
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, ജൂലൈ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ എന്നും ഫ്രീസോഫ്റ്റ്വെയര്‍ എന്നുമൊക്കെ വായനക്കാര്‍ കേട്ടിരിക്കുമല്ലോ. അതേസമയം ഓപണ്‍സോഴ്സ് മോട്ടോര്‍ കാറിനെസ്സംബന്ധിച്ച് അധികപേരും കേട്ടിരിക്കാനിടയില്ല. ഇത് സാധാരണ മോട്ടോര്‍ കാറല്ല. പേര് 'റിവര്‍സിംപിള്‍'. രണ്ട് പേര്‍ക്ക് കേറി ഇരിക്കാവുന്ന ചെറിയൊരു കാര്‍. കാണാന്‍ അതി സുന്ദരം. പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഫ്യൂവര്‍ സെല്‍ ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിസ്ഥിതിക്കും ഇണങ്ങിയത് തന്നെ. ഈ കാര്‍ നിര്‍മ്മിതിക്കുപുയോഗിച്ച ടെക്നോളജി ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും ലഭ്യമാക്കാനാവുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് ഈ ടെക്നോളജി ഉപയോഗിച്ച് നിങ്ങള്‍ക്കും ഇനി നിങ്ങളുടെ സ്വന്തമായ ബ്രാന്‍ഡ് നാമത്തില്‍ പുതിയ കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങാം എന്നര്‍ഥം.
ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്ക് അതിന്റേതായ പശ്ചാത്തലമുണ്ടായിരിക്കും. നിലവിലെ ശാസ്ത്ര പുരോഗതിയുടെ തുടര്‍ച്ച എന്ന നിലക്കാണല്ലോ മിക്കപ്പോഴും പുതിയ കണ്ടെത്തലുകള്‍ രൂപപ്പെടുന്നത്. ഇത്തരം കണ്ടെത്തലുകളും അതിന്റെ നേട്ടങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ശാസ്ത്ര പുരോഗതിയുടെ സുഗമമായ മുന്നേറ്റത്തിന് തടസ്സമുണ്ടാവുന്നു. പുതിയ കണ്ടെത്തലുകളൊക്കെ നേരത്തെത്തന്നെ സ്വകാര്യവല്‍ക്കരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ വിവര സാങ്കേതിക വിദ്യ തന്നെ ഒരുവേള ഉണ്ടാവുമായിരുന്നില്ല. നിലവിലെ ഒരറിവില്‍ നിന്നാണല്ലോ പുതിയൊരറിവുണ്ടാവുന്നത്. അറിവുകളുടെ സംയോജനത്തിലൂടെ മറ്റൊരു വലിയ അറിവുണ്ടാവുന്നു. ഇവിടെയാണ് ഓപണ്‍ സോഴ്സ എന്ന ആശയത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്. സോഫ്റ്റ്വെയര്‍ രംഗത്താണെങ്കിലും ഇലക്ട്രിക്, ഇലക്ട്രോണിക്, മെക്കാനിക്കല്‍ രംഗങ്ങളിലാണെങ്കിലും ടെക്നോളജിയുടെ കുത്തക മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിക്ക് തടസ്സമാകുന്നു. ഈ തിരിച്ചറിവാണ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് പ്രചോദനമായത്.
എന്തുകെണ്ട് ഈ ആശയം സോഫ്റ്റ്വെയര്‍ രംഗത്ത് മാത്രം പരിമിതമാക്കുന്നു. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ആധുനിക കാലത്ത് ഇതര സാങ്കേതിക വിദ്യകളിലും ഇത് പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. അതായത് ഇതര മേഖലകളിലും പുതിയ 'റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍'മാര്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. അങ്ങനെ പുതിയൊരു ഓപണ്‍ സോഴ്സ് തരംഗം തന്നെ ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.
നാം ഒരു പുസ്തകം വാങ്ങിയാല്‍ അത് സ്വന്തമായി വായിക്കാമെന്നതിന് പുറമെ കൈമാറുകയോ വില്‍ക്കുകയോ ബന്ധുക്കള്‍ക്കോ വായനശാലകള്‍ക്കോ സൌജന്യമായി നല്‍കുകയോ ചെയ്യാം. ഇത് നിയമ വിരുദ്ധമല്ല. എന്നാല്‍ സോഫ്്റ്റ്വെയറിന്റെ അവസ്ഥ അതല്ലല്ലോ. വാങ്ങിയ വ്യക്തി മാത്രമേ അത് ഉപയോഗിക്കാവൂ എന്നാണത്രെ വ്യവസ്ഥ. അതിന്റെ 'സോഴ്സ് കോഡ്' അവന്ന് ലഭിക്കുകയുമില്ല. മറ്റൊരാള്‍ക്ക് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരവുമാണ്. 'അയല്‍ക്കാരനെ സ്നേഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തലാണ് കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ആദ്യപടിയായി നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. കാരണം അയല്‍ക്കാര്‍ക്ക് നിങ്ങളൊന്നും തന്നെ കൈമാറുന്നില്ല. അങ്ങനെ കൈമാറുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍പ്പവകാശ നിയമങ്ങളെ ലംഘിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം'. സോഫ്റ്റ്വെയര്‍ രംഗം കുത്തകയാക്കി മാറ്റിയതില്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ ശക്തമായ പ്രതിഷേധം ഈ വാക്കുകളില്‍ പ്രകടമാണ്.
