
(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന് 2010 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
2010-ലെ ഏറ്റവും മികച്ചതും ജനപ്രീതി നേടിയതുമായ സോഫ്റ്റ്വെയര് ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം നല്കാന് കോര്‍ക്കറസിന് ഒട്ടും സങ്കോചമില്ല. ആന്‍ഡ്രോയിഡ് തന്നെ. ഇങ്ങനെ എഴുതുമ്പോള്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ തലയില്‍ ആന്‍ഡ്രോയിഡിന്റെ ആ പച്ച നിറത്തിലുള്ള ഭൂതം കയറിപ്പറ്റിയിരിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഇത് സ്വന്തമായ ഒരു കണ്ടുപിടിത്തമൊന്നുമല്ല. ടെക്നോളജി ലോകം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രചാരമുള്ള കമ്പ്യൂട്ടര്‍ മാഗസിനായ പി.സി. വേള്‍ഡ് 2010-ലെ ഏറ്റവും മികച്ച 100 സോഫ്റ്റ്വെയറുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ആന്ഡ്രോയിഡിന്നായിരുന്നു. ശക്തമായ ആപ്ലിക്കേഷന്‍, അത്യന്തം ആകര്‍ഷകമായ ഇന്റര്‍ഫെയ്സ്, ഉപയോക്താവിന്റെ താല്പര്യമനുസരിച്ച് മികച്ച പേഴ്സനലൈസേഷന്‍ സൌകര്യം തുടങ്ങിയവയൊക്കെയാണ് ഇതിന്റെ സവിശേഷതകളായി പി.സി. വേള്‍ഡ് എടുത്തുപറയുന്നത്. ഏറ്റവും നല്ല മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഏതെന്ന് വാള് സ്ട്രീറ്റ് ജേര്‍ണല്‍ ഇയ്യിടെ ഒരു അഭിപ്രായ സര്‍വേ നടത്തിയപ്പോള്‍ പങ്കെടുത്ത തൊണ്ണൂറ്റേഴ് ശതമാനം പേരും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനാണ് വോട്ട് ചെയ്തത്. സര്‍വേയില്‍ പങ്കെടുത്തവരുടെ എണ്ണം എട്ട് ലക്ഷത്തി മുപ്പത്തയ്യായിരമാണെന്നറിയുമ്പോഴാണ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ ജനപ്രീതി നാം മനസ്സിലാക്കുന്നത്.
ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര് അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ഈ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റവുമായുള്ള അനുഭവങ്ങള്‍ കഴിഞ്ഞ ലക്കം ഇന്‍ഫോ കൈരളിയില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു. തുടര്‍ന്ന് കോര്‍ക്കറസിന്റെ അടുത്ത സുഹൃത്തും കൊച്ചി, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ മാനേജറുമായ വി.കെ. ആദര്‍ശ് സമാനമായ അനുഭവങ്ങള്‍ ടെലിഫോണിലൂടെ പങ്കുവക്കുകയുണ്ടായി. ആന്‍ഡ്രോയിഡ് ഫോണുകളുടെ വിവിധങ്ങളായ ഉപയോഗ തലങ്ങള്‍ സംബന്ധിച്ചാണ് അദ്ദേഹം ഏറെ വിശദീകരിച്ചത്. പിന്നീട്, ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന് ഡിസംബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി തന്നെ ആന്‍ഡ്രോയിഡ് ആസ്പദമാക്കിയുള്ളതാണെന്ന വിവരം മാനേജിംഗ് എഡിറ്ററും എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ സോജന് ജോസ് അറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ആന്‍ഡ്രോയിഡ് ഭൂതം മലയാളികള്‍ക്കിടയിലും സ്വാധീനമുറപ്പിച്ചു തുടങ്ങി എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍ മേഖലയില്‍ ആന്‍ഡ്രോയിഡിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നേറ്റം കണക്കിലെടുത്ത് വീണ്ടും ഏതാനും കാര്യങ്ങള്‍ കൂടി എഴുതിപ്പോവുകയാണ്.
മൊബൈല്‍ ഫോണില്‍ ഇതുവരെ നാം ശീലിച്ച ഓപറേറ്റിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് പുതിയൊരനുഭവം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സമീപഭാവിയില്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റവും ആന്‍ഡ്രോയിഡായി മാറുമോ എന്നുപോലും ചര്‍ച്ച നടക്കുന്ന സമയമാണിത്. സിംബിയാനും വിന്‍ഡോസ് മൊബൈലുമെല്ലാം ആന്‍ഡ്രോയിഡിന് മുമ്പില്‍ നിഷ്പ്രഭമാവുകയാണ്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്ന കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റവും നവാഗതനായ ഈ ആന്‍ഡ്രോയിഡിന് മുമ്പില്‍ മുട്ടുമടക്കുമോ എന്നുപോലും ടെക്നോളജി ലോകം സംശയിക്കുന്നു. വിന്‍ഡോസിന്റെയും സിമ്പിയാന്റെയുമൊക്കെ പുരോഗതിയും ഉന്നമനവും ഏതാണ്ട് നിലച്ച അവസ്ഥയിലെത്തിയിരിക്കയാണ്. എക്സ്.പിക്ക് ശേഷം വിന്‍ഡോസിന് പുതിയ പതിപ്പുകള്‍ വന്നെങ്കിലും അവയിലൊന്നും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കണ്ടെത്താനാവില്ല. ഏറെ പ്രചാരത്തിലുള്ള മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ സിമ്പിയാന്റെയും അവസ്ഥ ഇതുതന്നെ. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഏറെക്കുറെ ഒരൊറ്റ ഉപകരണമെന്ന നിലയിലേക്ക് ഒതുങ്ങിവരുന്ന അവസ്ഥായാണ് നാം കാണന്നത്. നോട്ട്ബുക്കിന് ശേഷം നെറ്റ്ബുക്കും ടാബ്ലെറ്റ് പി.സിയും ഐപാഡുമൊക്കെ ഇത്തരത്തിലെ പരിണാമ ദശകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ സമയത്താണ് പുതിയൊരു ബദലെന്ന നിലക്ക് ആന്‍ഡ്രോയിഡ് കടന്നുവരുന്നതെന്ന് നാം മനസ്സിലാക്കണം. അതും ഇന്റര്‍നെറ്റ് ലോകത്തെ അതികായന്മാരായ ഗൂഗിളിന്റെ പണിപ്പുരയില്‍ നിന്ന്.
ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ പണം കൊയ്യുന്നത് ടണ്‍കണക്കിനാണ്. ആന്‍ഡ്രോയിഡ് പുറത്തുവന്നതോടെ ലാഭത്തിന്റെ ഭാരം പിന്നെയും കൂടുകയാണത്രെ. മറ്റാരുമല്ല, ഗൂഗിള്‍ തന്നെയാണ് ഇത് പറയുന്നത്. ആന്റി റുബിന്‍ എന്ന പാവം സോഫ്റ്റ്യെവര് വിദഗ്ധന്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡിനെ 2005^ലാണ് ഗൂഗിള്‍ വിലകൊടുത്ത് സ്വന്തമാക്കിയത്. കച്ചവടമുറപ്പിക്കാന്‍ ഇദ്ദേഹത്തിന് നല്കിയ സംഖ്യ എത്രയെന്ന് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 50 ദശലക്ഷം ഡോളറാണെന്നാണ് കേള്‍വി. ഇപ്പോഴും ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ് ടീമിന്റെ തലവന്‍ എന്ന നിലക്ക് ഗൂഗിളിന്റെ സ്റ്റാഫില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ മാസം തോറും ഒന്നോ രണ്ടോ കമ്പനികളെ സ്വന്തമാക്കുന്ന ഗൂഗിള്‍ ഇത്തരം കാര്യങ്ങളൊക്കെ തുറന്ന് പറയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. അതേതായാലും തങ്ങള്‍ക്ക് ഏറ്റവുമധികം ഗുണം ചെയ്തത് ആന്‍ഡ്രോയിഡ് കച്ചവടമായിരുന്നുവെന്ന് ഗൂഗിള്‍ ഇപ്പോള്‍ തുറന്നു പറയുന്നു.
നേരത്തെ, അതായത് 1979^ല്‍ 'സിയാറ്റില്‍ കമ്പ്യൂട്ടര്‍ പ്രൊഡക്റ്റ്സ്' എന്ന ചെറിയൊരു കമ്പനിയിലെ സോഫ്റ്റ്വെയര് വിദഗ്ധനായ ടിം പാറ്റേഴ്സണ്‍ വികസിപ്പിച്ച 'ക്വിക് ആന്റ് ഡേര്‍ട്ടി ഓപറേറ്റിംഗ് സിസ്റ്റം' (QDOS) എന്ന കമ്പ്യുട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം അമ്പതിനായിരം ഡോളറിന് ബില്‍ഗേറ്റ്സ് വില കൊടുത്ത് സ്വന്തമാക്കുകയും പിന്നീട് എം.എസ്. ഡോസിന്റെയും വിന്‍ഡോസിന്റെയും വിവിധ പതിപ്പുകളായി അത് വികസിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടറുകളിലൊക്കെ ആധിപത്യം ചെലുത്തി മുന്നേറിയ മൈക്രോസോഫ്റ്റിന്റെ ചരിത്രം ഏല്ലാവര്‍ക്കും അറിയാമല്ലോ. ആന്‍ഡ്രോയിഡ് കച്ചവടത്തിലൂടെ ഈ ചരിത്രം ഇനി ഗൂഗിളിന്റെ ഊഴത്തിലൂടെ ആവര്‍ത്തിക്കുമോ എന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും.
ആന്‍ഡ്രോയിഡ് ഫ്രീ സോഫ്റ്റ്വെയറാണ്. ഫ്രീ എന്നതിന് സ്വതന്ത്രമെന്നും സൌജന്യമെന്നും അര്‍ഥമുണ്ടല്ലോ. ഫ്രീസോഫ്റ്റ്വെയറില്‍ നല്ലൊരു വിഭാഗം സൌജന്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് തികച്ചും സൌജന്യമായിട്ടാണ് ഗൂഗിള്‍ നല്‍കുന്നത്. അതായത് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ ഗൂഗിളിന്ന് പ്രത്യേകം ലൈസന്‍സ് ഫീസൊന്നും നല്‍കേണ്ടതില്ല. ഈ രിതിയില്‍ സൌജന്യമായി നല്കിയ ആന്‍ഡ്രോയിഡ് മുഖേന ഒരൊറ്റ വര്‍ഷത്തില്‍ ഗൂഗിളിന് ലഭിച്ചത് നൂറ് കോടി ഡോളറാണത് മറ്റെരത്ഭുതം. എങ്ങനെയുണ്ട് കച്ചവടം. സൌജന്യമായി നല്കിയ സാധനത്തലൂടെ ഏറ്റവുമധികം ലാഭമുണ്ടാക്കുക. അതാണ് ഗൂഗിളിന്റെ രീതി. ആന്‍ഡ്രോയിസ് സിസ്റ്റത്തിലെ പരസ്യങ്ങളിലൂടെയും ഈ ആവശ്യത്തിനായി തങ്ങള്‍ പുതുതായി വാങ്ങിയ ആഡ്മോബി (AdMobi) എന്ന കമ്പനിയിലൂടെയുള്ള പരസ്യങ്ങളിലൂടെയുയാണത്രെ ഇത്രയും ലാഭമുണ്ടിക്കിയത്.
2007^ല്‍ ഗൂഗിള്‍, സോണി എരിക്സണ്, എച്ച്.ടി.സി, ഇന്റല്‍, എല്‍.ജി, മോട്ടറോള, സാംസംഗ്, തോഷിബ, വോഡഫോണ്‍, ടി മൊബൈല്‍ തുടങ്ങിയ നാല്പത്തെട്ട് വന്‍കിട കമ്പനികള്‍ ചേര്‍ന്ന് 'ഓപണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സ്' എന്ന കൂട്ടായ്മക്ക് രൂപം നല്കി. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും അതിന് പൊതുവായ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കിയ മുഖ്യ ദൌത്യം. ഗൂഗിളെന്ന ഇന്റര്‍നെറ്റ് ഭീമനോടൊപ്പം മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ രംഗങ്ങളിലെ ഭീമന്മാരൊക്കെ ഒന്നിച്ച് ഒത്തൊരുമിച്ച് ഒരു പദ്ധതി മുന്നോട്ടു കൊണ്ടുപോയാല്‍ അതിന്റെ വിജയസാധ്യതയുടെയും ജനസമ്മതിയുടെയും കാര്യത്തില്‍ നാം സംശയിക്കേണ്ടതുണ്ടോ. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തെ അപേക്ഷിച്ച് സ്ഥിരത, ലാളിത്യം, വിശ്വാസ്യത തുടങ്ങിയ ഒട്ടേറെ സവിശേഷ ഗുണങ്ങളുള്ള ലിനക്സാണ് ആന്‍ഡ്രോയിഡിന്റെ അടിസ്ഥാനമെന്നും നാം ഓര്‍ക്കണം. ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറായതിനാല് ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള് വികസിപ്പിക്കുന്ന കമ്പനികള്‍ക്കും വിദഗ്ധര്‍ക്കുമൊക്കെ ആന്‍ഡ്രോയിഡ് എളുപ്പത്തിലും അതേസമയം സൌജന്യമായും സ്വായത്തമാക്കാന്‍ സാധ്യമാകുന്നു.
ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ നമ്മില്‍ ആരുണ്ട്. ദശക്കണക്കിന് വരുന്ന ഗൂഗിള്‍ സേവനങ്ങളിലധികവും ആന്‍ഡ്രോയിഡ് സിസ്റ്റത്തിന് സ്വന്തം. ആന്‍ഡ്രോയിഡ് തന്നെയായിരിക്കും ഭാവിയിലെ താരമെന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കാന്‍ ഈ സവിശേഷതകള്‍ പോരേ. 2010 മൂന്നാം പാദമവസാനിക്കുമ്പോള്‍ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ കൂട്ടത്തില്‍ സിംബിയാന് ശേഷം രണ്ടാം സ്ഥാനം ആന്‍ഡ്രോയിഡ് പിടിച്ചടക്കിയെന്ന് പ്രസിദ്ധ മീഡിയാ കമ്പനിയായ 'ഗാര്‍ട്ട്ണര്‍' അതിസൂക്ഷ്മമായ കണക്കുകള്‍ നിരത്തിക്കൊണ്ട്് നിരീക്ഷിച്ചത്. ആന്‍ഡ്രോയിഡിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിഹിതം 25.5 ശതമാനമായി വര്ദ്ധിച്ചിരിക്കുന്നുവത്രെ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ വിഹിതം വെറും 3.5 ശതമാനമായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബ്ലാക്ക് ബെറിക്ക് നാലാം സ്ഥാനം ലഭിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2014^ല്‍ ആന്‍ഡ്രോയിഡ് ഒന്നാം സ്ഥാനത്തെത്തുമെന്നും കണക്കാക്കുന്നു. 2007^ന് ശേഷം മാസംതോറും ആറിരട്ടി എന്ന തോതിലാണത്രെ ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച.
ജിമെയില്‍, ഗൂഗിള്‍ ടോക്ക്, യ്യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പുറമെ ഫെയ്സ് ബുക്കും മൈസ്പെയ്സുമൊക്കെ ആന്‍ഡ്രോയിഡിലൂടെ നേരിട്ട് ആക്സസ് ചെയ്യാനാവും. ഈ കൂട്ടത്തിലേക്ക് അടുത്തിടെ യാഹൂ മെസ്സഞ്ചറും ആന്‍ഡ്രോയിഡ് പതിപ്പുമായി രംഗത്തെത്തി. പുഷ് നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ നെറ്റിലെത്തിയാല്‍ ഉടന്‍ വിവരം ലഭിക്കും. മെസ്സഞ്ചറിനോടൊപ്പം യാഹൂ മെയിലും ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ സൌകര്യമുണ്ട്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തു വെബ്മെയില്‍ സേവനം നല്കുന്ന സൈറ്റില്‍ കയറി മെയില്‍ ചെക്ക് ചെയ്യുന്ന പഴയ 'പുള്‍ മെയില്‍' രീതിക്ക് പകരം ഇന്‍ബോക്സില്‍ മെയില്‍ വരുന്ന നിമിഷം അത് നമ്മുടെ മൊബൈലില്‍ വായിക്കാന്‍ സാധ്യമാകുന്ന 'പുഷ് മെയില്‍' രീതിയാണ് പുതിയ സംവിധാനത്തിലുള്ളത്.
ആന്‍ഡ്രോയിഡ് ഡെസ്ക്ടോപ് തന്നെ ഏറെ ആകര്‍ഷകമാണ്. നിങ്ങളുടെ ആവശ്യാനുസരണം പ്രധാന ഡെസ്ക്ക് ടോപില്‍ ഇടത്തോട്ടും വലത്തോട്ടുമുള്ള വിരലനക്കത്തിലൂടെ ഇപ്പോള്‍ ഏഴ് ഡെസ്ക്ക്ടോപ് വരെ ലഭ്യമാക്കാം. ഓരോ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ഡെസ്ക്ടോപ്. ആപ്ലിക്കേഷനുകളുടെ ഐക്കണ്‍ പുറമെ പ്രത്യേകം വിഡ്ജറ്റുകളും ഇവ സപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണമായി കാലാവസ്ഥ അറിയാനും ഫെയ്സ് ബുക്കും ട്വിറ്ററും ആക്സസ് ചെയ്യാനുമൊക്കെ പ്രത്യേകം വിഡ്ജറ്റുകള്‍ ഡെസ്ക്ക്ടോപിലേക്ക് കൊണ്ടുവരാം. സ്ക്രീന്‍ അങ്ങേയറ്റം സംവേദകക്ഷമവും (സെന്‍സിറ്റീവ്) അത്ഭുകരമാംവണ്ണം വളരെ പെട്ടെന്ന് പ്രതികരണം ലഭിക്കുന്നതുമാണ്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം മള്‍ട്ടി ടച്ച് സംവിധാനത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ആപ്ലിക്കേഷന്‍ കൂടി ഇതിന് അനുകൂലമായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
ആന്‍ഡ്രോയിഡിന് വേണ്ടി ഗൂഗിള്‍ രംഗത്തവതരിപ്പിച്ച മാര്‍ക്കറ്റ് ഏറെ ആകര്‍ഷകമാണ്. വ്യത്യസ്ത താല്പര്യക്കാരായ ഉപയോക്താക്കള്‍ക്കാവശ്യമായ മിക്ക ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളും സൌജന്യമായും പണം നല്‍കിയും മാര്‍ക്കറ്റിലൂടെ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ക്കറ്റിലെ സോഫ്റ്റ്വെയറുകളുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷം സോഫ്റ്റ്വെയറുകളുള്ള ഐഫോണിന്റെ ഇതേ സംവിധാനത്തെ ഗൂഗിള്‍ അതിവേഗം പിന്തള്ളുമെന്ന് തന്നെ കരുതാവുന്ന വിധത്തിലാണ് മാര്‍ക്കറ്റിലേക്കുള്ള സോഫ്റ്റ്വെയറുകളുടെ കൂട്ടിച്ചേര്‍ക്കല്‍ നടക്കുന്നത്. ആന്‍ഡ്രോയിഡിന് വേണ്ടി സമാന സേവനം നല്കുന്ന ഇതര വെബ്സൈറ്റുകളും നെറ്റിലുണ്ട്. slideme.com, Appbrain.com തുടങ്ങിയവ ഈ ഇനത്തിലെ പ്രധാനപ്പെട്ട വെബ്സൈറ്റുകളാണ്.
2008^ല്‍ വിപണിയിലെത്തിയ HTC Dream എന്ന ഹാന്ഡസെറ്റായിരുന്നു ആദ്യത്തെ ആന്‍ഡ്രോയിഡ് സിസ്റ്റം. G1 എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീട് ആ വര്‍ഷം തന്നെ എച്ച്.ടി.സിയുടെ 'മാജിക്', 'ഹീറോ' തുടങ്ങിയ സെറ്റുകളും വിപണിയിലെത്തി. തുടര്‍ന്നങ്ങോട്ട് ഇതര മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടറോള, സാംസംഗ്. എല്‍.ജി, സോണി എരിക്സണ് തുടങ്ങിയ പ്രമുഖ കമ്പനികളും ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. അതോടെ മൊബൈല്‍ ലോകം ആന്‍ഡ്രോയിഡ് സിസ്റ്റത്തിലേക്ക് കൂടുതലടുത്തു തുടങ്ങി. നമ്മള് മലയാളികള്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങിയതും അടുത്തറിയുന്നതും ഇയ്യിടെ മാത്രമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മുതല്ക്കാണ് ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകള്‍ ലഭിച്ചു തുടങ്ങിയത്.
വിവിധ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രദര്‍ശിപ്പിക്കാനായി 'ഗൂഗിള്‍ ഫോണ്‍ ഗാലറി' എന്ന പേരില്‍ നെറ്റിലൊരു ഷോറൂം (http://www.google.com/phone/) തന്നെ ഗൂഗിള്‍ തുറന്നിരിക്കുന്നു. വ്യത്യസ്ത ഫോണുകളുടെ സവിശേഷതകള്‍ മനസ്സലാക്കാനും താരതമ്യ പഠനം നടത്താനും തുടര്‍ന്ന് ആവശ്യമാണെങ്കില്‍ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസിന് സൌകര്യമില്ലാത്തവര്‍ കോര്ക്കറസിനോട് ക്ഷമിക്കുക. എന്നാലും സൈറ്റിലൊന്ന് കേറി നോക്കുക. നിങ്ങളുടെ താല്പര്യങ്ങള്ക്കും പോക്കറ്റിനും യോജിച്ച മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഏതെന്ന് കണ്ടെത്താമല്ലോ.
================
ithil multipple application at a time run cheyyan pattumoooo?
ReplyDelete