
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന് 2011 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
മുഖ്യമായും സാംസംഗിന്റെ ഗാലക്സി ടാബിലാണ് ഞങ്ങള്‍ രണ്ട് പേരും ആദ്യം തന്നെ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അതിന്റെ വില മുപ്പത്തൊന്നായിരം രൂപ. ഇതിനിടെ കേരള കൌമുദി കണ്ണൂര്‍ ഓഫീസില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ടി.വി. സിജുവിന്റെ ഒരു കോള്‍ വന്നു. ആദര്‍ശിനെപ്പോലെ ഐ.ടി. വിഷയങ്ങളില്‍ ധാരാളം എഴുതുകയും ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത സിജുവിന് ഈ രംഗത്തെ പുതിയ ചലനങ്ങളെന്തെല്ലാമെന്ന് പെട്ടെന്ന് മണത്തറിയാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട്. സിജുവിന്റെ വിഷയവും ടാബ്ലെറ്റ് പിസി തന്നെ. ആപ്പിളിന്റെ ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തുന്ന വിവരമാണ് സിജു കൈമാറിയത്. വില ഇരുപത്തിആറായിരം രൂപ മുതല്‍ നാല്പത്തിനാലായിരം വരെ.
പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ നേരത്തെ ഗ്രേ മാര്‍ക്കറ്റിലൂടെയാണ് നാം ഇന്ത്യക്കാര്‍ ഐപാഡ് സംഘടിപ്പിച്ചിരുന്നതത്രെ. എന്നാല്‍ തന്നെ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഇതില്‍ വായിക്കാന്‍ സാധ്യമായിരുന്നില്ല. ഇപ്പോള്‍ അതിനൊക്കെ പരിഹാരമായിരിക്കുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐപാഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേയുള്ളൂ. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനാവുമെന്ന് സിജു പറഞ്ഞു. ഇതിന്റെ വൈഫൈ വേര്‍ഷന്റെ വില 26000 മുതല്‍ 33000 രൂപ വരെ. വൈഫൈയും ത്രീജിയുമുള്ള പതിപ്പിന് വില 33000 മുതല്‍ 44000 വരെ. രണ്ട് പതിപ്പുകളിലും 16 ജിബി, 32 ജിബി, 64 ജിബി മോഡലുകള്‍ ലഭ്യമാണ്. വിനീതനായ കോര്‍ക്കറസിന് ആപ്പിളിനോട് പണ്ടേ താല്പര്യമില്ലാത്തതിനാല് ഐപാഡിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് സമയം കളയേണ്ടെന്നാണ് തീരുമാനിച്ചത്. അതേസമയം ഐപാഡിന്റെ രംഗപ്രവേശത്തോടെ സാംസംഗിന്റെ ഗാലക്സി ടാബിന് ഒറ്റയടിക്ക് മുവ്വായിരം രൂപ കുറഞ്ഞുവെന്നതിന് നാം ആപ്പിളിനോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഗാലക്സി ടാബിന്റെ വില ഇരുപത്തെണ്ണായിരം രൂപ.
അടുത്ത ഏതാനും മാസങ്ങള്‍ക്കകം ടാബ്ലെറ്റ് പിസികളുടെ വന്‍ നിര തന്നെയാണ് നമ്മെത്തേടിയെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നൂ. വരട്ടെ, എല്ലാ ടാബ്ലെറ്റ് പിസികള്‍ക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. വില ഇനിയും കുറയട്ടെ, അങ്ങനെ പെട്ടെന്ന് കാല്‍ലക്ഷം രുപയ്ക്ക് താഴെ വരട്ടെ. അപ്പോള്‍ ഒരെണ്ണം വാങ്ങിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ആറ് മാസം കൂടി കാത്തിരുന്നാലോ, വില ഇരുപതിനായിരം രൂപക്ക് താഴെ വരുമെന്ന് ഉറപ്പ്.
അമേരിക്കയിലെ ലെസ് വെഗാസില്‍ ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രേണിക് ഷോയില്‍ വ്യത്യസ്ത കമ്പനികളുടെതായി ഈ ഇനത്തിലെ എണ്‍പതിലേറെ ടാബ്ലെറ്റ് പിസികള്‍ പ്രദര്ശനത്തിനെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലതിനൊക്കെ പ്രദര്‍ശന നഗരിയുടെ ഷട്ടര്‍ താഴ്ത്തുന്നത് വരെ മാത്രമേ ആയുസ്സ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു.
ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പമാണ് മറ്റൊരു വിഷയം. ഐപഡിന്റെ സ്ക്രീനിന് 10 ഇഞ്ചാണ് വ്യാസം. അതേസമയം സാംസംഗിന്റെ ഗാലക്സി ടാബിന്റേത് 7 ഇഞ്ചും. രണ്ടും ഇതിനകം വിപണിയില്‍ സ്വീകാര്യത നേടിയിരിക്കയാണ്. അതിനാല്‍ തന്നെ 7 ഇഞ്ച് മുതല്‍ പത്ത് ഇഞ്ച് വരെ വ്യാസമുള്ള ടാബ്ലെറ്റ് പിസികളായിരിക്കും വിപണിയിലെത്തുക. സ്ക്രീന്‍ 7 ഇഞ്ച് വേണോ 10 ഇഞ്ച് വേണോ എന്നത് ഓരോരുത്തരുടെയും താല്പര്യത്തിനസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് ഇഞ്ച് സ്ക്രീനാണെങ്കില്‍ ഭാരം 500 ഗ്രാമിന് മുകളിലായിരിക്കും. സ്ക്രീന്‍ വലുപ്പം 7 ഇഞ്ചാണെങ്കില്‍ ഭാരം ഏതാണ്ട് 400 ഗ്രാമിന് താഴെയും. കോര്‍ക്കറസ് തിരഞ്ഞെടുക്കുന്നത് ഇതില്‍ രണ്ടാമത്തേതായിരിക്കും. കാരണം നമുക്ക് ഇനി ഇരുന്നും കിടന്നും ബസ്സിലും ട്രയിനിലുമൊക്കെ ഇപയോഗിക്കാന്‍ ഭാരം കുറഞ്ഞൊരു പിസിയാണല്ലോ വേണ്ടത്. ബ്ളാക്ക്ബെറിയുടെ പ്ളേബുക്ക് എന്ന ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പവും ഏഴ് ഇഞ്ച് തന്നെ.
ഈ ലേഖനം തയ്യാറാക്കുമ്പോഴാണ് മറ്റൊരു വാര്‍ത്ത കോര്‍ക്കറസിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മിന്നിത്തെളിഞ്ഞത്. അതായത് പ്രമുഖ തായ്വാന് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയും ടാബ്ലെറ്റ് പിസിയുമായി രംഗത്തെത്തുന്നു. 7 ഇഞ്ച് സ്ക്രീന്‍. 32 ജിഗാബയ്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, ഭാരം 415 ഗ്രാം. ഒഠഇ എഹ്യലൃ മേയഹല എന്നാണ് ഇതിന്റെ പേര്. നല്ല വാര്‍ത്ത തന്നെ. ഏറെ വര്‍ഷങ്ങളായി കോര്‍ക്കറസ് ഉപയോഗിക്കുന്നത് എച്ച്.ടി.സി കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ഇനത്തില്‍ പെട്ട മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ്. അതിനാല്‍ തന്നെ ഈ കമ്പനിയോട് ഏതോ വിധത്തില്‍ ഒരു മാനസികമായ അടുപ്പം തോന്നുന്നു. വാര്‍ത്ത വായിച്ച ഉടനെ അതാ കടന്നു വരുന്ന മറ്റൊരു വിവരം. സാംസംഗ് കമ്പനി തങ്ങളുടെ ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കുന്നുവത്രെ. ഇത്തവണ സ്ക്രീന്‍ സൈസ് 10 ഇഞ്ചാണ്. എന്നാല്‍ അതുവേണ്ട എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഇതാ അടുത്ത വാര്‍ത്ത വരുന്നു. ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് 7 ഇഞ്ച് സ്ക്രീന്‍ സൈസിലും ഇറക്കുന്നുവെന്നാണത്. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 3.0.
ടാബ്ലെറ്റ് പിസികള്‍ക്കായി ഗൂഗിള്‍ പ്രത്യേകം അവതരപ്പിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 3.0. 'ഹണികോംബ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ച് ആദ്യമെത്തുന്ന ടാബ്ലെറ്റ് പിസി മോട്ടറോളയുടെ 'ക്സൂം' (Xoom) ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നെ അതാ കടന്നു വരുന്നു, ആന്‍ഡ്രോയിഡ് 3.0 ഉപയോഗിക്കുന്ന ടാബ്ലെറ്റ് പിസികളുടെ പുതിയൊരു നിര. വളരെ പെട്ടെന്നാണ് ഈ രംഗത്ത്് മാറ്റങ്ങളും പുരോഗതിയും നടക്കുന്നത്. ഇനി നാളെ ഏതൊക്കെ സവിശേഷതകളുമായി ഏതൊക്കെ ടാബ്ലെറ്റ് പിസികളാണെത്തുന്നതെന്ന് ഒട്ടും ഊഹിക്കാനാവില്ല. ഈ ഓപറേറ്റിംഗ് സിസ്റ്റം നിസ്സാരക്കാരനല്ല. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെ അതിജയിക്കാന്‍ ഇതര ടാബ്ലെറ്റ് പിസികള്‍ക്ക് സാധ്യമാകുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. എല്‍.ജിയുടെ ജി-സ്ളേറ്റ്, ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത തോഷിബയുടെ പുതിയ ടാബ്ലെറ്റ് എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇനിയിതാ വരുന്ന വേറെയും കുറെ ഉഗ്രന്മാര്. ലെനോവയുടെ ടാബ്ലെറ്റ് പിസി, ഡെല്‍ കമ്പനിയുടെ സ്ട്രീക്, എച്ച്.പിയുടെ ടാബ്, ഇന്ത്യന്‍ കമ്പനിയുടെ ആദം... അങ്ങനെ പട്ടിക നീണ്ടു പോവുന്നു.
ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലെറ്റ് പിസികളിലും പ്രവര്‍ത്തിപ്പിക്കാനുള്ള വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ക്കായി ഗൂഗിള്‍ സജ്ജമാക്കിയ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ഇതിനകം ഒരുലക്ഷത്തിലേറെ ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്. നേരത്തെ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചായിരുന്നു സോഫ്റ്റ്വെയര് സെര്‍ച്ച് ചെയ്തിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വെബിലും ലഭ്യമായിരിക്കുന്നു. വെബില്‍ നാം സെലക്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര് നേരിട്ട് ഹാന്‍സെറ്റിലേക്ക് ഡൌണ്‍ലോഡ് ചെയ്യാനാവും.
അപ്പോള്‍ നാം ഏത് ടാബ്ലെറ്റ് പിസി തിരഞ്ഞെടുക്കണം. അത് പറഞ്ഞില്ലല്ലോ. അതുതന്നെയാണ് കോര്‍ക്കറസിന്റെയും മുമ്പിലുള്ള പ്രശ്നം. ടാബ്ലെറ്റ് പിസികളുടെ വരവിന്റെ ആദ്യ ഘട്ടമായതിനാല്‍ ഇതൊരു കുഴഞ്ഞ പ്രശ്നം തന്നെ. സ്ക്രീന്‍ സൈസ് ഏഴ് ഇഞ്ച് വേണോ പത്ത് ഇഞ്ച് വേണോ? അത് ഓരോരുത്തരും തീരുമാനിക്കണം.
ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഹണികോംബ് തന്നെയാവട്ടെ. അത് പ്രത്യേകം ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ പിന്നീട് ഹണികോംബിലേക്ക് അപ്ഗ്രഡേഷന് സാധ്യമാണോ എന്നും ഉറപ്പു വരുത്തുക. നിലവിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മലയാളം യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം അതില്ലെങ്കില്‍ ഇത്തരമൊരു ഉപകരണം അനാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന സിസ്റ്റം മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുവോ എന്ന് ഉറപ്പ് വരുത്തണം. യാത്രയിലും മറ്റും മലയാളം പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാന്‍, മലയാളം ഇ-ബുക്കുകള്‍ വായിക്കാന്‍, മലയാളം ബ്ളോഗുകള് സന്ദര്‍ശിക്കാന്‍... ഇത്തരമൊരു സൌകര്യം ടാബ്ലെറ്റ് പിസിയില്‍ ലഭ്യമല്ലെങ്കില്‍ അത് തികച്ചും വേസ്റ്റ് തന്നെ. അതുകൊണ്ട് മലയാളം സപ്പോര്‍ട്ട് ചെയ്യാത്ത ടാബ്ലെറ്റ് പിസി വാങ്ങരുതെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ നിര്‍ദ്ദേശം. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ ഇതിന് സൌകര്യമുണ്ടായിരിക്കുമെന്നാണറിയുന്നത്.
സാംസംഗ് വേണോ ഐപാഡ് വേണോ? ഡെല്‍ വേണോ ലെനോവ വേണോ? അതോ എച്ച്.ടി.സി വേണോ? പോക്കറ്റിലെ കാശിന്റെ ലഭ്യതയനുസരിച്ച് മെമ്മറി കപ്പാസിറ്റിയും ഇതര സ്പെസിഫിക്കേഷനുകളും കൂട്ടാം. ഇന്ന് വാങ്ങിക്കേണമോ അതോ അടുത്ത മാസം വാങ്ങിക്കേണമോ? വൈകുന്നതിനനുസരിച്ച് വില കുറയും. ടെക്നോളജിയില്‍ മേ•യും കൈവരിക്കും. ഇപ്പോഴത്തെ പോക്ക് അങ്ങനെയാണ്. ഇനി ഉടന്‍ തന്നെ വാങ്ങുകയാണെങ്കില്‍ കോര്‍ക്കറസ് തിരഞ്ഞെടുക്കുക സാംസംഗിന്റെ ഗാലക്സി ടാബ് തന്നെയായിരിക്കും. മാര്‍ച്ച് മാസം കഴിഞ്ഞ് വാങ്ങിച്ചാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പുതിയ കമ്പനികളും മോഡലുകളും കൂടി വിപണിയിലെത്തട്ടെ. അതിനാല്‍ ടാബ്ലെറ്റ് പിസി വാങ്ങിക്കാന്‍ ഒന്ന് രണ്ട് മാസം കൂടി നമുക്ക് കാത്തിരിക്കാം. അല്ലേ.
================