
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന് മാര്‍ച്ച് 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് എം.സി.എ ഹോള്‍ഡറാണോ എന്ന് മുമ്പൊരിക്കല്‍ ഇന്ഫോകൈരളിയുടെ വായനക്കാരിലൊരാള്‍ ഇ-മെയിലിലൂടെ ചോദിക്കുകയുണ്ടായി. കോര്‍ക്കറസ് എം.സി.എ. ഹോള്‍ഡറല്ല, എം.സി.എയെക്കാള്‍ 'ഓള്‍ഡറാ'ണെന്ന് അന്ന് മറുപടി നല്കി. ഇന്ന് നമുക്ക് സുപരിചിതമായ പേഴ്സണല്‍ കമ്പ്യൂട്ടര്‍ അമേരിക്കയില്‍ ഐ.ബി.എം. കമ്പ്യൂട്ടര്‍ ലാബില്‍ 1981-ല്‍ പിറവിയെടുക്കുന്നതിന് മുമ്പ്തന്നെ ഔപചാരിക വിദ്യാഭ്യാഭ്യാസം അവസാനിപ്പിച്ച വ്യക്തിയാണ് കോര്‍ക്കറസ്. അന്ന് എം.സി.എയും ബി.സി.എയുമൊന്നും ഉണ്ടായിരുന്നില്ലെന്ന് സാരം.
1977-ല്‍ തൊഴിലന്വേഷകനായി കോര്‍ക്കറസ് ഗള്‍ഫ് രാജ്യമായ സൌദിയിലെത്തി. അന്ന് ഓഫീസിലുണ്ടായിരുന്ന സംവിധാനം അക്ഷരങ്ങളൊക്കെ തേഞ്ഞു പോയ ഒരു പഴയ റെമിംഗ്ടണ്‍ ടൈപ് റൈറ്റിംഗ് മിഷീന്. ഒരു വര്‍ഷത്തിനകം ഇതിന്റെ സ്ഥാനത്ത് എം.ബി.എം. കമ്പനിയുടെ ഒരു ഇലക്ട്രിക് ടൈപ് റൈറ്റിംഗ് മിഷീന് സ്ഥാനം പിടിച്ചു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഇതും അപ്രത്യക്ഷമായി. പകരം എരിക്സണ് കമ്പനിയുടെ പുതിയ ഇനം ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനാണ് പ്രത്യക്ഷപ്പെട്ടത്. പരിമിതമായ വേര്‍ഡ് പ്രേസസ്സിംഗ് സൌകര്യമുണ്ടായിരുന്നുവെന്നാണ് ഇതിന്റെ സവിശേഷത.
പിന്നീട് 1983-ല്‍, അതായത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ പിറവിയെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ താമസിച്ചിരുന്ന നഗരമായ ജിദ്ദയിലും അത് എത്തിത്തുടങ്ങി. കമ്പ്യൂട്ടറില്ലാത്തത് കൊണ്ട് അന്ന് കമ്പ്യൂട്ടര്‍ പരിശീലനവും ഇല്ലായിരുന്നു. ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനിനോടുണ്ടായ താല്പര്യം കോര്‍ക്കറസിനെ കമ്പ്യൂട്ടറിലേക്കാകര്‍ഷിച്ചു. ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന അതിയായ മോഹം. അന്നത്തെ കമ്പ്യൂട്ടറിന്റെ വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഒരു ലക്ഷത്തോളമായിരുന്നു. ഏതായാലും ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പത്ത് പേരെ സംഘടിപ്പിച്ച് ഞങ്ങള്‍ പരിശീലനത്തിനായി ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കി. അന്ന് ഞങ്ങള്‍ വാങ്ങിച്ച കമ്പ്യൂട്ടറിന് ഹാര്ഡ്ഡിസ്ക്ക് ഇല്ലായിരുന്നു. ആകപ്പാടെ ഉണ്ടായിരുന്നത് 640 കിലോബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള 5.25 ഇഞ്ച് വലിപ്പത്തിലെ രണ്ട് ഫ്ളോപ്പി ഡ്രൈവുകള്‍ മാത്രം. പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കനുസരിച്ച് ഡിസ്ക്ക് മാറ്റിക്കൊണ്ടുള്ള രീതിയായിരുന്നു അന്നത്തേത്. പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാര്‍ഡ് ഡിസ്ക്ക് ഇല്ലല്ലോ. ഇന്നത്തെപ്പോലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും അന്ന് വ്യാപകമായിരുന്നില്ല.
