Wednesday, July 29, 2009

ഗൂഗോള വിസ്മയം മഹാവിസ്മയം..!


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഗൂഗിള്‍ ഇല്ലാതെ ഇത്രയും കാലം ഞങ്ങളൊക്കെ ഇവിടെ ജീവിച്ചുവെന്ന് നമ്മുടെ കുട്ടികളെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാവുമെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇപ്പോള്‍ ചിന്തിക്കുന്നത്. എന്തിനും ഏതിനും ഇപ്പോള്‍ ഗൂഗിള്‍ തന്നെ വേണം. നിങ്ങളുടെ മനസ്സില്‍ എന്ത് സംശയം തോന്നുന്നുവെങ്കിലും ഉടനെ ഗൂഗിളിനെ സമീപിക്കൂ. തല്‍സമയം സംശയ നിവാരണം ലഭിക്കുമെന്ന് തീര്‍ച്ച. നിങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതും ഗൂഗിളിനോട് തന്നെ ചോദിക്കുക. കോര്‍ക്കസുമാരില്‍ വ്യാജന്‍മാരുണ്ടോ എന്നതായിരുന്നു ഇടക്ക് യഥാര്‍ത്ഥ കോറക്കറസിനുണ്ടായ ഒരു സംശയം. ഉടനെ ഗൂഗിളിനെ സമീപിച്ച് 'Korkaras' എന്ന ഒരു കീവേര്‍ഡ് അങ്ങ് തൊടുത്തുവിട്ടു. പെട്ടന്നതാ വരുന്നു റിസള്‍ട്ട്. ഒന്നും രണ്ടുമല്ല. നൂറെണ്ണം. ഇതില്‍ വ്യാജന്‍മാരും ധാരാളമുണ്ടായിരുന്നു. എങ്കിലും യഥാര്‍ത്ഥ കോര്‍ക്കറസിന്് തന്നെയായിരുന്നു ഗൂഗിളില്‍ ആധിപത്യം. അതേസമയം ഇതര സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഈ ചോദ്യം നല്‍കിയപ്പോള്‍ പലര്‍ക്കും ഉത്തരമില്ലായിരുന്നു. റിസള്‍ട്ട് തന്നവര്‍ തന്നെ ഒന്നോ രണ്ടോ വ്യാജന്‍മാരെ കാണിച്ചു രക്ഷപ്പെട്ടു.

ഇങ്ങനെ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ശൂന്യാകാശത്തേക്ക് വരെ ഗൂഗിളിന്റെ സേവനം വ്യാപിച്ചിരിക്കയാണ്. ശൂന്യാകാശത്തിലൂടെ 10 ദിവസത്തെ വിനോദ യാത്രക്ക് ഇപ്പോഴത്തെ നിലവാരമനുസരിച്ച് നിങ്ങള്‍ക്ക് ഏതാണ്ട് ഇരുപത് ദശലക്ഷം ഡോളര്‍ ചിലവ് വരും. എന്നാല്‍ ഗൂഗളിന്റെ ഏറ്റവും പുതിയ സേവനങ്ങളിലൊന്നായ 'ഗൂഗിള്‍ സ്കൈ' (http://www.google.com/sky/) ഉപയോഗിച്ച് അത്രയും ദിവസമോ അതിലധികമോ ശൂന്യാകാശ യാത്ര നടത്താന്‍ ഇന്റര്‍നെറ്റിന്റെ മാസവരി മാത്രം നല്‍കിയാല്‍ മതി. രണ്ടവസ്ഥയിലും നിങ്ങള്‍ക്ക് കാണാനാവുന്നത് ഭൂമിയുടെ ദൃശ്യങ്ങള്‍ തന്നെ. ചെറിയൊരു മൌസ് ക്ളിക്കിലൂടെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും അടുത്ത് നിരീക്ഷിക്കാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ സേവനം ഉപയോഗപ്പെടുത്താന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ബെല്‍റ്റ് ധരിക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ തുറന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ശൂന്യാകാശത്തിലൂടെ യഥേഷ്ടം വിഹരിക്കുക. ഗൂഗിളിന് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്.

മുമ്പ് ഐ.ബി.എം കോര്‍പറേഷനായിരുന്നു ഐ.ടിയിലെ ഭീമന്‍മാര്‍. പിന്നെ ആ സ്ഥാനം സൈക്രോസോഫ്റ്റ് കൈയ്യടക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ബി.എമ്മിന് മൈക്രോസോഫ്റ്റിനെ മനസ്സിലാക്കാനായില്ല. അതുപോലെത്തന്നെ മൈക്രോസോഫ്റ്റിന് ഗൂഗിളിനെയും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇവരെയൊക്കെ പിന്നിലാക്കി ഗൂഗിള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഗൂഗിളെന്ന വിസ്മയത്തെ ഒരു വര്‍ഷം പൂര്‍ണ്ണമായി പഠന നീരീക്ഷണത്തിന് വിധേയമാക്കി അതിസാഹസികമായ അതിന്റെ പാരമ്പര്യം വിവരിച്ച് 'The Legacy of Google’എന്ന ഗ്രന്ഥമെഴുതിയ സ്റ്റീഫന്‍ ഇ. ആര്‍ണോള്‍ഡ് ആണ് ഇത് പറയുന്നത്. സ്ഥാപനത്തിന്റെ മൂലധനവും ലാഭവും അതിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറെന്ന സി.ഇ.ഒയും തൊഴിലാളിയും എല്ലാം അതിന്റെ ഉപയോക്താക്കള്‍ തന്നെ എന്നതാണ് ഇതര കമ്പനികളില്‍ നിന്ന് ഗൂഗിളിനെ വേര്‍തിരിക്കുന്നത്. അതായത് ഞാനും നിങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ഗൂഗിളിന്റെ മൂലധനം. ഗൂഗിളിന്റെ വരുമാനവും ഇതുതന്നെ. ഇങ്ങനെ നമ്മുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗൂഗിളിന്റെ മൂലധനം വര്‍ദ്ധിക്കുന്നു. ലാഭം കുന്നുകൂടുന്നു. അതാണ് ഗൂഗിള്‍. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരെന്ന് അവകാശപ്പെടാവുന്ന ഇരുപതിനായിരത്തോളം പേര്‍ വിവധ രാജ്യങ്ങളിലായി കമ്പനിയുടെ ശമ്പളം പറ്റുന്നവരായി ഉണ്ടെങ്കിലും ഗൂഗിളിന്റെ സി.ഇ.ഒ നിങ്ങള്‍ തന്നെ. സംശയിക്കേണ്ട. നിങ്ങളെസ്സംബന്ധിച്ചേടത്തോളം ഗൂഗിളില്‍ നിന്ന് എന്ത് സേവനം വേണമെന്നും അതെങ്ങനെ വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പരമാധികാരം ഗൂഗിള്‍ നിങ്ങള്‍ക്കു വകവെച്ചുതരുന്നു.

ഇരുപതിനായിരത്തോളം സാങ്കേതിക വിദഗ്ധരെന്ന് പറയുമ്പോള്‍ വലിയൊരു പൂന്തോട്ടത്തില്‍ നിങ്ങള്‍ ഇരുപതിനായിരം വ്യത്യസ്ത ആശയങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലെയാണ്. ഇവക്കൊന്നും പരസ്പര ബന്ധമില്ലതാനും. ആഴ്ചയിലൊരു പ്രവര്‍ത്തി ദിവസം ഈ വിദഗ്ധരോട് തങ്ങളുടെ മനസ്സിലുരുത്തിരിയുന്ന ആശയങ്ങള്‍ സ്വതന്ത്രമായി പരിപോഷിപ്പിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ആവശ്യപ്പെട്ടാലോ. അതായത് ഇരുപതിനായിരത്തോളം വിദഗ്ധരുടെ മൊത്തം ജോലി സമയത്തിന്റെ ഏതാണ്ട് ഇരുപത് ശതമാനം സ്വതന്ത്രമായി പുത്തന്‍ ആശയങ്ങള്‍ തോടിപ്പിടിക്കാനും അവക്ക് പ്രയോഗിക രൂപം നല്‍കാനും വിനിയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇക്കൂട്ടത്തില്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയര്‍മാരും മാത്രമല്ല ഗണിതശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. പ്രത്യേകിച്ച് വിഷയം ഗൂഗിളിന്റെ ലബോറട്ടറിയുമായി (labs.google.com) ബന്ധപ്പെട്ടതാകുമ്പോള്‍ അതിന് പ്രത്യേകമൊരു സവിശേഷത കൈവരുന്നു. നെറ്റുമായി ബന്ധപ്പെട്ട് പുതിയൊരാശയവും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ വ്യക്തമായ രൂപരേഖയും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ സംശയിക്കേണ്ട, അതു നടപ്പാക്കാന്‍ നിങ്ങള്‍ക്കും ഗൂഗിളിന്റെ സഹായം തേടാം. അതോടെ നിങ്ങളും ഗൂഗിളിന്റെ ഭാഗമായി. മടിച്ചു നില്‍ക്കേണ്ട. ജീവനക്കാരെ എറ്റവുമധികം ആദരിക്കുന്ന സ്ഥാപനമാണ് ഗൂഗിള്‍. ലോകത്തെ 440 വന്‍കിട കമ്പനികളെക്കുറിച്ച് പഠനം നടത്തിയ ഫോര്‍ച്ച്യൂന്‍ മാസികയാണ് ഈ വിശേഷണം ഗൂഗിളിന് നല്‍കുന്നത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിനെപ്പോലും വെല്ലുന്ന സൌജന്യ താമസം, ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇങ്ങനെയാണ് ഗൂഗിള്‍ അതിന്റെ തൊഴിലാളികളെ ആദരിക്കുന്നത്.

ഗൂഗിള്‍ എര്‍ത്ത്, ജിമെയില്‍, ഗൂഗിള്‍ ഡോക്സ്, ബ്ളോഗര്‍, യൂട്യൂബിന്റെ വികസനം, ഗൂഗിള്‍ കലണ്ടര്‍, ഓര്‍ക്കൂട്ട് എന്നിങ്ങനെ ഗൂഗിളിന്റെ ലാബില്‍ വികസിപ്പിച്ച ഒട്ടേറെ പദ്ധതികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സേവനങ്ങളാണ്. ഇതുപോലുള്ള ഒട്ടേറെ പദ്ധതികള്‍ വെളിച്ചം കാണാനായി ഗൂഗിള്‍ ലാബില്‍ അണിഞ്ഞൊരുങ്ങുന്നു. ചിലത് പുറത്തേക്ക് വന്നേക്കാം. മറ്റു ചിലത് ഒരിക്കലും വെളിച്ചം കാണണമെന്നുമില്ല. എന്നാലും ഗൂഗിള്‍ അതിന്റെ പണി തുടരുകതന്നെ ചെയ്യും. ഒന്നിന് ശേഷം നൂറ് പൂജ്യം വരുന്ന അക്കത്തെ ഗൂഗോള്‍ (Googole) എന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് കാസ്നറിന്റെ സഹോദരി പുത്രന്‍ മിള്‍ട്ടണ്‍ സിറോട്ട വിശേഷിപ്പിച്ചു. ഗൂഗോളില്‍ നിന്നാണ് ഗൂഗിളിന്റെ ഉത്ഭവം. അതെ, എനിക്കും നിങ്ങള്‍ക്കും എണ്ണിത്തീര്‍ക്കാനാവാത്ത വിധത്തിലുള്ള സേവനങ്ങളാണ് ഗൂഗിളിന്റെ ലാബില്‍ ഇരുത്തിരിഞ്ഞുവരുന്നത്. ഗൂഗിള്‍ മൂണ്‍, ഗൂഗിള്‍ മാര്‍സ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്, ആക്സസബിള്‍ സെര്‍ച്ച് (അന്ധന്‍മാര്‍ക്കായുള്ളത്), ഗൂഗിള്‍ നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറണൈന്ന് കണക്കാക്കുന്നു. 'തിന്മ അരുത്'. അതാണത്രെ ഗൂഗിളിന്റെ പ്രമാണ വാക്യം. ഇത്രയും ഉയര്‍ച്ച കമ്പനിക്കുണ്ടായത് തങ്ങളുടെ പ്രമാണവാക്യം മുറുകെ പിടിച്ചു മികച്ച സേവനം നല്‍കിയതുകൊണ്ടാണെന്ന് അതിന്റെ സ്ഥാപകര്‍ വിശ്വസിക്കുന്നു. 1999-ല്‍ വരുമാനം 99 ലക്ഷം ഡോളറും ചിലവ് 30 കോടി ഡോളറും. 2000-ല്‍ നഷ്ടം 66.5 കോടിയായി. 2001-ല്‍ 31.5 കോടി ഡോളള്‍ ലാഭവുമായി ജൈത്രയാത്ര തുടങ്ങി. പിന്നെ ഗൂഗിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. 66,434 ദശലക്ഷം ഡോളറാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം. മൈക്രോസോഫ്റ്റിന്റേത് 54,951 ദശലക്ഷം ഡോളറും.

2001 മുതല്‍ 2004 വരെയായി ഗൂഗിള്‍ 47 പാറ്റന്റ് കരസ്ഥമാക്കി. തുടര്‍ന്ന് 2005-ലെ ആദ്യത്തെ ആറ് മാസങ്ങളിലായി ഗൂഗിള്‍ സ്വന്തമാക്കിയ പാറ്റന്റിന്റെ എണ്ണം എഴുപത്തിരണ്ട്. ഇതൊരു വന്‍ കുതിച്ചുചാട്ടം തന്നെ എന്നതില്‍ സംശയമില്ല. നമ്മുടെ കമ്പ്യൂട്ടറിലെ ഒരു ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് നമുക്കറിയാവുന്നതേയുളളൂ. അതിനു വേണ്ടി വരുന്ന സമയവും അറിയാം. അതേസമയം കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്നാണ് നാം ആവശ്യപ്പെട്ട വിവരം ഗൂഗിള്‍ തിരഞ്ഞെടുത്തു തരുന്നത്. 'പേജ് റാങ്ക്' എന്ന രഹസ്യ ഗണിത സമീകരണമാണ് ഇതിനായി അവരുപയോഗിക്കുന്നത്. യുക്തിപൂര്‍വ്വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ് പേജ് റാങ്ക് ചെയ്യുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഉദാഹരണമായി ഒരു വ്യക്തി പ്രാധാന്യമുള്ള ആളാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട ആളാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് ഈ രീതിയില്‍ പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്. റാങ്കിംഗില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു.

ലളിതമായ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി തൊട്ടതെല്ലാം തങ്ങളുടേതാക്കി മാറ്റി ഗൂഗിള്‍ അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റില്‍ ഇനി 2020 വരെയുള്ള കാലം ഗൂഗിളിന്റേത് തന്നെയായിരിക്കുമെന്നാണ് നീരീക്ഷകള്‍ പറയുന്നത്. ഗൂഗിളിനെ പരാജയപ്പെടുത്താനായി യാഹൂ, എം.എസ്.എന്‍ തുടങ്ങിയ നെറ്റിലെ ഭീമന്‍മാര്‍ പല അടവുകളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ ഭീഷണി നേരിടാനായി മൈക്രോസോഫ്റ്റ് ഒരുവേള യാഹൂവിനെത്തന്നെ വിലക്ക് വാങ്ങാനായി തുനിഞ്ഞിറങ്ങയത് വിസ്മരിക്കാനായിട്ടില്ല. അതേസമയം മൈക്രോസോഫ്റ്റിനെത്തന്നെ വിലക്ക് വാങ്ങാനായി മുന്നിട്ടിറങ്ങിക്കൊണ്ടാണ് ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചതെന്നത് ഏറെ വിസ്മയകരമായി.
*****

Tuesday, July 28, 2009

ടെക്നോളജി 2020-ാമാണ്ടില്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിനീതനായ കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര-സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലായി (ആമരസയീമി) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010-ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ളാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.

അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ ജലം കിലൃിേല & അാലൃശരമി ഘശളല ജൃീഷലര എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.

നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ങകഠ)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ-ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ളാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടച്ച്സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ളഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കെ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ളാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി വീട്ടില്‍ വെര്‍ച്ച്വല്‍ ക്ളാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂരവിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ-ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ-ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും.

വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇതിന് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.
*****

Sunday, July 26, 2009

നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ നിന്ന് നെറ്റ്ബുക്കിലേക്ക്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജനുവരി 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ലേഖനം തയ്യാറാക്കാന്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ഉപയോഗിക്കുന്നത് എയ്സര്‍ കമ്പനിയുടെ ആസ്പെയര്‍ വണ്‍ എന്ന 'നെറ്റ്ബുക്കാ'ണ്. വലിയ ആരോഗ്യമില്ലാത്ത ശരീര പ്രകൃതക്കാരനായതിനാല്‍ എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഭാരം കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ കോര്‍ക്കറസിന്റെ സ്വപ്നമായിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന സെനിത്തിന്റെ മൂന്ന് കിലോഗ്രാം തൂക്കമുള്ള നോട്ട്ബുക്കില്‍ നിന്ന് രണ്ട് കിലോഗ്രാമില്‍ താഴെ ഭാരമുള്ള സെനിത്തിന്റെ തന്നെ 12.1 ഇഞ്ച് ലാപ്ടോപിലേക്ക് മാറാനുള്ള കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് പര്യടനത്തിലായിരിക്കെ സോണി, എച്ച്.പി തുടങ്ങിയ കമ്പനികള്‍ നിര്‍മ്മിച്ച കുറഞ്ഞ ഭാരമുള്ള കമ്പ്യൂട്ടര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്ന് അതിന്റെ വില ഏതാണ്ട് ഒരു ലക്ഷം രൂപക്ക് മുകളിലായിരുന്നതിനാല്‍ തല്‍ക്കാലം വാങ്ങിയില്ല. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ കമ്പ്യൂട്ടറിന്റെ വിലയില്‍ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അതേ ഉപയോഗത്തിനുള്ള നന്നെ ചെറുതും ഒതുക്കമുള്ളതും അത്യധികം ആകര്‍ഷകവുമായ കമ്പ്യൂട്ടറാണ് രണ്ട് മാസം മുമ്പ് കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വെറും ഇരുപതിനായിരത്തി അഞ്ഞൂറ് രൂപക്ക് ലഭിച്ചത്. കൂടെ കൊണ്ടുനടക്കാന്‍ എന്തൊരു സൌകര്യം. മോണിറ്റര്‍ ചെറുതാണെന്ന പരാതിയുണ്ട്. വീട്ടിലും ഓഫീസിലും ഓരോ അഡീഷണല്‍ മോണിറ്റര്‍ സംഘടിപ്പിച്ച് നെറ്റ്ബുക്കിന്റെ ഡിസ്പ്ളേ സ്ക്രീന്‍ ഇതിലേക്ക് മാറ്റിയതോടെ പരാതിയും തീര്‍ന്നു.
ഒരു കിലോഗ്രാമില്‍ താഴെ ഭാരം, 120 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, ഇന്റല്‍ എക്സ്പ്രസ്സ് ചിപ്പ്സെറ്റ്, 1 ജിഗാബയ്റ്റ് റാം, ബില്‍റ്റ് ഇന്‍ വെബ്കാം, എസ്.ഡി. കാര്‍ഡ് സ്ളോട്ട്, മള്‍ട്ടി കാര്‍ഡ് റീഡര്‍, മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, ഈതര്‍നെറ്റ് കാര്‍ഡ്, 8.9 ഇഞ്ച് സ്ക്രീന്‍, 1024ഃ600 പിക്സല്‍ റെസല്യൂഷന്‍, ഡിസ്പ്ളേ സംവിധാനം അഡീഷണല്‍ മോണിറ്ററിലേക്കോ എല്‍.സി.ഡി പ്രൊജക്ടറിലേക്കോ മാറ്റാനുള്ള വി.ജി.എ സ്ളോട്ട് തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. 2008 ജൂലൈയില്‍ എയ്സര്‍ പുറത്തിറക്കിയ ഈ കമ്പ്യൂട്ടറിലുപയോഗിച്ചിരിക്കുന്നത് ഇന്റലിന്റെ 'ആറ്റം എന്‍ 270' പ്രോസസ്സറാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വലുപ്പത്തില്‍ നന്നെ ചെറുതായതിനാല്‍ സി.ഡി/ഡി.വി.ഡി ഡ്രൈവ് ഇതിലില്ല. പകരം ആവശ്യമാണെങ്കില്‍ നിങ്ങള്‍ക്കൊരു എക്സ്റ്റേണല്‍ ഡ്രൈവ് വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ. വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയുള്ള പെന്‍ഡ്രൈവും ഫ്ളാഷ് മൊമ്മറിയുമൊക്കെ സുലഭമായതിനാല്‍ ഇതിന്റെ ആവശ്യവും ഇല്ലെന്ന് പറയാം. ഓപറേറ്റിംഗ് സിസ്റ്റം തകര്‍ന്ന് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതാവശ്യം വരൂ. കരുതലെന്ന നിലക്ക് ഹാര്‍ഡ് ഡിസ്ക്കിലെ മറ്റൊരു പാര്‍ട്ടീഷണില്‍ ഒരു അഡീഷണല്‍ വിന്‍ഡോസ് കൂടി ഇന്‍സ്റ്റാള്‍ ചെയ്ത് സൂക്ഷിച്ചാല്‍ വൈറസ് ആക്രമണം മൂലമോ മറ്റോ ആദ്യത്തേത് തകരുമ്പോള്‍ ഇതുപയോഗപ്പെടുത്താനാവും.

ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഇനി കുറഞ്ഞ വിലക്ക് ഏറെ സവിശേഷതകളുള്ള നെറ്റ്ടോപ് കമ്പ്യൂട്ടര്‍ സ്വന്തമാക്കാം. വില കുറഞ്ഞതും കൊണ്ടുനടക്കാന്‍ സൌകര്യമുള്ളതുമായ കമ്പ്യൂട്ടര്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷാരംഭത്തില്‍ ഇന്റലിന്റെ ആറ്റം പ്രോസസ്സര്‍ രംഗത്തെത്തുന്നത്. നോട്ട്ബുക്ക് കമ്പ്യൂട്ടിംഗ് രംഗത്ത് ഇത് വലിയൊരു മാറ്റത്തിന് തുടക്കമിടുകയായിരുന്നു. നോട്ട്ബുക്ക് എന്ന പേരിന് പകരം ഈ പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറിന് നെറ്റ്ബുക്ക് എന്ന പേരും ലഭിച്ചു.

കമ്പ്യൂട്ടറിന്റെ തലച്ചോറെന്നാണല്ലോ അതിന്റെ പ്രോസസ്സറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തുള്ള കമ്പ്യൂട്ടറുകളില്‍ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത് ഇന്റല്‍ പ്രോസസ്സറുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. തൊഴില്‍ മേഖലയിലും വീട്ടുപയോഗത്തിനുമൊക്കെ അനുയോജ്യമായ വ്യത്യസ്ത ഇനം പ്രോസസ്സറുകള്‍ ഇന്റലിന്റേതായി വിപണിയിലുണ്ട്. ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി വിലകുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന ആശയവുമായി 2007 മധ്യത്തില്‍ രംഗത്തെത്തിയ ഇന്റല്‍ ഇത് നടപ്പാക്കാനായി 'ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ ലാപ്ടോപ്' എന്ന പദ്ധതിയുമായി മുന്നോട്ടുന്നു. പ്രധാനമായും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലെ ദരിദ്ര വിദ്യാര്‍തഥികളെ ലക്ഷ്യമാക്കിയ ഈ പദ്ധതിക്ക് വേണ്ടി രൂപകല്‍പന ചെയ്തതും ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ്ടോപിന് നിശ്ചയിച്ച വില വെറും 189 ഡോളറായിരുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ വിന്‍ഡോസുമായി ഈ പദ്ധതിയിലേക്ക് കടന്നുവരികയും വില 199 ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സഹകരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും പദ്ധതി ഇടക്കുവെച്ച് തടസ്സപ്പെട്ടു. 2008-ന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ നിന്ന് ഇന്റല്‍ പൂര്‍ണ്ണമായും പിന്‍മാറുകയും 'ക്ളാസ്സമേറ്റ്' എന്ന പേരില്‍ സ്വന്തമായി ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ആറ്റം പ്രോസസ്സറിന്റെ നിര്‍മ്മാണത്തിലും അവര്‍ ശ്രദ്ധയൂന്നി.

ആറ്റം പ്രോസസ്സറിന്റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിന്റെ വരവിലൂടെ ലാപ്ടോപ് നിര്‍മ്മാണ കമ്പനികള്‍ക്ക് മുമ്പില്‍ പെട്ടെന്ന് പുതിയൊരു കവാടം തന്നെ തുറന്നുകിട്ടി. അതോടെ വിലകുറഞ്ഞ നെറ്റ്ബുക്ക് കമ്പ്യൂട്ടറുമായി കമ്പനികള്‍ വിപണിയില്‍ മല്‍സരത്തിനെത്തിത്തുടങ്ങി. ആറ്റം പ്രോസസ്സറിന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകള്‍ ലഭ്യമാണ്. വിലകുറഞ്ഞ ചെറിയ ലാപ്ടോപ് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവുന്നവയാണ് ഒന്നാമത്തെ ഇനം. ഇത് ഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നോട്ട്ബുക്ക് എന്നതിന് പകരം നെറ്റ്ബുക്ക് എന്നറിയപ്പെടുന്നു. ചെറിയ ഓഫീസുകളിലെ ഡസ്ക്ടോപ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത വിലകുറഞ്ഞ പ്രോസസ്സറാണ് രണ്ടാമത്തേത്. ആറ്റം പ്രോസസ്സര്‍ ഘടിപ്പിക്കുന്നതോടെ ഈ ഡസ്ക്ക്ടോപ് കമ്പ്യൂട്ടര്‍ 'നെറ്റ്ടോപ്' കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നു. ആറ്റം പ്രോസസ്സറിന്റെ മൂന്നാമത്തെ ഇനം ഇന്റര്‍നെറ്റുമായ സദാ ബദ്ധപ്പെടാന്‍ തയ്യാറാക്കിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ളവയാണ്. എം.ഐ.ഡി എന്നാണ് ഇവക്ക് പേര് നല്‍കിയിരുക്കുന്നത്. ങീയശഹല കിലൃിേല ഉല്ശരല എന്ന് പൂര്‍ണ്ണ രൂപം. ലോകത്ത് തന്നെ ഏറ്റവും ചെറിയ പ്രോസസ്സറാണിതെന്ന് ഇന്റല്‍ അവകാശപ്പെടുന്നു. സുഗമമായ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, മെബൈല്‍ ഉപകരണത്തില്‍ തന്നെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗങ്ങള്‍, നന്നെക്കുറഞ്ഞ വൈദ്യുതി ഉപയോഗം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. ആറ്റം പ്രോസസ്സറുകളുടെ മറ്റൊരു സവിശേഷത അവ വയര്‍ലെസ് ഇന്റനെറ്റ് കണക്ഷന് സജ്ജമാണെന്നതാണ്.

നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ മുഖ്യ സവിശേഷത പ്രവര്‍ത്തന വേഗതയും കാര്യക്ഷതയമാണ്. ഉയര്‍ന്ന സംഭരണ ശേഷിയും അഭികാമ്യം തന്നെ. അതോടൊപ്പം സൌകര്യപ്രദമായ കീബോര്‍ഡ്, മൌസ് ഉപയോഗം എന്നിവയും ആവശ്യമായിരിക്കുന്നു. ആറ്റം പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറുകളില്‍ ഇതൊക്കെ സാധ്യമാണെന്നത് ലാപ്ടോപ് നിര്‍മ്മാണ കമ്പനികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു.

