Thursday, October 8, 2009

പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2004 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പേരിലെന്തിരിക്കുന്നുവെന്ന് സാധാരണ ചോദിക്കാറുണ്ട്. പേരിലൊന്നുമില്ലെന്ന ഉത്തരം ചോദ്യത്തില്‍ തന്നെ വ്യംഗ്യമാണല്ലോ. പേര് വെറുമൊരു അടയാളം മാത്രം. അഥവാ ഏതെങ്കിലുമൊരു പേരിന് എന്തെങ്കിലും പ്രത്യേകതയോ ഗുണമോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തുള്ള മനുഷ്യരെല്ലാം ആ ഒരൊറ്റപ്പേര് തന്നെ സ്വീകരിക്കുമായിരുന്നു. ഭാഗ്യവശാല്‍ പേരിലൊന്നുമില്ലാത്തതിനാല്‍ അത്തരം പെല്ലാപ്പുകളൊഴിവായിക്കിട്ടി.

പേരിലൊന്നുമില്ലെങ്കിലും പേരിന് പിന്നില്‍ ഒട്ടേറെ കാര്യങ്ങളും ചിലപ്പോള്‍ രഹസ്യങ്ങള്‍ തന്നെയും മറഞ്ഞിരിപ്പുണ്ടായേക്കാം. ഈ രീതിയില്‍ പ്രമുഖ ഐ.ടി. സ്ഥാപനങ്ങളുടെ പേരുകള്‍ പരിശോധനക്ക് വിധേയമാക്കുന്നത് രസകരമായിരിക്കും. 'അഡോബി'യില്‍ നിന്ന് തുടങ്ങാം. പേജ്മേക്കറിന്റെയും ഫോട്ടോഷോപ്പിന്റെയും ഇല്ലസ്ട്രേറ്ററിന്റെയുമൊക്കെ നിര്‍മ്മാതാക്കളായ അഡോബിനെ ഡി.ടി.പി. രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല. ഇതിന്റെ സ്ഥാപകനായ ജോണ്‍ വര്‍നോക് തന്റെ വീട്ടിന് പിന്നിലൂടെ ഒഴുകിയിരുന്ന 'അഡോബി ക്രീക്' എന്ന നദിയുടെ പേരില്‍ നിന്നാണ് സ്ഥാപനത്തിന്റെ പേര് സ്വീകരിച്ചത്. 'അഡോബി' മലയാളത്തില്‍ 'അഡോബ്' ആയതെങ്ങനെയെന്ന് നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനറിഞ്ഞുകൂട. അറിയുന്നവരുണ്ടെങ്കില്‍ അക്കാര്യം ഇന്‍ഫോകൈരളിക്കെഴുതുക.

ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാതാക്കളാണല്ലോ 'ആപ്പിള്‍' കമ്പനി. പിന്നീട് പേഴ്സണല്‍ കമ്പ്യൂട്ടറെന്ന പേര് തന്നെ ഐ.ബി.എം. കമ്പനിയും അതിന്റെ ടെക്നോളജി ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചവരും സ്വന്തമാക്കി. ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കൊന്നും ഇപ്പോള്‍ പേഴ്സണല്‍ കമ്പ്യുട്ടറെന്ന് പറയില്ല. ആപ്പിള്‍ കമ്പ്യൂട്ടറെന്നും മാക്കിന്‍തോഷ് കമ്പ്യൂട്ടറെന്നും അവ അറിയപ്പെടുന്നു. സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്സിന്റെ 'ആപ്പിള്‍' പ്രിയമാണ് കമ്പനിക്ക് ഇങ്ങനെയൊരു പേര് വരാനിടയാക്കിയത്. കമ്പനി സ്ഥാപിച്ച് മൂന്ന് മാസമായിട്ടും തന്റെ കൂട്ടാളികള്‍ അനുയോജ്യമായ മറ്റൊരു പേര് നിര്‍ദ്ദേശിക്കാത്തതിനാല്‍ ആപ്പിളെന്ന പേര്‍ കമ്പനിക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു. ആകര്‍ഷമായ സുഗന്ധവും കെതിയൂറുന്ന രുചിയും ഒത്തിണങ്ങിയ ആപ്പിള്‍ സ്റ്റീവ് ജോബ്സിന്റെ ഹരം തന്നെയായിരുന്നു. അതില്‍ തന്നെ മുന്തിയ 'മാക്കിന്‍തോഷ്' ഇനത്തോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തിന് 'മാക്കിന്‍തോഷെ'ന്ന് പേര് കിട്ടിയത് അങ്ങനെയാണ്.

