Friday, August 28, 2009

പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ആഗസ്റ്റ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നാം ജീവിക്കുന്ന ഈ ലോകത്ത് നമ്മുടെ അനുഭവങ്ങള്‍ മുഴുക്കെ വെറും തോന്നലുകളും സ്വപ്നവുമാണെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഇന്നത്തെ ശാസ്ത്രത്തിന് യാതൊരു തടസ്സവുമില്ലെന്നതാണ് സത്യം. പ്രത്യക്ഷത്തില്‍ കാണുന്ന ഈ ലോകവും അതിലെ സകല ചരാചരങ്ങളും ചലനങ്ങളുമെല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെ നമുക്കനുഭവപ്പെടുന്നു എന്നും പറയാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമെന്നാല്‍ അതൊരു സോഫ്റ്റ്വെയറാണല്ലോ. ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സ്പര്‍ശനാനുഭവമില്ലാത്തതാണ് സോഫ്റ്റ്വെയറെന്ന് നാം വിശേഷിപ്പിക്കാറുണ്ട്. അതായത് ഇവിടെ നമ്മുടെ അനുഭവങ്ങളൊക്കെ ഏതോ ഒരു കമ്പ്യൂട്ടറില്‍ നേരത്തെ പ്രോഗ്രാം ചെയ്തതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ ലോകമെന്ന് നാം മനസ്സിലാക്കുന്നത്, മനുഷ്യന്റെ മസ്തിഷ്ക്കം എന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രോസസ്സര്‍ സംവിധാനത്തിലൂടെ വേര്‍തിരച്ച് സംസ്ക്കരിച്ചെടുക്കുന്ന ധാരണകള്‍ മാത്രമാണ്. ഈ മസ്തിഷക്കത്തെ കബളിപ്പിക്കാന്‍ വളരെ എളുപ്പവുമാണത്രെ.

നിങ്ങള്‍ പ്രഭാതത്തില്‍ പത്രം വായിക്കുന്ന അനുഭവമൊന്ന് സങ്കല്‍പിക്കുക. കടലാസ് താളുകളില്‍ കറുത്ത മഷി പുരളുമ്പോള്‍ അത് വാര്‍ത്ത എന്ന നിലക്ക് നിങ്ങള്‍ക്ക് വായിക്കാനാവുന്നു. ഈ സമയത്ത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ദിനപത്രവും നിങ്ങളിരിക്കുന്ന കസേരയുമെല്ലാം യാഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം പോലും സംശയിക്കുന്നില്ല. എന്നാല്‍ അത് അങ്ങനെത്തന്നെയാണോ?

വിഷയം അതിവിചിത്രമെന്ന് തോന്നിയേക്കാം. അതല്ലെങ്കില്‍ ഇതൊരു 'കോര്‍ക്കറസിയന്‍' ചിന്ത എന്ന് നിങ്ങള്‍ വിധി എഴുതിയേക്കാം. അതേതായാലും നമ്മുടെ ഭൌതിക ജഡമുള്‍പ്പെടെയുള്ള ഈ ലോകം മുഴുക്കെ ആറ്റം കൊണ്ടും ബിറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. നമ്മെ വലയം ചെയ്തിരിക്കുന്ന ഈ ആറ്റവും ബിറ്റുകളും യഥാര്‍ഥത്തില്‍ തന്നെ ഉള്ളതാണോ? അതോ അവ സാങ്കേതികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു ഇലക്ട്രോ തരംഗങ്ങളുടെ ആകത്തുകയാണോ? 'മായ' പോലുള്ള ചില സോഫ്റ്റ്വെയറുകളുപയോഗിച്ച് നാം കമ്പ്യൂട്ടറില്‍ ത്രിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കാറുണ്ടല്ലോ. സോഫ്റ്റ്വെയറിന്റെ പേര് പോലെത്തന്നെ ഇതും ഒരു 'മായ' തന്നെ. ഇത്തരം കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ വസ്തുക്കളുടെ യഥാര്‍ഥ അനുഭൂതിയും അനുഭവവും പകരുന്നുവെന്നതില്‍ സംശയമില്ല. ഇനി ഈ ഭൂമി തന്നെ വലിയൊരു മോണിറ്ററായി സങ്കല്‍പിക്കുക. 'മായ'യെക്കാള്‍ അത്യുഗ്രമായ ഒരു സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിക്കുന്നു എന്നും സങ്കല്‍പിക്കുക. ആകാശത്തോളം വിശാലതയുള്ളതാണ് അതിന്റെ മോണിറ്റര്‍. ഇവിടെ എല്ലാം ത്രിമാന രൂപങ്ങള്‍, ചിത്രങ്ങള്‍. എല്ലാം ഒരു കമ്പ്യൂട്ടറില്‍ അതി സൂക്ഷ്മമായി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍.

കമ്പ്യൂട്ടര്‍ രംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ അരങ്ങേറുന്ന മേഖലയാണല്ലോ വെര്‍ച്ച്വല്‍ റിയാലിറ്റി. സാങ്കല്‍പിക യാഥാര്‍ഥ്യമെന്ന് ഇതിന്റെ മലയാളം ഭാഷ്യം. യഥാര്‍ഥത്തില്‍ മനുഷ്യകുലം തന്നെ തങ്ങളറിയാതെ ഇത്തരത്തിലെ കൂറെ സങ്കല്‍പങ്ങളിലല്ലേ ജീവിക്കുന്നത്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍... എല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അതി സമര്‍ഥമായ പ്രവര്‍ത്തനം. ഈ പ്രോഗ്രാമിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ മനുഷ്യന് മാത്രമേ സാധ്യമാകൂ എന്നതും അതഭുതം തന്നെ. ഇങ്ങനെയൊക്കെ നമുക്ക് ഒന്നാലോചിച്ചു കൂടേ. അതിനെന്താണ് തടസ്സം.

പ്രശസ്ത അമേരിക്കന്‍ തത്ത്വചിന്തകനായ ഹിലരി പുട്നാമിന്റെ (Hilary Putnam) അഭിപ്രായത്തില്‍ ഇവിടെ നാം യാഥാര്‍ഥ്യമെന്ന് മനസ്സിലാക്കുന്നത് മുഴുവന്‍ നമ്മുടെ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം മാത്രമാണ്. ഈ മസ്തിഷ്ക്കമാകട്ടെ വലിയൊരു സൂപ്പര്‍ കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കയാണ്. നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ മുഴുക്കെ ഈ സിസ്റ്റത്തിലേക്കയക്കപ്പെടുകയും അത് പ്രോസസ്സ് ചെയ്തു വീണ്ടും നമ്മുടെ മസ്തിഷ്ക്കത്തിലെത്തിച്ചേരുകയും ചെയ്യുന്നു. നാം ജീവിക്കുന്ന ഈ ലോകം തന്നെ അതിവിദഗ്മായ ഒരു കമ്പ്യുട്ടര്‍ സംവിധാനത്തിന്റെ ഭാഗമാണ്. നമ്മുടെ എല്ലാ ചലനങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് പകര്‍ത്തപ്പെടുന്നു. സംഗതി അസംഭവ്യമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇതുപോലുള്ള പരിപൂര്‍ണ്ണമായ ഒരു ഡിജിറ്റല്‍ ലോകം നിങ്ങള്‍ക്കും സൃഷ്ടിക്കാനായാലോ. അവിടെ എല്ലാമെല്ലാം നിയന്ത്രിക്കുന്നത് നിങ്ങളായിരിക്കും. അതല്ലെങ്കില്‍ നിങ്ങള്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറായിരിക്കും.

കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സ്വീഡീഷ് തത്ത്വചിന്തകനുമായ നിക് ബോസ്ട്രോം (Nick Bostrom) പറയുന്നതും ഇത് തന്നെയാണ്. അതായത് നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു ശക്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാകാന്‍ സാധ്യയുണ്ടത്രെ. ഈ പ്രൊഫസര്‍മാര്‍ക്കെല്ലാം എന്തുപറ്റി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. വരട്ടെ. അതിലേറെ അത്ഭുതകരമെന്ന് തോന്നുന്ന കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്. അതായത് കമ്പ്യൂട്ടര്‍ രംഗത്തെ ഇന്നത്തെ പുരോഗതിയും കുതിപ്പും ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ എത്തിപ്പെടുന്ന നാഗരികതയെക്കുറിച്ച് അത്യപൂര്‍വമായ ചില നിഗമനങ്ങളിലാണ് അദ്ദേഹമെത്തിച്ചേരുന്നത്. ഇതുപോലുള്ള ശക്തമായ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് സിമുലേഷനിലൂടെ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രപഞ്ച സംവിധാനമുണ്ടാക്കാന്‍ നമുക്കും കഴിയുമത്രെ. ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇത് അല്‍പം കടന്ന ചിന്തയും നിഗമനവുമാണെന്ന് നമുക്ക് തോന്നിയേക്കാം. അതേതായാലും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ നാം മാനിക്കേണ്ടതുണ്ടല്ലോ.

ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ ബാറോയും ഇതേ അഭിപ്രായക്കാരനാണ്. നേരത്തെ ജീവിച്ച ഏതോ സമൂഹം അതിവിദഗ്ദമായി പ്രോഗ്രാം ചെയ്ത ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ നിയന്ത്രണത്തിലാണ് നമ്മളുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഈ സോഫ്റ്റവെയറാകട്ടെ അത്യന്തം സൂക്ഷ്മവും 'ബഗ്ഗു'കളില്‍ നിന്ന് മുക്തവുമാണത്രെ. അഥവാ ഏതെങ്കിലും ബഗ്ഗ് കണ്ടെത്തിയിരുന്നെങ്കില്‍ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന നിര്‍മ്മിതമായ ഭുലോകമെന്ന വെര്‍ച്ച്വല്‍ റിയാലിറ്റിയെസ്സംബന്ധിച്ച് നമുക്ക് ബോധ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണമായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന രൂപപ്പെട്ട നമ്മുടെ ആകാശത്തിന്റെ ഏതാനും ഭാഗങ്ങള്‍ സോഫ്റ്റ്വെയറിലെ ബഗ്ഗുകള്‍ കാരണമായി നക്ഷത്രങ്ങളും മറ്റും ഇല്ലാതായി കറുത്തിരുണ്ട രൂപത്തില്‍ കണ്ടിരുന്നെങ്കില്‍, ഇതൊരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാം തന്നെയാണെന്ന് നമുക്ക് ബോധ്യമാകുമായിരുന്നേനേ. അതായത് കമ്പ്യൂട്ടര്‍ ഭാഷയില്‍ അവിടെ സോഫ്റ്റ്വെയര്‍ 'ക്രാഷ്' ആയിരിക്കുന്നുവെന്ന് നമുക്ക് പറയാമെന്നര്‍ഥം.

ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ നിലവിലെ വ്യവസ്ഥക്ക് കാരണമായി കുറേ സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളതെന്ന് ജോണ്‍ ബാറോ അഭിപ്രായപ്പെടുന്നു. നമുക്ക് മുമ്പ് നാഗരികതയുടെ ഉത്തുംഗതയിലെത്തിയ ഒരു സമൂഹം അതിവിദഗ്മായി രൂപകല്‍പന ചെയ്ത ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പ്രപഞ്ചമെന്നത് തന്നെയാണ് ഒന്നാമത്തെ സാധ്യത. അത്യന്തം ആസൂത്രിമായ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷ ലോകത്തെ യാഥാര്‍ഥ്യവുമായി പരമാവധി അടുപ്പിക്കുന്നു. ഇതിനുപയോഗിച്ച സോഫ്റ്റ്വെയറാകട്ടെ അതി സൂക്ഷ്മവും ബഗ്ഗുകളില്‍ നിന്ന് മുക്തവുമാണ്. ഈ രീതിയില്‍ സിമുലേഷന്‍ സാധ്യമാണെങ്കില്‍ തത്ത്വചിന്തകന്‍മാരും മറ്റും പറയുന്നതുപോലെ ഈ പ്രപഞ്ചം സമ്പൂര്‍ണ്ണമെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല. മറിച്ചു നമ്മുടെ അറിവിലുള്ള ന്യൂനതകള്‍ മുഖേനയാണത്രെ നാം അങ്ങനെ മനസ്സിലാക്കുന്നത്. അതായത് നമ്മുടെ അറിവ് ഒട്ടേറെ തെറ്റുകളും വിടവുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിനുള്ള പരിഹാരമെന്ന നിലക്ക് പ്രപഞ്ചമെന്ന ഈ സിസ്റ്റത്തിന്റെ പ്രോഗ്രാമിംഗില്‍ നമ്മുടെ മുന്‍ഗാമികള്‍ (മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ളവര്‍) നിരന്തരം അപ്ഡേറ്റുകള്‍ നടത്തിവരുന്നുണ്ടത്രെ. ഇതിനെ നാം പരിണാമം, പുരോഗതി എന്നൊക്കെ പറയുന്നു. പ്രോഗ്രാം പോലെത്തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റവും പലപ്പോഴും കേടുപാടുകള്‍ക്ക് വിധേയമാകുന്നുണ്ട്. ചിലപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ചില ഭാഗങ്ങളിലെ സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം ഇത്തരം പാകപ്പിഴവുകളും കേടുപാടുകളും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമവും അരങ്ങേറുന്നു. ഇനി സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാകുന്നുവെന്ന് സങ്കല്‍പിക്കുക. അതോടെ ഭൂമിയുടെ നിലനില്‍പ് അസാധ്യമായിത്തീരുകയും ചെയ്യും. അതല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികളായ ഈ കമ്പ്യുട്ടര്‍ വിദഗ്ധര്‍ തങ്ങളുടെ സിസ്റ്റത്തില്‍ 'ഫോര്‍മാറ്റ്' എന്ന ഒരു കമാന്റ് കൊടുക്കുകയാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരുമെന്ന് ഒന്നോര്‍ത്തു നോക്കൂ. അതിഭീകരം തന്നെയായിരിക്കും, അല്ലേ?