ഡാറ്റാ സ്റ്റോറേജിനുള്ള സംവിധാനവും മുഖ്യ ഘടകം തന്നെ. അസൂസ്, സെനിത്ത് പോലുള്ള ഇതര കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില നെറ്റ്ബുക്കുകളിലും എയ്സറിന്റെ തന്നെ വേറെ ചില മോഡലുകളിലും പരമ്പരാഗത ഹാര്‍ഡ് ഡിസ്ക്കിന് പകരം എസ്.എസ്.ഡി ഇനത്തിലെ സ്റ്റോറേജ് സംവിധാനമാണുപയോഗിക്കുന്നത്. 1 മുതല്‍ 40 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള ഇത്തരം മെമ്മറി സംവിധാനമുണ്ടെങ്കിലും ഇതിന് വിലകൂടും. അതിനാല്‍ തന്നെ പരമാവധി 8 ജിഗാബയ്റ്റ് വരെയുള്ള സ്റ്റോറേജ് കപ്പാസിറ്റി മാത്രമേ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാവൂ. ഇവക്ക് ചലിക്കുന്ന ഭാഗങ്ങളില്ലാത്തതിനാല്‍ സാധാരണ ഹാര്‍ഡ്ഡിസ്ക്കിനെ അപേക്ഷിച്ച് യാത്രയിലും മറ്റും പെട്ടെന്ന് കേടുവരാനുള്ള സാധ്യത കുറവാണെന്ന ഗുണമുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പറയത്തക്ക വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററിയുടെ പ്രവര്‍ത്തന സമയം കാര്യമായി വര്‍ദ്ധിക്കുന്നു. അതേസമയം പരമ്പരാഗത രീതിയിലെ ഹാര്‍ഡ് ഡിസ്ക്കാണ് വിനീതനായ കോര്‍ക്കസ് തിരഞ്ഞെടുത്തത്. കാരണം അവയുടെ വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയും വിലക്കുറവും തന്നെ. 120 ജിഗാബയ്റ്റിന് പുറമെ 160 ജിഗാബയ്റ്റ് സംരംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്ക് ഘടിപ്പിച്ച നെറ്റ്ബുക്കും ലഭ്യമാണ്.

നെറ്റ്ബുക്കിന്റെ സ്ക്രീനിന്റെ വലിപ്പക്കുറവ് ഒരു ന്യൂനത തന്നെ. 7 മുതല്‍ 10 ഇഞ്ച് വരെ വലിപ്പത്തില്‍ അവ ലഭിക്കുന്നുണ്ട്. പത്ത് ഇഞ്ച് എന്നത് തരക്കേടില്ലാത്ത വലിപ്പം തന്നെ. ചെറിയ കമ്പ്യൂട്ടര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്ക്രീനിന്റെ ഈ വലിപ്പക്കുറവ് സഹിക്കാവുന്നതേയുള്ളൂ എന്ന് അനുമാനിക്കാം. അതല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ സ്ഥിരമായി ഉപയോഗമുള്ളേടത്ത് അഡീഷണല്‍ മോണിറ്റര്‍ സ്ഥാപിച്ച് ഇതു പരിഹരിക്കാം. നെറ്റ്ബുക്കിന്റെ സ്ക്രീന്‍ യാത്രയിലായിരിക്കെ ബിസ്സിലോ ട്രെയിനിലോ ഫ്ളൈറ്റിലോ ഒക്കെയുള്ള ഉപയോഗത്തില്‍ പരിമിതമാക്കിയാല്‍ മതി. നിലവിലെ നെറ്റ്ബുക്കിന്റെ പരമാധി സ്ക്രീന്‍ റെസല്യൂഷന്‍ 1024ഃ600 പിക്സലായതിനാല്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രശ്നമുണ്ടാക്കുമെന്നത് ശരിയാണ്. അഡീഷണല്‍ മോണിറ്റര്‍ ഘടിപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ.

വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്തുവരുന്ന നെറ്റ്ബുക്കിന് ലിനക്സ് പതിപ്പിനെ അപേക്ഷിച്ച് ഏണ്ട് രണ്ടായിരം രൂപ കൂടുതലായിരിക്കും. ഓരോരുത്തരുടെ താല്‍പര്യവും മുടക്കുന്ന സംഖ്യയും പരിഗണിച്ച് ഉചിതമായ ഓപറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. ബി.എസ്.എന്‍.എല്‍, റിലയന്‍സ്, ടാറ്റ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ വിതരണം ചെയ്യുന്ന ഡാറ്റാകര്‍ഡ് വാങ്ങിയാല്‍ നെറ്റ്ബുക്ക് ഉപയോഗിച്ച് യാത്രയിലും നിങ്ങള്‍ക്ക് എവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാം. വീഡിയോ ചാറ്റിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ബില്‍റ്റ്-ഇന്‍ വെബ്കാം നന്നായി പ്രയോജനപ്പെടും.

ഇതൊക്കെ വായിക്കുമ്പോള്‍ ഇത്തരമൊരു നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന് ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടായേക്കാം. വരട്ടെ, നെറ്റ്ബുക്ക് വാങ്ങാന്‍ ധൃതി കൂട്ടരുത്. ആദ്യം ഇതിന്റെ സ്ക്രീന്‍ നന്നായി പരിശോധിക്കുക. സ്ക്രീനിന്റെ വലുപ്പവും ഡിസ്പ്ളേയും നിങ്ങളുടെ കണ്ണിനിണങ്ങുന്നുണ്ടോ അതോ കുറച്ച്സമയം സ്ക്രീന്‍ ഉപയോഗിക്കുമ്പോഴേക്കും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് ഷോറൂമുകളില്‍ ചെന്ന് നന്നായി പരിശോധിച്ചു ഉറപ്പുവരുത്തുക. കീബോര്‍ഡും മൌസിന് പകരമുള്ള ടച്ച്പാഡും നിങ്ങള്‍ക്ക് വഴങ്ങുമോ എന്നും പരിശോധിക്കണം. അഡീഷണല്‍ മൌസും കീബോര്‍ഡും ഉപയോഗിക്കാനുള്ള സൌകര്യമുണ്ടെന്നതും ഓര്‍ക്കുക.

അവസാനമായി വിലയുടെ കാര്യം. 16200 മുതല്‍ 25000 രൂപ വരെയുള്ള നെറ്റ്ബുക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എയ്സറിന് പുറമെ എച്ച്.പിയുടെയും അസൂസിന്റെയും സെനിത്തിന്റെയുമൊക്കെ നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിത്തുടങ്ങിയിരിക്കുന്നു. എച്ച്.സി.എല്‍ കമ്പനിയുടെ നെറ്റ്ബുക്കാണ് ഏറ്റവും വിലകുറഞ്ഞത്. 40 ജിഗാബയ്റ്റ് ഹാര്‍ഡ്ഡിസ്ക്ക്, 1 ജിഗാബയ്റ്റ് മെമ്മറി, 7 ഇഞ്ച് സ്ക്രീന്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

നെറ്റ്ബുക്ക് വിപണിയില്‍ അന്താരാഷ്ട്രതലത്തില്‍ എയ്സര്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 60 ലക്ഷം നെറ്റ്ബുക്കാണ് അവര്‍ വിപണിയിലെത്തിച്ചതത്രെ. അതില്‍തന്നെ ആസ്പെയര്‍ വണ്‍ എന്ന മോഡല്‍ മുന്നിട്ടു നില്‍ക്കുന്നു. തൊട്ടടുത്ത് എച്ച്.പിയും അസൂസും നിലകൊള്ളുന്നു.
*****

'ന്യൂന' ബുദ്ധിക്ക്‌ 'നാനോ' ടെക്നോളജി


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2002 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മലയാളത്തില്‍ 'ന്യൂന'മെന്ന പദത്തിന്‌ വളരെക്കുറഞ്ഞത്‌, തുഛമായത്‌ എന്നൊക്കെ അര്‍ത്ഥമുണ്ട്‌. എതാണ്ട്‌ ഈ പദത്തോട്‌ സാമ്യമുള്ള ഇംഗ്ലീഷ്‌ പദമാണ്‌ 'നാനോ'. അര്‍ത്ഥത്തിലും ഇവ തമ്മില്‍ സാമ്യമുണ്ട്‌. നാനോ എന്നാല്‍ അങ്ങേയറ്റം ചെറുത്‌. അതായത്‌ ആയിരം ദശലക്ഷത്തിലൊരംശം എന്നാണര്‍ത്ഥം. സെക്കന്‍റിെ‍ന്‍റ ആയിരം ദശലക്ഷത്തിലൊരംശത്തിന്‌ 'നാനോസെക്കനൃ' എന്ന്‌ പറയുന്നു. കമ്പ്യൂട്ടറിെ‍ന്‍റ വേഗത കണക്കാന്‍ മാത്രമല്ല, ഇലക്ട്രോണിക്‌ വ്യവസായ രംഗത്താകെ 'നാനോടെക്നോളജി'യുടെ ഉപയോഗം വ്യാപകമാണ്‌. ചെറിയൊരു നോട്ടുബുക്ക്‌ കമ്പ്യൂട്ടറിലുപയോഗിക്കുന്ന പ്രോസസര്‍ മാത്രം എടുത്ത്‌ നോക്കിയാല്‍ മതി. നമ്മുടെ കൊച്ചു ബുദ്ധിയിലുള്‍ക്കൊള്ളാന്‍ സാധ്യമാവാത്ത വിധത്തിലാണ്‌ അതിെ‍ന്‍റ ഘടനയും അതിലുപയോഗിച്ചിരിക്കുന്ന ട്രാന്‍സിസ്റ്ററുകറുകളുടെ എണ്ണവും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ഇപ്പോഴത്തെ വികസനവും പുരാഗതിയും ഇതേപോലെത്തന്നെ തുടരുകയാണെങ്കില്‍ ആറ്‌ വര്‍ഷങ്ങള്‍ക്കകം ടെക്നോളജി അതിെ‍ന്‍റ പാരമ്യത്തിലെത്തി ഗതിമുട്ടുമെന്ന്‌ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ നമ്മെ ഭയപ്പെടുത്തുന്നു. അതായത്‌, നമ്മളുപയോഗിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറിെ‍ന്‍റ പ്രോസസര്‍ 'ഇന്‍റലി'െ‍ന്‍റ 8088 സീരിയലില്‍ നിന്ന്‌ തുടങ്ങി, ഒട്ടേറെ തലമുറകള്‍ താണ്ടിക്കടന്നാണല്ലോ ഇന്നത്തെ പെന്‍റിയം 4, എ.എം.ഡി. ആഥ്ലോണ്‍ എന്നിങ്ങനെയുള്ള പുതിയ തലമുറയിലെത്തിയത്‌. ഇനി ഏതാണ്ട്‌ രണ്ടോ മൂന്നോ തലമുറ പിന്നിടുന്നതോടെ നിലവിലെ ടെക്നോളജി സംവിധാനങ്ങളുടെ വളര്‍ച്ച നിലക്കുമെന്നര്‍ത്ഥം. കൃത്യമായിപ്പറഞ്ഞാല്‍ പ്രോസസറിെ‍ന്‍റ ക്ലോക്ക്‌ സ്പീഡ്‌ 4 ജിഗാ ഹെര്‍ട്ട്സിലെത്തുന്നതോടെ, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക്‌ ശേഷിയുണ്ടാവില്ലെന്നാണ്‌ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്‌. കൂടുതല്‍ വേഗതയും കൂടുതല്‍ ഇയരങ്ങളും കീ.ഴടക്കാനുള്ള മനുഷ്യെ‍ന്‍റ വ്യാമോഹം ഇതോടെ അവസാനിക്കുമോ എന്ന്‌ നാം സംശയിച്ചേക്കാം. കമ്പ്യൂട്ടറിന്‌ ഇതിനപ്പുറം വേഗത ആവശ്യമാണെന്ന്‌ നമ്മള്‍ മനുഷ്യസമൂഹം തീരുമാനിക്കുകയാണെങ്കില്‍ നമുക്ക്‌ സിലിക്കണെ കൈവെടിഞ്ഞ്‌ വേറെ ടെക്നോളജി നോക്കേണ്ടി വരുമത്രെ.

ആദ്യദശയില്‍ 30 ടണ്‍ ഭാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഇന്ന്‌ കൈപത്തിയിലും പോക്കറ്റിലുമൊക്കെ ഒതുക്കാവുന്ന വിധം ചെറുതായി. വലുപ്പം ചെറുതാവുന്നതോടൊപ്പം ശക്തി വര്‍ദ്ധിക്കുന്നുവെന്നതാണ്‌ കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ സവിശേഷത. ട്രാന്‍സിസ്റ്ററുകളുടെ വണ്ണം കുറഞ്ഞു, അതോടെ എണ്ണം ദശലക്ഷക്കണക്കിന്‌ വര്‍ദ്ധിച്ചു. എണ്‍പതുകളില്‍, കിലോഗ്രാം കണക്കിന്‌ തൂക്കമുണ്ടായിരുന്ന കേബിളുകള്‍ ഇപ്പോള്‍ ഏതാനും മില്ലിഗ്രാമുകളിലൊതുങ്ങുന്നു. ഇലക്ട്രോണുകള്‍ താണ്ടിക്കടക്കുന്ന ദൂരം അത്യന്തം വിപുലമായി. അവ വഹിക്കുന്ന കേബിളുകളുടെ വണ്ണം ഗണ്യമായി കുറഞ്ഞു. ഇനിയും വേഗത വര്‍ദ്ധിപ്പിച്ചാല്‍ അവ പാളിപ്പോകുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്നും ഈ രംഗത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ അതീവ വേഗതയില്‍ ഡാറ്റാകള്‍ കൈമാറ്റം ചെയ്യണമെങ്കിലും മനുഷ്യര്‍ക്ക്‌ പുതിയ ടെക്നോളജി കണ്ടെത്തേണ്ടി വരുമത്രെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍ നേരിയ പ്രതീക്ഷകള്‍ ഉരുത്തിരിയുന്നുണ്ട്‌. സിലിക്കണ്‍ ചിപ്പുകളുടെ സ്ഥാനത്ത്‌ പ്രോട്ടീന്‍ തന്‍മാത്രകള്‍ കമ്പ്യൂട്ടറിെ‍ന്‍റ മൂലശിലയായി മാറ്റാനുള്ള ഗവേഷണങ്ങള്‍ വിജയം കണ്ടെത്തുന്നുവെന്നാണ്‌ ഇതിലൊന്ന്‌. ഡാറ്റകളുടെ കൈമാറ്റത്തിന്‌ പ്രകാശത്തെ കൂട്ടുപിടിക്കാനാവുമോ എന്ന ഗവേഷണവും ത്വരിതപ്പെടുന്നു. വേഗതയുടെ കാര്യത്തില്‍ പ്രകാശത്തെ കടത്തിവെട്ടാന്‍ പ്രകൃതിയില്‍ മറ്റൊരു പ്രതിഭാസത്തിനും സാധ്യമല്ലെന്നാണല്ലോ ഇപ്പോഴത്തെ കണ്ടെത്തല്‍. വന്‍ഡാറ്റാ ശേഖരങ്ങള്‍ തന്നെ പ്രകാശവേഗതയില്‍ കൈമാറാന്‍ സാധ്യമാവുന്ന കാലം അതിവിദൂരത്തല്ല.

