Saturday, May 31, 2008

ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും

ഇനി ഇപ്പം എന്തിനാ ഒരു ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍? നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ മനസ്സിലുയര്‍ന്ന ചോദ്യം അതായിരുന്നു. അതിനിടക്കാണ് കോര്‍ക്കറസ് ശങ്കുണ്ണിയെ പരിചയപ്പെട്ടത്. ശങ്കുണ്ണിയെ അറിയില്ലേ. ഞങ്ങളുടെ ഗ്രാമത്തിന്റെ തലസ്ഥാനമായ കുണ്ടുപറമ്പ് അങ്ങാടിയിലെ പ്രസിദ്ധമായ സ്കൈലാബ് ഹോട്ടലിലെ വിദഗ്ദനായ പാചകക്കാരന്‍. മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി നേരെ ഹോട്ടലില്‍ ജോലിക്ക് കയറി. ആദ്യം പാത്രം കഴുകല്‍. പിന്നെ മേശ തുടപ്പുകാരന്‍. തുടര്‍ന്ന് സപ്ലെയറായി പ്രൊമോഷന്‍. ഇതിനിടെ പാചക വൃത്തിയിലും പരിശീലനം നേടിയ ശങ്കുണ്ണി ഹോട്ടലിലെ സ്ഥിരം പാചകക്കാരന്‍ പിണങ്ങിപ്പോയതോടെ ആ ഒഴിവില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇത് ശങ്കുണ്ണിക്കും നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹമായി. കാരണം തന്റെ യഥാര്‍ഥ കഴിവ് പാചക കലയിലാണെന്ന് ശങ്കുണ്ണിയെപ്പോലെത്തന്നെ ജനങ്ങളും തിരിച്ചറിയുകയായിരുന്നു. ദിവസവും ഊണിന് ഒരുപാട് വിഭവങ്ങളൊരുക്കണം. പുറമെ പലഹാരങ്ങളുമുണ്ടാക്കണം. എല്ലാം കൂടി ശങ്കുണ്ണിക്ക് നല്ല ജോലി. സമര്‍ഥമായും ആരെയും അത്ഭുതപ്പെടുത്തുന്ന വേഗതയിലും ശങ്കുണ്ണി ഏല്ലാം ഭംഗിയായി ചെയ്തുതീര്‍ത്തു. ശങ്കുണ്ണിയുടെ കൈപുണ്യം നാട്ടില്‍ പ്രസിദ്ധി നേടിയതോടെ കൂടുതല്‍ പേര്‍ ഹോട്ടലിലെത്തിത്തുടങ്ങി. അതോടെ ശങ്കുണ്ണിയുടെ ജോലി ഭാരം പിന്നെയും വര്‍ദ്ധിച്ചു. ഹോട്ടലിലെ പതിവുകാരുടെ അഭിരുചിക്കനുസരിച്ച് പുതിയ വിഭവങ്ങളും തയ്യാറേക്കേണ്ടിവന്നു. അങ്ങനെ ശങ്കുണ്ണി സ്കൈലാബ് ഹോട്ടലിന്റെ 'സിരാകേന്ദ്ര'മായി വര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ സിരാകേന്ദ്രമല്ലാതാകും. ശങ്കുണ്ണി എന്ന പാചകക്കാരനില്ലെങ്കില്‍ ഹോട്ടലിലെ ജോലിയൊക്കെ എങ്ങനയാ നടക്കുക.