എക്സ്്റ്റന്‍ഷന്‍

കമ്പ്യൂട്ടറിന്റെ നിലവിലെ കോപ്പി, പേസ്റ്റ് സംവിധാനം മനുഷ്യശരീരവുമായി ബന്ധിപ്പിക്കുന്നതോടെ തലച്ചോറിലെ വിവരങ്ങള്‍ മുഴുക്കെ സി.ഡി, ഡി.വി.ഡി പോലുള്ള ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണത്തിലേക്ക് ബാക്കപ് ചെയ്യാനാവും. ഇതില്‍ മനുഷ്യന്റെ കുട്ടിക്കാലം മുതല്‍ക്കുള്ള ഓര്‍മ്മകള്‍ മാത്രമല്ല, ചിന്തകളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം ഉള്‍പ്പെടും. ഇതിന് നിലവിലെ മെമ്മറി സംവിധാനം മതിയാവില്ല. ഡിസ്ക്ക് സ്പെയ്സ് യോട്ടാ ബയ്റ്റ് (YB) കണക്കിന് വേണ്ടി വരുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 10^ന് ശേഷം 24 പൂജ്യം നല്‍കിയാല്‍ ലഭിക്കുന്ന സംഖ്യയാണ് യോട്ടാ. ജീവശാസ്ത്ര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇത്രയും വലിയ ഡിസ്ക്ക് സ്പെയ്സ് ഉപയോഗിക്കേണ്ടി വരുന്നതത്രെ. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ രൂപം നല്‍കി വരുന്ന Mind Upload എന്ന പ്രൊജക്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
=====

Saturday, August 22, 2009

നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഒക്ടോബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നിങ്ങള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണോ? എങ്കില്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഈ മേഖലയുണ്ടായ മാറ്റങ്ങളും പുരോഗതികളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും നേതൃത്വം നല്‍കിയതും ഏതാനും ചെറുപ്പക്കാരാണെന്നതാണ് അതിലേറെ വിസ്മയാമഹം. ഇവരില്‍ ഏതാനും പേരെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇവിടെ പരിചയപ്പെടുത്തുകയാണ്. നമ്മുടെ ചെറുപ്പാക്കാര്‍ക്ക് തീര്‍ച്ചയായും ഇവരും ഇവരുടെ സംരംഭങ്ങളും മാതൃകയാക്കാവുന്നതാണ്. പുതുയുഗത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളെന്ന് ഇവരെ വിശേഷിപ്പിക്കാം. ദൈവം തങ്ങള്‍ക്ക് കനിഞ്ഞരുളിയ ബുദ്ധി ശരിയായ രീതിയിലുപയോഗിച്ചു എന്നതാണ് ഇവരെ ഇങ്ങനെയൊരു വിശേഷണത്തിനര്‍ഹരാക്കുന്നത്. നീര്‍ഘവീക്ഷണം, ഭാവിയെക്കുറിച്ചുള്ള തികഞ്ഞ കാഴ്ചപ്പാട്, ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്ക് തുണയായി. ഇവരുടെ സേവനവും അദ്ധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റിന് ഇന്നത്തെ രീതിയിലെ ജനകീയത ലഭിക്കുമായിരുന്നില്ല.

ഇവരില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നത് ഗൂഗിളിന്റെ സ്ഥാപകരായ ആ രണ്ട് ചെറുപ്പക്കാര്‍ തന്നെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ഇന്റര്‍നെറ്റ് അടക്കി വാഴുന്ന തരത്തില്‍ ഒട്ടേറെ സേവനങ്ങള്‍ ഗുഗിള്‍ കാഴ്ചവെക്കുന്നു. ഇന്റര്‍നെറ്റെന്നാല്‍ ഗൂഗിളെന്നാണ് ഇപ്പോള്‍ മിക്കവരുടെയും ധാരണ. ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ രണ്ട് യുവാക്കളാണ് ഈ സംരംഭത്തിന്റെ ഉടമകള്‍. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജകയകരമായ സ്ഥാപനമെന്ന വിശേഷണവും ഗൂഗിളിന് സ്വന്തം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ഇവര്‍ തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഇന്റര്‍നെറ്റ് ലോകം സാക്ഷിയാണ്. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറാണത്രെ.

വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തിന് അടിത്തറയിട്ട ടിം ബര്‍ണേഴ്സ് ലീയാണ് മറ്റൊരാള്‍. ഇന്റര്‍നെറ്റ് അമേരിക്കക്ക് സ്വന്തമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ലീ എന്ന ഈ ബ്രിട്ടീഷ്കാരനില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഈ രൂപത്തില്‍ നിലവില്‍ വരില്ലായിരുന്നു. മസാച്ചുസെറ്റ്സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഇന്റര്‍നെറ്റ് സേവന മേഖലയിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി W3C എന്ന കണ്‍സോര്‍ഷ്യത്തിന് തുടക്കമിട്ടതും ഇദ്ദേഹം തന്നെ. അതേതായാലും ഇന്റര്‍നെറ്റ് ലോകത്ത് ബ്രിട്ടന് തലയെടുപ്പോടെ നിലകൊള്ളാന്‍ ഈ ഒരൊറ്റ വ്യക്തി കൈവരിച്ച നേട്ടം തന്നെ ധാരാളമാണ്.

ആഗോളതലത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപക്ഷെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റിന്റെ സ്ഥാപകന്‍ ഇരുപത്തിനാല് കാരനായ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (Mark Zuckerberg) ആയിരിക്കാനാണ് സാധ്യത. ഈ നൂറ്റാണ്ടിലെത്തന്നെ ചെറുപ്പക്കാരുടെ ഹരമെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സന്തതിയായ ഇദ്ദേഹമാണ് ലോകത്തിലെത്തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോടീശ്വരനും. യൂണിവേഴ്സിറ്റിയിലെ തന്റെ ഇടുങ്ങിയ മുറിയില്‍ 2004-ല്‍ തുടങ്ങിയ 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റ് ക്രമേണ ബോസ്റ്റണിലേക്കും അവിടെ നിന്ന് ലേകത്തെങ്ങുമായി വ്യാപിക്കുകയായിരുന്നു.

നാപ്സ്റ്റ്ര്‍ എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഷാവ്ന്‍ ഫാനിംഗാണ് ഇനിയൊരാള്‍. സംഗീത ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനമായിട്ടാണ് ഇതാരംഭിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ പത്തൊമ്പതാം വയസ്സിലാണ് ഈ യുവാവ് തന്റെ സൈറ്റിന് അടിത്തറയിട്ടത്. സംഗീത ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്റനെറ്റില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച വെബ്സൈറ്റിന്റെ സ്ഥാപകനെന്ന നിലയില്‍ ഇദ്ദേഹം ലോകത്തെങ്ങുമുള്ള യുവതയുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്നു. 2006^ല്‍ ഇദ്ദേഹം 'വാര്‍ക്രാഫ്റ്റ്' ഇന്റര്‍നെറ്റ് ഗെയിം കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന Repture എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനും തുടക്കമിട്ടു.

ടെലിവിഷന്‍ പരിപാടികളുടെ അവതാരകരുടെ മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും പ്രത്യേക ആദരവ് പിടിച്ചുപറ്റിയ ചെറുപ്പക്കാരനാണ് കെവിന്‍ റോസ്. ഇദ്ദേഹത്തിന്റെ ടി.വി. പരിപാടികളുടെ ശേഖരമായ digg.com ഈ ഇനത്തിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റാണ്. സൈറ്റിന്റെ ജനപ്രീതി നല്‍കുന്ന തിരക്കുകള്‍ക്കിടയില്‍ തന്നെ Pownce, Revision 3 തുടങ്ങിയ സംരംഭങ്ങളിലും ഇദ്ദേഹം ഭാഗഭാക്കാണ്. 2004^ല്‍ മണിക്കൂറിന് 12 ഡോളര്‍ എന്ന നിരക്കില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച Digg ഇന്ന് ലോക തലത്തില്‍ തന്നെ അഭിപ്രായ സര്‍വേക്കും വോട്ടെടുപ്പിനും പ്രസിദ്ധമാണ്.

