Saturday, August 22, 2009

നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഒക്ടോബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നിങ്ങള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണോ? എങ്കില്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഈ മേഖലയുണ്ടായ മാറ്റങ്ങളും പുരോഗതികളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും നേതൃത്വം നല്‍കിയതും ഏതാനും ചെറുപ്പക്കാരാണെന്നതാണ് അതിലേറെ വിസ്മയാമഹം. ഇവരില്‍ ഏതാനും പേരെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇവിടെ പരിചയപ്പെടുത്തുകയാണ്. നമ്മുടെ ചെറുപ്പാക്കാര്‍ക്ക് തീര്‍ച്ചയായും ഇവരും ഇവരുടെ സംരംഭങ്ങളും മാതൃകയാക്കാവുന്നതാണ്. പുതുയുഗത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളെന്ന് ഇവരെ വിശേഷിപ്പിക്കാം. ദൈവം തങ്ങള്‍ക്ക് കനിഞ്ഞരുളിയ ബുദ്ധി ശരിയായ രീതിയിലുപയോഗിച്ചു എന്നതാണ് ഇവരെ ഇങ്ങനെയൊരു വിശേഷണത്തിനര്‍ഹരാക്കുന്നത്. നീര്‍ഘവീക്ഷണം, ഭാവിയെക്കുറിച്ചുള്ള തികഞ്ഞ കാഴ്ചപ്പാട്, ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്ക് തുണയായി. ഇവരുടെ സേവനവും അദ്ധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റിന് ഇന്നത്തെ രീതിയിലെ ജനകീയത ലഭിക്കുമായിരുന്നില്ല.

ഇവരില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നത് ഗൂഗിളിന്റെ സ്ഥാപകരായ ആ രണ്ട് ചെറുപ്പക്കാര്‍ തന്നെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ഇന്റര്‍നെറ്റ് അടക്കി വാഴുന്ന തരത്തില്‍ ഒട്ടേറെ സേവനങ്ങള്‍ ഗുഗിള്‍ കാഴ്ചവെക്കുന്നു. ഇന്റര്‍നെറ്റെന്നാല്‍ ഗൂഗിളെന്നാണ് ഇപ്പോള്‍ മിക്കവരുടെയും ധാരണ. ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ രണ്ട് യുവാക്കളാണ് ഈ സംരംഭത്തിന്റെ ഉടമകള്‍. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജകയകരമായ സ്ഥാപനമെന്ന വിശേഷണവും ഗൂഗിളിന് സ്വന്തം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ഇവര്‍ തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഇന്റര്‍നെറ്റ് ലോകം സാക്ഷിയാണ്. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറാണത്രെ.

വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തിന് അടിത്തറയിട്ട ടിം ബര്‍ണേഴ്സ് ലീയാണ് മറ്റൊരാള്‍. ഇന്റര്‍നെറ്റ് അമേരിക്കക്ക് സ്വന്തമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ലീ എന്ന ഈ ബ്രിട്ടീഷ്കാരനില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഈ രൂപത്തില്‍ നിലവില്‍ വരില്ലായിരുന്നു. മസാച്ചുസെറ്റ്സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഇന്റര്‍നെറ്റ് സേവന മേഖലയിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി W3C എന്ന കണ്‍സോര്‍ഷ്യത്തിന് തുടക്കമിട്ടതും ഇദ്ദേഹം തന്നെ. അതേതായാലും ഇന്റര്‍നെറ്റ് ലോകത്ത് ബ്രിട്ടന് തലയെടുപ്പോടെ നിലകൊള്ളാന്‍ ഈ ഒരൊറ്റ വ്യക്തി കൈവരിച്ച നേട്ടം തന്നെ ധാരാളമാണ്.

ആഗോളതലത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപക്ഷെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റിന്റെ സ്ഥാപകന്‍ ഇരുപത്തിനാല് കാരനായ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (Mark Zuckerberg) ആയിരിക്കാനാണ് സാധ്യത. ഈ നൂറ്റാണ്ടിലെത്തന്നെ ചെറുപ്പക്കാരുടെ ഹരമെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സന്തതിയായ ഇദ്ദേഹമാണ് ലോകത്തിലെത്തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോടീശ്വരനും. യൂണിവേഴ്സിറ്റിയിലെ തന്റെ ഇടുങ്ങിയ മുറിയില്‍ 2004-ല്‍ തുടങ്ങിയ 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റ് ക്രമേണ ബോസ്റ്റണിലേക്കും അവിടെ നിന്ന് ലേകത്തെങ്ങുമായി വ്യാപിക്കുകയായിരുന്നു.