ഇപ്പോഴത്തെ പിസിയുടെ മുന്‍തലമുറയായ PC/XT (Extended Technology) ഇനത്തിലെ കമ്പ്യൂട്ടറായിരുന്നു അത്. നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് കമ്പ്യൂട്ടര്‍ അഭ്യസിച്ചു തുടങ്ങിയത് ഈ മുന്‍തലമുറ കമ്പ്യൂട്ടറിലായിരുന്നവെന്നത് ഏറെ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. ഒരുപക്ഷേ എന്റെ തലമുറയിലെ അധികമാര്‍ക്കും ലഭിക്കാത്ത അവസരം. അന്ന് തുടങ്ങിയതാണ് കമ്പ്യൂട്ടറുമായുള്ള സഹവര്‍ത്തിത്വം. പിസിയുടെ ആദ്യകാലത്തെ ഓപറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യ വേര്‍ഷന്‍ മുതല്‍ ഡോസ് 6.6 വരെ നീണ്ടുനിന്ന സഹവര്‍ത്തിത്വം. പിന്നീട് വിന്‍ഡോസിന്റെ ആദ്യതലമുറയായ 3.1 മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ എത്തിയ സഹചാരിത്തം. അതോടൊപ്പം വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പായ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റലെത്തി നില്ക്കുന്ന പുതിയ കൂട്ടുകെട്ട്.
അങ്ങനെ കമ്പ്യൂട്ടര്‍ പരിശീലനം ഒരു വര്‍ഷം പിന്നിട്ടില്ല. അതിനിടെ PC/AT (Advanced Technology) കമ്പ്യൂട്ടറുകള്‍ രംഗത്തെത്തി. അതോടെ ഞങ്ങളുടെ പിസി കാലഹരണപ്പെടുകയും ഞങ്ങള്‍ മുടക്കിയ സംഖ്യ മുഴുക്കെ നഷ്ടമാവുകയും ചെയ്തു. അതിലേറെ നഷ്ടമായിത്തോന്നിയത് ഞങ്ങള്‍ പത്തു പേരുടെ കമ്പ്യൂട്ടര്‍ പരിശീലന കൂട്ടായ്മയുടെ തകര്‍ച്ചയായിരുന്നു. അതേതായാലും നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്നെന്ന പേര് സുഹൃത്തുക്കള്‍ ഇതിനകം കോര്‍ക്കറസിന് വകവെച്ചു തരികയുണ്ടായി.
പിന്നീട് ഇന്റല്‍ 80286 പ്രോസസ്സര്‍ ഘടിപ്പിച്ച പീസികള് പ്രത്യക്ഷപ്പെട്ടു. അന്നത്തെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടര്‍. കമ്പ്യൂട്ടര്‍ പഠനം ഒരു തപസ്യയായി ഏറ്റെടുത്ത നിങ്ങളുടെ ഈ ലേഖകന്‍ 80286 പ്രോസസര്‍ ഘടിപ്പിച്ച പുതിയൊരു കമ്പ്യൂട്ടര്‍ സ്വന്തമായി സംഘടിപ്പിച്ചു. സ്വന്തം നിലക്ക് ആദ്യമായി വാങ്ങിയ കമ്പ്യൂട്ടര്‍. 4 MB റാമും 20 MB ഹാര്‍ഡ് ഡിസ്ക്കുമായിരുന്നു ഇതിന്റെ സവിശേഷത. ഈ പിസി അന്നത്തെ വിപണിയിലെ ആധുനികന് തന്നെയായിരുന്നു. ഹാര്‍ഡ് ഡിസ്ക്കില്‍ വിന്‍ഡോസ് 3.1 ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 4 മെഗാബയ്റ്റ് മതി. ലോട്ടസും വേര്‍ഡ് സ്റ്റാറും തുടങ്ങി മൈക്രോസോഫ്റ്റ് വേര്‍ഡ് വരെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പരമാവധി എട്ട് മെഗാബയ്റ്റ്. പിന്നെയും ഹാര്‍ഡ് ഡിസ്ക്കില്‍ ധാരാളം സ്പെയ്സ് ബാക്കി.