ബ്ലോഗുകള്‍ ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. ആശയ വിനിമയ രംഗത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ലോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റ് മുലന്‍വേഗ് എന്ന ചെറുപ്പക്കാരന്‍ wordpress എന്ന വെബ്സൈറ്റിലൂടെ ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംവിധാനം നമുക്ക് ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. പത്തൊമ്പതാം വയസ്സിലാണ് ഇദ്ദേഹം ഇങ്ങനെയൊരാശയവുമായി മുന്നാട്ട് വരുന്നതെന്നോര്‍ക്കണം. ഇരുപത്തിനാലാം വയസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ച് ബ്ലോഗ് സൈറ്റിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മാറ്റ്.

ഇന്റര്‍നെറ്റിലെ ലേലച്ചന്തയായ 'ഇബേ'യുടെ സ്ഥാപകനായ പിയര്‍ ഒമിഡ്യര്‍ ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിത്വമാണ്. വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നെറ്റിലൂടെ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് നിര്‍വഹിക്കുന്നത്. ഇതത്ര നിസ്സാരമായ പണിയൊന്നുമല്ല. ഇതിനകം ഈ ലേലച്ചന്ത ലോകത്തെങ്ങും വന്‍ സ്വീകാര്യത കൈവരിച്ചിരിക്കയാണ്. ഇതിലൂടെ പിയര്‍ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയിരിക്കുന്നുവെന്നതും പ്രസ്താവ്യമാണ്. സൈറ്റിന്റെ ആസ്തി 7.7 ബില്യന്‍ ഡോളറാണ്.

ഇന്റര്‍നെറ്റിലെ ഗെയിം കമ്പിനിയായ ബ്ലിസാര്‍ഡിന്റെ ഉടമ മൈക് മൂര്‍ഹൈം കളിയിലൂടെയാണ് ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിച്ചത്. സൈറ്റിലെ മുഖ്യ ഇനമായ Warcraft (WoW) എന്ന ഗെയിമിന് എണ്‍പത് ലക്ഷം വരിക്കാരുണ്ടത്രെ. ഈ കളിയിലൂടെ ഇദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഒന്നര ബില്യന്‍ ഡോളര്‍. അതായത് ഏകദേശം അറുനൂറ് കോടി ഇന്ത്യന്‍ രൂപ.

നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വൈല്‍സാണ് ഇന്റര്‍നെറ്റിനെ സ്വാധീനിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വം. 2001-ലാണ് വിക്കിപീഡിയ രൂപം കൊള്ളുന്നത്. മലയാളമുള്‍പ്പെടെ അറിയപ്പെടുന്ന ലോകഭാഷകളിലെല്ലാം തന്നെ ഇതിനകം ഈ വിജ്ഞാന കോശത്തിന് പതിപ്പുകളുണ്ട്. നിയോപീഡിയ എന്ന വിജ്ഞാന കോശവുമായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് 'വിക്കിയ' പ്രോഗ്രാമിന് വഴിമാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിച്ച് വലിയൊരു വിജ്ഞാനശേഖരത്തിന് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കി എന്നതാണ് ജിമ്മിയെ നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാക്കിയത്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെ നെറ്റിലെ ഇതരസേവനങ്ങളിലും പതുക്കെ ചുവടുറപ്പിക്കാന്‍ വിക്കിയക്ക് പദ്ധതിയുണ്ടത്രെ.

സൈബര്‍ ലോകത്തെ ന്യൂസ് ഗ്രൂപ്പുകളും പരസ്യക്കാരുമൊക്കെ അടിഞ്ഞുകൂടിയ വെബ്സൈറ്റാണ് Craigslist.org. മാസത്തില്‍ ഒന്നര കോടി സന്ദര്‍ശകരാണത്രെ സൈറ്റിലെത്തുന്നത്. സൈറ്റിന്റെ നിര്‍മ്മാതാവും ഇന്റര്‍നെറ്റിലെ പ്രമുഖ ബിസിനസ്കാരനുമായ ക്രെയ്ജ് ന്യൂമാര്‍ക്കും നെറ്റില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.

യൂട്യൂബ് എന്ന് കേള്‍ക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്തുണ്ടാവില്ലെന്ന് പറയാം. അത്രമാത്രം ജനകീയമായിരിക്കുന്നു ആ വെബ്സൈറ്റ്. ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകളുടെ ശേഖരമാണ് അത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെങ്ങുമുള്ള ഏത് സംഭവത്തിന്റെയും വീഡിയോ ക്ലിപ്പ് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നല്ലതും ചീത്തയുമായ എല്ലാ ക്ലിപ്പുകളും അവിടെയുണ്ടെന്നത് ഒട്ടൊക്കെ ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്ന സൂചന നല്‍കുന്നു. അതേതായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്സൈറ്റാണിതെന്ന് പറയാതെ വയ്യ. ഇതിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവ് ചെനും ഹ്യൂര്‍ലിയും നെറ്റ് ഉപയോക്താക്കളായ നമ്മുടെയൊക്കെ ആദരവ് അര്‍ഹിക്കുന്നു. 2005-ല്‍ യൂട്യൂബ് സ്ഥാപിക്കുമ്പോള്‍ സ്റ്റീവ് ചെനിക്ക് വയസ്സ് ഇരുപത്തേഴ്. ഹ്യൂര്‍ലിക്ക് വയസ്സ് ഇരുപത്തെട്ട്. 1.65 ബില്യന്‍ ഡോളര്‍ വില കണക്കാക്കുന്ന യൂട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ കൈവശമാണുള്ളത്.

ഡേവിഡ് ഫിലോയെയും ജെറി യാങിനെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പരിചയപ്പെടുത്തേണ്ടതില്ല. യാഹൂവിന്റെ സ്ഥാപകരായ ഇവര്‍ അതി സാഹസികരായ യുവാക്കള്‍ തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ല. യാഹൂ സ്ഥാപിതമായ ശേഷം വളരെക്കാലത്തോളം തങ്ങളുടെ മേഖലയില്‍ അതിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരികളായ ഇവര്‍ നെറ്റില്‍ വെവ്വേറെ ആരംഭിച്ച സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് യാഹൂ എന്ന ഭീമാകാരന്‍ സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെട്ടത്. നെറ്റിലെ മിക്ക സേവനങ്ങളും കാഴ്ചവെക്കുന്ന യാഹൂവിന്റെ മുഖ്യ എതിരാളിയായി ഗൂഗിള്‍ രംഗത്തെത്തിയത് യാഹൂവിനെ അലോസരപ്പെടുത്തുന്നു.

നെറ്റിലെ ലേലച്ചന്തയായ ഇബേയെപ്പോലെ അതിവേഗം ഇന്നതിയിലെത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രമുഖ വെബ്സൈറ്റാണ് ജാക് മാ എന്ന ഇന്റര്‍നെറ്റ് വ്യവസായി നേതൃത്വം നല്‍കുന്ന ആലിബാബ ഗ്രൂപ്പിന്റെ TaoBao.com. 1999^ല്‍ ഒരു സ്വതന്ത്ര ചൈനീസ് ഡാറ്റാബെയ്സ് സംരംഭമെന്ന നിലയില്‍ രംഗത്തെത്തിയ ഈ വെബ്സൈറ്റ് പിന്നീട് ലോകത്താകമാനം വ്യാപിച്ച വലിയൊരു നെറ്റ്വര്‍ക്കായി രൂപപ്പെടുന്നത് ഇന്റര്‍നെറ്റ് ലോകം കൌതുകത്തോടെയാണ് നോക്കിക്കണ്ടത്.

ആമസോണ്‍ എന്ന ഇന്റര്‍നെറ്റ് പുസ്തകശാലയുടെ സ്ഥാപകനായ ജിഫ് ബസോസിനെ പരാമര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് ഒട്ടും തന്നെ ഉചിതമാവില്ലെന്ന് കോര്‍ക്കറസ് വിശ്വസിക്കുന്നു. ഒരു ദശകം മുമ്പ് വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച ഈ ഇന്റര്‍നെറ്റ് പുസ്തകശാലയുടെ ഇന്നത്തെ ആസ്തി 8.2 ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. ആമസോണിന്റെ വിജയത്തെത്തുടര്‍ന്ന് അതിന്റെ അനുകരണങ്ങള്‍ നെറ്റില്‍ ധാരാളമുണ്ടായെങ്കിലും അതിനോട് മല്‍സരിക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്നതാണ് സത്യം.

ആഴ്ചകള്‍ക്ക് മുമ്പ് നെറ്റില്‍ പരതുന്നതിനിടെ ലഭ്യമായ http://grademoney.com/ എന്ന വെബ്സൈറ്റാണ് നെറ്റിനെ സ്വാധീനിച്ച ചെറുപ്പക്കാരുടെ പേര് ഈ രൂപത്തില്‍ ലീസ്റ്റ് ചെയ്തത്. പിന്നീട് ഇതെഴുതാനായി വീണ്ടും സൈറ്റ് റഫര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സൈറ്റിന്റെ സ്ഥാപകന്‍ അത് വില്‍പനക്ക് വെച്ചതായിട്ടാണ് കണ്ടത്. ഇപ്പോള്‍ സൈറ്റ് നെറ്റില്‍ നിന്ന് തീരെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. അജ്ഞാതനായ ആ വെബ്സൈറ്റിന്റെ ഉടമക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോര്‍ക്കറസ് ഇതിവിടെ അവസാനിപ്പിക്കുന്നു.
*****

Thursday, August 13, 2009

കോര്‍ക്കറസ് ഗേറ്റ്സ് @ ഹോട്ട്മെയില്‍ ഡോട്ട് കോം

(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2001 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)(നെറ്റിലെ തട്ടിപ്പ് വിരന്‍മാര്‍മാര്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനെ നിരന്തരം പ്രലോഭിച്ച് ഭാവിയിലെ കോടീശ്വരനാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കെ ഈ വിരുതന്‍മാരയക്കുന്ന മെയിലുകളില്‍ നിന്ന് തന്റെ മെയില്‍ ബോക്സിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്തെന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ കിട്ടിയ അത്യുഗ്രന്‍ തന്ത്രമെന്ന നിലക്കാണ് കോര്‍ക്കറസ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പഴയ പേരിന്റെ കൂടെ 'ഗേറ്റ്സ്' എന്ന വാല് കൂട്ടിച്ചേര്‍ത്തതോടെ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തട്ടിപ്പ് വീരന്‍മാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്. സന്തോഷം).
=====
'മാന്യ സുഹൃത്തേ, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും അമേരിക്ക ഓണ്‍ലൈന്‍ കമ്പനിയും ഇന്റര്‍നെറ്റ് ലോകത്തെ രണ്ട് വന്‍കിട സ്ഥാപനങ്ങളാണെന്ന് താങ്കള്‍ക്കറിയാമല്ലോ. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എറ്റവും പ്രചാരമുള്ള ബ്രൌസര്‍ പ്രോഗ്രാമായി നിലനിര്‍ത്താന്‍ രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു പരീക്ഷണ സംരംഭത്തിലേര്‍പ്പെട്ടിക്കയാണ്. ഈ ഇ^മെയില്‍ സന്ദേശം താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് അത് കണ്ടെത്തി പിന്തുടരാനാവുന്നു. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ഇത് നടക്കുന്നു. താങ്കള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും 245 ഡോളര്‍ വീതം ലഭിക്കുന്നു. താങ്കളുടെ സന്ദേശം ലഭിക്കുന്ന വ്യക്ത അത് മറ്റൊരു സുഹൃത്തിന് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ താങ്കള്‍ക്കും സുഹൃത്തിനും 243 ഡോളര്‍ വീതം ലഭിക്കുന്നു. ഇനി താങ്കളുടെ സുഹൃത്തിന്റെ സഹൃത്ത് മറ്റൊരു കക്ഷിക്ക് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മൂന്ന് പേര്‍ക്കും 241 ഡോളര്‍ വീതം ലഭിക്കുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് താങ്കളുമായി ബന്ധപ്പെട്ട് ചെക്ക് അയക്കാനുള്ള പാസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെടുന്നതാണ്. ഇതൊക്കെ ഏതോ കുസൃതികളുടെ വെറും തട്ടിപ്പായിരിക്കുമെന്നാണ് നേരത്തെ ഞാന്‍ വിശ്വസിച്ചിരുന്നത്. ഏതായാലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ച് ഈ സന്ദേശം പല സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞതോടെ മൈക്രോസോഫ്റ്റ് എന്റെ ഇ^മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ട് പോസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെട്ടു. അഡ്രസ്സ് നല്‍കി ഏതാനും ദിവസങ്ങള്‍ക്കകം 24,800 ഡോളറിന്റെ ചെക്ക് കൈപറ്റിയപ്പോള്‍ സത്യമായും ഞാനല്‍ഭുതപ്പെടുക തന്നെ ചെയ്തു. മൈക്രോസോഫ്റ്റ് ചെയര്‍മാനായ ബില്‍ഗേറ്റ്സിനെസ്സംബന്ധിച്ചേടത്തോളം പരസ്യ ഇനത്തില്‍ ചെലവഴിക്കുന്ന ഈ സംഖ്യ വളരെ നിസ്സാരമാണല്ലോ. അതിനാല്‍ പരീക്ഷണ കാലം തീരുന്നതിന് മുമ്പായി ഈ സന്ദേശം കൂടുതല്‍ പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്ത് ധാരാളം പണം സമ്പാദിക്കൂ'.

ഒരു സുപ്രഭാതത്തില്‍ കോര്‍ക്കറസിന്റെ മെയില്‍ ബോക്സില്‍ ലഭിച്ച സന്ദേശമാണിത്. ഇങ്ങനെ ഒരു ഇ^മെയില്‍ സന്ദേശം ലഭിക്കുമ്പോള്‍ അതിമോഹികളായ നമ്മള്‍ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ച് സുഹൃത്തുക്കള്‍ക്കൊക്കെ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തേക്കാം. എന്നാല്‍ ആഴ്ചകള്‍ ഏറെ കടന്ന് പോയിട്ടും ഒന്നും സംഭവിക്കാത്തതാവുമ്പോള്‍ പറ്റിയ അമളിയില്‍ ലജ്ജിച്ച് സ്വയം കുറ്റപ്പെടുത്തി മൌനമവലംബിക്കും. സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാന്‍ വിനിയോഗിച്ച സമയം മാത്രമേ നമുക്കിവിടെ നഷ്ടപ്പെടുന്നുള്ളൂ. ഇ^മെയിലിലൂടെ നടക്കുന്ന നിരുപദ്രവകരമായ ഒരു തട്ടിപ്പിന്റെ മാതൃകയാണിത്.

യൂനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യാ ബ്രാഞ്ച് മാനേജര്‍ 'മാത്യൂ താക്കാര്‍' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മറ്റൊരു വിദ്വാന്റെ രംഗപ്രവേശം. സംഗതി പരമ രഹസ്യമാണത്രെ. കാര്യമിതാണ്. ഇയാളുടെ ബാങ്കില്‍ 26 ദശലക്ഷം ഡോളറിന്റെ ഒരു ഡിപ്പോസിറ്റുണ്ട്. അതിനിപ്പോള്‍ അവകാശികളാരുമില്ല. ആഫ്രിക്കയില്‍ പെട്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ മാനേജറായ 'സ്മിത്ത് ആന്‍ഡ്രിയാസ്' എന്ന വിദേശ പൌരനാണത്രെ അക്കൌണ്ടിന്റെ ഉടമ. 1990^ല്‍ ഇയാള്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന് ഇങ്ങനെയൊരു അക്കൌണ്ടുള്ള വിവരം ആര്‍ക്കുമറിഞ്ഞ് കൂടാ. പത്ത് വര്‍ഷമായി ഉടമയില്ലാതെ മുടങ്ങിക്കിടക്കുന്ന ഈ സംഖ്യ ഇനിയും ബാങ്കില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഞങ്ങളുടെ ബാങ്ക് നിയമനുസരിച്ച് അത് സര്‍ക്കാരിലേക്ക് കണ്ട്കെട്ടപ്പെടുമെന്നാണ് ഇയാള്‍ അറിയിക്കുന്നത്. അതിന് മുമ്പായി സംഖ്യ വിദേശത്തെ എതെങ്കിലും അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതിന് താങ്കളുടെ സഹായം തേടുകയാണെന്നും സംഗതി പരമ രഹസ്യമാണെന്നും വിദ്വാന്‍ അറിയിക്കുന്നു. ബാങ്ക് അക്കൌണ്ട് നമ്പറും വിലാസവും നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പിന്നെ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടുന്നതിന്റെ ചെലവിലേക്കായി ചെറിയൊരു സംഖ്യയും. പ്രതിഫലമായി ഡിപ്പോസിറ്റ് സംഖ്യയുടെ പകുതിക്ക് നിങ്ങള്‍ അവകാശിയാവുന്നു.

ഇത് തട്ടിപ്പിന്റെ മറ്റെരു രീതി. അതി മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളില്‍ നിന്ന് കാശ് തട്ടിയെടുക്കുന്ന വേറെയും വിരുതന്‍മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നു. 'പ്രിയ സുഹൃത്തേ, ഭാവിയിലെ കോടീശ്വരാ...' എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ധാരാളം ഇ^മെയില്‍ സന്ദേശങ്ങള്‍ ഇതിനകം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. വീട്ടിലിരുന്ന് ഒട്ടും അധ്വാനമില്ലാതെ ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ക്ക് ദശലക്ഷങ്ങളും കോടികളും സമ്പാദിക്കാം. അതിനുള്ള സൂത്രപ്പണികളാണ് പിന്നീട് വിവരിക്കുന്നത്. ഇതിനൊക്കെ നിങ്ങള്‍ മുതലിറക്കേണ്ടത് വെറും 24 ഡോളര്‍ മാത്രം. ഇതിലും ലാഭകരമായ ബിസിനസ്സ് ലോകത്ത് വേറെയുണ്ടാവില്ലല്ലോ.

പിന്നെ അതാ വരുന്നൂ മറ്റൊരു സന്ദേശം. 'പ്രിയങ്കരനായ കോര്‍ക്കറസ്, താങ്കള്‍ 25,000 ഡോളര്‍ സമ്മാനം നേടിയിരിക്കുന്നു. അതല്ലെങ്കില്‍ അമേരിക്കയിലെ യഹാമയിലേക്ക് ഒരൊഴിവ്കാല വിനോദ യാത്രയായാലോ. ഏത് വേണമെന്ന് താങ്കള്‍ തെരഞ്ഞെടുക്കുക.' ഒന്നും വേണ്ടാ എന്ന് തീരുമാനിച്ച് സ്വസ്ഥമായി നെറ്റില്‍ സെര്‍ച്ച് ചെയ്ത് കൊണ്ടിരിക്കെ വീണ്ടും വരുന്നു മറ്റൊരു സന്ദേശം. 'പ്രിയപ്പെട്ട കോര്‍ക്കറസ്, താങ്കളുടെ അക്കൌണ്ട് വളരുകയാണ്. ഇപ്പോള്‍ നിങ്ങള്‍ 45,000 ഡോളര്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹനായിരിക്കുന്നു. സംഖ്യ കരസ്തമാക്കുന്നതെങ്ങനെ എന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'.

വെബ് സൈറ്റ് നിര്‍മ്മാണവും വില്‍പനയുമെന്ന പേരില്‍ പഴയ മണിചെയിന്‍ തട്ടിപ്പിന്റെ പുതിയ അവതാരവുമായി മറ്റൊരു കൂട്ടരും ഇന്റര്‍നെറ്റില്‍ ചേക്കേറിയിരിക്കയാണ്. 6500 ഉറുപ്പിക നല്‍കി ചങ്ങലയില്‍ കണ്ണിയായാല്‍ സൌജന്യമായി വെബ്സൈറ്റും സോഫ്റ്റ്വെയറും സോഫ്റ്റ്വെയര്‍ പഠനകോഴ്സും ലഭിക്കുമത്രെ. അത്രത്തോളമാണെങ്കില്‍ സഹിക്കാമായിരുന്നു. തീര്‍ന്നില്ല. കൂടുതല്‍ പേരെ കണ്ണി ചേര്‍ത്താല്‍ മാസങ്ങള്‍ക്കകം ലക്ഷങ്ങളുടെ ചെക്കും ഡ്രാഫ്റ്റും നമ്മുടെ വിലാസത്തിലേക്കൊഴുകിത്തുടങ്ങുമത്രെ. കോടീശ്വരനാകാന്‍ പിന്നെ വലിയ താമസമൊന്നുമുണ്ടാവില്ലല്ലോ. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ വേറൊരു കൂട്ടരുടെ മോഹന വാഗ്ദാനങ്ങളുമായി വീണ്ടും മെയില്‍ ബോക്സ് നിറയുകയാണ്.

പിന്നെ ഇത്തരം മെയിലുകള്‍ തുറന്ന് നോക്കുക പോലും ചെയ്യാതെ നിഷ്ക്കരുണം ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. എന്നിട്ടും കോര്‍ക്കറസിന് ഒന്നും സംഭവിച്ചില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോഴും ഇതെഴുതുന്നു എന്നത് തന്നെ. ഹോട്ട് മെയില്‍ വിലാസത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് നമ്മുടെ വിലാസങ്ങളും വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. ഇത്തരം 'ഇ^തട്ടിപ്പു'കള്‍ക്കെതിരെ ഇനി എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് കോര്‍ക്കറസിന്റെ എളിയ ബുദ്ധിയില്‍ പുതിയൊരു സൂത്രം ഉദിച്ച് വന്നത്. അതെന്താണെന്നല്ലേ. ഹോട്ട്മെയിലിലെ വിലാസത്തില്‍ കോര്‍ക്കറസിന്റെ പേരങ്ങ് മാറ്റി. അങ്ങനെയാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ്, 'കോര്‍ക്കറസ് ഗേറ്റ്സാ'യി മാറിയത്. അതോടെ തട്ടിപ്പ് വീരന്‍മാരൊക്കെ ഒതുങ്ങിയിരിക്കയാണ്. ഇയാള്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്നാണ് ഇപ്പോര്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാല്‍ ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പിന്‍മാറിയിരിക്കയാണ്. സന്തോഷം.

എക്സ്റ്റന്‍ഷന്‍

എലിപ്പനിയുടെയും ഭ്രാന്തിപ്പശു രോഗത്തിന്റെയും വൈറസ് മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് മുഖേന പ്രചരിക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഒരു വിദഗ്ദ സംഘം കണ്ടെത്തിയത് കമ്പ്യൂട്ടര്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള പഴയതും പുതിയതുമായ എല്ലായിനം വൈറസുകളും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിലൂടെ അതിവേഗം പ്രചരിക്കുമെന്നായിരുന്നല്ലോ ഇത്വരെയുള്ള വിശ്വാസം. ആ നിലക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രസക്തിയുണ്ട്. അതിമാരകമായ ഈ വൈറസുകള്‍ ഔട്ട്ലുക്കിലൂടെ പ്രചരിക്കുന്നില്ലെന്ന പുതിയ കണ്ടെത്തല്‍ തങ്ങള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ടവര്‍ പുതിയ കണ്ടെത്തലിന്റെ വിശ്വസനീയതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഔട്ട്ലുക്കിലുപയോഗിക്കുന്ന 'വൈറസ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍' (VTP) എന്ന പ്രോഗ്രാം എല്ലായിനം വൈറസുകളെയും പ്രചരിപ്പിക്കാന്‍ പ്രാപ്തമാണെന്ന കാര്യം അവര്‍ ഊന്നിപ്പറയുന്നു. ഇതിന്റെ പേരില്‍ പ്രത്യേകം പാറ്റന്റ് നേടുകയും ചെയ്തിട്ടുണ്ടത്രെ. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ ഇത്തരം വൈറസുകളുടെ പ്രചാരണം ഉറപ്പ്വരുത്തുന്ന വിധത്തില്‍ പ്രോഗ്രാം അപ്ഡേറ്റ് ചെയ്ത് വരികയാണെന്നും തങ്ങളുടെ സൈറ്റിലൂടെ ഉടനെത്തന്നെ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവുമെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.
*****

Friday, August 7, 2009

ഇനി വൈമാക്സ് വസന്തം(Article published Info Kairali Computer magazine - issue January 2008)

വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ-ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ-ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ-ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ-ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ-ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു.

നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ളാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍.
വൈമാക്സ് (ണശങമഃ) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ളൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
വൈ-ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയിസാക്കി മാറ്റുകയാണ്.

മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ-ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്.

ണീൃഹറംശറല കിലൃീുേലൃമയശഹശ്യ ളീൃ ങശരൃീംമ്ല അരരല എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബനുൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത.

വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെ യും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍.

മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.

Tuesday, August 4, 2009

നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക

(Article Publishe in Info Madhyamam Issue 24/9/2000)

ഇന്റര്‍നെറ്റ് യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.

വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.

നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.

കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.
*****


Monday, August 3, 2009

ഓപണ്‍ സോഴ്സ് 'ഫ്രീ' മോട്ടോര്‍ കാര്‍(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, ജൂലൈ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ എന്നും ഫ്രീസോഫ്റ്റ്വെയര്‍ എന്നുമൊക്കെ വായനക്കാര്‍ കേട്ടിരിക്കുമല്ലോ. അതേസമയം ഓപണ്‍സോഴ്സ് മോട്ടോര്‍ കാറിനെസ്സംബന്ധിച്ച് അധികപേരും കേട്ടിരിക്കാനിടയില്ല. ഇത് സാധാരണ മോട്ടോര്‍ കാറല്ല. പേര് 'റിവര്‍സിംപിള്‍'. രണ്ട് പേര്‍ക്ക് കേറി ഇരിക്കാവുന്ന ചെറിയൊരു കാര്‍. കാണാന്‍ അതി സുന്ദരം. പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഫ്യൂവര്‍ സെല്‍ ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിസ്ഥിതിക്കും ഇണങ്ങിയത് തന്നെ. ഈ കാര്‍ നിര്‍മ്മിതിക്കുപുയോഗിച്ച ടെക്നോളജി ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും ലഭ്യമാക്കാനാവുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് ഈ ടെക്നോളജി ഉപയോഗിച്ച് നിങ്ങള്‍ക്കും ഇനി നിങ്ങളുടെ സ്വന്തമായ ബ്രാന്‍ഡ് നാമത്തില്‍ പുതിയ കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങാം എന്നര്‍ഥം.

ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്ക് അതിന്റേതായ പശ്ചാത്തലമുണ്ടായിരിക്കും. നിലവിലെ ശാസ്ത്ര പുരോഗതിയുടെ തുടര്‍ച്ച എന്ന നിലക്കാണല്ലോ മിക്കപ്പോഴും പുതിയ കണ്ടെത്തലുകള്‍ രൂപപ്പെടുന്നത്. ഇത്തരം കണ്ടെത്തലുകളും അതിന്റെ നേട്ടങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ശാസ്ത്ര പുരോഗതിയുടെ സുഗമമായ മുന്നേറ്റത്തിന് തടസ്സമുണ്ടാവുന്നു. പുതിയ കണ്ടെത്തലുകളൊക്കെ നേരത്തെത്തന്നെ സ്വകാര്യവല്‍ക്കരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ വിവര സാങ്കേതിക വിദ്യ തന്നെ ഒരുവേള ഉണ്ടാവുമായിരുന്നില്ല. നിലവിലെ ഒരറിവില്‍ നിന്നാണല്ലോ പുതിയൊരറിവുണ്ടാവുന്നത്. അറിവുകളുടെ സംയോജനത്തിലൂടെ മറ്റൊരു വലിയ അറിവുണ്ടാവുന്നു. ഇവിടെയാണ് ഓപണ്‍ സോഴ്സ എന്ന ആശയത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്. സോഫ്റ്റ്വെയര്‍ രംഗത്താണെങ്കിലും ഇലക്ട്രിക്, ഇലക്ട്രോണിക്, മെക്കാനിക്കല്‍ രംഗങ്ങളിലാണെങ്കിലും ടെക്നോളജിയുടെ കുത്തക മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിക്ക് തടസ്സമാകുന്നു. ഈ തിരിച്ചറിവാണ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് പ്രചോദനമായത്.