എന്നാലും ഒരു പാചകക്കാരനെക്കൊണ്ട് ചെയ്യാവുന്ന ജോലിക്ക് പരിധിയില്ലേ. സന്ദള്‍ശകര്‍ വര്‍ദ്ധിച്ചതോടെ ഹോട്ടലിലെ ജോലിഭാരം ശങ്കിണ്ണിക്ക് വഹിക്കാവുന്നതിലുമപ്പുറമായി. പല ജോലികളും പാതിവഴിക്ക് നിര്‍ത്തേണ്ടി വരുന്നു. ചില പലഹാരങ്ങളുടെ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നു. ശാപ്പാടിന് വിഭവങ്ങളുടെ അളവ് കുറക്കേണ്ടി വരുമോ എന്ന ഭയം. എന്താണ് പരിഹാരം? അതത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ഒരു ചാചകക്കാരനെക്കൂടി നിയമിക്കുക. ആര്‍ക്കും എളുപ്പത്തില്‍ നിര്‍ദ്ദേശിക്കാവുന്ന പരിഹാരം. ആള്‍ യോഗ്യനാകണമെന്ന് മാത്രം. സ്കൈലാബ് ഹോട്ടലുടമയും അതുതന്നെ ചെയ്തു. ശങ്കുണ്ണിയെ സഹായിക്കാനായി അപ്പുണ്ണി എന്ന പുതിയൊരു പാചകക്കാരനെക്കൂടി നിയമിച്ചു. അതോടെ ശങ്കുണ്ണിയും സംതൃപ്തനായി. ധാരാളം ജോലികള്‍. രണ്ടുപേരും ജോലി വീതിച്ചെടുത്ത് നല്ലനിലയില്‍ അതു നിര്‍വഹിച്ചുവന്നു. ഹോട്ടലിലെ ജോലി പൂര്‍വാധികം ഭംഗിയായി മുന്നേറി.

അങ്ങനെയാണ് ശങ്കുണ്ണി, അപ്പുണ്ണി എന്നീ രണ്ട് പ്രോസസ്സറുകള്‍ ചേര്‍ന്നാല്‍ ഡ്യുവല്‍ കോര്‍ പാചകക്കാരാകുമെന്ന് കോര്‍ക്കറസിന് ബോധ്യമായത്. ഒരു ഹോട്ടലിനുള്ളില്‍ രണ്ട് പാചകക്കാര്‍. ഒരു ചിപ്പിനകത്ത് രണ്ട് പ്രോസസറുകള്‍. കമ്പ്യൂട്ടര്‍ രംഗത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ഡ്യുവല്‍ കോര്‍ പ്രോസസ്സറുകള്‍ ഇവിടെയും വ്യാപകമായി. അത് വേണമെന്ന് തന്നെയാണ് ഇപ്പോള്‍ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. കാരണം കോര്‍ക്കറസ് ഈയ്യിടെ വാങ്ങിയ 'സെനിത്ത് പ്രസിഡിയോ പ്രീമിയം' ലാപ്ടോപ് കമ്പ്യൂട്ടറിലും ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍. ഒരൊറ്റ ചിപ്പില്‍ രണ്ട് സി.പി.യു പ്രവര്‍ത്തിക്കുന്നതോടെ അവയുടെ കാഷ് മെമ്മറികള്‍, കാഷ് കണ്‍ട്രോളറുകള്‍ എന്നിവ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കാനാവുമത്രെ. പ്രോസസറില്‍ രണ്ട് കോറുകളുള്‍പ്പെടുത്തുന്നതിനാല്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഒരേസമയം വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാനും സാധിക്കുന്നുവെന്നതും നേട്ടമാണത്രെ.

ശരിയാണ്. ഹോട്ടലിലെ വിഭവങ്ങളൊക്കൊ ഓരോ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അപ്പുണ്ണിയും ശങ്കുണ്ണിയും ഒത്തുപിടിച്ചാല്‍ ഇനിയും കുറെ സോഫ്റ്റ്വെയറുകള്‍ കൂടി നിഷ്പ്രയാസം ഹോട്ടലില്‍ പ്രവര്‍ത്തിപ്പിക്കാനാകും. നമ്മുടെയൊക്കെ ഡിജിറ്റല്‍ ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമാവുകയാണല്ലോ. ഒരു കമ്പ്യൂട്ടറിനെക്കൊണ്ട് എന്തെല്ലാം ജോലികള്‍ ചെയ്യിക്കണം. ടെക്സ്റ്റിന് പുറമെ ഓഡിയോ, വീഡിയോ, ഗ്രാഫിക്സ് എന്നിവയൊക്കെ കമ്പ്യൂട്ടറില്‍ അതിവേഗം പ്രവര്‍ത്തിപ്പിക്കണം. അതൊക്കെ ഉയര്‍ന്ന നിലവാരം പുലത്തണമെന്ന് നമുക്ക് നിര്‍ബന്ധവുമാണ്. ഒരേസമയത്ത് തന്നെ ഒരുപാട് വിഭവങ്ങള്‍ നമുക്ക് തയ്യാറാക്കണം. കമ്പ്യൂട്ടറില്‍ ലറ്റര്‍ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കെ ആന്റിവൈറസ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കണം. ഇ^മെയില്‍ പരിശോധിക്കണം. നെറ്റില്‍ കയറി ഇഷ്ട സംഗീതം ഡൌണ്‍ലോഡ് ചെയ്യണം. ഒപ്പം സംഗീതമാസ്വദിക്കുകയും വേണം... അങ്ങനെ ഒരേസമയം നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യണം.