ആശയവിനിമയത്തിനും ഡാറ്റകളുടെ കൈമാറ്റത്തിനും അത്യന്തം വേഗത കൂടിയതും അതീവ സൂക്ഷ്മവുമായ ഓപ്റ്റില്‍ ഫൈബര്‍ കേബിള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നു. തലനാരിഴയെക്കാള്‍ അനേകം മടങ്ങ്‌ നേര്‍ത്ത ഈ കേബിളും പുതിയ ടെക്നോളജിയുടെ ആവിര്‍ഭാവത്തോടെ ഭാരമേറിയതും അപ്രാപ്തവുമായും അനുഭവപ്പെടുമത്രെ. അതിനാല്‍ പ്രകാശ രൂപത്തിലെ ഡാറ്റകള്‍ വഹിക്കാന്‍ ഇനി മനുഷ്യന്‌ ആശ്രയിക്കാവുന്നത്‌ ക്രിസ്റ്റളിെ‍ന്‍റ വകഭേദങ്ങളാണ്‌. പ്രകാശരൂപത്തിലെ ഡാറ്റകള്‍ ഉല്‍പാദിപ്പിക്കാനും അവ കൈമാറാനും ഇതിന്‌ സാധ്യമാവുമോ എന്ന പരീക്ഷണവും അണിയറയില്‍ നടക്കുന്നു.

ഇതിനൊക്കെപ്പുറമെ നിലവിലെ ട്രാന്‍സിസ്റ്ററുകള്‍ക്കും കേബിളുകള്‍ക്കും പകരമായി പുതിയ 'നാനോടെക്നോളജി'യും പരീക്ഷിക്കപ്പെടുന്നുണ്ട്‌. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലും ഡാറ്റകളുടെ കൈമാറ്റത്തിലും സിലിക്കണ്‍ ചിപ്പുകള്‍ക്കും ഓപ്റ്റിക്കല്‍ ഫൈബറിനും പകരം കാര്‍ബണ്‍ ചിപ്പുകളും കേബിളുകളും ഉപയോഗപ്പെടുത്താനാവുമോ എന്നാണ്‌ ആലോചന. പ്രസിദ്ധ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐ.ബി.എം. കമ്പനിയുടെ ലാബില്‍ നടത്തുന്ന ഈ പരീക്ഷണത്തിന്‌ ഉപയോഗപ്പെടുത്തുന്ന ചിപ്പിെ‍ന്‍ ഘനം തലനാരിഴയുടെ അമ്പതിനായിരത്തിലൊരംശമാണ്‌.

ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഇത്തരം പരീക്ഷണങ്ങള്‍ക്കൊപ്പം സോഫ്റ്റുവെയര്‍ രംഗത്തും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌. നിലവിലെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ക്ക്‌ പകരം 'ഇന്‍ര്‍ആക്ടിവ്‌ സോഫ്റ്റ്‌വെയറുകളു'ടെ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യനോട്‌ എല്ലാ നിലക്കും ബുദ്ധിപരമായി പ്രതികരിക്കാന്‍ കമ്പ്യൂട്ടറിനെ പ്രാപ്തമാക്കലാണ്‌ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യം. നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ മനുഷ്യര്‍ ചെയ്യുന്ന 'പ്രവര്‍ത്തികള്‍' എറ്റെടുത്ത്‌ നടത്താനേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‌ വേണ്ടി ചിന്തിക്കാനും വികാരങ്ങര്‍ പ്രകടിപ്പിക്കാനും സാധ്യമാവുന്ന നാനോകമ്പ്യൂട്ടര്‍ തലമുറയാണ്‌ ഇനി വരാനിരിക്കുന്നത്‌. അതോടെ മനുഷ്യന്‍ അല്‍പബുദ്ധിമാനായിത്തിരുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.

നാനോ കമ്പ്യൂട്ടറുകളും അവയെ ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളും ലോകത്ത്‌ സൃഷ്ടിച്ചേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ക്കൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനുഷ്യന്‌ തരണം ചെയ്യാനാവുമോ എന്നതും ചിന്താവിഷയമാണ്‌. മനുഷ്യെ‍ന്‍റ സ്വകാരതയും സ്വാതന്ത്രവും ഇത്തരം കമ്പ്യൂട്ടറുകളുടെ ആഗമനത്തോടെ നഷ്ടമാവുകയാണ്‌. പുരോഗതിക്ക്‌ പകരം ലോകത്തെ അരാജകത്വത്തിലേക്ക്‌ നയിക്കാന്‍ ഇത്‌ വഴിയൊരുക്കുകയില്ലേ എന്ന ആശങ്കയും മറുവശത്ത്‌ ഉയരുന്നു.

എക്സ്റ്റന്‍ഷന്‍ഃ

ഇരുനില വീടിെ‍ന്‍റ ഓഫീസ്‌ റൂമില്‍ പിതാവ്‌ കമ്പ്യൂട്ടറിെ‍ന്‍റ മുമ്പിലിരിക്കുന്നു. തൊട്ടടുത്ത്‌ മാതാവും നില്‍പുണ്ട്‌. അയാള്‍ ധൃതിയില്‍ ഒരു ഇ-മെയില്‍ സന്ദേശം ടൈപ്‌ ചെയ്യുകയാണ്‌. മുകള്‍ നിലയിലെ തെ‍ന്‍റ പുത്രനുള്ളതാണ്‌ ഇ-മെയില്‍. 'പ്രിയപ്പെട്ട മകന്‍ രമേഷ്‌, നിെ‍ന്‍റ കമ്പ്യൂട്ടള്‍ ഓഫ്‌ ചെയ്ത്‌ എത്രയും പെട്ടെന്ന്‌ താഴെ നിലയിലെ ഡൈനിംഗ്‌ ഹാളിലെത്തുക. ഭക്ഷണം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌. എന്ന്‌ സ്വന്തം പിതാവ്‌.

Friday, July 24, 2009

എല്ലാ വഴികളും മൊബൈല്‍ ഫോണിലേക്ക്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസസംബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


രാപകല്‍ ഭേദമന്യേ പതിവായി നാം ചുരുങ്ങിയത് പത്ത് ഉപകരങ്ങളെങ്കിലും കൂടെ കൊണ്ടുനടക്കുന്ന ഒരുകാലം വന്നിരുക്കുന്നുവെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? പാന്റ്സിന്റെ വലതുപോക്കറ്റില്‍ ഒരു റേഡിയോയും ടൈപ്റിക്കോര്‍ഡറും വീഡിയോ ക്യാമറയും. ഇടതുവശത്തെ പോക്കറ്റില്‍ ഒരു കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ഡയറിയും സ്റ്റില്‍ ക്യാമറയും കൂടെ ലോകഭൂപടത്തിന്റെ ഏത്ഭാഗത്തും നേവിഗേഷന്‍ നടത്താന്‍ സാധ്യമാകുന്ന ഒരു ജി.പി.എസ്. ഉപകരണവും. ഷര്‍ട്ടിന്റെ പോക്കറ്റിലാവട്ടെ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പോക്കറ്റ് വാച്ച്. പിന്നെ ഒരു ടെലിഫോണും ഒരു കമ്പ്യൂട്ടറും. പോരേ. എങ്ങനെയുണ്ടാവും അവസ്ഥ. സാധ്യമല്ല എന്നായിരിക്കും നിങ്ങള്‍ പറയുക. എന്നാല്‍ ആധുനിക മൊബൈല്‍ ഫോണുകള്‍ ഈ സൌകര്യങ്ങളൊക്കെ ഒരൊറ്റ ഉപകരണത്തിലാക്കി നമുക്കു നല്‍കുന്നുവെന്നതാണ് വാസ്തവം.

കാര്യം ഇവിടെയും അവസാനിക്കുന്നില്ല. ഇന്റര്‍നെറ്റ് ടെലിവിഷന്‍ വരുന്നതോടെ ചാനല്‍ പരിപാടികള്‍ വീക്ഷിക്കാനും ഇനി ഈ ഉപകരണം തന്നെ മതി. സ്ക്രീന്‍ വളരെ ചെറുതാണെന്ന് പരാതിയുണ്ടാവും. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ഇതിനെ വലിയൊരു മോണിറ്ററുമായി ബന്ധിപ്പിക്കാം. യാത്രയിലാണെങ്കില്‍ സ്ക്രീനിലെന്നപോലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കണ്ണടയും ധരിക്കാം. ഇന്റര്‍നെറ്റുപയോഗിച്ച് ആവശ്യമായ ഏത് ചാനലും നിങ്ങള്‍ക്ക് ലഭ്യമാക്കാം. അതല്ലെങ്കില്‍ യൂട്യൂബിലെ വീഡിയോ ക്ളിപ്പുകളില്‍ സമയം ചിലവഴിക്കാം. നിങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണെങ്കില്‍ യൂട്യൂബില്‍ നിന്ന് തന്നെ അവിടുത്തെ ലക്ചര്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി. ലോകത്തെങ്ങുമുള്ള നൂറ്റമ്പതോളം യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ ക്ളാസ്സുകളുമായി ഇതിനകം യൂട്യൂബില്‍ രജിസ്റ്റല്‍ ചെയ്തുകഴിഞ്ഞു. അതല്ലെങ്കില്‍ അല്‍പം നേരമ്പോക്കാണ് വേണ്ടതെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഏതാനും ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്തു പ്രവര്‍ത്തിപ്പിക്കാം.

ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ മുകളില്‍ പരാമര്‍ശിച്ച ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളുടെയെല്ലാം ഭാവി അനിശ്ചിതമായിരിക്കുന്നു. സമയമറിയാന്‍ നാം ഉപയോഗിച്ചിരുന്ന റിസ്റ്റ് വാച്ച് ഇന്ന് ഒരാഡംബര വസ്തു മാത്രമാണ്. കാശുള്ളവര്‍ക്ക് വേണമെങ്കില്‍ അവിടെ കുറേ രത്നങ്ങള്‍ പതിച്ച് തങ്ങളുടെ കുബേരത വെളിപ്പെടുത്താം. അലാറം ക്ളോക്ക് എന്ന സാധനത്തിന് വംശനാശം നേരിട്ടു. റേഡിയോയും വാക്ക്മാനും നമ്മോട് വിടപറഞ്ഞു രംഗമൊഴിഞ്ഞു. സാധാരണ ക്യാമറകള്‍ ഇന്ന് ആര്‍ക്കും വേണ്ട. അവയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വില അനുദിനം കുറഞ്ഞുവരുന്നു. വെറുതെ കൊടുത്താല്‍പോലും ആരും വാങ്ങാത്ത ചരക്കായി അത് മാറി.

എല്ലാ ഉപകരണങ്ങളുടെയും സ്ഥാനത്ത് ഒരൊറ്റ ഉപകരണം മാത്രം. ഒരു സ്മാര്‍ട്ട് ഫോണ്‍. ഇവന്‍ തികച്ചും സ്മാര്‍ട്ട് തന്നെ. മുമ്പ് പാംടോപ് കമ്പ്യൂട്ടറെന്ന് നാം വിശേഷിപ്പിച്ചിരുന്ന ഉപകരണം പിന്നെ പി.ഡി.എ ആയി മാറി. ഇതിലൊരു മൊബൈല്‍ കണക്ഷനും കൂടിയായപ്പോള്‍ അത് സ്മാര്‍ട്ട് ഫോണായി. ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറുന്നു. പാംടോപും പി.ഡി.എയും സ്മാര്‍ട്ട് ഫോണുമൊക്കെ ഇന്ന് ഒരൊറ്റ ഉപകരണം തന്നെ. ഉയര്‍ന്ന റസല്യൂഷനുള്ള ക്യാമറ, വിപുലമായ മെമ്മറി, ബനുൂടൂത്ത്, മ്യൂസിക്-വീഡിയോ പ്ളേയര്‍, ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനം. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. മുമ്പ് ഇ-മെയില്‍ തുറക്കാനും വായിക്കാനും കമ്പ്യൂട്ടറായിരുന്നു ആശ്രയം. ഇന്ന് മൊബൈല്‍ ഫോണ്‍ ഏത് ഇ-മെയില്‍ പ്രോട്ടോകോളിനെയും തുണക്കുന്നു. എവിടെവെച്ചും നിങ്ങള്‍ക്ക് മെയില്‍ തുറക്കാം, വായിക്കാം, മറുപടി അയക്കാം.

ഗെയിമുകളും വിവിധ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം. വേര്‍ഡ് പ്രോസസ്സര്‍, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍ പ്രോഗ്രാം, വേഗതയേറിയ പ്രോസസ്സര്‍ ഇങ്ങനെ ഇവ നല്‍കുന്ന സൌകര്യങ്ങള്‍ വിപലമാകുന്നു. ട്രയിന്‍ യാത്രയിലും ബസ്സ് യാത്രയിലുമൊക്കെ ഓഫീസിലെ വേര്‍ഡ് ഫയലുകളും മറ്റും നിങ്ങള്‍ക്ക് തുറന്നുവായിക്കാം. എഡിറ്റ് ചെയ്യാം. ബനുൂടൂത്ത് വയര്‍ലെസ് കണക്ഷന്‍ ഉപയോഗിച്ച് എവിടെവെച്ചും തൊട്ടടുത്തുള്ള പ്രിന്ററിലേക്ക് കണക്റ്റ് ചെയ്തു കോപ്പിയെടുക്കാം. പി.ഡി.എഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ദിനപത്രങ്ങളൊക്കെ ഏത് സമയത്തും നിങ്ങളുടെ കരങ്ങളിലൊതുങ്ങുന്നു. അതോടൊപ്പം ഈ ആധുനിക മൊബൈല്‍ ഫോണ്‍ മനുഷ്യനെ ഒരു സഞ്ചരിക്കുന്ന പത്ര പ്രസാധകനാക്കി മാറ്റുകയാണ്. നോക്കിയയുടെ ച70 മോഡലില്‍ തുടങ്ങി ഏതാണ്ട് പുതിയ മൊബൈല്‍ ഫോണുകളൊക്കെ ഈ അവസ്ഥയിലേക്കെത്തിയിരിക്കയാണ്. ഫോട്ടോകളും ഫയലുകളും മൊബൈല്‍ നെറ്റ്വര്‍ക്ക് വഴിയും ഇന്റര്‍നെറ്റിലൂടെയും കൈമാറ്റം ചെയ്യാന്‍ സഹായകമായ വിസ്രിയാ സ്നാപ് (ഢശ്വൃലമ ിമു) പോലുള്ള സോഫ്റ്റ്വെയറുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.

ഡിക്ഷണറിയും മെയില്‍ റീഡറുമൊക്കെ മൊബൈല്‍ സോഫ്റ്റ്വെയര്‍ രൂപത്തില്‍ നിങ്ങളുടെ കൈകളിലെത്തി. നിങ്ങള്‍ ജപ്പാനിലേക്കൊരു ബിസിനസ് യാത്ര പോകുന്നുവെന്ന് സങ്കല്‍പിക്കുക. അവിടെ ഹോട്ടലില്‍ ജപ്പാനിസ് ഭാഷയിലെഴുതിയ ബോര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാനറിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. ഫോണിലെ ക്യാമറ ഉപയോഗിച്ച് അത് പകര്‍ത്തിയാല്‍ മൊബൈല്‍ ഫോണിലെ ലെറ്റര്‍ റക്കഗ്നൈസ് സോഫ്റ്റ്വെയര്‍ അത് തിരിച്ചറിഞ്ഞു നിങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിത്തരും. ഈ രീതിയില്‍ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകാരപ്രദമായ ആയിരക്കണക്കിന് സോഫ്്റ്റ്വെയറുകള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും.

മൊബൈല്‍ ഫോണ്‍ മോഡം എന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇതുപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ് കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാം. ഇനി വൈഫൈ, വൈമാക്സ് തുടങ്ങിയ വയര്‍ലെസ് കണക്ഷനുകളും മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കാനുള്ള സൌകര്യവും രംഗത്തെത്തുകയാണ്.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതിയ കമ്പനികളും പുത്തന്‍ ഉപകരണങ്ങളും നിങ്ങളെത്തേടിയെത്തുന്നു. ഇന്ത്യയില്‍ നാം 'ഐഫോണി'ന്റെ ആഗമനം ആഘോഷിച്ചപ്പോള്‍ 'ഐഫോണ്‍ നാനോ' പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു ആപ്പിള്‍ കമ്പനി. മൂന്നാം തലമുറ മൊബൈല്‍ ടെക്നോളജി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നിലവി ലെ ഐഫോണിന്റെ ചെറിയ പതിപ്പ്. ബ്രിട്ടണിലെ 02 ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഇതിന്റെ വികസനം നടന്നത്. 64 ജിഗാബയ്റ്റ് സംഭരണ ശേഷിയുള്ള ഐപോഡ് മ്യൂസിക് പ്ളേയര്‍ ഇതിന്റെ കൂടെ ഉണ്ടാവുമെന്നത് തീര്‍ച്ച. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കമ്പനിയും മൊബൈല്‍ ഫോണ്‍ രംഗത്തേക്കിറങ്ങി. പ്രശസ്ത മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങളുടെ 'ജി 1' മൊബൈല്‍ ഫോണിന് രൂപം നല്‍കി. മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രത്യേകം ഓപറേറ്റംഗ് സിസ്റ്റവും ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നു.

വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് സ്മാര്‍ട്ട് ഫോണിനു പുറമെ പഴമയുടെ പ്രതീകമായി പോക്കറ്റില്‍ ഒരു പേനയും പിന്നെ ഒരു പേഴ്സും ഒരു താക്കോല്‍കൂട്ടവും കൊണ്ടുനടക്കുന്നു. ആ നിലക്ക് കോര്‍ക്കറസിനെ ഒരു 'കാലഹരണപ്പെട്ട' കമ്പ്യൂട്ടര്‍ ഉപയോക്താവ് എന്നു വിളിക്കാം. എന്നാല്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്ഫോണിന്റെയും ഉപയോഗത്തോടെ പേന ഒരലങ്കാര വസ്തുവായി മാറിയിരിക്കയാണ്. പേഴ്സ് ഇനി ഇ-ക്യാഷും ക്രഡിററ് കാര്‍ഡുമൊക്കെയായി മൊബൈല്‍ഫോണിലേക്ക് കൂടുമാറും. സ്മാര്‍ട്ട് കീകളുടെ വരവോടെ ഇനി താക്കോലുകളും സമീപഭാവിയില്‍ അപ്രത്യക്ഷമാകുമെന്നതില്‍ സംശയമില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ചോദ്യമിതാണ്. മൊബൈല്‍ ഫോണും നിലവിലെ രൂപത്തില്‍ നിന്ന് ഇനി അപ്രത്യക്ഷമാവുമോ? അതേ എന്നുതന്നെയാണ് ഉത്തരം. നാനോടെക്നോളജിയുടെ ആഗമനത്തോടെ ഇതും യാഥാര്‍ത്ഥ്യമാവുകയാണ്. ഇനി കോര്‍ക്കറസ് ധരിക്കുന്ന ഷര്‍ട്ടില്‍ ഈ ഉപകരണങ്ങള്‍ക്കെല്ലാം പകരമായി ഒരുപക്ഷെ നോക്കിയ കമ്പനി നിര്‍മ്മിച്ച ഒരു ബട്ടണുണ്ടായിരിക്കും. അതല്ലെങ്കില്‍ സോണി എരിക്സണ്‍ കമ്പനിയുടെ ഒരു കണ്ണട മുഖത്ത് ധരിച്ചേക്കാം.
*******

Wednesday, July 22, 2009

ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മാര്‍ച്ച് 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് എം.സി.എ ഹോള്‍ഡറാണോ എന്ന് മുമ്പൊരിക്കല്‍ ഇന്‍ഫോകൈരളിയുടെ വായനക്കാരിലൊരാള്‍ ഇ-മെയിലിലൂടെ ചോദിക്കുകയുണ്ടായി. കോര്‍ക്കറസ് എം.സി.എ. ഹോള്‍ഡറല്ല, എം.സി.എയെക്കാള്‍ 'ഓള്‍ഡറാ'ണെന്ന് അന്ന് മറുപടി നല്‍കി. ഇന്ന് നമുക്ക് സുപരിചിതമായ പേഴ്സണല്‍ കമ്പ്യൂട്ടര്‍ അമേരിക്കയില്‍ ഐ.ബി.എം. കമ്പ്യൂട്ടര്‍ ലാബില്‍ 1981-ല്‍ പിറവിയെടുക്കുന്നതിന് മുമ്പ്തന്നെ ഔപചാരിക വിദ്യാഭ്യാഭ്യാസം അവസാനിപ്പിച്ച വ്യക്തിയാണ് കോര്‍ക്കറസ്. അന്ന് എം.സി.എയും ബി.സി.എയുമൊന്നും ഉണ്ടായിരുന്നില്ലെന്ന് സാരം.

1977-ല്‍ തൊഴിലന്വേഷകനായി കോര്‍ക്കറസ് ഗള്‍ഫ് രാജ്യമായ സൌദിയിലെത്തി. അന്ന് ഓഫീസിലുണ്ടായിരുന്ന സംവിധാനം അക്ഷരങ്ങളൊക്കെ തേഞ്ഞു പോയ ഒരു പഴയ റെമിംഗ്ടണ്‍ ടൈപ് റൈറ്റിംഗ് മിഷീന്‍. ഒരു വര്‍ഷത്തിനകം ഇതിന്റെ സ്ഥാനത്ത് എം.ബി.എം. കമ്പനിയുടെ ഒരു ഇലക്ട്രിക് ടൈപ് റൈറ്റിംഗ് മിഷീന്‍ സ്ഥാനം പിടിച്ചു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഇതും അപ്രത്യക്ഷമായി. പകരം എരിക്സണ്‍ കമ്പനിയുടെ പുതിയ ഇനം ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനാണ് പ്രത്യക്ഷപ്പെട്ടത്. പരിമിതമായ വേര്‍ഡ് പ്രേസസ്സിംഗ് സൌകര്യമുണ്ടായിരുന്നുവെന്നാണ് ഇതിന്റെ സവിശേഷത.

പിന്നീട് 1983-ല്‍, അതായത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ പിറവിയെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ താമസിച്ചിരുന്ന നഗരമായ ജിദ്ദയിലും അത് എത്തിത്തുടങ്ങി. കമ്പ്യൂട്ടറില്ലാത്തത് കൊണ്ട് അന്ന് കമ്പ്യൂട്ടര്‍ പരിശീലനവും ഇല്ലായിരുന്നു. ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനിനോടുണ്ടായ താല്‍പര്യം കോര്‍ക്കറസിനെ കമ്പ്യൂട്ടറിലേക്കാകര്‍ഷിച്ചു. ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന അതിയായ മോഹം. അന്നത്തെ കമ്പ്യൂട്ടറിന്റെ വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഒരു ലക്ഷത്തോളമായിരുന്നു. ഏതായാലും ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പത്ത് പേരെ സംഘടിപ്പിച്ച് ഞങ്ങള്‍ പരിശീലനത്തിനായി ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കി. അന്ന് ഞങ്ങള്‍ വാങ്ങിച്ച കമ്പ്യൂട്ടറിന് ഹാര്‍ഡ്ഡിസ്ക്ക് ഇല്ലായിരുന്നു. ആകപ്പാടെ ഉണ്ടായിരുന്നത് 640 കിലോബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള 5.25 ഇഞ്ച് വലിപ്പത്തിലെ രണ്ട് ഫ്ളോപ്പി ഡ്രൈവുകള്‍ മാത്രം. പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കനുസരിച്ച് ഡിസ്ക്ക് മാറ്റിക്കൊണ്ടുള്ള രീതിയായിരുന്നു അന്നത്തേത്. പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാര്‍ഡ് ഡിസ്ക്ക് ഇല്ലല്ലോ. ഇന്നത്തെപ്പോലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും അന്ന് വ്യാപകമായിരുന്നില്ല.

ഇപ്പോഴത്തെ പിസിയുടെ മുന്‍തലമുറയായ PC/XT (Extended Technology) ഇനത്തിലെ കമ്പ്യൂട്ടറായിരുന്നു അത്. നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് കമ്പ്യൂട്ടര്‍ അഭ്യസിച്ചു തുടങ്ങിയത് ഈ മുന്‍തലമുറ കമ്പ്യൂട്ടറിലായിരുന്നവെന്നത് ഏറെ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. ഒരുപക്ഷേ എന്റെ തലമുറയിലെ അധികമാര്‍ക്കും ലഭിക്കാത്ത അവസരം. അന്ന് തുടങ്ങിയതാണ് കമ്പ്യൂട്ടറുമായുള്ള സഹവര്‍ത്തിത്വം. പിസിയുടെ ആദ്യകാലത്തെ ഓപറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യ വേര്‍ഷന്‍ മുതല്‍ ഡോസ് 6.6 വരെ നീണ്ടുനിന്ന സഹവര്‍ത്തിത്വം. പിന്നീട് വിന്‍ഡോസിന്റെ ആദ്യതലമുറയായ 3.1 മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ എത്തിയ സഹചാരിത്തം. അതോടൊപ്പം വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പായ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റലെത്തി നില്‍ക്കുന്ന പുതിയ കൂട്ടുകെട്ട്.

അങ്ങനെ കമ്പ്യൂട്ടര്‍ പരിശീലനം ഒരു വര്‍ഷം പിന്നിട്ടില്ല. അതിനിടെ PC/AT (Advanced Technology) കമ്പ്യൂട്ടറുകള്‍ രംഗത്തെത്തി. അതോടെ ഞങ്ങളുടെ പിസി കാലഹരണപ്പെടുകയും ഞങ്ങള്‍ മുടക്കിയ സംഖ്യ മുഴുക്കെ നഷ്ടമാവുകയും ചെയ്തു. അതിലേറെ നഷ്ടമായിത്തോന്നിയത് ഞങ്ങള്‍ പത്തു പേരുടെ കമ്പ്യൂട്ടര്‍ പരിശീലന കൂട്ടായ്മയുടെ തകര്‍ച്ചയായിരുന്നു. അതേതായാലും നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്നെന്ന പേര് സുഹൃത്തുക്കള്‍ ഇതിനകം കോര്‍ക്കറസിന് വകവെച്ചു തരികയുണ്ടായി.

പിന്നീട് ഇന്റല്‍ 80286 പ്രോസസ്സര്‍ ഘടിപ്പിച്ച പീസികള്‍ പ്രത്യക്ഷപ്പെട്ടു. അന്നത്തെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടര്‍. കമ്പ്യൂട്ടര്‍ പഠനം ഒരു തപസ്യയായി ഏറ്റെടുത്ത നിങ്ങളുടെ ഈ ലേഖകന്‍ 80286 പ്രോസസര്‍ ഘടിപ്പിച്ച പുതിയൊരു കമ്പ്യൂട്ടര്‍ സ്വന്തമായി സംഘടിപ്പിച്ചു. സ്വന്തം നിലക്ക് ആദ്യമായി വാങ്ങിയ കമ്പ്യൂട്ടര്‍. 4 MB റാമും 20 MB ഹാര്‍ഡ് ഡിസ്ക്കുമായിരുന്നു ഇതിന്റെ സവിശേഷത. ഈ പിസി അന്നത്തെ വിപണിയിലെ ആധുനികന്‍ തന്നെയായിരുന്നു. ഹാര്‍ഡ് ഡിസ്ക്കില്‍ വിന്‍ഡോസ് 3.1 ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 4 മെഗാബയ്റ്റ് മതി. ലോട്ടസും വേര്‍ഡ് സ്റ്റാറും തുടങ്ങി മൈക്രോസോഫ്റ്റ് വേര്‍ഡ് വരെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പരമാവധി എട്ട് മെഗാബയ്റ്റ്. പിന്നെയും ഹാര്‍ഡ് ഡിസ്ക്കില്‍ ധാരാളം സ്പെയ്സ് ബാക്കി.

തുടര്‍ങ്ങോട്ട് കമ്പ്യൂട്ടറിന്റെ പുത്തന്‍ തലമുറകളുമായി സഹവര്‍ത്തിത്തം പുലര്‍ത്താന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു. പിന്നീട് നോട്ട്ബുക്ക് കമ്പ്യൂട്ടറിലേക്കായി നോട്ടം. 80386 പ്രോസസ്സര്‍ ഘടിപ്പിച്ച ഇനത്തിലെ ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറാണ് ആദ്യം ലഭിച്ചത്. മോണോക്രോം ഡിസ്പ്ളേ. ഇതിന്റെ ഹാര്‍ഡ് ഡിസ്ക്ക് 80 മെഗാബയ്റ്റ്. കളര്‍ മോണിറ്ററല്ലാത്തതിനാല്‍ ഇത് വേഗം മടുപ്പുളവാക്കി. അപ്പേഴേക്കും ഇന്നത്തെ പെന്റിയത്തിന്റെ മുന്‍തലമുറയായ 486 പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറുകള്‍ വിപണിയിലെത്തിയിരുന്നു. അതോടെ ഡസ്ക്ക് ടോപ് കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 486 പ്രോസസ്സര്‍ ഘടിപ്പിച്ച നോട്ട് ബുക്ക് കമ്പ്യൂട്ടറും വിപണിയിലെത്തി. ഈ ഇനത്തില്‍ ട്വിന്‍ഹെഡ് കമ്പനി പുറത്തിറക്കിയ നോട്ട്ബുക്കായിരുന്നു അന്നത്തെ താരം. 16 മെഗാബയ്റ്റ് റാം. 200 മെഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. അന്നത്തെ ഏറ്റവും ഉയര്‍ന്ന കോണ്‍ഫിഗറേഷന്‍. നേട്ട് ബുക്കിന്റെ വില ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ. ആ ഇനത്തിലെ ഒരെണ്ണം സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഇത്രയും ഉയര്‍ന്ന കോണ്‍ഫിഗറേഷനായത് കൊണ്ട് ഇനി ജീവിതാന്ത്യം വരെ ഈയൊരെണ്ണം തന്നെ മതിയാവുമെന്ന് ധരിച്ചു. അധിക വില കൊടുത്ത് ഇത് വാങ്ങാനുള്ള ന്യായീകരണവും ഈയൊരു ധാരണ തന്നെയായിരുന്നു.

ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും സി.ഡി ഡ്രൈവ് ഘടിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടര്‍ന്ന് എന്റെ നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ സി.ഡി ഡ്രൈവില്ലല്ലോ എന്ന ചിന്തയായി. ജീവിതാന്ത്യം വരെ ഇനി കമ്പ്യൂട്ടര്‍ മാറ്റേണ്ടതുണ്ടാവില്ല എന്ന ധാരണ അതോടെ തിരുത്തേണ്ടി വന്നു. ഒരുവര്‍ഷത്തിനകം തന്നെ.

ആദ്യമൊക്കെ കമ്പ്യൂട്ടറിന്റെ ഉപയോഗം പെവതുവെ വേര്‍ഡ് പ്രോസസ്സിംഗില്‍ മാത്രം ഒതുങ്ങി നിന്നു. 'വേര്‍ഡ് സ്റ്റാറി'ല്‍ നിന്ന് 'വേര്‍ഡ് പെര്‍ഫെക്ടി'ലേക്കും തുടര്‍ന്ന് 'എം.എസ്. വേര്‍ഡി'ലേക്കുമുള്ള മാറ്റം രസകരമായ അനുഭൂതിയായിരുന്നു. സ്പ്രെഡ് ഷീറ്റ് രംഗത്ത് 'ലോട്ടസി'ന്റെ മതില്‍ക്കെട്ടില്‍ നിന്ന് 'എം.എസ്. എക്സെലി'ന്റെ പുത്തന്‍ ലോകത്തെത്തിയതും യാദൃച്ഛികമല്ലായിരുന്നു. പഴയ 'ഡീബെയ്സി'ന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്ത് കടന്ന് 'ഫോക്സ് പ്രോ'യിലേക്കും 'എം.എസ്. ആക്സസി'ലേക്കും 'വിഷ്വല്‍ ബേസിക്കി'ലേക്കും പിന്നീട് ഒരപടി കൂടി മുന്നേറി 'സാപ്', 'ബാന്‍' തുടങ്ങിയ ഇ.ആര്‍.പി. പാക്കേജുകളിലേക്കും ഓഫീസ് പ്രവര്‍ത്തനം പുരോഗമിച്ചു. പലപ്പോഴും ജോലിയുടെ ഭാഗമായിത്തന്നെ കമ്പ്യൂട്ടര്‍ അഭ്യസിക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ രംഗത്തെ മിക്ക തുറകളിലെയും അവഗാഹം ഒരനിവാര്യത കൂടിയായിരുന്നു. അതിവിദഗ്ധരായ പരിശീലകരുടെ സേവനം തന്നെ ഇതിനുപയോഗപ്പെടുത്താന്‍ സ്ഥാപനം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ കമ്പ്യൂട്ടറില്‍ സ്വയം പരിശീലനം തുടങ്ങി കമ്പ്യൂട്ടറിലൂടെ വളര്‍ന്ന് പിന്നെ സ്ഥാപനത്തിലെ സ്റ്റാഫിന്റെ ട്രൈനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു.

ഇടക്കാലത്ത് വിന്‍ഡോസിലുപയോഗിക്കാന്‍ പ്രാപ്തമായ മലയാളം ഫോണ്ടുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായ ആഹ്ളാദം അതിരറ്റതായിരുന്നു. അന്ന് മുതല്‍ മലയാളം കൈയെഴുത്തും ഉപേക്ഷിക്കുകയായിരുന്നു. നേരത്തെത്തന്നെ കൈയക്ഷരം വളരെ മോശമായതിനാല്‍ ഇത് വലിയൊരനുഗ്രഹമായി. ജോലിയോടൊപ്പം എഴുത്തും പത്രപ്രവര്‍ത്തനവും ഒരു ഹോബിയായി സ്വീകരിക്കാന്‍ കോര്‍ക്കറസിന് പ്രചോദനം നല്‍കിയതും കമ്പ്യൂട്ടര്‍ തന്നെയായിരുന്നു.

മനുഷ്യനെ മടുപ്പിക്കുന്ന അക്കൌണ്ടിംഗ് ജോലി എളുപ്പമാക്കിക്കൊടുത്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറുകളാണ് കമ്പ്യൂട്ടറിന് ഇത്രയും ജനപ്രീതി നേടിക്കൊടുത്തതെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല. ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന 'വിസി കാല്‍ക്കി'ല്‍ തുടങ്ങി 'ലോട്ടസിലൂ'ടെ 'എക്സെലി'ന്റെ ലോകത്തെത്തിയ ഈ സ്പ്രെഡ്ഷീറ്റ് പാക്കേജുകളില്ലായിരുന്നുവെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടറിന് ഇന്ന് കാണുന്ന പ്രചാരവും ലഭിക്കുമായിരുന്നില്ല.

ഫാക്സിന്റെ വര്‍ദ്ധിച്ച ഉപയോഗം കുറക്കാനായി ആദ്യമൊക്കെ കമ്പനി അനുവദിച്ച പരിമിതമായ ഇ-മെയില്‍ സംവിധാനം കൌതുകത്തോടെയാണ് പരീക്ഷിച്ചു വന്നത്. പിന്നീട് സ്ഥാപനത്തിന്റെ വിവിധ ശാഖകളിലെ സഹപ്രവര്‍ത്തകരുമായി വിവരങ്ങള്‍ കൈമാറാന്‍ വ്യാപകമായി ഇ-മെയില്‍ ഉപയോഗിച്ചു തുടങ്ങി. കമ്പനിയുടെ ഇന്‍ട്രാനെറ്റ് ശൃംഖലയിലൂടെയുള്ള പരിമിതമായ ഈ സംവിധാനത്തില്‍ നിന്ന് ഇന്റര്‍നെറ്റിന്റെ അതിവിപുലമായ സൌകര്യങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ലോകത്തേക്ക് കടന്നതോടെ വലിയൊരു ലോകം വെട്ടിപ്പിടിച്ച പ്രതീതി.

ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 2.8 GHz ക്ളോക്ക് സ്പീഡ്, 512 മെഗാബയ്റ്റ് റാം, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. ഇന്ന് കോര്‍ക്കറസ് ഉപയോഗിക്കുന്ന ലാപ്ടോപ് കമ്പ്യൂട്ടറിന്റെ സവിശേഷതയാണിത്. ഭാരം വെറും ഒന്നര കിലാഗ്രാം. 1983-ല്‍ നിന്ന് 2008-ലെത്തിയ മാറ്റം. ഡോസിന്റെ ആദ്യ വേള്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ. 80286 പ്രോസസ്സര്‍ മുതല്‍ ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വരെ. ഈ മാറ്റത്തിനൊപ്പം കമ്പ്യൂട്ടറിന്റെ സഹചാരിയാകാന്‍ സാധിച്ചുവെന്നത് വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയത്.
*****

Monday, July 20, 2009

വളരുന്ന ടെക്നോളജിയും നമ്മളും


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഈ ലക്കത്തോടെ ഇന്‍ഫോകൈരളി അതിന്റെ നൂറാമത് ലക്കത്തിലെത്തുകയാണ്. ഒമ്പതാംലക്കം മുതല്‍ക്കുതന്നെ ഇന്‍ഫോകൈരളിയില്‍ ഏറെക്കുറെ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന വിനീതനായ കോര്‍ക്കറസും ഈ സമയത്ത് വായനക്കാരുമായി സന്തോഷം കൈമാറുന്നു. ഇന്‍ഫോകൈരളിക്ക് മുമ്പും അതിന് ശേഷവും രംഗത്തെത്തിയ മലയാളത്തിലെ ഈ ഇനത്തിലെ ഏതാനും മാഗസിനുകള്‍ പിടിച്ചുനില്‍ക്കാനാവാതെ രംഗം വിട്ടൊഴിഞ്ഞതിന് കോര്‍ക്കറസ് സാക്ഷിയാണ്. വളരുന്ന ടെക്നോളജിക്കൊപ്പം നിലകൊള്ളാനും അത് യഥാസമയത്ത് മലയാളത്തിലെ വായനക്കാരിലെത്തിക്കാനും സാധിച്ചുവെന്നതാണ് ഇന്‍ഫോകൈരളിയുടെ നേട്ടം.

ഇന്‍ഫോകൈരളിയുടെ 1999 ഒക്ടോബര്‍ ലക്കത്തില്‍ കോര്‍ക്കറസ് എഴുതിയ ആദ്യലേഖനത്തിന്റെ തലക്കെട്ടാണ് 'വളരുന്ന ടെക്നോളജിയും നമ്മളും'. നൂറാമത് ലക്കത്തിലെഴുതുന്ന മാറ്ററിനും ഇതേ തലക്കെട്ട് തന്നെ നല്‍കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കമ്പ്യൂട്ടര്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലേറെ അവിശ്വസനീയമാണ് കേരളത്തിന്റെ ഐ.ടി. മേഖലയിലുണ്ടായ മാറ്റങ്ങള്‍. അന്ന് ഈ മാറ്റര്‍ ഡ്രാഫ്റ്റ് ചെയ്യാനുപയോഗിച്ചിരുന്ന കോര്‍ക്കറസിന്റെ കമ്പ്യൂട്ടറിന്റെ പ്രോസസ്സര്‍ പെന്റിയം ഇനത്തിലെ ഒന്നാം തലമുറയില്‍പെട്ടതായിരുന്നു. 486 പരമ്പരയിലെ പ്രോസസ്സറുകളില്‍ നിന്ന് പെന്റിയത്തിലേക്കുള്ള മാറ്റത്തിന്റെ അവസാന ഘട്ടമായിരുന്ന അത്. വ്യാപകമായി ഉപയോഗിച്ചിരുന്ന ഓപറേറ്റിംഗ് സിസ്റ്റം 'വിന്‍ഡോസ് 98'. ഇ-മെയില്‍ സൌകര്യവും ഇന്റര്‍നെറ്റും അന്ന് സാര്‍വത്രികമായിരുന്നില്ല. ഹാര്‍ഡ്ഡിസ്ക്ക് സ്പെയ്സ് മെഗാബയ്റ്റില്‍ നിന്ന് ജിഗാബയ്റ്റിലേക്ക് കടക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായിരുന്നു അത്. എട്ട് ജിഗാബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള ഹാര്‍ഡ്ഡിസ്ക്ക് അന്ന് അത്ഭുതം തന്നെയായിരുന്നു. മെമ്മറിയാകട്ടെ സാധാരണ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചുവന്ന 32 മെഗാബയ്റ്റില്‍ നിന്ന് 64 മെഗാബയ്റ്റിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മള്‍ട്ടിമീഡിയ പ്രയോജനപ്പെടുത്താനുള്ള സൌകര്യം അപൂര്‍വം കമ്പ്യൂട്ടറുകളില്‍ മാത്രം. പ്രോഗ്രാമുകള്‍ ഫ്ളോപ്പി ഡിസ്ക്കില്‍ നിന്ന് സി.ഡിയിലേക്ക് കൂടിമാറന്നു ഘട്ടം. യു.എസ്.ബി. പോര്‍ട്ടും കേബിളും അത്രയൊന്നും പരിചിതമല്ലായിരുന്നു. ഫ്ളാഷ് മെമ്മറിയും പെന്‍ഡ്രൈവും രംഗപ്രവേശം ചെയ്തിരുന്നില്ല.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് മലയാളികള്‍ ചിന്തിച്ചുതുടങ്ങാത്ത കാലത്താണ് ഇന്‍ഫോകൈരളി നമ്മുടെ കരങ്ങളിലെത്തുന്നത്. നമുക്ക് പ്രയോജനപ്പെടുത്താവുന്നതായി ഇതിലെന്തെങ്കിലുമുണ്ടാവുമെന്നും സാധാരണക്കാരായ മലയാളികള്‍ അന്ന് ബോധവാന്‍മാരല്ലായിരുന്നു. എട്ട് വര്‍ഷം മുമ്പുള്ള കേരളത്തിന്റെ ഐ.ടി. രംഗം ഒട്ടുംതന്നെ ആശാവഹമല്ലായിരുന്നുവെന്നാണ് കോര്‍ക്കറസിന്റെ നീരീക്ഷണം. ഇന്നത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ മുന്‍തലമുറയായ എക്സ്.ടിയില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടി ആദ്യകാല കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസിന്റെ വ്യത്യസ്ത പതിപ്പുകളിലൂടെ 'വിസ്റ്റ' വരെ കമ്പ്യൂട്ടറിനോടൊപ്പം സഹചരിച്ച കോര്‍ക്കറസിന് കേരളത്തിന്റെ ഇന്നത്തെ ഐ.ടി. മേഖല കാണുമ്പോള്‍ അത്യധികം സന്തോഷമാണുള്ളത്. ഈ മാറ്റം ഇപ്പോള്‍ വന്‍പ്രതീക്ഷക്ക് വകനല്‍കുന്നു.

നമ്മുടെ സംസ്ഥാനം ആകെ മാറിയിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന് കൊച്ചുകുട്ടികളുടെ പഠന വിഷയമായി മാറി. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ശക്തമായ ഒരു വിദ്യാഭ്യാസ മാധ്യമമെന്ന നിലക്കാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. പേനയും നോട്ട്ബുക്കും ടെക്സ്റ്റ്ബുക്കുമെന്ന പോലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറും അനിവാര്യമായ പഠനോപകരണമായി മാറിയിരിക്കുന്നു. കമ്പ്യൂട്ടറുമായി വിദ്യാര്‍ത്ഥി തലത്തില്‍ നിന്ന് തുടങ്ങുന്ന ഈ സഹവാസം തുടര്‍ന്നുള്ള മേഖലകളിലേക്കും വ്യാപിച്ചിരിക്കയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ അത്യന്തം ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ തനത് സംരംഭങ്ങളായ ഐ.ടി. അറ്റ് സ്കൂള്‍, സ്മാര്‍ട്ട് ക്ളാസ്റൂം, എഡ്യൂസാറ്റിന്റെ ഉപയോഗം, കുടുംബശ്രീ കമ്പ്യൂട്ടര്‍ പരിശീലനം, അക്ഷയ തുടങ്ങിയവയൊക്കെ ഈ രംഗത്ത് നമ്മുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. സംസ്ഥാന ഐ.ടി. മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. മാറിമാറി വന്ന സര്‍ക്കാറുകളില്‍ നിന്ന് ഇതിന് പ്രോല്‍സാഹനം ലഭിക്കുകയും ചെയ്തതോടെ സംസ്ഥാനം ലോക ഐ.ടി ഭൂപടത്തില്‍ തന്നെ സുപ്രധാന സ്ഥാനം കരസ്തമാക്കി.

സംസ്ഥാന ഐ.ടി. മിഷന്‍ രുപം നല്‍കിയ 'ഫ്രണ്ട്സ്' ജനസേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഗ്രാമത്തിന്റെ ഉള്ളറകളില്‍ വരെ കടന്നെത്തിയ വ്യത്യസ്ത ഇനം സൌകര്യങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം മുഖേന ലഭ്യമായ സാധ്യതകള്‍ എന്നിവയൊക്കെ സംസ്ഥാനത്തിന്റെ ഇ-ഗവേണന്‍സ് സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കി. ബാങ്കിംഗ് മേഖലയിലെ കമ്പ്യുട്ടര്‍വല്‍ക്കരണത്തിലൂടെ പണമിടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കി. ചില്ലറവില്‍പന ഷോപ്പുകള്‍ ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളാണ്. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലെ ടിക്കറ്റ് സംവിധാനം വരെ ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍ക്കൃതമാണല്ലോ. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന സംവിധാനങ്ങള്‍ ഇതിലേറെ ജനോപകാരപ്രദമായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഭൂരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനം ദൃതഗതിയില്‍ അരങ്ങേറുന്നു. ഭൂരേഖ സംബന്ധിച്ച വിവരങ്ങള്‍ സമീപഭാവിയില്‍ നമുക്ക് നെറ്റിലൂടെ ലഭ്യമാക്കാവുന്നതാണ്. ഭൂനികുതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊക്കെ ഇനി ഇന്റര്‍നെറ്റ് വഴി നിര്‍വഹിക്കാന്‍ സാധ്യമാകുമെന്നാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നു.

അതേസമയം സ്വതന്ത്രമായ രീതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് എവിടെയും നിലനില്‍പില്ലെന്ന കാര്യം ഈ അവസരത്തില്‍ നാം ഗൌരവമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതര ശാസ്ത്ര ശാഖകളുമായി കൂട്ടുപിടിച്ചുമാത്രമേ അതിന് ഇനിയും വളര്‍ച്ചയും വികസനവുമുള്ളൂ. മറുവശത്ത് ഇതര ശാസ്ത്ര സാങ്കേതികവിദ്യകളൊക്കെ ഇനി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി കൂട്ടുപിടിച്ചാല്‍ മാത്രമേ അവക്ക് വളരാനാകൂ എന്ന അവസ്ഥയും സംജാതമായിരിക്കുന്നു. ടെക്നോളജി രംഗത്തെ ഈ വഴിത്തിരിവ് വിവരവിദ്യാ യുഗത്തിന്റെ സവിശേഷതയാണ്. ഉദാഹരണത്തിന് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിവര സാങ്കേതികവിദ്യയെ കുട്ടുപിടിച്ച് അതിവേഗം മുന്നേറുന്നു. രണ്ട് ടെക്നോളജികളുടെ ഈ സംയോജനത്തിലൂടെ നമുക്ക് ലഭ്യമായ നേട്ടങ്ങള്‍ വളരെ വലുതാണ്. 'വിവരസംവേദന സാങ്കേതികവിദ്യ' (ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ടെക്നോളജി) എന്ന പേരില്‍ ഈ കുട്ടായ്മ ഇനിയും വളരുകയാണ്. ഇന്റര്‍നെറ്റ് മുതല്‍ മൂന്നാംതലമുറയിലെ അത്യാധുനിക സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇതിന്റെ ഫലങ്ങളാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ കൂട്ടുപിടിച്ച് അതിവേഗം മുന്നറുന്ന മറ്റൊരു ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഇവ രണ്ടും ചേര്‍ന്നുള്ള 'ബയോ ഇന്‍ഫര്‍മാറ്റിക് ടെക്നോളജി' വന്‍സാധ്യതകളാണ് ലോകത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നത്. വരുംനാളുകളില്‍ ഈ രംഗത്ത് വന്‍മുന്നേറ്റങ്ങളും വിപ്ളവകരമായ മാറ്റങ്ങളുമാണ് നടക്കുക. രോഗപ്രതിരോധ രംഗത്ത് മാത്രമല്ല, പുതിയ 'ബയോ-ഉല്‍പന്നങ്ങളു'ടെ നിര്‍മ്മാണ രംഗത്തും വിപ്ളവകരമായ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാം.

നാം മലയാളികള്‍ ഇന്ന് ഐ.ടിയുടെ സാധ്യതകള്‍ സംബന്ധിച്ച് ബോധവാന്‍മാരാണ്. ഇത്തരമൊരു മുന്നേറ്റത്തിന് നമ്മുടെ മണ്ണും വിണ്ണും പാകപ്പെട്ടിരിക്കുന്നു. നാം മാനസികമായും അതിന് സജ്ജരാണ്. ഈ ബോധവും സാഹചര്യങ്ങളും ഇനി നമുക്ക് നേട്ടങ്ങളാക്കി മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, സാംസ്ക്കാരികം, സാമൂഹികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഐ.ടിയുടെ സാധ്യതകള്‍ നമുക്ക് ഇനിയും കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടിയരിക്കുന്നു. തൊഴില്‍ രംഗത്ത് ഈ സാധ്യതകള്‍ നേട്ടമാക്കി മാറ്റുന്നതില്‍ ഇപ്പോഴും നാം പിന്‍നിരയിലാണെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. സംസംഥാനത്ത് നിലവിലുള്ള ടെക്നോപാര്‍ക്കുകളും ഇന്‍ഫോപാര്‍ക്കുകളും പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇനിയും സാധ്യമായിട്ടില്ല. സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍സംരംഭങ്ങളുടെ കടന്നുവരവിന് കാരണങ്ങളെന്തൊക്കെയായാലും ആവശ്യത്തിലേറെ കാലവിളംബമുണ്ടയത് ഗൌരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

എന്ത്തന്നെയായാലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗം വളരുകയാണ്. ടെക്നോളജിക്കൊപ്പം വളരാന്‍ നമ്മളും സജ്ജമാകേണ്ടിയിരിക്കുന്നു. ഈ വളര്‍ച്ചയുടെ കുതിപ്പ് കാതോര്‍ക്കാനും അതിന്റെ അനുരണനങ്ങള്‍ മലയാളി വായനക്കാരിലെത്തിക്കാനും ഇന്‍ഫോകൈരളിക്ക് ഇനിയും സാധ്യമാകട്ടെ എന്ന് ഈ സമയത്ത് ആശംസിക്കുകയാണ്.

Friday, July 10, 2009

നിങ്ങളുടെ സുരക്ഷയ്ക്ക് കമ്പ്യൂട്ടറിന്റെ സുരക്ഷ


Article Published in Info Kairali Computer Magazin on June 2009


ഇത്തവണ ഒരു രക്ഷകന്റെ രൂപത്തിലാണ് വിനീതനായ കോര്‍ക്കറസ് നിങ്ങളുടെ മുമ്പിലെത്തുന്നത്. അതായത് നാം ജീവിക്കുന്ന ഈ ഭൂമി ലോകത്തിലെന്ന പോലെ സൈബര്‍ ലോകത്തും കള്ളന്‍മാരും ശല്യക്കാരും പിടിച്ചുപറിക്കാരും കൊള്ളക്കാരും ഭീകരന്‍മാരുമൊക്കെ ഉണ്ടല്ലോ. ഹാക്കര്‍, ക്രാക്കര്‍, സ്പാമര്‍, ഫിഷര്‍ എന്നൊക്കൊയുള്ള മാന്യമായ പേരുകളിലാണ് ഇവരറിയപ്പെടുന്നതെന്ന വ്യത്യാസമുണ്ട്. അതേതായാലും വീട്ടിലും ഓഫീസിലുമൊക്കെ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ മടിച്ചുനില്‍ക്കേണ്ട, സാധ്യമായ എല്ലാ ആയുധങ്ങളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ നെറ്റില്‍ കയറാവൂ എന്നാണ് കോര്‍ക്കറസിന്റെ ഉപദേശം. നഖം, പല്ല്, കറിക്കത്തി, പേനക്കത്തി, നൈല്‍ കട്ടര്‍, മഴു, കമ്പിപ്പാര, ആന്റിവൈറസ് എന്നിങ്ങനെ ശരീരത്തിലും വീട്ടിലും ലഭ്യമാകുന്ന ആയുധങ്ങള്‍ക്ക് പുറമെ തോക്ക്, പീരങ്കി, മിസൈല്‍ തുടങ്ങിയ അത്യാധിനിക ആയുധങ്ങളും സാധ്യമാണെങ്കില്‍ കരുതി വെക്കാം. ജാഗ്രത പാലിച്ചില്ലെങ്കില്‍ ധനനഷ്ടം, മാനഹാനി, തടവുശിക്ഷ എന്നിവയൊക്കൊയാവും ഫലം. കുറ്റം ചെയ്തത് ഹാക്കറാണെങ്കിലും പിടികൂടപ്പെടുന്നത് ചിലപ്പോഴെങ്കിലും നിങ്ങളായിരിക്കുമെന്നതും പ്രത്യേകം ഓര്‍മ്മ വേണം.

