Friday, May 30, 2008

നെറ്റിനെ ബലാല്‍സംഗം ചെയ്യുന്നവര്‍

എം.ടിയുടെ നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ പുരുഷ കഥാപാത്രത്തിനെതിരെ നമ്മുടെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യുമോ? ഇതെന്തൊരു വിഡ്ഡിത്തമാണ് കോര്‍ക്കറസ് ചോദിക്കുന്നതെന്ന് വായനക്കാര്‍ ചിന്തിച്ചേക്കാം. വെര്‍ച്ച്വല്‍ ലോകവും യഥാര്‍ഥ ലോകവും തമ്മില്‍ അതിര്‍വരമ്പുകള്‍ ഇല്ലതായി വരുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിനീതനായ കോര്‍ക്കറസ് വിശ്വസിക്കുന്നു. നെറ്റില്‍ ഏറെ പ്രചാരമുള്ള 'സെക്കണ്ട് ലൈഫ്' എന്ന വെര്‍ച്ച്വല്‍ ലൈഫ് വെബ്സൈറ്റിലെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗത്തിന് വിധേയമാക്കി. സംഭവം നടന്നത് ഈ വര്‍ഷാരംഭത്തിലാണ്. കാര്‍ട്ടൂണ്‍ കഥയിലെ ഡിജിറ്റല്‍ കഥാപാത്രത്തിന്റെ നിരുപദ്രവകരമായ ആക്രമണമെന്ന് കരുതി നെറ്റിലെ ബ്ലോഗര്‍മാരാരും ഇതിന്നെതിരെ കാര്യമായ പരാതിയൊന്നും ഉന്നയിച്ചില്ല. പക്ഷെ, ബെല്‍ജിയം പോലീസ് ഈ സംഭവം ഇപ്പോള്‍ ഗൌരവമായി എടുത്തിരിക്കയാണത്രെ. ഇതുവരെ ആര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നതാണ് പോലീസിന്റെ അന്വേഷണ വിഷയം.

രണ്ട് മാസംമുമ്പ് ഇതേ വെബ്സൈറ്റിലെ ഒരു കൊച്ചു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പ്രായപൂര്‍ത്തിയെത്തിയ മറ്റൊരു കഥാപാത്രം പീഡിപ്പിക്കുന്നതായി ജര്‍മ്മന്‍ പോലീസിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരും ഇപ്പോള്‍ പ്രശ്നം ഗൌരവമായി പഠിച്ചുവരികയാണത്രെ. മനുഷ്യ കല്‍പിതമായ കഥാപാത്രങ്ങളാണെങ്കില്‍ തന്നെ ആരും നിയമത്തിന് അതീതരല്ലെന്നും ജര്‍മ്മന്‍ നിയമങ്ങളനുസരിക്കാന്‍ ഇവരും ബാധ്യസ്ഥരാണെന്നുമാണ് പോലീസ് ഭാഷ്യം.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു വികസിച്ചതോടെ വൈജ്ഞാനിക രംഗത്ത് വന്‍ കുതിപ്പുണ്ടായി എന്നത് ശരി തന്നെ. മനുഷ്യരാശിക്ക് പുതിയ സൌകര്യങ്ങള്‍ നല്‍കിയതോടൊപ്പം ഒട്ടേറെ പുതിയ കണ്ടെത്തലുകള്‍ക്കും അത് സഹായകമായി. നല്ലത്. ഇതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇതേ ടെക്നോളജിയെ ദുരുപയോഗപ്പെടുത്തുന്ന നല്ലൊരു വിഭാഗം നെറ്റില്‍ വളര്‍ന്നു വരികയാണെന്നത് ആശങ്കക്ക് വക നല്‍കുന്നു. തങ്ങളുടെ നശീകരണ പ്രവര്‍ത്തനങ്ങളുടെയും ദുര്‍വൃത്തികളുടെയും മേഖല ഇന്റര്‍നെറ്റിലേക്കുകൂടി അവര്‍ വ്യാപിപ്പിച്ചിരിക്കയാണ്. മുകളില്‍ സൂചിപ്പിച്ച ബലാല്‍സംഗവും പീഡനവുമൊക്കെ വിരല്‍ചൂണ്ടുന്നത് ഇത്തരമൊരാശങ്കയിലേക്കാണ്.

