Monday, July 20, 2009

വളരുന്ന ടെക്നോളജിയും നമ്മളും


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഈ ലക്കത്തോടെ ഇന്‍ഫോകൈരളി അതിന്റെ നൂറാമത് ലക്കത്തിലെത്തുകയാണ്. ഒമ്പതാംലക്കം മുതല്‍ക്കുതന്നെ ഇന്‍ഫോകൈരളിയില്‍ ഏറെക്കുറെ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന വിനീതനായ കോര്‍ക്കറസും ഈ സമയത്ത് വായനക്കാരുമായി സന്തോഷം കൈമാറുന്നു. ഇന്‍ഫോകൈരളിക്ക് മുമ്പും അതിന് ശേഷവും രംഗത്തെത്തിയ മലയാളത്തിലെ ഈ ഇനത്തിലെ ഏതാനും മാഗസിനുകള്‍ പിടിച്ചുനില്‍ക്കാനാവാതെ രംഗം വിട്ടൊഴിഞ്ഞതിന് കോര്‍ക്കറസ് സാക്ഷിയാണ്. വളരുന്ന ടെക്നോളജിക്കൊപ്പം നിലകൊള്ളാനും അത് യഥാസമയത്ത് മലയാളത്തിലെ വായനക്കാരിലെത്തിക്കാനും സാധിച്ചുവെന്നതാണ് ഇന്‍ഫോകൈരളിയുടെ നേട്ടം.

ഇന്‍ഫോകൈരളിയുടെ 1999 ഒക്ടോബര്‍ ലക്കത്തില്‍ കോര്‍ക്കറസ് എഴുതിയ ആദ്യലേഖനത്തിന്റെ തലക്കെട്ടാണ് 'വളരുന്ന ടെക്നോളജിയും നമ്മളും'. നൂറാമത് ലക്കത്തിലെഴുതുന്ന മാറ്ററിനും ഇതേ തലക്കെട്ട് തന്നെ നല്‍കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കമ്പ്യൂട്ടര്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലേറെ അവിശ്വസനീയമാണ് കേരളത്തിന്റെ ഐ.ടി. മേഖലയിലുണ്ടായ മാറ്റങ്ങള്‍. അന്ന് ഈ മാറ്റര്‍ ഡ്രാഫ്റ്റ് ചെയ്യാനുപയോഗിച്ചിരുന്ന കോര്‍ക്കറസിന്റെ കമ്പ്യൂട്ടറിന്റെ പ്രോസസ്സര്‍ പെന്റിയം ഇനത്തിലെ ഒന്നാം തലമുറയില്‍പെട്ടതായിരുന്നു. 486 പരമ്പരയിലെ പ്രോസസ്സറുകളില്‍ നിന്ന് പെന്റിയത്തിലേക്കുള്ള മാറ്റത്തിന്റെ അവസാന ഘട്ടമായിരുന്ന അത്. വ്യാപകമായി ഉപയോഗിച്ചിരുന്ന ഓപറേറ്റിംഗ് സിസ്റ്റം 'വിന്‍ഡോസ് 98'. ഇ-മെയില്‍ സൌകര്യവും ഇന്റര്‍നെറ്റും അന്ന് സാര്‍വത്രികമായിരുന്നില്ല. ഹാര്‍ഡ്ഡിസ്ക്ക് സ്പെയ്സ് മെഗാബയ്റ്റില്‍ നിന്ന് ജിഗാബയ്റ്റിലേക്ക് കടക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായിരുന്നു അത്. എട്ട് ജിഗാബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള ഹാര്‍ഡ്ഡിസ്ക്ക് അന്ന് അത്ഭുതം തന്നെയായിരുന്നു. മെമ്മറിയാകട്ടെ സാധാരണ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചുവന്ന 32 മെഗാബയ്റ്റില്‍ നിന്ന് 64 മെഗാബയ്റ്റിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മള്‍ട്ടിമീഡിയ പ്രയോജനപ്പെടുത്താനുള്ള സൌകര്യം അപൂര്‍വം കമ്പ്യൂട്ടറുകളില്‍ മാത്രം. പ്രോഗ്രാമുകള്‍ ഫ്ളോപ്പി ഡിസ്ക്കില്‍ നിന്ന് സി.ഡിയിലേക്ക് കൂടിമാറന്നു ഘട്ടം. യു.എസ്.ബി. പോര്‍ട്ടും കേബിളും അത്രയൊന്നും പരിചിതമല്ലായിരുന്നു. ഫ്ളാഷ് മെമ്മറിയും പെന്‍ഡ്രൈവും രംഗപ്രവേശം ചെയ്തിരുന്നില്ല.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് മലയാളികള്‍ ചിന്തിച്ചുതുടങ്ങാത്ത കാലത്താണ് ഇന്‍ഫോകൈരളി നമ്മുടെ കരങ്ങളിലെത്തുന്നത്. നമുക്ക് പ്രയോജനപ്പെടുത്താവുന്നതായി ഇതിലെന്തെങ്കിലുമുണ്ടാവുമെന്നും സാധാരണക്കാരായ മലയാളികള്‍ അന്ന് ബോധവാന്‍മാരല്ലായിരുന്നു. എട്ട് വര്‍ഷം മുമ്പുള്ള കേരളത്തിന്റെ ഐ.ടി. രംഗം ഒട്ടുംതന്നെ ആശാവഹമല്ലായിരുന്നുവെന്നാണ് കോര്‍ക്കറസിന്റെ നീരീക്ഷണം. ഇന്നത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ മുന്‍തലമുറയായ എക്സ്.ടിയില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടി ആദ്യകാല കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസിന്റെ വ്യത്യസ്ത പതിപ്പുകളിലൂടെ 'വിസ്റ്റ' വരെ കമ്പ്യൂട്ടറിനോടൊപ്പം സഹചരിച്ച കോര്‍ക്കറസിന് കേരളത്തിന്റെ ഇന്നത്തെ ഐ.ടി. മേഖല കാണുമ്പോള്‍ അത്യധികം സന്തോഷമാണുള്ളത്. ഈ മാറ്റം ഇപ്പോള്‍ വന്‍പ്രതീക്ഷക്ക് വകനല്‍കുന്നു.

നമ്മുടെ സംസ്ഥാനം ആകെ മാറിയിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന് കൊച്ചുകുട്ടികളുടെ പഠന വിഷയമായി മാറി. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ശക്തമായ ഒരു വിദ്യാഭ്യാസ മാധ്യമമെന്ന നിലക്കാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. പേനയും നോട്ട്ബുക്കും ടെക്സ്റ്റ്ബുക്കുമെന്ന പോലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറും അനിവാര്യമായ പഠനോപകരണമായി മാറിയിരിക്കുന്നു. കമ്പ്യൂട്ടറുമായി വിദ്യാര്‍ത്ഥി തലത്തില്‍ നിന്ന് തുടങ്ങുന്ന ഈ സഹവാസം തുടര്‍ന്നുള്ള മേഖലകളിലേക്കും വ്യാപിച്ചിരിക്കയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ അത്യന്തം ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ തനത് സംരംഭങ്ങളായ ഐ.ടി. അറ്റ് സ്കൂള്‍, സ്മാര്‍ട്ട് ക്ളാസ്റൂം, എഡ്യൂസാറ്റിന്റെ ഉപയോഗം, കുടുംബശ്രീ കമ്പ്യൂട്ടര്‍ പരിശീലനം, അക്ഷയ തുടങ്ങിയവയൊക്കെ ഈ രംഗത്ത് നമ്മുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. സംസ്ഥാന ഐ.ടി. മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. മാറിമാറി വന്ന സര്‍ക്കാറുകളില്‍ നിന്ന് ഇതിന് പ്രോല്‍സാഹനം ലഭിക്കുകയും ചെയ്തതോടെ സംസ്ഥാനം ലോക ഐ.ടി ഭൂപടത്തില്‍ തന്നെ സുപ്രധാന സ്ഥാനം കരസ്തമാക്കി.

സംസ്ഥാന ഐ.ടി. മിഷന്‍ രുപം നല്‍കിയ 'ഫ്രണ്ട്സ്' ജനസേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഗ്രാമത്തിന്റെ ഉള്ളറകളില്‍ വരെ കടന്നെത്തിയ വ്യത്യസ്ത ഇനം സൌകര്യങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം മുഖേന ലഭ്യമായ സാധ്യതകള്‍ എന്നിവയൊക്കെ സംസ്ഥാനത്തിന്റെ ഇ-ഗവേണന്‍സ് സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കി. ബാങ്കിംഗ് മേഖലയിലെ കമ്പ്യുട്ടര്‍വല്‍ക്കരണത്തിലൂടെ പണമിടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കി. ചില്ലറവില്‍പന ഷോപ്പുകള്‍ ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളാണ്. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലെ ടിക്കറ്റ് സംവിധാനം വരെ ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍ക്കൃതമാണല്ലോ. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന സംവിധാനങ്ങള്‍ ഇതിലേറെ ജനോപകാരപ്രദമായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഭൂരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനം ദൃതഗതിയില്‍ അരങ്ങേറുന്നു. ഭൂരേഖ സംബന്ധിച്ച വിവരങ്ങള്‍ സമീപഭാവിയില്‍ നമുക്ക് നെറ്റിലൂടെ ലഭ്യമാക്കാവുന്നതാണ്. ഭൂനികുതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊക്കെ ഇനി ഇന്റര്‍നെറ്റ് വഴി നിര്‍വഹിക്കാന്‍ സാധ്യമാകുമെന്നാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നു.

അതേസമയം സ്വതന്ത്രമായ രീതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് എവിടെയും നിലനില്‍പില്ലെന്ന കാര്യം ഈ അവസരത്തില്‍ നാം ഗൌരവമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതര ശാസ്ത്ര ശാഖകളുമായി കൂട്ടുപിടിച്ചുമാത്രമേ അതിന് ഇനിയും വളര്‍ച്ചയും വികസനവുമുള്ളൂ. മറുവശത്ത് ഇതര ശാസ്ത്ര സാങ്കേതികവിദ്യകളൊക്കെ ഇനി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി കൂട്ടുപിടിച്ചാല്‍ മാത്രമേ അവക്ക് വളരാനാകൂ എന്ന അവസ്ഥയും സംജാതമായിരിക്കുന്നു. ടെക്നോളജി രംഗത്തെ ഈ വഴിത്തിരിവ് വിവരവിദ്യാ യുഗത്തിന്റെ സവിശേഷതയാണ്. ഉദാഹരണത്തിന് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിവര സാങ്കേതികവിദ്യയെ കുട്ടുപിടിച്ച് അതിവേഗം മുന്നേറുന്നു. രണ്ട് ടെക്നോളജികളുടെ ഈ സംയോജനത്തിലൂടെ നമുക്ക് ലഭ്യമായ നേട്ടങ്ങള്‍ വളരെ വലുതാണ്. 'വിവരസംവേദന സാങ്കേതികവിദ്യ' (ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ടെക്നോളജി) എന്ന പേരില്‍ ഈ കുട്ടായ്മ ഇനിയും വളരുകയാണ്. ഇന്റര്‍നെറ്റ് മുതല്‍ മൂന്നാംതലമുറയിലെ അത്യാധുനിക സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇതിന്റെ ഫലങ്ങളാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ കൂട്ടുപിടിച്ച് അതിവേഗം മുന്നറുന്ന മറ്റൊരു ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഇവ രണ്ടും ചേര്‍ന്നുള്ള 'ബയോ ഇന്‍ഫര്‍മാറ്റിക് ടെക്നോളജി' വന്‍സാധ്യതകളാണ് ലോകത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നത്. വരുംനാളുകളില്‍ ഈ രംഗത്ത് വന്‍മുന്നേറ്റങ്ങളും വിപ്ളവകരമായ മാറ്റങ്ങളുമാണ് നടക്കുക. രോഗപ്രതിരോധ രംഗത്ത് മാത്രമല്ല, പുതിയ 'ബയോ-ഉല്‍പന്നങ്ങളു'ടെ നിര്‍മ്മാണ രംഗത്തും വിപ്ളവകരമായ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാം.

നാം മലയാളികള്‍ ഇന്ന് ഐ.ടിയുടെ സാധ്യതകള്‍ സംബന്ധിച്ച് ബോധവാന്‍മാരാണ്. ഇത്തരമൊരു മുന്നേറ്റത്തിന് നമ്മുടെ മണ്ണും വിണ്ണും പാകപ്പെട്ടിരിക്കുന്നു. നാം മാനസികമായും അതിന് സജ്ജരാണ്. ഈ ബോധവും സാഹചര്യങ്ങളും ഇനി നമുക്ക് നേട്ടങ്ങളാക്കി മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, സാംസ്ക്കാരികം, സാമൂഹികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഐ.ടിയുടെ സാധ്യതകള്‍ നമുക്ക് ഇനിയും കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടിയരിക്കുന്നു. തൊഴില്‍ രംഗത്ത് ഈ സാധ്യതകള്‍ നേട്ടമാക്കി മാറ്റുന്നതില്‍ ഇപ്പോഴും നാം പിന്‍നിരയിലാണെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. സംസംഥാനത്ത് നിലവിലുള്ള ടെക്നോപാര്‍ക്കുകളും ഇന്‍ഫോപാര്‍ക്കുകളും പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇനിയും സാധ്യമായിട്ടില്ല. സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍സംരംഭങ്ങളുടെ കടന്നുവരവിന് കാരണങ്ങളെന്തൊക്കെയായാലും ആവശ്യത്തിലേറെ കാലവിളംബമുണ്ടയത് ഗൌരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

എന്ത്തന്നെയായാലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗം വളരുകയാണ്. ടെക്നോളജിക്കൊപ്പം വളരാന്‍ നമ്മളും സജ്ജമാകേണ്ടിയിരിക്കുന്നു. ഈ വളര്‍ച്ചയുടെ കുതിപ്പ് കാതോര്‍ക്കാനും അതിന്റെ അനുരണനങ്ങള്‍ മലയാളി വായനക്കാരിലെത്തിക്കാനും ഇന്‍ഫോകൈരളിക്ക് ഇനിയും സാധ്യമാകട്ടെ എന്ന് ഈ സമയത്ത് ആശംസിക്കുകയാണ്.

No comments:

Post a Comment