തുടര്‍ങ്ങോട്ട് കമ്പ്യൂട്ടറിന്റെ പുത്തന്‍ തലമുറകളുമായി സഹവര്‍ത്തിത്തം പുലര്‍ത്താന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു. പിന്നീട് നോട്ട്ബുക്ക് കമ്പ്യൂട്ടറിലേക്കായി നോട്ടം. 80386 പ്രോസസ്സര്‍ ഘടിപ്പിച്ച ഇനത്തിലെ ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറാണ് ആദ്യം ലഭിച്ചത്. മോണോക്രോം ഡിസ്പ്ളേ. ഇതിന്റെ ഹാര്‍ഡ് ഡിസ്ക്ക് 80 മെഗാബയ്റ്റ്. കളര്‍ മോണിറ്ററല്ലാത്തതിനാല്‍ ഇത് വേഗം മടുപ്പുളവാക്കി. അപ്പേഴേക്കും ഇന്നത്തെ പെന്റിയത്തിന്റെ മുന്‍തലമുറയായ 486 പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറുകള് വിപണിയിലെത്തിയിരുന്നു. അതോടെ ഡസ്ക്ക് ടോപ് കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 486 പ്രോസസ്സര്‍ ഘടിപ്പിച്ച നോട്ട് ബുക്ക് കമ്പ്യൂട്ടറും വിപണിയിലെത്തി. ഈ ഇനത്തില്‍ ട്വിന്‍ഹെഡ് കമ്പനി പുറത്തിറക്കിയ നോട്ട്ബുക്കായിരുന്നു അന്നത്തെ താരം. 16 മെഗാബയ്റ്റ് റാം. 200 മെഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. അന്നത്തെ ഏറ്റവും ഉയര്‍ന്ന കോണ്ഫിഗറേഷന്. നേട്ട് ബുക്കിന്റെ വില ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ. ആ ഇനത്തിലെ ഒരെണ്ണം സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഇത്രയും ഉയര്‍ന്ന കോണ്‍ഫിഗറേഷനായത് കൊണ്ട് ഇനി ജീവിതാന്ത്യം വരെ ഈയൊരെണ്ണം തന്നെ മതിയാവുമെന്ന് ധരിച്ചു. അധിക വില കൊടുത്ത് ഇത് വാങ്ങാനുള്ള ന്യായീകരണവും ഈയൊരു ധാരണ തന്നെയായിരുന്നു.
ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും സി.ഡി ഡ്രൈവ് ഘടിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടര്‍ന്ന് എന്റെ നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ സി.ഡി ഡ്രൈവില്ലല്ലോ എന്ന ചിന്തയായി. ജീവിതാന്ത്യം വരെ ഇനി കമ്പ്യൂട്ടര്‍ മാറ്റേണ്ടതുണ്ടാവില്ല എന്ന ധാരണ അതോടെ തിരുത്തേണ്ടി വന്നു. ഒരുവര്‍ഷത്തിനകം തന്നെ.
ആദ്യമൊക്കെ കമ്പ്യൂട്ടറിന്റെ ഉപയോഗം പെവതുവെ വേര്‍ഡ് പ്രോസസ്സിംഗില്‍ മാത്രം ഒതുങ്ങി നിന്നു. 'വേര്‍ഡ് സ്റ്റാറി'ല്‍ നിന്ന് 'വേര്‍ഡ് പെര്‍ഫെക്ടി'ലേക്കും തുടര്‍ന്ന് 'എം.എസ്. വേര്‍ഡി'ലേക്കുമുള്ള മാറ്റം രസകരമായ അനുഭൂതിയായിരുന്നു. സ്പ്രെഡ് ഷീറ്റ് രംഗത്ത് 'ലോട്ടസി'ന്റെ മതില്‍ക്കെട്ടില്‍ നിന്ന് 'എം.എസ്. എക്സെലി'ന്റെ പുത്തന്‍ ലോകത്തെത്തിയതും യാദൃച്ഛികമല്ലായിരുന്നു. പഴയ 'ഡീബെയ്സി'ന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്ത് കടന്ന് 'ഫോക്സ് പ്രോ'യിലേക്കും 'എം.എസ്. ആക്സസി'ലേക്കും 'വിഷ്വല്‍ ബേസിക്കി'ലേക്കും പിന്നീട് ഒരപടി കൂടി മുന്നേറി 'സാപ്', 'ബാന്‍' തുടങ്ങിയ ഇ.ആര്.പി. പാക്കേജുകളിലേക്കും ഓഫീസ് പ്രവര്‍ത്തനം പുരോഗമിച്ചു. പലപ്പോഴും ജോലിയുടെ ഭാഗമായിത്തന്നെ കമ്പ്യൂട്ടര്‍ അഭ്യസിക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ രംഗത്തെ മിക്ക തുറകളിലെയും അവഗാഹം ഒരനിവാര്യത കൂടിയായിരുന്നു. അതിവിദഗ്ധരായ പരിശീലകരുടെ സേവനം തന്നെ ഇതിനുപയോഗപ്പെടുത്താന്‍ സ്ഥാപനം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ കമ്പ്യൂട്ടറില്‍ സ്വയം പരിശീലനം തുടങ്ങി കമ്പ്യൂട്ടറിലൂടെ വളര്‍ന്ന് പിന്നെ സ്ഥാപനത്തിലെ സ്റ്റാഫിന്റെ ട്രൈനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു.
ഇടക്കാലത്ത് വിന്‍ഡോസിലുപയോഗിക്കാന്‍ പ്രാപ്തമായ മലയാളം ഫോണ്ടുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായ ആഹ്ളാദം അതിരറ്റതായിരുന്നു. അന്ന് മുതല്‍ മലയാളം കൈയെഴുത്തും ഉപേക്ഷിക്കുകയായിരുന്നു. നേരത്തെത്തന്നെ കൈയക്ഷരം വളരെ മോശമായതിനാല്‍ ഇത് വലിയൊരനുഗ്രഹമായി. ജോലിയോടൊപ്പം എഴുത്തും പത്രപ്രവര്‍ത്തനവും ഒരു ഹോബിയായി സ്വീകരിക്കാന്‍ കോര്‍ക്കറസിന് പ്രചോദനം നല്കിയതും കമ്പ്യൂട്ടര്‍ തന്നെയായിരുന്നു.
മനുഷ്യനെ മടുപ്പിക്കുന്ന അക്കൌണ്ടിംഗ് ജോലി എളുപ്പമാക്കിക്കൊടുത്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറുകളാണ് കമ്പ്യൂട്ടറിന് ഇത്രയും ജനപ്രീതി നേടിക്കൊടുത്തതെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല. ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന 'വിസി കാല്‍ക്കി'ല്‍ തുടങ്ങി 'ലോട്ടസിലൂ'ടെ 'എക്സെലി'ന്റെ ലോകത്തെത്തിയ ഈ സ്പ്രെഡ്ഷീറ്റ് പാക്കേജുകളില്ലായിരുന്നുവെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടറിന് ഇന്ന് കാണുന്ന പ്രചാരവും ലഭിക്കുമായിരുന്നില്ല.
ഫാക്സിന്റെ വര്‍ദ്ധിച്ച ഉപയോഗം കുറക്കാനായി ആദ്യമൊക്കെ കമ്പനി അനുവദിച്ച പരിമിതമായ ഇ-മെയില്‍ സംവിധാനം കൌതുകത്തോടെയാണ് പരീക്ഷിച്ചു വന്നത്. പിന്നീട് സ്ഥാപനത്തിന്റെ വിവിധ ശാഖകളിലെ സഹപ്രവര്‍ത്തകരുമായി വിവരങ്ങള്‍ കൈമാറാന്‍ വ്യാപകമായി ഇ-മെയില്‍ ഉപയോഗിച്ചു തുടങ്ങി. കമ്പനിയുടെ ഇന്‍ട്രാനെറ്റ് ശൃംഖലയിലൂടെയുള്ള പരിമിതമായ ഈ സംവിധാനത്തില്‍ നിന്ന് ഇന്റര്‍നെറ്റിന്റെ അതിവിപുലമായ സൌകര്യങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ലോകത്തേക്ക് കടന്നതോടെ വലിയൊരു ലോകം വെട്ടിപ്പിടിച്ച പ്രതീതി.
ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 2.8 GHz ക്ളോക്ക് സ്പീഡ്, 512 മെഗാബയ്റ്റ് റാം, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. ഇന്ന് കോര്‍ക്കറസ് ഉപയോഗിക്കുന്ന ലാപ്ടോപ് കമ്പ്യൂട്ടറിന്റെ സവിശേഷതയാണിത്. ഭാരം വെറും ഒന്നര കിലാഗ്രാം. 1983-ല്‍ നിന്ന് 2008-ലെത്തിയ മാറ്റം. ഡോസിന്റെ ആദ്യ വേള്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ. 80286 പ്രോസസ്സര്‍ മുതല്‍ ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വരെ. ഈ മാറ്റത്തിനൊപ്പം കമ്പ്യൂട്ടറിന്റെ സഹചാരിയാകാന്‍ സാധിച്ചുവെന്നത് വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയത്.
*****
286 മുതല്‍ ഇവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്, പഴയ ഇ.ഡി.ഓ മെമ്മറി മുതല്‍ കുറേ സാധനങ്ങള്‍ എടുത്തു വച്ചിരുന്നു, ഒരിക്കല്‍ പെങ്ങളുടെ സ്കൂളിലെ ഒരു പ്രദര്‍ശനത്തിനു കൊണ്ടുപോയ ശേഷം ചില ബോര്‍ഡുകള്‍ നഷ്ടമായി.
ReplyDeleteഓർമ്മകൾ ഉരുക്കഴിക്കുമ്പോൾ ചെറിയൊരു പിശകു പറ്റിയോ എന്നൊരു സംശയം: ആദ്യത്തെ PC ആയിരുന്നു ഹാർഡ് ഡിസ്കില്ലാതെ ഫ്ലോപ്പി മാത്രമായി വന്നതു്. PC/XTയുടെ പ്രധാന വ്യത്യാസം അതിലുണ്ടായിരുന്ന 10 MB/20MB ഹാർഡ് ഡിസ്ക്ക് ആയിരുന്നു. 80286 പ്രോസസ്സർ ഉപയോഗിക്കുമ്പോഴാണു് PCയ്ക്ക് PC/AT എന്നു പേരു വന്നതു്.
ReplyDelete(എന്നൊക്കെയാണു് എന്റെ ഓർമ്മ!)
ഇതുപോലൊക്കെത്തന്നെ സിങ്ക്ലേയർ സ്പെക്ട്രത്തിലും കൊമ്മോഡോറിലും PCയിലും തുടങ്ങിവെച്ചതായിരുന്നു എന്റെയും കമ്പ്യൂട്ടർ ജീവിതം. അതുകൊണ്ടു് ഈ പഴയ കഥകളൊക്കെ വായിക്കാൻ രസമുണ്ടു്. പഴയ വാടകവീട്ടിലെ പങ്കാളികൾ വർഷങ്ങൾക്കുശേഷം നേരിട്ടുകണ്ടുമുട്ടി സംസാരിക്കുന്നതുപോലുള്ള ഒരു തോന്നൽ!
:)