പ്രമുഖ അമേരിക്കന്‍ ഐ.ടി. സ്ഥാപനമായ 'സിസ്ക്കോ'യുടെ പേര് കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ കുറെ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ കുട്ടി യോജിപ്പിച്ചതാണെന്ന് തെറ്റുധരിച്ചേക്കാം. ഇപ്പോള്‍ പേര് നിര്‍മ്മിക്കുന്നത് അങ്ങനെയൊക്കെയാണല്ലോ. എന്നാല്‍ അമേരിക്കന്‍ നഗരമായ 'സാന്‍ ഫ്രാന്‍സിസ്ക്കോ' എന്നതിന്റെ ചുരുക്ക രൂപമാണത്രെ സിസ്ക്കോ (SISCO). ഇങ്ങനെ നഗരനാമത്തിന്റെ ചുരുക്ക രൂപം കമ്പനിക്ക് നല്‍കിയതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താനാവില്ല. കമ്പ്യൂട്ടര്‍ വില്‍പനയില്‍ പലപ്പോഴും ഒന്നാം സ്ഥാനത്തെത്താറുള്ള 'കംപാക്' (COMPAQ) കമ്പനിയുടെ പേര് COMputer PAQ എന്നതിന്റെ ചുരുക്ക രൂപമാണ്. PAQ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് എല്ലാം ഉള്‍ക്കൊള്ളിച്ച ചെറിയൊരുപകരണമെന്നാണ്. 'കോറള്‍ ഡ്രോ' എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് കേള്‍ക്കാത്ത കമ്പ്യൂട്ടറുപയോക്താക്കളുണ്ടാവില്ല. കോറല്‍ (Corel) കമ്പനിയാണിത് പുറത്തിറക്കുന്നത്. ആദ്യത്തെ രണ്ടക്ഷരം കമ്പനിയുടെ സ്ഥാപകനായ 'കോപ്ലാണ്ടി'ന്റെ (Co) പേരില്‍ നിന്നും തുടര്‍ന്നുള്ള രണ്ടക്ഷരം Research (re) എന്ന പദത്തില്‍ നിന്നും അവസാനത്തേത് Laboratory എന്ന പദത്തില്‍ നിന്നുമാണത്രെ സ്വീകരിച്ചിരിക്കുന്നത്. എല്ലാംകൂടി കൂട്ടി യോജിപ്പിച്ചപ്പോള്‍ Corel എന്ന സോഫ്റ്റ്വെയര്‍ കമ്പനി രൂപപ്പെട്ടുവെന്നാണ് ചരിത്രം.

'ഗൂഗിള്‍' (Google) സെര്‍ച്ച് എഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്താത്ത ഇന്റര്‍നെറ്റുപയോക്താക്കളുണ്ടാവില്ലല്ലോ. ഒന്നിന് ശേഷം നൂറ് പൂജ്യം എഴുതിച്ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയുണ്ടല്ലോ, അതാണ് ഗൂഗിള്‍. സ്ഥാപകരായ ലാറി പേജും സെര്‍ഗെബ്രീനും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്ന കമ്പനിക്ക് വേണ്ടി ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുകയുണ്ടായി. പ്രതിഫലമായി അവര്‍ക്ക് ലഭിച്ച ചെക്കിന്റെ പേര് ഗൂഗിള്‍ എന്നായിരുന്നു. തുടര്‍ന്ന് തങ്ങളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക നാമമായി അവര്‍ ഗൂഗിള്‍ തെരഞ്ഞെടുത്തുവെന്നാണ് കഥ. ഇന്റര്‍നെറ്റ് മുഖേന ലോകത്തെവിടെ നിന്നും സന്ദേശങ്ങളയക്കാനും സ്വീകരിക്കാനുമുള്ള ഒരു സ്വതന്ത്ര സംവിധാനമായിരുന്നു 'ഹോട്ട്മെയിലി'ന്റെ ലക്ഷ്യം. ഇതിന് രൂപകല്‍പന ചെയ്ത ശേഷം അനുയോജ്യമായ പേര് തെരഞ്ഞെടുക്കാനാവയി mail എന്ന പദത്തിലവസാനിക്കുന്ന ഒട്ടനവധി പേരുകള്‍ പരീക്ഷിച്ചു നോക്കി. അവസാനം ഏറ്റവും ഫിറ്റായ Hotmail എന്ന പേര് കിട്ടിയതോടെ നമ്മുടെ സബീര്‍ ഭാട്ടിയ അത്യധികം സന്തോഷിച്ചു. വെബ് പേജുകളിലെ മുഖ്യ ലാംഗ്വേജായ HTML-ലെ എല്ലാ അക്ഷരങ്ങളും
HoTMaiL-ല്‍ ക്രമപ്രകാരം ഒത്ത് വന്നിരിക്കുന്നുവെന്നതായിരുന്നു കാരണം.