ക്രഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിച്ച് പണം തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റ് വഴി ബാങ്ക് കൊള്ള, വ്യക്തികളെയും കമ്പനികളെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇ^മെയില്‍ വഴി വന്‍തോതില്‍ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യല്‍, സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ വെര്‍ച്ച്വല്‍ കുറ്റകൃത്യങ്ങളൊക്കെ തടയാന്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും നിയമങ്ങളുണ്ട്. നെറ്റിന്റെ വളര്‍ച്ചയോടെ അനുദിനമെന്നോണം ഈ പട്ടികയിലേക്ക് പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇന്റര്‍നെറ്റ് ഗെയിമുകള്‍ വഴി പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ആക്രമണവാസനയും നശീകരണപ്രവര്‍ത്തനങ്ങളും കുട്ടിക്കളിയാക്കി മാറ്റിയ പുതുതലമുറയുടെ കൈകളില്‍ രാജ്യത്തിന്റെ നായകത്വവും കൈകാര്യകര്‍തൃത്വവും എത്തിച്ചേരുമ്പോഴുള്ള അവസ്ഥയും ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

എട്ട് ദശലക്ഷം ഇന്റര്‍നെറ്റുപയോക്താക്കളോടൊപ്പം ഒട്ടേറെ വെര്‍ച്ച്വല്‍ യുദ്ധവിമാനങ്ങളും മറ്റും പങ്കെടുക്കുന്ന ഒരു കൊടുംഭീകര യുദ്ധത്തിന്റെ കളിയുണ്ട് നെറ്റില്‍. ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഇന്റര്‍നെറ്റ് ഗെയിം മനുഷ്യന്റെ ആക്രണവാസന പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നിരിക്കയാണ്. ക്രിക്കറ്റിനും ഫുഡ്ബാളിനും പകരം ഇത്തരം ഇന്റര്‍നെറ്റ് കളികള്‍ പരിശീലിച്ച് വളരുന്ന തലമുറക്ക് യഥാര്‍ത്ഥ യുദ്ധവും ഒരുതരം കളിയും തമാശയുമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നുവന്നാലത്തെ അവസ്ഥ എത്ര ഭീകരമായിരിക്കും. നിലവില്‍ വന്‍ശക്തികള്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന ആണവായുധങ്ങളൊക്കെ പ്രയോഗിക്കുക എന്നതും ഇവര്‍ക്കൊരു തമാശയും കൌതുകവുമായിരിക്കും. ഈ ഗെയിമിലെ പ്രത്യേക വെര്‍ച്ച്വല്‍ പ്രദേശങ്ങളില്‍ ഒറ്റക്ക് പ്രവേശിക്കാന്‍ പല ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പേടിയാണത്രെ. ഒറ്റപ്പെട്ട യാത്രക്കാരെ വധിച്ച് അവരുടെ വെര്‍ച്ച്വല്‍ സ്വത്ത് മുഴുക്കെ കൊള്ളയടിക്കാന്‍ ഭീകരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടെന്നതാണ് കാരണം. മനുഷ്യന്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവനെത്തന്നെ ഭീഷണിപ്പെടുത്തുന്നു. ഈ കഥാപാത്രങ്ങളെപ്പേടിച്ച് ഇന്റര്‍നെറ്റ് തുറക്കാന്‍ പലര്‍ക്കും ഭയമാണത്രെ.

ഏതാനും മാസം മുമ്പ് അമേരിക്കയില്‍ നിന്ന് ലഭിച്ച ഒരശുഭ വാര്‍ത്ത നമ്മുടെ ആശങ്കക്ക് ആക്കം കൂട്ടുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലെ അശ്ലീല വെബ്സൈറ്റ് ഉടമകള്‍ക്ക് അമ്പതിനായിരം ഡോളര്‍ പിഴയും ആറ് മാസത്തെ ജയില്‍ ശിക്ഷയും നല്‍കുന്ന നിയമം അവിടുത്തെ കോടതി ദുര്‍ബലപ്പെടുത്തി എന്നതാണ് വാര്‍ത്ത. നിയമത്തിന് പ്രസക്തിയില്ലെന്നും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്നും അതേസമയം കുട്ടികളുടെ സംരക്ഷണത്തിനായി രക്ഷിതാക്കള്‍ക്ക് ഫില്‍ട്ടര്‍ സോഫ്റ്റ്വെയറുകളുപയോഗിക്കാവുന്നതാണെന്നുമാണ് ഇതിനുള്ള ന്യായമായി കോടതി പറഞ്ഞത്. ഇത്തരം നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവിഷ്ക്കാര സ്വാതന്ത്യ്രത്തിന്റെയും മറ്റും പേരില്‍ നല്ലൊരു വിഭാഗം അവിടെ മുറവിളി കൂട്ടിയിരുന്നുവെന്നതും ഓര്‍ക്കുക. വിഷയം ആവിഷ്ക്കാര സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടതു മാത്രമാണോ? അതല്ല തലമുറകളുടെ സംസ്ക്കാരവുമായും സംസ്ക്കരണവുമായും ബന്ധപ്പെട്ടതാണോ?

അശ്ലീല വെബ്സൈറ്റുകള്‍ വഴി വര്‍ഷംതോറും അമേരിക്കയില്‍ മാത്രം പതിനഞ്ച് ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്നുണ്ടത്രെ. അവിടുത്തെ പല വന്‍കിട കമ്പനികളും മറ്റും ഇതില്‍ ഭാഗഭാക്കാകുന്നു. ഈ കമ്പനികളുടെ കീഴില്‍ ബിസിനസ് ഡവലപ്മെന്റ് വിഭാഗങ്ങളും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അതായത് ടെക്നോളജിയെ ദുഷ്ട ലക്ഷ്യങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന വിഷയത്തില്‍ ഗവേഷണം. ഇന്റര്‍നെറ്റിലൂടെയുള്ള വീഡിയോ സ്ട്രീമിംഗ് സംവിധാനത്തിന്റെ വികസനത്തിലൂടെ നാം ധരിച്ചത് ഇലക്ട്രോണിക് രീതിയിലെ പഠനങ്ങള്‍ക്കും ലക്ചര്‍ ക്ലാസ്സുകള്‍ക്കും ഇത് അങ്ങേയറ്റം സഹായകമാകുമെന്നായിരുന്നു. എന്നാല്‍ പ്രധാനമായും ഇതുപയോഗപ്പെടുത്തുന്നതാകട്ടെ ഇപ്പോള്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പരസ്പരം കൈമാറാന്‍ വേണ്ടിയാണെന്നതാണ് സത്യം. നേരത്തെ ഡി.വി.ഡി പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പൊതു രൂപഘടന സംബന്ധിച്ച തര്‍ക്കത്തില്‍ അശ്ലീല വീഡിയോ നിര്‍മ്മാതാക്കള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവത്രെ.

പതിനാലിന് താഴെ വയസ്സുള്ള കൊച്ചുകുട്ടികളെ ബലാല്‍സംഗത്തിന് വിധേയമാക്കുന്ന വീഡിയോ ഫിലിം ഓഫര്‍ ചെത്തു കൊണ്ട് കഴിഞ്ഞ വര്‍ഷം മദ്ധ്യത്തില്‍ റഷ്യന്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ പെട്ടെന്ന് അതിന്നെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. സൈറ്റ് ഹോസ്റ്റ് ചെയ്ത യൂറോപ്പിലെ സെര്‍വര്‍ ഉടമകളുമായി ബന്ധപ്പെട്ട് ആദ്യദിവസം തന്നെ അത് പ്രവര്‍ത്തന രഹിതമാക്കാന്‍ പോലീസിന് സാധിച്ചു. അപ്പോഴേക്കം എഴുപത്തേഴ് രാജ്യങ്ങളില്‍ നിന്നായി 2360 പേര്‍ വീഡിയോ ഫിലിം ഡൌണ്‍ലോഡ് ചെയ്തിരുന്നുവത്രെ. 89 ഡോളറായിരുന്നു ഫിലിമിന്റെ വില. ഇതനസരിച്ച് സൈറ്റ് ഉടമകള്‍ ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് ലക്ഷത്തിലധികം ഡോളര്‍ സമ്പാദിച്ചു. അതായത് ഒരു കോടിയോളം ഇന്ത്യന്‍ ഉറുപ്പിക. സൈറ്റ് നിര്‍മ്മിച്ചത് റഷ്യയിലാണെങ്കിലും വീഡിയോ ചിത്രം അപ്ലോഡ് ചെയ്തത് ബ്രിട്ടണിലാണെന്നും പോലീസ് കണ്ടെത്തുയുണ്ടായി. ഇന്റര്‍നെറ്റിന്റെ സാധ്യത ചൂഷണം ചെയ്ത് വളരെ ആസൂത്രിതമായ പുതിയ കുറ്റ കൃത്യങ്ങളാണ് നമുക്ക് ചുറ്റും വളര്‍ന്നു വരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ലൈംഗികരാചകത്വത്തിലേക്ക് നയിക്കുന്ന വെബ്സൈറ്റുകളില്‍ അമ്പത്തൊന്ന് ശതമാനം അമേരിക്കയില്‍ നിന്നുള്ളതാണെന്നാണ് കണക്ക്. ഇരുപത് ശതമാനം റഷ്യയില്‍ നിന്നും.

യൂറോപ്പില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന പന്ത്രണ്ടിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ നാലിലൊരു ഭാഗം മാസത്തിലൊരു തവണയോ അതിലധികമോ ഇത്തരം ഫിലിമുകള്‍ കാണുന്നുവെന്നാണ് കണക്ക്. ബ്രിട്ടണില്‍ മാത്രമെടുത്താല്‍ പത്തില്‍ ആറ് കുട്ടികളാണ് ഇത്തരം കെണിയിലകപ്പെടുന്നതത്രെ. ഇതിലധികം പേരും മനപ്പൂര്‍വം കാണുന്നവരല്ല, മറിച്ച് സെര്‍ഫിംഗിനിടെ യാദൃശ്ചികമായിട്ട് ഈ സൈറ്റുകളിലെത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ സ്ഥിരമായി ഇ^മെയില്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത്തരം സൈറ്റുകളിലേക്കുള്ള ലിങ്കുകളുള്‍ക്കൊള്ളുന്ന മെയിലുകള്‍ നിങ്ങളുടെ ഇന്‍ബോക്സിലെത്താതിരിക്കില്ല. ചിലപ്പോള്‍ മെയിലുകളുടെ പ്രവാഹം തന്നെ ഉണ്ടായേക്കാം. വൈറസുകള്‍ക്ക് പുറമെ ട്രോജന്‍ ഹോഴ്സ്, സ്പൈവെയര്‍ തുടങ്ങിയ വിനാശകരമായ പ്രോഗ്രാമുകളും കമ്പ്യൂട്ടറിലേക്ക് കടത്തിവിട്ട് നമ്മുടെ താല്‍പര്യങ്ങളും രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഈ കുബുദ്ധികള്‍ നിരന്തരം ശ്രമിച്ചുവരുന്നു. നമ്മുടെയും നമ്മുടെ കുട്ടികളുടെയും കമ്പ്യൂട്ടര്‍ ഒരിക്കലും സുരക്ഷിതമല്ല.

അതേതായാലും ഇന്റര്‍നെറ്റിലെ ബലാല്‍സംഗങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നാണ് കോര്‍ക്കറസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ കമ്പ്യൂട്ടര്‍ ഉപയോഗവും നെറ്റ് സെര്‍ഫിംഗും പ്രത്യേകം നിരീക്ഷിക്കുകയും വേണം. അതല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ നെറ്റിലെ ചതിക്കുഴികളില്‍ അകപ്പെടാനിടവരും. പിന്നെ അവിടെ നിന്ന് അവര്‍ക്ക് കരകേരാന്‍ സാധിച്ചെന്ന് വരില്ല.

2 comments: