Tuesday, August 4, 2009

നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക

(Article Publishe in Info Madhyamam Issue 24/9/2000)

ഇന്റര്‍നെറ്റ് യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.

വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.

നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.

കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.
*****


No comments:

Post a Comment