Thursday, August 13, 2009

കോര്‍ക്കറസ് ഗേറ്റ്സ് @ ഹോട്ട്മെയില്‍ ഡോട്ട് കോം

(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2001 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)



(നെറ്റിലെ തട്ടിപ്പ് വിരന്‍മാര്‍മാര്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനെ നിരന്തരം പ്രലോഭിച്ച് ഭാവിയിലെ കോടീശ്വരനാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കെ ഈ വിരുതന്‍മാരയക്കുന്ന മെയിലുകളില്‍ നിന്ന് തന്റെ മെയില്‍ ബോക്സിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്തെന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ കിട്ടിയ അത്യുഗ്രന്‍ തന്ത്രമെന്ന നിലക്കാണ് കോര്‍ക്കറസ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പഴയ പേരിന്റെ കൂടെ 'ഗേറ്റ്സ്' എന്ന വാല് കൂട്ടിച്ചേര്‍ത്തതോടെ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തട്ടിപ്പ് വീരന്‍മാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്. സന്തോഷം).
=====
'മാന്യ സുഹൃത്തേ, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും അമേരിക്ക ഓണ്‍ലൈന്‍ കമ്പനിയും ഇന്റര്‍നെറ്റ് ലോകത്തെ രണ്ട് വന്‍കിട സ്ഥാപനങ്ങളാണെന്ന് താങ്കള്‍ക്കറിയാമല്ലോ. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എറ്റവും പ്രചാരമുള്ള ബ്രൌസര്‍ പ്രോഗ്രാമായി നിലനിര്‍ത്താന്‍ രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു പരീക്ഷണ സംരംഭത്തിലേര്‍പ്പെട്ടിക്കയാണ്. ഈ ഇ^മെയില്‍ സന്ദേശം താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് അത് കണ്ടെത്തി പിന്തുടരാനാവുന്നു. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ഇത് നടക്കുന്നു. താങ്കള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും 245 ഡോളര്‍ വീതം ലഭിക്കുന്നു. താങ്കളുടെ സന്ദേശം ലഭിക്കുന്ന വ്യക്ത അത് മറ്റൊരു സുഹൃത്തിന് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ താങ്കള്‍ക്കും സുഹൃത്തിനും 243 ഡോളര്‍ വീതം ലഭിക്കുന്നു. ഇനി താങ്കളുടെ സുഹൃത്തിന്റെ സഹൃത്ത് മറ്റൊരു കക്ഷിക്ക് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മൂന്ന് പേര്‍ക്കും 241 ഡോളര്‍ വീതം ലഭിക്കുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് താങ്കളുമായി ബന്ധപ്പെട്ട് ചെക്ക് അയക്കാനുള്ള പാസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെടുന്നതാണ്. ഇതൊക്കെ ഏതോ കുസൃതികളുടെ വെറും തട്ടിപ്പായിരിക്കുമെന്നാണ് നേരത്തെ ഞാന്‍ വിശ്വസിച്ചിരുന്നത്. ഏതായാലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ച് ഈ സന്ദേശം പല സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞതോടെ മൈക്രോസോഫ്റ്റ് എന്റെ ഇ^മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ട് പോസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെട്ടു. അഡ്രസ്സ് നല്‍കി ഏതാനും ദിവസങ്ങള്‍ക്കകം 24,800 ഡോളറിന്റെ ചെക്ക് കൈപറ്റിയപ്പോള്‍ സത്യമായും ഞാനല്‍ഭുതപ്പെടുക തന്നെ ചെയ്തു. മൈക്രോസോഫ്റ്റ് ചെയര്‍മാനായ ബില്‍ഗേറ്റ്സിനെസ്സംബന്ധിച്ചേടത്തോളം പരസ്യ ഇനത്തില്‍ ചെലവഴിക്കുന്ന ഈ സംഖ്യ വളരെ നിസ്സാരമാണല്ലോ. അതിനാല്‍ പരീക്ഷണ കാലം തീരുന്നതിന് മുമ്പായി ഈ സന്ദേശം കൂടുതല്‍ പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്ത് ധാരാളം പണം സമ്പാദിക്കൂ'.