1991^ല്‍ ഹെല്‍സിങ്കി യൂണിവാഴ്സിറ്റി വിദ്യാര്‍ഥിയായ ലിനസ് ടോള്‍വാള്‍ഡ് രൂപം നല്‍കിയ ലിനക്സിന് എന്ന ഓപണ്‍ സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ സാധിച്ചു. നെറ്റില്‍ നിന്ന് ഇത് പൂര്‍ണമായും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്ഹാറ്റ് പോലുള്ള സ്വകാര്യ കമ്പനികള്‍ ലിനക്സിന്റെ ഉപയോഗത്തിന് പ്രത്യേകം മാനദണ്ഡങ്ങള്‍ ഉണ്ടാക്കി നാമമാത്രമായ ഫീസ് ഈടാക്കി വിതരണം ചെയ്യുന്നുണ്ട്. അതുവേറെക്കാര്യം. അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് നിര്‍മ്മിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിനക്സ് അടിസ്ഥാനക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യുനെസ്ക്കോ, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പുറമെ ഒട്ടേറെ രാഷ്ട്രങ്ങളും ലിനക്സ് ഉപയോഗിച്ചു തുടങ്ങി. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം ലിനക്സും ഇതര ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളും ഒരേവേശമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ മേഖല തന്നെ ഇപ്പോള്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നമുക്കറിയാം.
ഉപയോക്താക്കള്‍ക്ക് തങ്ങളുപയോഗിക്കുന്ന പ്രോഗ്രാമുകള്‍ പഠിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുനര്‍ വിതരണം ചെയ്യുന്നതിനുമുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലക്ഷ്യമാക്കുന്നത്. നിങ്ങളുപയോഗിക്കുന്ന മാരുതി, അമ്പാസഡര്‍ തുടങ്ങി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ പകര്‍പ്പുകള്‍ കേരളത്തിലെ ഏതെങ്കിലുമൊരു പ്രാദേശിക സ്ഥാപനം ഭംഗിയായി നിര്‍മ്മിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ. ഇതാണ് 'റിവര്‍സിംപിള്‍' ഓപണ്‍ സോഴ്സ് കാര്‍ ലക്ഷ്യമാക്കുന്നത്. www.riversimple.com എന്ന വെബ്സൈറ്റിലൂടെ ഈ ടെക്നോളജി ആര്‍ക്കും സ്വന്തമാക്കി എത്ര കാര്‍ വേണമെങ്കിലും നിര്‍മ്മിക്കാം.
രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ വേഗത 50 കിലോമീറ്ററാണ്. സ്റ്റാര്‍ട്ട് ചെയ്തു അഞ്ച് നിമിഷത്തിനകം വേഗത 30 കിലോമീറ്ററിലെത്തുന്നു. ബാറ്റി റീചാര്‍ജ്ജ് ചെയ്യാതെ 240 കിലോമീറ്റര്‍ വരെ വണ്ടി ഓട്ടാനാവും. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ്, ക്രാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഇതിന്റെ ടെക്നോളജി വികസിപ്പിച്ചെടുത്തതത്രെ. ബ്രിട്ടണില്‍ 2011^ല്‍ ഇതിന്റെ വ്യാപകമായ വിപണനം ആംരംഭിക്കും. കാര്‍ വാങ്ങുമ്പോള്‍ സാധാരണ ഗതിയില്‍ ഉപയോക്താക്കള്‍ക്ക് ചിലവികളേ പ്രതീക്ഷിക്കാനുള്ളൂ. അതേസമയം ഈ കാര്‍ വാങ്ങുന്നവര്‍ക്കെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ 5000 പൌണ്ട് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ ഉല്‍പന്നങ്ങളിലേക്കൊരു തിരിച്ചു പോക്ക്. അതും ഓപണ്‍ സോഴ്സ് അടിസ്ഥാനത്തില്‍. മാന്ദ്യകാലത്ത് ഇങ്ങനെ പുതിയൊരു ചിന്തയിലേക്ക് കൂടി നമ്മുടെ സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ജനറല്‍ മോട്ടോഴ്സും മെഴ്സിഡസ് ബെന്‍സും ടൊയോട്ടവും ഹോണ്ടയുമൊക്കെ ഇനി തങ്ങളുടെ ടെക്നോളജി ഓപണ്‍ സോഴ്സിലേക്ക് മാറ്റുന്നു ഒരവസ്ഥയുണ്ടാവുമോ. കാത്തിരുന്ന് കാണാം. അതേതായാലും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് ശേഷം ഓപണ്‍ സോഴ്സ് കാര്‍. ഇനി ഏതെല്ലാം പുതിയ ടെക്നോളജികളാണ് ഓപണ്‍ സോഴ്സിലേക്ക് മാറുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. എല്ലാ ഓപണ്‍ സോഴ്സ് സംരംഭങ്ങള്‍ ശുഭാശംസകള്‍ നേരുന്നു.
nice article..
ReplyDeleteനല്ല പോസ്റ്റ്.നല്ല വാര്‍ത്ത.
ReplyDeleteമഹനീയ ശാസ്ത്ര മുഖം.