Saturday, May 31, 2008

കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും

സര്‍ക്കാര്‍ വക കോളേജിലെ അധ്യാപന സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റി സ്വസ്ഥമായി വീട്ടില്‍ വിശ്രമിച്ചു വരുന്നതിനിടയിലാണ് നമ്മുടെ പ്രൊഫസര്‍ മേനോന്‍ സാറിന് ഒരു കമ്പ്യൂട്ടര്‍ വാങ്ങണമെന്ന മോഹമുദിക്കുന്നത്. വെറുതെ വീട്ടിലിരിക്കുതിലര്‍ത്ഥമില്ലല്ലോ. മുഷിഞ്ഞ് പോകും. അപ്പോള്‍ പിന്നെ ഒരു നേരമ്പോക്കും എന്നാല്‍ ചില കാര്യങ്ങളൊക്കെ കാര്യമായിത്തന്നെ ചെയ്യാനും കഴിയുന്ന കമ്പ്യൂട്ടര്‍ തന്നെയാകട്ടെ എന്നാണ് മേനോര്‍ സാര്‍ ചിന്തിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരമകള്‍ക്ക് കമ്പ്യൂട്ടര്‍ പഠനവും സ്കൂളിലാരംഭിച്ചിരിക്കയാണല്ലോ. അവള്‍ക്കും ഇതൊരു കാര്യമായിരിക്കും. അങ്ങനെയാണ് അയല്‍വാസിയും കമ്പ്യൂട്ടറില്‍ ഏറെക്കുറെ പിടിപാടുണ്ട്െ മേനോര്‍ സാര്‍ വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറിസിനെ അദ്ദേഹം സമീപിക്കുന്നത്.

'മാഷേ, എനിക്കൊരു കമ്പ്യൂ'ര്‍ വാങ്ങണം. ഏത് കമ്പ്യൂട്ടറാണ് നല്ലതുെന്നം അതെവിടെയാണ് കിട്ടുകയെന്നും പറഞ്ഞു തരണം'. കേറി വന്ന് ആമുഖമാുെമില്ലാതെ മേനോന്‍ സാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ കോര്‍ക്കറസ് ആകെ ആശയക്കുഴപ്പത്തിലായി. കമ്പ്യൂട്ടര്‍ പെട്ടിയെസ്സംബന്ധിച്ച് കാര്യമായൊന്നും തലക്കകത്തില്ലാത്ത മേനോന്‍ സാറിന് അതിന്റെ പ്രോസസറും മദര്‍ബോഡും മെമ്മറിയും ഹാര്‍ഡ് ഡിസ്ക്കും മോണിറ്ററുമൊക്കെ വിശദമായി മനസ്സിലാക്കിക്കൊടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. എന്നിട്ടും മേനോന്‍ സാറിന് അതാുെം നല്ല ബോധ്യമായിട്ടിലെന്ന്ല് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങുന്നത് പോലെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ പറ്റില്ലെന്നും കമ്പ്യൂട്ടര്‍ ഘടകങ്ങള്‍ സംബന്ധിച്ച് ഏതാണ്ടൊരു ധാരണയുണ്ടാക്കിയ ശേഷം നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളതാണ് വാങ്ങേണ്ടതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ നാലഞ്ച് ദിവസങ്ങളിലെ ഇടവിട്ടുള്ള സന്ദള്‍ശനങ്ങള്‍ വേണ്ടി വന്നു.

നഗരത്തിലെ വലിയ ഷോറൂമുകളില്‍ പോയി അമിത വിലക്ക് കമ്പ്യൂട്ടര്‍ വാങ്ങേണ്ടതില്ലെന്നും തൊട്ടടുത്തുള്ള ചെറിയ പട്ടണത്തില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്യുന്ന എതാനും സ്ഥാപനങ്ങള്‍ കോര്‍ക്കറസിനറിയാമെന്നും താരതമ്യേന അവക്ക് വില കുറവായിരിക്കുമെന്നും മോനോന്‍ സാറിനെ അറിയിച്ചു. എവിടെ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങിയാലും പെട്ടിക്കകത്തുള്ള ഘടകങ്ങള്‍ മിക്കവാറും അമേരിക്കയിലെ ഒരേ കമ്പനിയുടേത് തന്നെയായിരിക്കുമെന്നും, നമ്മുടെ അടുത്ത് തന്നെയുള്ള വിശ്വസ്ഥരായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയാല്‍ വില്‍പനാനന്തര സേവനം എപ്പോഴും ലഭ്യമാക്കാമെന്ന നേട്ടവും കൂടിയുണ്ടെന്നും മേനോന്‍ സാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പിന്നെ കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങുകയായിരുന്നു.

അങ്ങനെയിരിക്കെ ആഴ്ചകള്‍ക്ക് ശേഷമാണ് വളരെ വിവശനായ നിലയില്‍ മേനോന്‍ സാറിനെ കണ്ടുമുട്ടുന്നത്. ഇനിയുള്ള ഭാഗങ്ങള്‍ മേനോന്‍ സാര്‍ പറഞ്ഞതിന്റെ ഏകദേശ രൂപം പകര്‍ത്തുകയാണ്.