ഒരു സുപ്രഭാതത്തില്‍ കോര്‍ക്കറസിന്റെ മെയില്‍ ബോക്സില്‍ ലഭിച്ച സന്ദേശമാണിത്. ഇങ്ങനെ ഒരു ഇ^മെയില്‍ സന്ദേശം ലഭിക്കുമ്പോള്‍ അതിമോഹികളായ നമ്മള്‍ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ച് സുഹൃത്തുക്കള്‍ക്കൊക്കെ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തേക്കാം. എന്നാല്‍ ആഴ്ചകള്‍ ഏറെ കടന്ന് പോയിട്ടും ഒന്നും സംഭവിക്കാത്തതാവുമ്പോള്‍ പറ്റിയ അമളിയില്‍ ലജ്ജിച്ച് സ്വയം കുറ്റപ്പെടുത്തി മൌനമവലംബിക്കും. സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാന്‍ വിനിയോഗിച്ച സമയം മാത്രമേ നമുക്കിവിടെ നഷ്ടപ്പെടുന്നുള്ളൂ. ഇ^മെയിലിലൂടെ നടക്കുന്ന നിരുപദ്രവകരമായ ഒരു തട്ടിപ്പിന്റെ മാതൃകയാണിത്.

യൂനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യാ ബ്രാഞ്ച് മാനേജര്‍ 'മാത്യൂ താക്കാര്‍' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മറ്റൊരു വിദ്വാന്റെ രംഗപ്രവേശം. സംഗതി പരമ രഹസ്യമാണത്രെ. കാര്യമിതാണ്. ഇയാളുടെ ബാങ്കില്‍ 26 ദശലക്ഷം ഡോളറിന്റെ ഒരു ഡിപ്പോസിറ്റുണ്ട്. അതിനിപ്പോള്‍ അവകാശികളാരുമില്ല. ആഫ്രിക്കയില്‍ പെട്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ മാനേജറായ 'സ്മിത്ത് ആന്‍ഡ്രിയാസ്' എന്ന വിദേശ പൌരനാണത്രെ അക്കൌണ്ടിന്റെ ഉടമ. 1990^ല്‍ ഇയാള്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന് ഇങ്ങനെയൊരു അക്കൌണ്ടുള്ള വിവരം ആര്‍ക്കുമറിഞ്ഞ് കൂടാ. പത്ത് വര്‍ഷമായി ഉടമയില്ലാതെ മുടങ്ങിക്കിടക്കുന്ന ഈ സംഖ്യ ഇനിയും ബാങ്കില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഞങ്ങളുടെ ബാങ്ക് നിയമനുസരിച്ച് അത് സര്‍ക്കാരിലേക്ക് കണ്ട്കെട്ടപ്പെടുമെന്നാണ് ഇയാള്‍ അറിയിക്കുന്നത്. അതിന് മുമ്പായി സംഖ്യ വിദേശത്തെ എതെങ്കിലും അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതിന് താങ്കളുടെ സഹായം തേടുകയാണെന്നും സംഗതി പരമ രഹസ്യമാണെന്നും വിദ്വാന്‍ അറിയിക്കുന്നു. ബാങ്ക് അക്കൌണ്ട് നമ്പറും വിലാസവും നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പിന്നെ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടുന്നതിന്റെ ചെലവിലേക്കായി ചെറിയൊരു സംഖ്യയും. പ്രതിഫലമായി ഡിപ്പോസിറ്റ് സംഖ്യയുടെ പകുതിക്ക് നിങ്ങള്‍ അവകാശിയാവുന്നു.

ഇത് തട്ടിപ്പിന്റെ മറ്റെരു രീതി. അതി മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളില്‍ നിന്ന് കാശ് തട്ടിയെടുക്കുന്ന വേറെയും വിരുതന്‍മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നു. 'പ്രിയ സുഹൃത്തേ, ഭാവിയിലെ കോടീശ്വരാ...' എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ധാരാളം ഇ^മെയില്‍ സന്ദേശങ്ങള്‍ ഇതിനകം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. വീട്ടിലിരുന്ന് ഒട്ടും അധ്വാനമില്ലാതെ ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ക്ക് ദശലക്ഷങ്ങളും കോടികളും സമ്പാദിക്കാം. അതിനുള്ള സൂത്രപ്പണികളാണ് പിന്നീട് വിവരിക്കുന്നത്. ഇതിനൊക്കെ നിങ്ങള്‍ മുതലിറക്കേണ്ടത് വെറും 24 ഡോളര്‍ മാത്രം. ഇതിലും ലാഭകരമായ ബിസിനസ്സ് ലോകത്ത് വേറെയുണ്ടാവില്ലല്ലോ.

പിന്നെ അതാ വരുന്നൂ മറ്റൊരു സന്ദേശം. 'പ്രിയങ്കരനായ കോര്‍ക്കറസ്, താങ്കള്‍ 25,000 ഡോളര്‍ സമ്മാനം നേടിയിരിക്കുന്നു. അതല്ലെങ്കില്‍ അമേരിക്കയിലെ യഹാമയിലേക്ക് ഒരൊഴിവ്കാല വിനോദ യാത്രയായാലോ. ഏത് വേണമെന്ന് താങ്കള്‍ തെരഞ്ഞെടുക്കുക.' ഒന്നും വേണ്ടാ എന്ന് തീരുമാനിച്ച് സ്വസ്ഥമായി നെറ്റില്‍ സെര്‍ച്ച് ചെയ്ത് കൊണ്ടിരിക്കെ വീണ്ടും വരുന്നു മറ്റൊരു സന്ദേശം. 'പ്രിയപ്പെട്ട കോര്‍ക്കറസ്, താങ്കളുടെ അക്കൌണ്ട് വളരുകയാണ്. ഇപ്പോള്‍ നിങ്ങള്‍ 45,000 ഡോളര്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹനായിരിക്കുന്നു. സംഖ്യ കരസ്തമാക്കുന്നതെങ്ങനെ എന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'.

വെബ് സൈറ്റ് നിര്‍മ്മാണവും വില്‍പനയുമെന്ന പേരില്‍ പഴയ മണിചെയിന്‍ തട്ടിപ്പിന്റെ പുതിയ അവതാരവുമായി മറ്റൊരു കൂട്ടരും ഇന്റര്‍നെറ്റില്‍ ചേക്കേറിയിരിക്കയാണ്. 6500 ഉറുപ്പിക നല്‍കി ചങ്ങലയില്‍ കണ്ണിയായാല്‍ സൌജന്യമായി വെബ്സൈറ്റും സോഫ്റ്റ്വെയറും സോഫ്റ്റ്വെയര്‍ പഠനകോഴ്സും ലഭിക്കുമത്രെ. അത്രത്തോളമാണെങ്കില്‍ സഹിക്കാമായിരുന്നു. തീര്‍ന്നില്ല. കൂടുതല്‍ പേരെ കണ്ണി ചേര്‍ത്താല്‍ മാസങ്ങള്‍ക്കകം ലക്ഷങ്ങളുടെ ചെക്കും ഡ്രാഫ്റ്റും നമ്മുടെ വിലാസത്തിലേക്കൊഴുകിത്തുടങ്ങുമത്രെ. കോടീശ്വരനാകാന്‍ പിന്നെ വലിയ താമസമൊന്നുമുണ്ടാവില്ലല്ലോ. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ വേറൊരു കൂട്ടരുടെ മോഹന വാഗ്ദാനങ്ങളുമായി വീണ്ടും മെയില്‍ ബോക്സ് നിറയുകയാണ്.

പിന്നെ ഇത്തരം മെയിലുകള്‍ തുറന്ന് നോക്കുക പോലും ചെയ്യാതെ നിഷ്ക്കരുണം ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. എന്നിട്ടും കോര്‍ക്കറസിന് ഒന്നും സംഭവിച്ചില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോഴും ഇതെഴുതുന്നു എന്നത് തന്നെ. ഹോട്ട് മെയില്‍ വിലാസത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് നമ്മുടെ വിലാസങ്ങളും വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. ഇത്തരം 'ഇ^തട്ടിപ്പു'കള്‍ക്കെതിരെ ഇനി എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് കോര്‍ക്കറസിന്റെ എളിയ ബുദ്ധിയില്‍ പുതിയൊരു സൂത്രം ഉദിച്ച് വന്നത്. അതെന്താണെന്നല്ലേ. ഹോട്ട്മെയിലിലെ വിലാസത്തില്‍ കോര്‍ക്കറസിന്റെ പേരങ്ങ് മാറ്റി. അങ്ങനെയാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ്, 'കോര്‍ക്കറസ് ഗേറ്റ്സാ'യി മാറിയത്. അതോടെ തട്ടിപ്പ് വീരന്‍മാരൊക്കെ ഒതുങ്ങിയിരിക്കയാണ്. ഇയാള്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്നാണ് ഇപ്പോര്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാല്‍ ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പിന്‍മാറിയിരിക്കയാണ്. സന്തോഷം.

എക്സ്റ്റന്‍ഷന്‍

എലിപ്പനിയുടെയും ഭ്രാന്തിപ്പശു രോഗത്തിന്റെയും വൈറസ് മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് മുഖേന പ്രചരിക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഒരു വിദഗ്ദ സംഘം കണ്ടെത്തിയത് കമ്പ്യൂട്ടര്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള പഴയതും പുതിയതുമായ എല്ലായിനം വൈറസുകളും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിലൂടെ അതിവേഗം പ്രചരിക്കുമെന്നായിരുന്നല്ലോ ഇത്വരെയുള്ള വിശ്വാസം. ആ നിലക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രസക്തിയുണ്ട്. അതിമാരകമായ ഈ വൈറസുകള്‍ ഔട്ട്ലുക്കിലൂടെ പ്രചരിക്കുന്നില്ലെന്ന പുതിയ കണ്ടെത്തല്‍ തങ്ങള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ടവര്‍ പുതിയ കണ്ടെത്തലിന്റെ വിശ്വസനീയതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഔട്ട്ലുക്കിലുപയോഗിക്കുന്ന 'വൈറസ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍' (VTP) എന്ന പ്രോഗ്രാം എല്ലായിനം വൈറസുകളെയും പ്രചരിപ്പിക്കാന്‍ പ്രാപ്തമാണെന്ന കാര്യം അവര്‍ ഊന്നിപ്പറയുന്നു. ഇതിന്റെ പേരില്‍ പ്രത്യേകം പാറ്റന്റ് നേടുകയും ചെയ്തിട്ടുണ്ടത്രെ. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ ഇത്തരം വൈറസുകളുടെ പ്രചാരണം ഉറപ്പ്വരുത്തുന്ന വിധത്തില്‍ പ്രോഗ്രാം അപ്ഡേറ്റ് ചെയ്ത് വരികയാണെന്നും തങ്ങളുടെ സൈറ്റിലൂടെ ഉടനെത്തന്നെ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവുമെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.
*****

3 comments:

  1. (നെറ്റിലെ തട്ടിപ്പ് വിരന്‍മാര്‍മാര്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനെ നിരന്തരം പ്രലോഭിച്ച് ഭാവിയിലെ കോടീശ്വരനാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കെ ഈ വിരുതന്‍മാരയക്കുന്ന മെയിലുകളില്‍ നിന്ന് തന്റെ മെയില്‍ ബോക്സിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്തെന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ കിട്ടിയ അത്യുഗ്രന്‍ തന്ത്രമെന്ന നിലക്കാണ് കോര്‍ക്കറസ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പഴയ പേരിന്റെ കൂടെ 'ഗേറ്റ്സ്' എന്ന വാല് കൂട്ടിച്ചേര്‍ത്തതോടെ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തട്ടിപ്പ് വീരന്‍മാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്. സന്തോഷം).

    ReplyDelete
  2. വായിച്ചു നന്ദി

    ReplyDelete
  3. ഇത്തരം പ്രലോഭനങ്ങള്‍ ധാരാളം വരാറുണ്ട്. കുറെ അഡ്രസ്സുകള്‍ ബ്ലോക്ക് ചെയ്തു. എന്നാലും രക്ഷയില്ല!. എന്നെ കോടീശ്വരനാക്കിയേ അവര്‍ അടങ്ങൂ!

    ReplyDelete