നെറ്റിലെ നാല്‍ക്കവലകളിലെത്തിയാല്‍ നാല് ഭാഗത്തേക്കും ജാഗ്രതവേണം. ശത്രു ഏത് ഭാഗത്തുനിന്നും നിങ്ങളെ അക്രമിച്ചേക്കാം. നാല്‍ക്കവലയാവണമെന്നില്ല, ചെറിയൊരു ഇടുങ്ങിയ സുരക്ഷാവിടവ് മാത്രം കിട്ടിയാലും മതി ഹാക്കര്‍മാരും ട്രോജനുമൊക്കെ ആ വിടവിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടും. നിങ്ങള്‍ ഇ^മെയില്‍ ഉപയോക്താവാണെങ്കില്‍ ശല്യക്കാരായ സ്പാമുകള്‍ എപ്പോഴും തലവേദനയായിരിക്കും. നൈജീരിയന്‍ തട്ടിപ്പ് മുതല്‍ വയാഗ്ര പരസ്യം വരെ ഇക്കൂട്ടത്തിലുണ്ടാവും. ഇ^മെയില്‍ മുഖേനയുള്ള ഓഫറുകളും പ്രലോഭനങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മെയിലുകളില്‍ 97 ശതമാനവും ഈ ഇനത്തിലുള്ളവയാണത്രെ. ഇത്തരം മെയിലുകള്‍ തെരഞ്ഞെടുത്ത് ഡീലീറ്റ് ചെയ്യാന്‍ നെറ്റ് ഉപയോക്താവ് എത്രമാത്രം സമയം ചിലവഴിക്കണമെന്നോര്‍ത്തു നോക്കൂ.

നിങ്ങളുടെ കമ്പ്യൂട്ടര്‍ എപ്പോഴെങ്കിലും അക്രമിക്കപ്പെടുകയാണെങ്കില്‍ പിന്നെ ആ കമ്പ്യൂട്ടര്‍ തന്നെ നിങ്ങള്‍ക്കെതിരെ ചാരപ്പണി നടത്തുന്ന വഞ്ചകനും ഒറ്റുകാരനുമാകുമെന്നാണ് ഏറെ ഖേദകരം. നിങ്ങളെ കബളിപ്പിക്കാനുള്ള വഴിയൊരുക്കുന്നതും നിങ്ങളുടെ കമ്പ്യൂട്ടര്‍ തന്നെ. അങ്ങനെ നിങ്ങള്‍ കാശ് കൊടുത്തുവാങ്ങിയ ഈ ഉപകരണം പിന്നീട് നിങ്ങളുടെത്തന്നെ ശത്രുവായിത്തീരുന്ന ദുരവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പാസ്വേര്‍ഡുകളും ക്രഡിറ്റ് കാര്‍ഡ് നമ്പറുകളുമുള്‍പ്പെടെ വിലപ്പെട്ട വിവരങ്ങളൊക്കെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ശത്രുവിന് ചോര്‍ത്തിക്കൊടുക്കുന്നു. ഈ വിവരങ്ങളൊക്കെ എവിടെ, ആരുടെ വശം എത്തിച്ചേരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല. നിങ്ങള്‍ക്കെതിരെ ഇത് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുമെന്നും അതിന്റെ ഭവിഷ്യത്ത് ഏതറ്റം വരെ പോകുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. ലണ്ടണില്‍ ഇത്തരമൊരു ഗൂഢ നീക്കത്തെ പിന്തുടര്‍ന്ന് അന്വേഷണമാരംഭിച്ച സൈബര്‍ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയ ഒരു 'അധോലോക' വെബ്സൈറ്റില്‍ നിന്ന് പിടികൂടിയത് ഒന്നര ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളില്‍ നിന്ന് മോഷ്ടിച്ച രഹസ്യ വിവരങ്ങളായിരുന്നുവത്രെ. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരുക്കുന്നത് ഉക്രൈനിലാണ്. സൈബര്‍ ലോകത്തും അധോലോകം ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

നിങ്ങളുടെ കമ്പ്യൂട്ടര്‍ സൈബര്‍ ആക്രമണത്തിന് വിധേയമായോ എന്ന് ചില ബാഹ്യ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മോണിറ്റര്‍ ഇടക്ക് സ്വയം ഓഫാകുന്നു, സ്വയം ഓണാകുന്നു. ഇതൊരു പ്രധാന ലക്ഷണമാണ്. ഡെസ്ക്ക് ടോപില്‍ പുതിയ ഫയലുകള്‍ പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ നിലവിലെ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇത് മറ്റൊരു ലക്ഷണം. നിങ്ങളാവശ്യപ്പെടാതെത്തന്നെ ചില ഇന്റര്‍നെറ്റ് സൈറ്റുകള്‍ തുറന്നുവരുന്നു, ബ്രൌസര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചുപോകുന്നു, കമ്പ്യൂട്ടര്‍ പതിവിലേറെ മന്ദഗതിയിലാവുന്നു തുടങ്ങിയവയും സൈബര്‍ ആക്രമണം നടക്കുന്നവെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളാണ്. കമ്പ്യൂട്ടറില്‍ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടോ എന്നറിയാന്‍ Start മെനുവില്‍ നിന്ന് Rum കമാന്റ് സെലക്ട് ചെയ്തു system.ini ടൈപ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ അഞ്ചാമത്തെ വരിയില്‍ exe=user എന്ന് രേഖപ്പെടുത്തിയിരിക്കുന്നുവെങ്കില്‍ ഉറപ്പിക്കുക നിങ്ങളുടെ കമ്പ്യൂട്ടര്‍ ആക്രമണത്തിന് വിധേയമായിരിക്കുന്നുവെന്ന്. ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ തല്‍ക്കാലം നിങ്ങള്‍ക്ക് ആശ്വസിക്കുകയും ചെയ്യാാം.

വൈറസിന് പുറമെ സ്പൈ വെയറുകളും മാല്‍വെയറുകളും മറ്റും കണ്ടെത്തി നശിപ്പിക്കുന്നതിന് സൌജന്യമായിത്തന്നെ ലഭിക്കുന്ന ഒട്ടേറെ സോഫ്റ്റ്വെയറുകളുണ്ട്. ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമാക്കേണ്ടിയിരിക്കുന്നു. ഒന്നില്‍ പരിമിതപ്പെടുത്തണമെന്നില്ല. സമയവും സൌകര്യമനുസരിച്ച് ഇത്തരത്തിലെ ഒന്നിലധികം പ്രോഗ്രാമുകളും ആവാം. ചികില്‍സയെക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കലാണല്ലോ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ഇതുതന്നെയാണ് നല്ലത്. നിങ്ങള്‍ അല്‍പമൊന്ന് ശ്രദ്ധ ചെലുത്തിയാല്‍ ക്ഷുദ്ര പ്രോഗ്രാമുകളുടെ ശല്യത്തില്‍ നിന്നും ഹാക്കര്‍മാരുടെ കടന്നു കേറ്റത്തില്‍ നിന്നും കമ്പ്യൂട്ടറിനെ സുരക്ഷിതമാക്കാം.

ഇതൊക്കെയാണെങ്കിലും നെറ്റ് ഉപയോഗത്തില്‍ ഏതാനും ചില ചിട്ടകള്‍ കുടി നാം പാലിക്കേണ്ടതുണ്ട്. മെയില്‍ ചെക്ക് ചെയ്യാനും ബാങ്ക് അക്കൌണ്ടുകളിലേക്ക് കടക്കാനും മറ്റും കഴിയുന്നതും കഫേയിലെയും മറ്റു പൊതു സ്ഥലങ്ങളിലുമുള്ള കമ്പ്യൂട്ടറുപയോഗിക്കാതിരിക്കുക. അഥവാ നിര്‍ബന്ധ സാഹചര്യത്തില്‍ അങ്ങനെ ഉപയോഗിക്കേണ്ടി വന്നാല്‍ നിങ്ങള്‍ നല്‍കിയ പാസ്വേര്‍ഡുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്ന എന്ന് ഉറപ്പുവരുത്താനായി ബ്രൌസര്‍ പ്രോഗ്രാമിലെ Tools മെനുവിലെ Internet Options എടുക്കുക. തുടര്‍ന്ന് Content, Auto Complete, Clear Forms, Clear Passwords എന്നീ ക്രമത്തില്‍ പാസ്വേര്‍ഡുകള്‍ മായ്ച്ചുകളയുക. ഇത് ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ രീതി. മിക്ക ബ്രൌസറുകളിലും ഇതിന് സമാനമായ രീതികളുണ്ട്. സ്വന്തം കമ്പ്യൂട്ടറാണെങ്കില്‍ തന്നെ പ്രധാന ഫയലുകളെല്ലാം പാസ്വേര്‍ഡ് നല്‍കി സുരക്ഷിതമാക്കുക. ബാങ്ക് അക്കൌണ്ട്, ക്രഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍, നിങ്ങളുടെ ഫോട്ടോ എന്നിവയൊക്കെ ഈ രീതിയില്‍ സൂക്ഷിക്കേണ്ടതാണ്.

അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇ^മെയിലുകളിലെ അറ്റാച്ച്മെന്റ് ഫയലുകള്‍ ഒരു കാരണവശാലും തുറക്കരുത്. പ്രത്യേകിച്ച് exe, jpg തുടങ്ങിയ എക്സ്റ്റന്‍ഷനാണെങ്കിലും അവയില്‍ വൈറസുകളോ മറ്റു ക്ഷുദ്ര പ്രോഗ്രാമുകളോ ഉള്‍ക്കൊണ്ടിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അറ്റാച്ച്മെന്റായി ലഭിക്കുന്ന പി.ഡി.എഫ് ഫോര്‍മാറ്റ് താരതമ്യേന സുരക്ഷിതമാണെന്നായിരുന്നു ധാരണ. ഇതും ഇപ്പോള്‍ വൈറസ് വാഹകനാണെന്ന് കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് വന്‍ തുകക്കുള്ള ലോട്ടറിയടിച്ചരിക്കുന്നു, അതല്ലെങ്കില്‍ വലിയൊരു തുകക്കുള്ള സമ്മാനത്തിന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് തുടങ്ങിയുള്ള നൈജീരിയന്‍ ശൈലിയിലെ ഇ^മെയിലുകള്‍ക്ക് ഒരിക്കലും പ്രതികരണമയക്കരുത്. അശ്ലീലമെന്ന് സംശയിക്കുന്ന വെബ് സൈറ്റുകളോ ഇ^മെയിലുകളോ ഒരിക്കലും തുറക്കരുത്. ഇത്തരം സൈറ്റുകളില്‍ നിന്ന് പതിവായി എത്തുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യണം. ഇതിന്നായി Porn filter, Spam fighter, Mail washer തുടങ്ങിയ നിവരധി പ്രോഗ്രാമുകള്‍ നെറ്റിലുണ്ട്. ഇതില്‍ ചിലത് സൌജന്യമാണ്. മറ്റുചിലത് കാശ് മുടക്കിയാലേ ലഭിക്കൂ.

കമ്പ്യൂട്ടറിലും നെറ്റിലുമുള്ള നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക. ശത്രു പ്രത്യക്ഷപ്പെട്ടേക്കാവുന്ന രീതികളും അറിയുക. ശത്രുവിനെ തുരത്താനുള്ള ഒന്നാമത്തെ മാര്‍ഗം ആന്റി വൈറസ് പ്രോഗ്രാം തന്നെ. അതെപ്പോഴും സജീവമാക്കുക. ഇടക്ക് കമ്പ്യൂട്ടര്‍ സമ്പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് ശുദ്ധിവരുത്തുക. സാധിക്കുമെങ്കില്‍ ഫയര്‍വാള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്തു പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുക.

മറ്റൊരു സുരക്ഷാ പ്രശ്നം കൂടി അവശേഷിക്കുന്നു. നിങ്ങള്‍ പുലര്‍ത്തിപ്പോരുന്ന അശ്രദ്ധയും അലംഭാവവുമാണത്. അശ്രദ്ധ നിങ്ങള്‍ക്ക് തന്നെ കെണിയാകുന്ന സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായിരിക്കയാണല്ലോ. അപേക്ഷകളയക്കാനും പരീക്ഷാ ഫലമറിയാനും മറ്റുമൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റ് അനിവാര്യമായിരിക്കുന്നു. അതനുസരിച്ച് കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇന്റര്‍നെറ്റിലൂടെ അബദ്ധത്തില്‍ സംഭവിക്കാനിടയുള്ള തെറ്റുകള്‍ക്ക് പോലും ചിലപ്പോള്‍ നിങ്ങള്‍ ഉത്തരവാദിയായേക്കാം. ഇന്റര്‍നെറ്റിലൂടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും കൈമാറ്റം ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നമ്മുടെ നാട്ടില്‍. ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെയാകും. ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ തമാശക്കുവേണ്ടിയോ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയോ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഐ.ടി ആക്ട് പ്രകാരം രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാനിടയാക്കുന്ന കുറ്റകൃത്യമാണെന്നോര്‍ക്കുക.

ചുരുക്കത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് നിര്‍ദ്ദേശിക്കാനുള്ളതിതാണ്. നെറ്റിലെ കെണികളിലും ചതിക്കുഴികളിലും അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. സാധ്യമായ സുരക്ഷാ സംവിധാനങ്ങളുപയോഗിക്കുക. ഇന്റര്‍നെറ്റ് പ്രയോജനകരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അതൊരിക്കലും ദുരുപുയാഗപ്പെടുത്തരുത്. വ്യക്തികളെ തേജോവധം ചെയ്യാനോ ഭീഷണിപ്പെടുത്താനോ സാമ്പത്തികമായ തട്ടിപ്പുകള്‍ നടത്താനോ അശ്ലീലത പ്രചരിപ്പിക്കാനോ അതൊരിക്കലും ഉപയോഗിക്കരുത്.
==============