എല്ലാം ശങ്കുണ്ണി ഒറ്റക്ക് ചെയ്യണമെന്ന് ശഠിച്ചാലോ. നടക്കുന്ന കാര്യമല്ല. മനുഷ്യനെന്ന നിലക്ക് ശങ്കുണ്ണിയുടെ പ്രവര്‍ത്തന ശേഷിയും വേഗതയും ഇനിയും വര്‍ദ്ധിപ്പിക്കാനാവില്ലല്ലോ. അതുപോലെത്തന്നെയാണ് പ്രോസസ്സറിന്റെയും അവസ്ഥ. നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക് താങ്ങാനാവുന്ന ഭാരത്തിന്റെ പരമാവധി അത് വഹിക്കുന്നു. പ്രോസസ്സറിലുള്‍ക്കൊള്ളിച്ച ട്രാന്‍സിസ്റ്ററിന്റെ എണ്ണം ഇപ്പോള്‍ തന്നെ ആറ് കോടി കവിഞ്ഞിരിക്കയാണ്. നിലവിലെ ടെക്നോളജി ഉപയോഗിച്ച് ട്രാന്‍സിസ്റ്ററിന്റെ വലുപ്പം ഇനിയും ചെറുതാക്കാനാവില്ല. പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡും അതിന്റെ കൂടിയ പരിധിയിലെത്തിയിരിക്കയാണത്രെ. ഈ അവസ്ഥയിലാണല്ലോ ശങ്കുണ്ണിക്ക് സഹായിയായി അടുക്കളയില്‍ അപ്പുണ്ണി കടന്നുവന്നത്. അപ്പോര്‍ നമ്മുടെ പ്രോസസ്സര്‍ നിര്‍മ്മാതാക്കളായ ഇന്റലും എ.എം.ഡിയുമൊക്കെ സ്കൈലാബ് ഹോട്ടലിന്റെ മാതൃക പിന്തുടര്‍ന്നതില്‍ ഒട്ടുംതന്നെ അത്ഭുതപ്പെടാനില്ല.

പ്രോസസ്സറിലെ കാഷ് മെമ്മറിയുടെ കാര്യവും അങ്ങനെത്തന്നെ. സ്കൈലാബ് ഹോട്ടലിന്റെ അടുക്കളയില്‍ സാമാന്യം വലുപ്പത്തിലുള്ള നല്ലൊരു മേശയുണ്ട്. പാചകത്തിന് അപ്പപ്പോള്‍ ആവശ്യമായ പച്ചക്കറികള്‍, കഴുകി വൃത്തിയാക്കിയ അരി, മസാലക്കൂട്ടുകള്‍, ഉപ്പ്, എണ്ണ തുടങ്ങിയവയെല്ലാം ആവശ്യത്തിന് ഈ മേശപ്പുറത്ത് സജ്ജമാക്കി വെക്കുന്നു. ഓരോസമയത്തും സ്റ്റോര്‍ റൂമെന്ന 'ഹാര്‍ഡ് ഡിസ്ക്കി'ലും മറ്റും പരതി അത് കൊണ്ടുവരുന്നത് പ്രയാസമുള്ള കാര്യമാണല്ലോ. അതിന് സമയവും വേണം. മേശപ്പുറത്ത് എല്ലാം നേരത്തെ 'കരുതിവെച്ചാല്‍' എളുപ്പത്തിലും വളരെ വേഗത്തിലും അതെടുത്തുപയോഗിക്കാനാവും. 'കാഷ്' എന്ന പദത്തിന് 'കരുതല്‍ ധനം' എന്നാണ് യഥാര്‍ഥ അര്‍ഥം. സ്കൈലാബ് ഹോട്ടലിലെ ഈ സംവിധാനമാണ് പ്രോസസ്സര്‍ നിര്‍മ്മാതാക്കള്‍ കാഷ് മെമ്മറിയിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ചിപ്പില്‍ രണ്ട് പ്രോസസ്സര്‍ പ്രവര്‍ത്തിക്കുന്നത് പോലെ അവയുടെ കാഷ് മെമ്മറികള്‍ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കുന്ന രീതി.

കൂടുതല്‍ ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിച്ച് പ്രോസസറിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്താനാണ് കമ്പ്യൂട്ടര്‍ ഡിസൈനര്‍മാര്‍ നേരത്തെ ശ്രമിച്ചിരുന്നത്. ഇതിലൂടെ വേഗത കൂടിയെന്നല്ലാതെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ചിപ്പിന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുകയും അധികം താപം ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്തു. ഇതുകാരണം പലപ്പോഴും പ്രോസസറിന്റെ പ്രവര്‍ത്തനം തന്നെ നിലക്കുകയാണുണ്ടായത്. അപ്പുണ്ണിയെക്കൊണ്ട് ഒരു പരിധിക്കപ്പുറം ജോലി ചെയ്യിച്ചാല്‍ അയാള്‍ കിടപ്പിലാവില്ലേ. മെമ്മറിയിലെ ഡറ്റകളിലേക്ക് പ്രവേശനം സാധ്യമാകുന്ന സമയം, പ്രോസസറിനെയും മെമ്മറിയെയും ബന്ധിപ്പിക്കുന്ന സംവിധാനം, പവര്‍ ഉപയോഗത്തിന്റെ നിയന്ത്രണം, ചൂട് നിയന്ത്രിക്കാനുള്ള ക്രമീകരണം തുടങ്ങിയ ഘടകങ്ങള്‍ ആശ്രയിച്ചാണ് പ്രോസസറിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നത്. രണ്ട് കോറുകള്‍ ഘടിപ്പിച്ചതോടെ ഈ സംവിധാനങ്ങളില്‍ ഗണ്യമായ പുരോഗതി കെവരിക്കാനായി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.

ഇനി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും മാറ്റി നിര്‍ത്തിയുള്ള പുതിയ സംവിധാനവും ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ ടെക്നോളജി തന്നെ കടന്നു വരേണ്ടതുണ്ട്. മൈക്രോപ്രോസസര്‍ നിര്‍മാണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. നാനോടെക്നോളജിയുടെ വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രോസസറിന്റെ കാര്യക്ഷമത ഇന്നുള്ളതിന്റെ അനേകമിരട്ടി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഇന്റല്‍ കമ്പനി ഇതിനകം തെളിയിച്ചിരിക്കയാണ്. ആദ്യകാലത്ത് വാക്വം ടൂബുകളുപയോഗിച്ച് നിര്‍മിച്ച ഭീമന്‍ കമ്പ്യൂട്ടറിനെ മേശപ്പുറത്തും പിന്നീട് നമ്മുടെ ഉള്ളംകൈയിലുമൊതുക്കിയത് ട്രാന്‍സിസ്റ്റിന്റെയും തുടര്‍ന്ന് അനേകം ട്രാന്‍സിസ്റ്ററുകള്‍ ഒറ്റ ചിപ്പിലൊതുക്കിക്കൊണ്ടുള്ള ഐ.സി എന്ന ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെയും കണ്ടുപിടിത്തമായിരുന്നല്ലോ. കമ്പ്യൂട്ടറിന്റെ വലുപ്പം കുറക്കാന്‍ ഏറെ സഹായിച്ച ഘടകങ്ങളായിരുന്നു ഇവ.

1971^ല്‍ ഇന്റല്‍ കമ്പനി നിര്‍മിച്ച ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോസസറായ 4004^ല്‍ 2250 ട്രാന്‍സിസ്റ്ററുകളാണുള്‍ക്കൊള്ളിച്ചിരുന്നത്. തുടര്‍ന്ന് പ്രോസസര്‍ ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററിന്റെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇന്റലിന്റെ സ്ഥാപകരിലൊരാളായ ഗോര്‍ഡന്‍ മൂറിന്റെ കണ്ടെത്തല്‍ പ്രകാരം ഓരോ 18 മാസത്തിലും ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. അതനുസരിച്ച് കമ്പ്യൂട്ടറിന്റെ വലിപ്പം കുറയുകയും പ്രവര്‍ത്തനശേഷി ഇരട്ടിയാവുകയും ചെയ്യുന്നു. 'മൂര്‍ നിയമം' എന്നറിയപ്പെടുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കമ്പ്യൂട്ടര്‍ മേഖലയിലെ വികസനം നടന്നത്. കമ്പ്യൂട്ടറിന് ഇനിയും വേഗത കൂട്ടണമെങ്കില്‍ ചിപ്പിലൊതുക്കാവുന്ന പ്രോസസറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സിലിക്കണ്‍ പ്രോസസര്‍ നിര്‍മാണത്തില്‍ നിലവിലുപയോഗിക്കുന്ന ടെക്നോളജിയില്‍ പുതിയ മാറ്റങ്ങള്‍ കണ്ടെത്തലാണ് ഇതിന് പരിഹാരം. ഈ രംഗത്ത് നാനോടെക്നോളജിയുടെ വരവ് പുതിയ പ്രതീക്ഷകളുണര്‍ത്തിയിരിക്കയാണ്.

പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാര്‍സിസ്റ്ററുകളുടെ വലുപ്പം ഇനിയും ഗണ്യമായി കുറക്കാനും അതനുസരിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യമായിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. 45 നാനോമീറ്റര്‍ അളവിലെ ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിച്ച പ്രോസസര്‍ നിര്‍മാണത്തിന് തങ്ങള്‍ സജ്ജരായിരിക്കുന്നുവെന്ന് ഇന്റല്‍ കമ്പനി അറിയിക്കുന്നു. നിലവില്‍ ഇത് 90 നാനോമീറ്ററാണല്ലോ. 'നാനോ' എന്നത് നൂറ് കോടിയിലൊരംശം. പുതിയ ടെക്നോളജി പ്രായോഗികമാക്കുന്നതോടെ കമ്പ്യൂട്ടറിന്റെ വേഗതയിലും പ്രവര്‍ത്തനക്ഷമതയിലും ഇനിയും വന്‍ കുതിപ്പ് ദശ്യമാകും. പ്രോസസറിന്റെ വലിപ്പം ഗണ്യമായി കുറയും. വൈദ്യൂതി ഉപയോഗത്തിലും ഇത് വലിയ ആശ്വാസം പകരും. 45 നാനോമീറ്റര്‍ അളവില്‍ പ്രവര്‍ത്തിക്കാനായി പുതിയ SRAM (Static Random Access Memory) ചിപ്പുകളും ഇന്റല്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം സമീപ ഭാവിയില്‍ ആയിരം കോടിയിലെത്തുമെന്നും കണക്കാക്കുന്നു. ഇന്റലിന് പുറമെ എ.എം.ഡി, ഐ.ബി.എം, തോഷിബ തുടങ്ങിയ കമ്പനികളും നാനോടൊക്നോളജി പ്രയോജനപ്പെടുത്തിയുള്ള പ്രോസസര്‍ നിര്‍മാണത്തിന് തയ്യാറെടുത്തുവരികയാണ്. അതോടെ ഡ്യുവല്‍ കോര്‍ സാങ്കേതികതയും പുതിയ പ്രോസസ്സറുകള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.

അതെന്തായാലും നിലവിലെ അവസ്ഥയില്‍ കുറച്ചുകാലം കൂടി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും ഉപയോഗപ്പെടുത്തി നമുക്ക് പാചകം തുടരാം. അവര്‍ക്കും പ്രായമാവുകയാണല്ലോ. ചെറുപ്പക്കാരായ പുതിയ പ്രോസസ്സറുകള്‍ ഇനി കടന്ന്വരുന്നത് പുതിയ ടെക്നോളിയുടെ പിന്‍ബലത്താലാകുമെന്ന് നമുക്കാശ്വസിക്കാം. കാരണം നമക്കിനിയും നൂറുനൂറ് കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമതോടെയും ചെയ്തു തീര്‍ക്കാനുണ്ടല്ലോ.

1 comment: