Wednesday, June 4, 2008

എല്ലാം സുതാര്യം... സ്വകാര്യത എവിടെ?

(Published in Info Kairali Computer Magazine - May 2008)


കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു അവധിക്കാല പഠന സഹവാസ ക്യാമ്പില്‍ 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന്, നാളെ' എന്ന വിഷയം സംബന്ധിച്ച് ക്ലാസെടുത്തു കൊണ്ടിരിക്കെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് വിദ്യാര്‍ഥികളോട് ചോദിച്ചു. 'മൊബൈല്‍ ഫോണുമായി ക്ലാസ് റൂമില്‍ കടക്കാന്‍ അനുവദിക്കുന്ന ഏതെങ്കിലും വിദ്യാലയം നമ്മുടെ പ്രദേശത്തുണ്ടോ?' ഇല്ലെന്നായിരുന്ന കുട്ടികളുടെ ഉത്തരം. വിനീതനായ കോര്‍ക്കറസ് തുടര്‍ന്നു. 'എന്നാല്‍ മനസ്സിലാക്കുക, മൊബൈല്‍ ഫോണില്ലാതെ ക്ലാസ് റൂമില്‍ കടക്കരുതെന്ന് നിര്‍ബന്ധിക്കുന്ന വിദ്യാലയങ്ങളാണ് ഇനി വരാന്‍ പോകുന്നത്. നിങ്ങള്‍ക്ക് സന്തോഷമാവില്ലേ. മൊബൈല്‍ ഫോണ്‍ കൂടെക്കൊണ്ട് വരാത്തതിന് പ്രിന്‍സിപ്പല്‍ നിങ്ങളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലോ?' കുട്ടികള്‍ക്ക് താല്‍പര്യമായി. എന്ത്? അങ്ങനെയൊരു സംഭവമോ? അവര്‍ ഒന്ന് നിവര്‍ന്നിരുന്നു. കൂട്ടുകാരെപ്പോലെ തങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ വേണമെന്ന് എത്ര തവണ പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത രക്ഷിതാക്കളെ അവര്‍ ഓര്‍ത്തിരിക്കും. ഇനി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണില്ലാതെ ക്ലാസ്സില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാലെങ്കിലും അതൊന്ന് വാങ്ങിത്തരുമല്ലോ.

ജി.പി.എസ്. സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. നിങ്ങളുടെ ഹാജര്‍ മാത്രമല്ല, ചലനങ്ങള്‍ മുഴുക്കെ രേഖപ്പെടുത്തുകയും നിങ്ങളെവിടെപ്പോയാലും ദൂരെ നിന്ന് നിങ്ങളെ ട്രാക്ക് ചെയ്യാന്‍ സാധ്യമാക്കുകയും ചെയ്യുന്ന മൊബൈല്‍ ഫോണ്‍...കൂടുതല്‍ വിശദീകരിച്ചു തുടങ്ങിയതോടെ കുട്ടികളുടെയെല്ലാം മുഖം മങ്ങിത്തുടങ്ങി. ഒടുവില്‍ കോര്‍ക്കറസ് അവരോട് ചോദിച്ചു. നിങ്ങള്‍ക്കെല്ലാം മൊബൈല്‍ ഫോണ്‍ വേണ്ടേ?. 'വേണ്ട...' എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞു. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കാര്യങ്ങള്‍ ഈ രീതിയിലേക്കാണ് മുന്നേറുന്നത്.