കോര്‍ക്കറസിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മറികടന്ന് മോനോന്‍ സാര്‍, പത്രത്തിലെ പരസ്യത്തില്‍ ആകൃഷ്ടനായി നഗരത്തിലെ വലിയ ഷോറൂമില്‍ നിന്ന് തന്നെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ നഗരത്തിലേക്ക് ബസ്സ് കേറി ഷോറൂമിലെത്തി. കേറിച്ചെന്ന പാടെ പാന്റ്സും ടൈയുമണിഞ്ഞ സുന്ദരനായ ചെറുപ്പക്കാരന്‍ മേനോന്‍ സാറിനെ സ്വീകരിച്ചിരുത്തുകയും ആവശ്യമന്വേഷിക്കുകയും ചെയ്തു. പെട്ടെന്ന് യൂണിഫോം അണിഞ്ഞ പയ്യന്‍ ചായ കൊണ്ടുവന്നു ഭവ്യതയോടെ മോനോര്‍ സാറിന്റെ മുമ്പില്‍ വെച്ചു. ചായയുടെ മധുരത്തിലും ചെറുപ്പക്കാരന്‍ സെയില്‍സ്മാന്റെ വാക് ചാതുരിയിലും മേനോന്‍ സാര്‍ അലിഞ്ഞുപോയി. അതിസുന്ദരിയെന്ന് തോന്നിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ക്യാറ്റ്ലോഗ് നീട്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു. ഇതാ, സാറിന്റെ ആവശ്യങ്ങള്‍ക്ക് ഇത് മതിയാകും. പിന്നെ ആ കമ്പ്യൂട്ടറിന്റെ മേന്മയും അതിന്റെ വ്യത്യസ്ത പാര്‍ട്ടുകളുടെ ഗുണഗണങ്ങളും അതുപയോഗിക്കുന്ന മഹാന്‍മാരുടെ പേരുകളുമെല്ലാം അയാള്‍ മേനോന്‍ സാറിന് വിവരിച്ചു കൊടുത്തു. എല്ലാം കൂടി മേനോന്‍ സാറിന് വളരെ ഇഷ്ടമായി. താന്‍ അന്വേഷിക്കുന്ന കമ്പ്യൂട്ടര്‍ ഇത് തന്നെയാണെന്ന് അയാള്‍ തീരുമാനിക്കുകയും ചെയ്തു. സാറിന്റെ അഡ്രസ് തന്നാല്‍ മതി, കമ്പ്യൂട്ടര്‍ രണ്ട് ദിവസത്തിനകം വീട്ടിലെത്തുമെന്നും വില അപ്പോള്‍ ചെക്കായിട്ടോ ക്യാഷായിട്ടോ നല്‍കിയാല്‍ മതിയെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ച മേനോന്‍ സാര്‍ തന്റെ ഓഫീസ് മുറിയൊക്കെ സജ്ജമാക്കി കമ്പ്യൂട്ടറിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പായി. പറഞ്ഞതു പോലെത്തന്നെ രണ്ടാം ദിവസം കമ്പ്യൂട്ടര്‍ വീട്ടിലെത്തി. കൂടെ ടെക്നീഷ്യനുമുണ്ട്. അയാള്‍ എല്ലാം മുറപോലെ മേശപ്പുറത്ത് വെച്ച് പവര്‍ കണക്ഷനും കൊടുത്ത് പ്രവര്‍ത്തിപ്പിച്ചു ബില്‍ തുക പ്രകാരം നന്ദി പൂര്‍വം പണം കൈപറ്റി സ്ഥലം വിട്ടു.

ഒരാഴ്ച കമ്പ്യൂട്ടര്‍ പറത്തക്ക കുഴപ്പമൊന്നുമില്ലാതെ പ്രവര്‍ത്തിച്ചു. മേനോന്‍ സാറും പേരമകളും ഉല്‍സാഹത്തോടെത്തന്നെ കമ്പ്യൂട്ടറുമായി സല്ലപിക്കുകയായിരുന്നു. പിന്നെയാണ് കഥയാരംഭിക്കുത്. ഒരു ദിവസം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ മൌസ് പ്രവര്‍ത്തിക്കുന്നില്ല. ആകെ കുഴപ്പത്തിലായി. ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തതോടെ അത് ശരിയായി. എങ്കിലും ഇടക്കിടെ ഇതാവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നീടൊരു നാള്‍ കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ ശബ്ദം കേള്‍ക്കുന്നില്ല. അത് സാരമില്ലെന്ന് കരുതി. അടുത്ത ദിവസം കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ മോണിറ്ററില്‍ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് മേനോന്‍ സാറിന് ബോധ്യപ്പെട്ടു. അയാള്‍ തൊട്ടടുത്ത ഗ്രാമത്തിലെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ പോയി അവിടുത്തെ ഒരു ടെക്നീഷ്യനെ കൂട്ടിവന്നു. കമ്പ്യൂട്ടറിന്റെ പാര്‍ട്ടുകളും മൌസുള്‍പ്പെടെയുള്ള ഉപകരണങ്ങളുമെല്ലാം ഏറ്റവും താഴ്ന്ന ഇനമാണെന്നും ഇതുമായി ഏറെ മുന്നോട്ട് പോകാനാവില്ലെന്നും അയാള്‍ പറഞ്ഞതോടെ മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ വാങ്ങിയ ഷോറൂമുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടു. ഏറെ പ്രാവശ്യത്തെ സംസാരത്തിന് ശേഷം കമ്പ്യൂട്ടര്‍ ഷോറൂമിലെത്തിച്ചാല്‍ റിപ്പയര്‍ ചെയ്തു തരാമെന്നും ആവശ്യമാണെങ്കില്‍ പാര്‍ട്ടുകള്‍ മാറ്റി നല്‍കാമെന്നും അവര്‍ അറിയിച്ചു. അതനുസരിച്ച് മേനോന്‍ സാര്‍ നഗരത്തിലെത്തി. കമ്പ്യൂട്ടര്‍ പെട്ടിയുമായി ഷോറൂമിലെത്തിയ മേനോന്‍ സാറിനെ കണ്ടതോടെ നേരത്തെ പരിചയപ്പെട്ടിരുന്ന ചെറുപ്പക്കാരന്‍ സെയില്‍സ്മാന്‍ ഒട്ടും പരിചയമില്ലാത്ത രൂപത്തില്‍ അദ്ദേഹത്തെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പുതിയ ഇടപാടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നു. മേനോന്‍ സാര്‍ ഇടക്ക് കയറി തന്റെ പ്രശ്നം പറഞ്ഞു തുടങ്ങിയത് രസിക്കാതെ ചെറുപ്പക്കാരന്‍ പറഞ്ഞു. ഞാനിപ്പോള്‍ 'ബിസി'യാണ്. തൊട്ടടുത്ത വാതില്‍ കാണിച്ചു കൊടുത്ത് അയാള്‍ പറഞ്ഞു. ഞങ്ങളുടെ മെയിന്റനന്‍സ് വിഭാഗം അവിടെയാണ്. കമ്പ്യൂട്ടര്‍ അവിടെ കൊടുക്കുക. നിര്‍ദ്ദേശമനുസരിച്ച് മെയിന്റനന്‍സ് വിഭാഗത്തില്‍ കമ്പ്യൂട്ടറേല്‍പിച്ച് ഏറെ നേരം കാത്തിരുന്നു. അവസാനം ടെക്നീഷ്യന്‍ വന്ന് മേനോന്‍ സാറിനെ അതിരൂക്ഷമായി ഒരു നോട്ടം. പിന്നെ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും മോശപ്പെട്ട രീതിയില്‍ കമ്പ്യൂട്ടറുപയോഗിക്കുന്ന വ്യക്തി താങ്കളായിരിക്കുമെന്നും അതിനാല്‍ കുഴപ്പം കമ്പ്യൂട്ടറിനല്ല താങ്കള്‍ക്കാണെന്നുമായിരുന്നു അയാള്‍ പറഞ്ഞതിന്റെ ചുരുക്കം. ഏതായാലും കമ്പ്യൂട്ടറിന്റെ ഡിസ്പളേ കാര്‍ഡ് മാറ്റി വെച്ച ശേഷം അവജ്ഞയോടെ അയാര്‍ പറഞ്ഞു. ഇനിയെങ്കിലും കമ്പ്യൂട്ടര്‍ ശരിയായ രൂപത്തിലുപയോഗിക്കണം. അക്കാര്യം ശ്രദ്ധിക്കാമെന്ന് പറഞ്ഞു മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ പെട്ടിയുമെടുത്ത് യാത്രയായി.

വീട്ടിലെത്തി ഓരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നമാരംഭിച്ചു. മേനോന്‍ സാറിന്റെ കമ്പ്യൂട്ടര്‍ ഇപ്പോഴും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൂരം മാത്രമല്ല ഷോറൂമിലെ അനുഭവവുമോര്‍ത്ത് അങ്ങോട്ട് ഇനി പെട്ടി എഴുന്നള്ളിക്കാനും അയാള്‍ക്ക് മടി. താന്‍ ഇനി എന്ത് ചെയ്യണം? ഈ ചോദ്യമുന്നയിച്ചു കൊണ്ടാണ് മേനോന്‍ സാര്‍ ഇത്തവണ കോര്‍ക്കറസുമായുള്ള സംസാരമവസാനിപ്പിച്ചത്. ഈ അവസ്ഥയില്‍ മോനോന്‍ സാര്‍ ഇനി എന്ത് ചെയ്യും....? അയാള്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാനാവാതെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.

No comments:

Post a Comment