ബില്‍ ഹ്യൂലെറ്റും ഡേവ് പാക്കാര്‍ഡും കൂടി ഒരു കമ്പനി സ്ഥാപിച്ചു. രണ്ടാളുടെയും പേരില്‍ കമ്പനി അറിയപ്പെടണമെന്നായിരുന്നു തീരുമാനം. ആര് മുന്നില്‍ നില്‍ക്കണമെന്നത് ഇവിടെ പ്രശ്നമായി. ഒടുവില്‍ 'പാക്കാര്‍ഡ് ഹ്യൂലെറ്റ്', 'ഹ്യൂലെറ്റ് പാക്കാര്‍ഡ്' എന്ന രണ്ട് നാമങ്ങളിലൊന്ന് തെരഞ്ഞെടുക്കാനായി ഒരു നാണയം മുകളിലേക്കെറിഞ്ഞപ്പോള്‍ കറങ്ങിത്തിരിഞ്ഞ് വന്നത് 'ഹ്യൂലെറ്റ് പാക്കാര്‍ഡെ'ന്നായിരുന്നു. അങ്ങനെ എഛ്.പി. എന്ന ഹ്യൂലെറ്റ് പാക്കാര്‍ഡ് കമ്പനി രൂപം കൊണ്ടു. ഗോര്‍ഡര്‍ മൂര്‍, ബോബ് നോയ്സ് എന്നീ രണ്ട് യുവ എഞ്ചിനീയര്‍മാര്‍ കമ്പനി സ്ഥാപിച്ചപ്പോള്‍ തങ്ങളുടെ അവസാന പേരുകള്‍ കുട്ടിച്ചേര്‍ത്ത് അതിന് 'മൂര്‍ നോയ്സ്' എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യമെന്നല്ലാതെ മറ്റെന്ത് പറയും. ആ പേര് അമേരിക്കയിലെ ഒരു ഹോട്ടല്‍ ശൃംഖല നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തുടര്‍ന്ന് INTegrated ELectronics എന്ന പദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ കുട്ടിച്ചേര്‍ത്ത് കമ്പനിക്ക് പേര് നല്‍കി. അങ്ങനെയാണ് പ്രോസസ്സര്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ Intel-ന്റെ പേരുണ്ടായത്.

സോഫ്റ്റ്വെയര്‍ രംഗത്തെ ഭീമാകാരനായ 'മൈക്രോസോഫ്റ്റ്' ചെറിയ കമ്പ്യൂട്ടറുകള്‍ക്ക് സോഫ്റ്റ്വെയറെഴുതാനായി നിര്‍മ്മിച്ച ചെറിയ സ്ഥാപനമായിരുന്നല്ലോ. MICROcomputer SOFTware എന്ന പദത്തില്‍ നിന്നാണ് ബില്‍ഗേറ്റ്സ് ഈ പേര് രൂപപ്പെടുത്തിയത്. തുടക്കത്തില്‍ MICRO-SOFT എന്നാണെഴുതിയിരുന്നത്. പിന്നീട് ഹൈഫന്‍ എടുത്തുമാറ്റി Microsoft രൂപം കൊണ്ടു. കാര്‍ റേഡിയോ നിര്‍മ്മിക്കുന്ന സ്ഥാപനമായിട്ടാണ് 'മോട്ടറോള' രംഗത്തെത്തിയത്. 'വിക്ടറോള' എന്ന കമ്പനി നിര്‍മ്മിക്കുന്ന റേഡിയോകള്‍ക്കാണ് അന്ന് വിപണിയില്‍ പ്രിയമുണ്ടായിരുന്നത്. തന്റെ കമ്പനിക്കും അതേ സ്റ്റൈലിലുള്ള പേര് തന്നെ വേണമെന്ന് സ്ഥാപകനായ പോള്‍ ഗള്‍വീന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് 'മോട്ടറോള' എന്ന പേര് സ്വീകരിച്ചത്. സി.ഐ.എയുടെ വലിയൊരു ഡാറ്റാബെയ്സ് പ്രൊജക്ടിന്റെ കണ്‍സള്‍ട്ടന്റുമാരായി ജോലി ചെയ്യുകയായിരുന്നു ലാറി എലിസനും ബോബ് ഓട്ട്സും. ആവശ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവന്‍ പെട്ടെന്ന് ലഭ്യമാക്കാനുതകുന്ന ഡാറ്റാബെയ്സ് പദ്ധതിയായതിനാല്‍ അതിന് പേര് നല്‍കിയത് 'ഓറക്ക്ള്‍' എന്നായിരുന്നു. അരുളപ്പാട്, വെളിപാട് എന്നൊക്കെയാണ് പദത്തിന്റെ അര്‍ത്ഥം. പിന്നീട് രണ്ട് പേരും സ്വന്തമായി ഡാറ്റാബെയ്സ് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയപ്പോള്‍ അതിന് പേര് നല്‍കിയതും 'ഓറക്ക്ള്‍' എന്നായിരുന്നു. സണ്‍ മൈക്രോസിസ്റ്റംസ് കമ്പനിയുടെ Sun-ന് സൂര്യനുമായി ഒട്ടും ബന്ധമില്ല. Stanford University Network
എന്ന പദത്തില്‍ നിന്നാണ് Sun ഉരുത്തിരിഞ്ഞത്.

'ഗള്ളിവറിന്റെ യാത്രകളി'ലൂടെ സുപരിചിതമായ പേരാണ് 'യാഹൂ' (Yahoo). മനുഷ്യന്റെ ആകൃതി പൂണ്ട വിചിത്ര ജീവിയാണിത്. ഥല അിീവേലൃ Yet Another Hierarchical Officious Oracle' എന്നൊരു എക്സ്പാന്‍ഷനൊക്കെ ഉണ്ടെങ്കിലും സ്ഥാപകരായ ജെറി യാങും ഡേവിഡ് വിലോയും തങ്ങളെ വിചിത്ര ജീവികളായിട്ട് സ്വയം കണക്കാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ഇങ്ങനെ പോകുന്നു പേരിന്റെ പുരാണം. പേരിനെക്കുറിച്ച് ഇത്രയൊക്കെ എഴുതിയല്ലോ. ഇനി 'കോര്‍ക്കറസ്' എന്ന പേരിന്റെ പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്ന് വായനക്കാര്‍ അന്വേഷിച്ചേക്കാം. ഉണ്ട്, അത് പിന്നീടൊരിക്കലാവാം.
=============

6 comments:

  1. SO WATS THE STORY BEHIND "KORKARAS"

    ReplyDelete
  2. വായിച്ചു നന്ദി

    ReplyDelete
  3. ഇഹ്ജാസ്‌October 24, 2010 at 9:36 PM

    ലേഖനം വളരെ നന്നായിരിക്കുന്നു. എന്നാല്‍ ചില തിരുത്തുകള്‍ ഉണ്ടെന്നു തോനുന്നു. ഒന്നിന് ശേഷം നൂറു പൂജ്യം എഴുതി ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യക്ക് "ഗുഗോള്‍ പ്ലെക്സ്" എന്നാണ് പറയുക. ഏതോ വ്യക്തി ഗുഗോള്‍ എന്ന പേര് നിര്‍ദേശിച്ചപ്പോള്‍, അത് ഗൂഗിളിന്റെ സ്ഥാപകരിലൊരാള്‍ ഗൂഗിള്‍ എന്ന് തെറ്റായി കേള്‍ക്കുകയാണ് ഉണ്ടായതു. ഇതാണ് ശരിയായ ചരിത്രം.

    ReplyDelete
  4. ഗൂഗിളിന്‍റെ ചരിത്രത്തെ പറ്റി അറിയണമെങ്കില്‍ ഈ പേജിലേക്ക് പോകൂ...
    http://baijuq.blogspot.com/2010/11/blog-post_6696.html

    ReplyDelete