അതായത് ഇവിടെ ആര്‍ക്കും ഒന്നും ഒളിപ്പിച്ചു വെക്കാനാവില്ല. ടെക്നോളജി രംഗത്ത് ലോകം അതിവേഗം മുന്നേറുമ്പോള്‍ ഈ ലോകത്ത് ഒരിടത്തും ഒരിക്കലും നിങ്ങള്‍ ഒറ്റക്കല്ലെന്ന് നല്ലപോലെ ഓര്‍ക്കുക. കോളേജില്‍ പോയ വിദ്യാര്‍ഥി ക്ലാസ്റൂമിലാണോ സിനിമാ തിയേറ്ററിലാണോ ഉള്ളതെന്ന് രക്ഷിതാവിന് ഇനി വീട്ടിലിരുന്ന് മനസ്സിലാക്കാം. ഫീല്‍ഡില്‍ പോയ ബിസിനസ് എക്സിക്യൂട്ടീവ് വീട്ടില്‍ കിടന്നുറങ്ങുകയാണോ എന്ന് വേണമെങ്കില്‍ കമ്പനി മാനേജര്‍ക്ക് മനസ്സിലാക്കാന്‍ മറ്റാരുടെയും സഹായം വേണ്ട. ബിസിനസ് ടൂറിലായിരുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന് ഇനി ഭാര്യയെ കബളിപ്പിക്കാനാവില്ല. ആര്‍ക്കും ആരെയും കബളിപ്പിക്കാന്‍ സാധ്യമാകാത്ത കാലം വരുന്നു. നാം ജീവിക്കുന്ന ഈ ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരുപറ്റം സാറ്റലൈറ്റ് വ്യൂഹങ്ങള്‍ നമ്മെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിനാല് സാറ്റലൈറ്റ് അമേരിക്കയുടെ വക. റഷ്യയും സമാന സംരംഭവുമായി മുന്നേറുകയാണ്. പിന്നെ യൂറോപ്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ വേറെയും ഉപഗ്രഹങ്ങള്‍ നമ്മെ നിരീക്ഷിക്കാന്‍ വരുന്നു. എല്ലാംകൂടിയാവുമ്പോള്‍ ഭൂമിയില്‍ മനുഷ്യന്റെ സ്വകാര്യത പാടെ നഷ്ടമാവുകയാണ്.

