ്റ്നാം, റുമേനിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഐ.ടി കമ്പനികള്‍ വിപ്രോയും മറ്റും ഈയ്യിടെ ഏറ്റെടുത്തത് ഈ നിലക്കാണ് നോക്കിക്കാണേണ്ടത്.

ഐ.ടി. മേഖലയില്‍ വനിതകള്‍ക്കും നല്ലൊരു പങ്കുണ്ട്. പുരുഷന്‍മാര്‍ എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങളന്വേഷിക്കുമ്പോള്‍ വനിതകള്‍ തങ്ങളുടെ തൊഴിലില്‍ ഉറച്ചു നില്‍ക്കുന്നുവെന്നത് കുടുതല്‍ വനിതകളെ തൊഴില്‍ രംഗത്ത് നിയമിക്കാന്‍ കമ്പനികള്‍ക്ക് പ്രചോദനം നല്‍കുന്നു. പുരുഷന്‍മാരെ ഇടിച്ചുനിരപ്പാക്കി തൊഴില്‍ രംഗത്ത് പുതിയ സങ്കേതങ്ങള്‍ പണിതുയര്‍ത്താന്‍ ഈ അനുകൂല സാഹചര്യം നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ചൂഷണം ചെയ്യേണ്ടിയിരിക്കുന്നു. ടി.സി.എസ്. കമ്പനിയിലെ വിദഗ്ധ തൊഴിലാളികളില്‍ ഇരുപത്തഞ്ച് ശതമാനം വനിതകളാണത്രെ. അതേസമയം ഇന്‍ഫോസിസ്, വിപ്രോ കമ്പനികളില്‍ വനിതകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം പ്രാതിനിധ്യമുണ്ട്. വനിതകളുടെ മുന്നേറ്റം ഈ രീതിയില്‍ തുടര്‍ന്നാല്‍ 2010^ഓടെ ഇവരുടെ സാന്നിധ്യം അമ്പത് ശതമാനമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇനി വൈ-മാക്സ് വസന്തം

വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ^ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ^ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ^ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ^ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ^ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു.

നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ലാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍.

വൈമാക്സ് (WiMax) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ലേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

വൈ^ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ലെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ലെയിസാക്കി മാറ്റുകയാണ്.

മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ^ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്.

Worldwide Interoperability for Microwave Access എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത.

വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെയും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍.

മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.
******