എന്തുകെണ്ട് ഈ ആശയം സോഫ്റ്റ്വെയര്‍ രംഗത്ത് മാത്രം പരിമിതമാക്കുന്നു. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ആധുനിക കാലത്ത് ഇതര സാങ്കേതിക വിദ്യകളിലും ഇത് പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. അതായത് ഇതര മേഖലകളിലും പുതിയ 'റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍'മാര്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. അങ്ങനെ പുതിയൊരു ഓപണ്‍ സോഴ്സ് തരംഗം തന്നെ ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.

നാം ഒരു പുസ്തകം വാങ്ങിയാല്‍ അത് സ്വന്തമായി വായിക്കാമെന്നതിന് പുറമെ കൈമാറുകയോ വില്‍ക്കുകയോ ബന്ധുക്കള്‍ക്കോ വായനശാലകള്‍ക്കോ സൌജന്യമായി നല്‍കുകയോ ചെയ്യാം. ഇത് നിയമ വിരുദ്ധമല്ല. എന്നാല്‍ സോഫ്്റ്റ്വെയറിന്റെ അവസ്ഥ അതല്ലല്ലോ. വാങ്ങിയ വ്യക്തി മാത്രമേ അത് ഉപയോഗിക്കാവൂ എന്നാണത്രെ വ്യവസ്ഥ. അതിന്റെ 'സോഴ്സ് കോഡ്' അവന്ന് ലഭിക്കുകയുമില്ല. മറ്റൊരാള്‍ക്ക് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരവുമാണ്. 'അയല്‍ക്കാരനെ സ്നേഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തലാണ് കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ആദ്യപടിയായി നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. കാരണം അയല്‍ക്കാര്‍ക്ക് നിങ്ങളൊന്നും തന്നെ കൈമാറുന്നില്ല. അങ്ങനെ കൈമാറുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍പ്പവകാശ നിയമങ്ങളെ ലംഘിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം'. സോഫ്റ്റ്വെയര്‍ രംഗം കുത്തകയാക്കി മാറ്റിയതില്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ ശക്തമായ പ്രതിഷേധം ഈ വാക്കുകളില്‍ പ്രകടമാണ്.

1991^ല്‍ ഹെല്‍സിങ്കി യൂണിവാഴ്സിറ്റി വിദ്യാര്‍ഥിയായ ലിനസ് ടോള്‍വാള്‍ഡ് രൂപം നല്‍കിയ ലിനക്സിന് എന്ന ഓപണ്‍ സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ സാധിച്ചു. നെറ്റില്‍ നിന്ന് ഇത് പൂര്‍ണമായും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്ഹാറ്റ് പോലുള്ള സ്വകാര്യ കമ്പനികള്‍ ലിനക്സിന്റെ ഉപയോഗത്തിന് പ്രത്യേകം മാനദണ്ഡങ്ങള്‍ ഉണ്ടാക്കി നാമമാത്രമായ ഫീസ് ഈടാക്കി വിതരണം ചെയ്യുന്നുണ്ട്. അതുവേറെക്കാര്യം. അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് നിര്‍മ്മിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിനക്സ് അടിസ്ഥാനക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യുനെസ്ക്കോ, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പുറമെ ഒട്ടേറെ രാഷ്ട്രങ്ങളും ലിനക്സ് ഉപയോഗിച്ചു തുടങ്ങി. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം ലിനക്സും ഇതര ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളും ഒരേവേശമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ മേഖല തന്നെ ഇപ്പോള്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നമുക്കറിയാം.

ഉപയോക്താക്കള്‍ക്ക് തങ്ങളുപയോഗിക്കുന്ന പ്രോഗ്രാമുകള്‍ പഠിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുനര്‍ വിതരണം ചെയ്യുന്നതിനുമുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലക്ഷ്യമാക്കുന്നത്. നിങ്ങളുപയോഗിക്കുന്ന മാരുതി, അമ്പാസഡര്‍ തുടങ്ങി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ പകര്‍പ്പുകള്‍ കേരളത്തിലെ ഏതെങ്കിലുമൊരു പ്രാദേശിക സ്ഥാപനം ഭംഗിയായി നിര്‍മ്മിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ. ഇതാണ് 'റിവര്‍സിംപിള്‍' ഓപണ്‍ സോഴ്സ് കാര്‍ ലക്ഷ്യമാക്കുന്നത്. www.riversimple.com എന്ന വെബ്സൈറ്റിലൂടെ ഈ ടെക്നോളജി ആര്‍ക്കും സ്വന്തമാക്കി എത്ര കാര്‍ വേണമെങ്കിലും നിര്‍മ്മിക്കാം.

രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ വേഗത 50 കിലോമീറ്ററാണ്. സ്റ്റാര്‍ട്ട് ചെയ്തു അഞ്ച് നിമിഷത്തിനകം വേഗത 30 കിലോമീറ്ററിലെത്തുന്നു. ബാറ്റി റീചാര്‍ജ്ജ് ചെയ്യാതെ 240 കിലോമീറ്റര്‍ വരെ വണ്ടി ഓട്ടാനാവും. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ്, ക്രാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഇതിന്റെ ടെക്നോളജി വികസിപ്പിച്ചെടുത്തതത്രെ. ബ്രിട്ടണില്‍ 2011^ല്‍ ഇതിന്റെ വ്യാപകമായ വിപണനം ആംരംഭിക്കും. കാര്‍ വാങ്ങുമ്പോള്‍ സാധാരണ ഗതിയില്‍ ഉപയോക്താക്കള്‍ക്ക് ചിലവികളേ പ്രതീക്ഷിക്കാനുള്ളൂ. അതേസമയം ഈ കാര്‍ വാങ്ങുന്നവര്‍ക്കെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ 5000 പൌണ്ട് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ ഉല്‍പന്നങ്ങളിലേക്കൊരു തിരിച്ചു പോക്ക്. അതും ഓപണ്‍ സോഴ്സ് അടിസ്ഥാനത്തില്‍. മാന്ദ്യകാലത്ത് ഇങ്ങനെ പുതിയൊരു ചിന്തയിലേക്ക് കൂടി നമ്മുടെ സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ജനറല്‍ മോട്ടോഴ്സും മെഴ്സിഡസ് ബെന്‍സും ടൊയോട്ടവും ഹോണ്ടയുമൊക്കെ ഇനി തങ്ങളുടെ ടെക്നോളജി ഓപണ്‍ സോഴ്സിലേക്ക് മാറ്റുന്നു ഒരവസ്ഥയുണ്ടാവുമോ. കാത്തിരുന്ന് കാണാം. അതേതായാലും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് ശേഷം ഓപണ്‍ സോഴ്സ് കാര്‍. ഇനി ഏതെല്ലാം പുതിയ ടെക്നോളജികളാണ് ഓപണ്‍ സോഴ്സിലേക്ക് മാറുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. എല്ലാ ഓപണ്‍ സോഴ്സ് സംരംഭങ്ങള്‍ ശുഭാശംസകള്‍ നേരുന്നു.