ഈ സാറ്റലൈറ്റ് സംവിധാനം നല്‍കുന്ന പിന്‍ബലത്തിലാണ് ജി.പി.എസ് (Global Positioning System ^ ആഗോള സ്ഥാനനിര്‍ണ്ണയ വ്യവസ്ഥ) പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം. ലോകത്തെ ഓരോ ഇഞ്ച് സ്ഥലവും അതിസൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം. പുതിയ തലമുറ മൊബൈല്‍ ഫോണും സിം കാര്‍ഡുകളും ഇനി ജി.പി.എസ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് രംഗത്തെത്തുക. അതായത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നിങ്ങള്‍ക്കെതിരെത്തന്നെ ചാരപ്രവര്‍ത്തനം നടത്തുന്നു. സ്കൂളിലും കോളേജിലും വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ഇനി ഈ മൊബൈല്‍ ഫോണ്‍ മതി. ഓഫീസിലും ഫാക്ടറിയിലും വര്‍ക്ക്ഷാപ്പുകളിലുമൊക്കെ കൃത്യമായ ഹാജര്‍. എല്ലാവര്‍ക്കും ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. എല്‍.കെ.ജി ക്ലാസ്സില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ജി.പി.എസ്. സംവിധാനമുള്ള ഒരു സിം കാര്‍ഡിനും മൊബൈല്‍ ഫോണിനും കൂടി ഇനി നാം ഫീസടക്കേണ്ടിവരും. രക്ഷിതാക്കള്‍ക്ക് കുട്ടിയെ വീട്ടിലിരുന്ന് ട്രാക്ക് ചെയ്യാം. കുട്ടി ക്ലാസ്സില്‍ കയറുന്നതോടെ അവന്റെ ഹാജര്‍ ഈ മൊബൈല്‍ ഫോണ്‍ മുഖേന സ്വയം രേഖപ്പെടുത്തപ്പെടുന്നു. ഓരോ ക്ലാസിലും എത്ര വിദ്യാര്‍ഥികള്‍ ഹാജറുണ്ടെന്നും ആരൊക്കെയാണ് ഹാജറില്ലാത്തതെന്നും പ്രധാനാധ്യാപകന് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിരീക്ഷിക്കാം.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ നമ്മുടെ ക്ലാസ്സ് റൂമുകളിലൊക്കെ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കയാണല്ലോ. സമീപ ഭാവിയില്‍ തന്നെ മൊബൈല്‍ ഫോണും ജി.പി.എസ് സൌകര്യവുമുള്ള സിം കാര്‍ഡും വിദ്യാര്‍ഥി വഹിക്കേണ്ടിവരും. അത് കൈവശമില്ലെങ്കില്‍ അവനെ ക്ലാസ്സില്‍ കേറിയിരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണുണ്ടാവുക. അതായത് ഇന്ന് ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണിന് നിരോധം. നാളെ ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധം. ഈ മൊബൈല്‍ ഫോണ്‍ പോക്കറ്റിലുണ്ടാവുമ്പോള്‍ ഇനി കുട്ടികളുടെ വേലത്തരങ്ങളൊന്നും നടക്കാന്‍ പോവുന്നില്ല. മര്യാദക്ക് ക്ലാസ്സിലിരുന്ന് പഠിക്കേണ്ടി വരും.
ഭൂഗോളത്തിലേക്ക് വാതായനം തുറന്ന് ഗൂഗിളിന്റെ ഗൂഗിള്‍ എര്‍ത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമായപ്പോള്‍ നാം ആഹ്ളാദിച്ചു. സ്വന്തം വീടും വീട്ടിലേക്കുള്ള വഴിയും പലരും അവിടെ കൃത്യമായി നിര്‍ണ്ണയിച്ചു മാര്‍ക്ക് ചെയ്തു. ലോകത്തെവിടെ നിന്നും നമ്മുടെ വീട്ടിലേക്കെത്തിച്ചേരാന്‍ എളുപ്പവഴിയായല്ലോ. ആര്‍ക്കും വഴി അന്വേഷിച്ച് അലയേണ്ടതില്ല. പക്ഷെ വീട്ടിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് ഇത് കനത്ത ഭീഷണിയാവുകയാണെന്ന് നാം അറിഞ്ഞില്ല. ലോകത്തെങ്ങുമുള്ള മര്‍മ്മപ്രധാനവും തന്ത്രപ്രധാനവുമായ സ്ഥാനങ്ങളെല്ലാം ആര്‍ക്കും എപ്പോഴും നെറ്റിലൂടെ ലഭ്യമാക്കാവുന്ന അവസ്ഥ. എവിടെയാണ് സ്വകാര്യത. നമ്മുടെ മാത്രമല്ല, രാഷ്ട്രങ്ങളുടെത്തന്നെ രഹസ്യങ്ങള്‍ എവിടെ ഒളിപ്പിച്ചുവെക്കും. ശത്രു രാജ്യത്തിന് മാത്രമല്ല ഭീകര പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അവരവരുടെ ജോലി എളുപ്പമായിത്തീരുന്നു. തങ്ങളുടെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളൊക്കെ ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് മാറ്റിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഗൂഗിളിന്റെ ആസ്ഥാനത്തേക്കൊഴുകുന്നു. വിവിധ ലോക രാഷ്ട്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതൊക്കെ സുതാര്യമാക്കി, പിന്നെ സൌജന്യമാക്കിയതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ. സ്വകാര്യതക്ക് വേണ്ടി ഇനി ഗൂഗിളിന്റെ മുമ്പിലും നാം കെഞ്ചേണ്ടി വരും. ചിലപ്പോള്‍ അതിന് വന്‍തുകയും വില നല്‍കേണ്ടിവരും.

ഇതിനൊക്കെ പുറമെ പൊതു സ്ഥലങ്ങളിലും ബിസിനസ് കേന്ദ്രങ്ങളിലും ഓഫീസുകളിലുമൊക്കെ ക്യാമറക്കണ്ണുകള്‍ നിങ്ങളെ വലയം ചെയ്യുന്നു. നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറും ടെലിഫോണും മൊബൈല്‍ ഫോണും ഇതര ഉപകരണങ്ങളുമൊക്കെ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളയക്കുന്ന ഇ^മെയിലും ഇതര ഡാറ്റകളും ശേഖരിക്കപ്പെടുന്നു. നിങ്ങളുടെ സ്വഭാവം, താല്‍പര്യങ്ങള്‍, സാമ്പത്തിക സ്ഥിതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളൊക്കെ എവിടെയൊക്കെയോ ശേഖരിക്കപ്പെടുന്നു. പരസ്യക്കാര്‍ക്ക് നല്ല മുതല്‍ക്കൂട്ട്. അവധിക്കാലത്ത് നിങ്ങള്‍ എങ്ങോട്ട് യാത്ര ചെയ്യുന്നു, ഓണക്കാലത്ത് നിങ്ങള്‍ എന്തെല്ലാം പുതിയ ഇനങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നൊക്കെ നിരീക്ഷിക്കാന്‍ പരസ്യക്കമ്പനികള്‍ നിങ്ങള്‍ക്ക് പുറകിലുണ്ട്. സ്പാമുകള്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ നിറയാറുണ്ടല്ലോ. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണോ? പതിവായി കൂട്ടുകാര്‍ക്കൊക്കെ ഇ^മെയില്‍ അയക്കാറുണ്ടോ? മെസ്സഞ്ചര്‍ സേവനമുപയോഗിച്ച് തല്‍സമയ സന്ദേശങ്ങള്‍ കൈമാറാറുണ്ടോ? ചാറ്റ് റൂമുകളില്‍ കടന്ന് അപരിചിതരുമായി സല്ലപിക്കാറുണ്ടോ? സൂക്ഷിക്കുക. നിങ്ങളെസ്സംബന്ധിച്ച അത്യന്തം സൂക്ഷ്മമായ വിവരങ്ങള്‍ നിങ്ങളെക്കാള്‍ നന്നായറിയുന്നവര്‍ ലോകത്ത് ധാരാളമുണ്ട്.

വിവിധ മൊബൈല്‍ഫോണ്‍ നെറ്റ്വര്‍ക്കുകളിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതായി നാം പത്രങ്ങളില്‍ വായിച്ചു. സുരക്ഷാ ഏജന്‍സികള്‍ക്ക് മൊബൈല്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായവ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാനും വേണ്ടിയാണത്രെ മൊബൈല്‍ഫോണ്‍ സംഭാഷണ നീരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയുള്ള ആശയവിനിമയങ്ങളും ഇതുപോലെ നിരീക്ഷിക്കപ്പെടും. കോള്‍ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് കമ്പനികള്‍ തന്നെ ഒരു വര്‍ഷം വരെ സുക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സമീപ കാലത്ത് നടന്ന നിവരധി കുറ്റകൃത്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ സുപ്രധാന തെളിവായി വര്‍ത്തിച്ചത് നമുക്കറിയാം. നാടിനെ പിടിച്ചുകുലുക്കിയ ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തന്നെ ഇതിനുദാഹരണമാണ്. പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതി വിദഗ്ദമായി ആസൂത്രണം ഈ വന്‍ കവര്‍ച്ചയില്‍ കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചത് ഒരു മൊബൈല്‍ ഫോണും മൊബൈല്‍ സംഭാഷണങ്ങളുമായിരുന്നല്ലോ. മോഷ്ടാക്കളെ അകപ്പെടുത്താന്‍ അവരുടെ കാര്യങ്ങളൊക്കെ സുതാര്യമാക്കുന്നത് നല്ലത് തന്നെ. പക്ഷെ, അതിന് മുഴുവന്‍ ജനതയുടെയും സ്വകാര്യത നശിപ്പിക്കേണ്ടതുണ്ടോ. സുതാര്യത ചൂഷണം ചെയ്യാനും ദുരുപയോഗപ്പെടുത്താനും വന്‍ സാധ്യതകളാണുള്ളത്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റത്തിന്റെ വിപത്ത് കൂടുതല്‍ രൂക്ഷമായിരിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ സര്‍ക്കാരിന് പുറമെ സ്വകാര്യ ഏജന്‍സികളും ഈ പണി നല്ലപോലെ ചെയ്തു കൊണ്ടിരിക്കുന്നു. ഹാക്കര്‍മാരും ക്രാക്കര്‍മാരും ഇതുതന്നെ ചെയ്യുന്നു. ഒരുകൂട്ടര്‍ ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നു. പാസ്വേര്‍ഡ് തട്ടിയെടുത്ത് വേറൊരു കൂട്ടര്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് വന്‍ തുകകള്‍ തന്നെ അടിച്ചുമാറ്റുന്നു. ഇതിന് സഹായകമായി വര്‍ത്തിക്കുന്ന പ്രത്യേകം സോഫ്റ്റ്വെയറുകളും അണിയറയിലുണ്ട്. നെറ്റിലൂടെത്തന്നെ അതും നിങ്ങള്‍ക്ക് സ്വായത്തമാക്കാം. അതായത് നിങ്ങളുടെ ഇ^മെയില്‍ അക്കൌണ്ട് മാത്രമല്ല, നെറ്റിലൂടെയുള്ള എല്ലാ ഇടപാടുകളും ആശയ വിനിമയങ്ങളും സുതാര്യമാവുകയാണ്. സ്വകാര്യതക്കെതിരെയുള്ള കടന്നു കയറ്റത്തിന് ആക്കം കൂട്ടാനായി പാശ്ചാത്യ നാടുകളിലും മറ്റും 'സ്പൈ ഷോപ്പുകള്‍' തന്നെ വ്യാപിപ്പിക്കുകയാണ്. ഇതരരെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനും ആവശ്യമായ ഉപകരണങ്ങളൊക്കെ അവിടെ ലഭിക്കും.
കുട്ടികളുടെ നെറ്റ് ഉപയോഗം നിരീക്ഷിക്കാനെന്ന രൂപത്തില്‍ വിപണനം ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ആ പണി മാത്രമല്ല ചെയ്യുന്നത്. മുതിര്‍ന്നവരുടെയും ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങള്‍ക്ക് അതിലൂടെ നിരീക്ഷിക്കാം. ആരെങ്കിലും നിങ്ങള്‍ക്കൊരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുന്നുവെന്നിരിക്കട്ടെ. സൂക്ഷിക്കണം, നിങ്ങളുടെ സംഭാഷണം മുഴുക്കെ നിങ്ങളറിയാതെ ചോര്‍ത്താന്‍ പ്രാപ്തമായ സോഫ്റ്റ്വെയര്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാം.

എല്ലാറ്റിന്റെയും അടിസ്ഥാനം 'മാര്‍ക്കറ്റിംഗ്' തന്നെ. നിങ്ങള്‍ രോഗിയായി ആശുപത്രിയിലെത്തുമ്പോഴാണ് ഇതറിയുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക എങ്ങനെയെന്ന് ചോദിക്കാതെത്തന്നെ കൃത്യമായി അവര്‍ക്കറിയാന്‍ സാധിക്കുന്നു. ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് നിങ്ങള്‍ക്കുള്ള ബില്ല് തയ്യാറാക്കേണ്ടതെന്നും ആശുപത്രി അധികൃതര്‍ മനസ്സിലാക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, നിങ്ങള്‍ കയറിയിറങ്ങുന്ന ഹോട്ടലിലും ടുറിസ്റ്റ് കേന്ദ്രങ്ങളിലും കലാലയങ്ങളിലും സര്‍ക്കാര്‍ ഓഫീകുകളിലുമൊക്കെ നിങ്ങള്‍ സുതാര്യനാണ്. നിങ്ങളെസ്സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതെ, ടെക്നോളജി യുഗത്തില്‍ നിങ്ങള്‍ സുതാര്യനാണ്. നിങ്ങള്‍ക്ക് സ്വകാര്യതയില്ല. ഒന്നും മറച്ചുവെക്കാനും നിങ്ങള്‍ക്കാവില്ല.

9 comments:

 1. സുതാര്യമായ സമൂഹമാണ് നവമാധ്യമങ്ങള്‍ പകര്‍ന്നു തരുന്നത്.

  നല്ല ലേഖനം.

  ReplyDelete
 2. ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്റെ തളുകള്‍ കടന്ന് വിനീതനായ കോര്‍ക്കറസിന്റെ ഐ.ടി. ലേഖനങ്ങള്‍ ഇനി ബ്ലോഗിലും... കോര്‍ക്കറസിന്റെ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ബൂലോകത്തേക്ക് ഒരു നവാഗതന്‍. www.korkaras.blogspot.com. നിങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ...

  ReplyDelete
 3. നന്നായിരിക്കുന്നു കോര്‍ക്കറസ്,
  സ്വകാര്യത എന്നത് ആവശ്യം തന്നെ. പക്ഷേ ആര്‍ക്കും സ്വകാര്യതയില്ലെങ്കില്‍ പിന്നെ അങ്ങിനെയൊരു വാക്കിനു തന്നെ പ്രസക്തിയില്ല.
  ഗൂഗിള്‍ ഒരു പക്ഷേ ലോകത്തെ ഭരിക്കാന്‍ ശ്രമിച്ചേക്കാം പക്ഷേ സാങ്കേതികവിദ്യകള്‍ വശത്താക്കിയ ലോകര്‍ക്ക് മുന്നില്‍ ആര്‍ക്കും ഒരു സത്യവും മൂടിവയ്ക്കാന്‍ കഴിയില്ല.

  നിങ്ങള്‍ ഒരു കാര്യം മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഞാനും എന്‍റെ കാര്യങ്ങള്‍ മൂടിവയ്കാന്‍ ശ്രമിക്കുന്നത്.

  ഗൂഗിള്‍ എര്‍ത്തിന്‍റെ കാര്യത്തില്‍ താങ്കളോട് വിയോജിപ്പുണ്ട്. കേരളത്തില്‍ നികത്തിയ പാടങ്ങളുടെ കൃത്യമായ വിവരം തരാന്‍ വരെ ഈ സേവനത്തിനാകും. സമൂഹം മുഴുവന്‍ എല്ലാം കാണുമ്പോള്‍ പ്രതിരോധം വളരുകയാണ് ചെയ്യുക. കഴിവുള്ള ഭീകര്‍ക്ക് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കിട്ടാന്‍ ഗൂഗിള്‍ എര്‍ത്ത് വേണമെന്നുണ്ടാവില്ല. അവര്‍ക്ക് കിട്ടുകയും സമൂഹത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സമൂഹം അരക്ഷിതമായിരിക്കും. പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കും.

  ReplyDelete
 4. മൂടിവക്കാനൊന്നുമില്ലാത്തവനു എന്തു സ്വകാര്യത?
  ചുരുങ്ങിയപക്ഷം നാട്യങ്ങളെങ്കിലും ഒഴിവാകുമല്ലൊ.

  അതു പൊകട്ടെ,ലേഖനം നന്നായിട്ടുണ്ട്.ഒരു നിര്‍ദ്ദേശം മാത്രം കാര്യങ്ങള്‍ ഇത്ര അതിശയോക്തിപരമാകാതിരിക്കുകയണു വേണ്ടതു.വരും കാലഘട്ടത്തില്‍ പ്രായോഗികമായി നടപ്പിലായേക്കാം, എങ്കിലും കുറച്ചുകൂടി ശ്രദ്ധവേണ്ടിയിരിക്കുന്നു.

  ReplyDelete
 5. ഇതില്‍ കൂടുതലും അതിശയോക്തി കലര്തിയതാണ്. ഒരിക്കലും മൊബൈല്‍ഫോണ്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അനുവദിക്കുമെന്ന് തോന്നുന്നില്ല. അഥവാ ഈ ലേഖനത്തില്‍ പറഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കിലും വിളിക്കുവാനുള്ള സൗകര്യം ഇല്ലാത്ത ഉപകരണമായിരിക്കും നിര്‍ബന്ധമാക്കുക. അല്ലെങ്കില്‍ ദുരുപയോഗതിനുള്ള സാധ്യത വര്‍ധിക്കുകയാണ് ചെയ്യുന്നത്.

  ReplyDelete
 6. ലേഘനം വളരെ നന്നായി നന്ദി

  ReplyDelete
 7. ലേഘനം വളരെ നന്നായി നന്ദി

  ReplyDelete
 8. ലേഘനം വളരെ നന്നായി നന്ദി

  ReplyDelete