നാപ്സ്റ്റ്ര്‍ എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഷാവ്ന്‍ ഫാനിംഗാണ് ഇനിയൊരാള്‍. സംഗീത ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനമായിട്ടാണ് ഇതാരംഭിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ പത്തൊമ്പതാം വയസ്സിലാണ് ഈ യുവാവ് തന്റെ സൈറ്റിന് അടിത്തറയിട്ടത്. സംഗീത ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്റനെറ്റില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച വെബ്സൈറ്റിന്റെ സ്ഥാപകനെന്ന നിലയില്‍ ഇദ്ദേഹം ലോകത്തെങ്ങുമുള്ള യുവതയുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്നു. 2006^ല്‍ ഇദ്ദേഹം 'വാര്‍ക്രാഫ്റ്റ്' ഇന്റര്‍നെറ്റ് ഗെയിം കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന Repture എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനും തുടക്കമിട്ടു.

ടെലിവിഷന്‍ പരിപാടികളുടെ അവതാരകരുടെ മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും പ്രത്യേക ആദരവ് പിടിച്ചുപറ്റിയ ചെറുപ്പക്കാരനാണ് കെവിന്‍ റോസ്. ഇദ്ദേഹത്തിന്റെ ടി.വി. പരിപാടികളുടെ ശേഖരമായ digg.com ഈ ഇനത്തിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റാണ്. സൈറ്റിന്റെ ജനപ്രീതി നല്‍കുന്ന തിരക്കുകള്‍ക്കിടയില്‍ തന്നെ Pownce, Revision 3 തുടങ്ങിയ സംരംഭങ്ങളിലും ഇദ്ദേഹം ഭാഗഭാക്കാണ്. 2004^ല്‍ മണിക്കൂറിന് 12 ഡോളര്‍ എന്ന നിരക്കില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച Digg ഇന്ന് ലോക തലത്തില്‍ തന്നെ അഭിപ്രായ സര്‍വേക്കും വോട്ടെടുപ്പിനും പ്രസിദ്ധമാണ്.

ബ്ലോഗുകള്‍ ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. ആശയ വിനിമയ രംഗത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ലോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റ് മുലന്‍വേഗ് എന്ന ചെറുപ്പക്കാരന്‍ wordpress എന്ന വെബ്സൈറ്റിലൂടെ ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംവിധാനം നമുക്ക് ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. പത്തൊമ്പതാം വയസ്സിലാണ് ഇദ്ദേഹം ഇങ്ങനെയൊരാശയവുമായി മുന്നാട്ട് വരുന്നതെന്നോര്‍ക്കണം. ഇരുപത്തിനാലാം വയസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ച് ബ്ലോഗ് സൈറ്റിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മാറ്റ്.

ഇന്റര്‍നെറ്റിലെ ലേലച്ചന്തയായ 'ഇബേ'യുടെ സ്ഥാപകനായ പിയര്‍ ഒമിഡ്യര്‍ ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിത്വമാണ്. വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നെറ്റിലൂടെ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് നിര്‍വഹിക്കുന്നത്. ഇതത്ര നിസ്സാരമായ പണിയൊന്നുമല്ല. ഇതിനകം ഈ ലേലച്ചന്ത ലോകത്തെങ്ങും വന്‍ സ്വീകാര്യത കൈവരിച്ചിരിക്കയാണ്. ഇതിലൂടെ പിയര്‍ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയിരിക്കുന്നുവെന്നതും പ്രസ്താവ്യമാണ്. സൈറ്റിന്റെ ആസ്തി 7.7 ബില്യന്‍ ഡോളറാണ്.

ഇന്റര്‍നെറ്റിലെ ഗെയിം കമ്പിനിയായ ബ്ലിസാര്‍ഡിന്റെ ഉടമ മൈക് മൂര്‍ഹൈം കളിയിലൂടെയാണ് ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിച്ചത്. സൈറ്റിലെ മുഖ്യ ഇനമായ Warcraft (WoW) എന്ന ഗെയിമിന് എണ്‍പത് ലക്ഷം വരിക്കാരുണ്ടത്രെ. ഈ കളിയിലൂടെ ഇദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഒന്നര ബില്യന്‍ ഡോളര്‍. അതായത് ഏകദേശം അറുനൂറ് കോടി ഇന്ത്യന്‍ രൂപ.

നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വൈല്‍സാണ് ഇന്റര്‍നെറ്റിനെ സ്വാധീനിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വം. 2001-ലാണ് വിക്കിപീഡിയ രൂപം കൊള്ളുന്നത്. മലയാളമുള്‍പ്പെടെ അറിയപ്പെടുന്ന ലോകഭാഷകളിലെല്ലാം തന്നെ ഇതിനകം ഈ വിജ്ഞാന കോശത്തിന് പതിപ്പുകളുണ്ട്. നിയോപീഡിയ എന്ന വിജ്ഞാന കോശവുമായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് 'വിക്കിയ' പ്രോഗ്രാമിന് വഴിമാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിച്ച് വലിയൊരു വിജ്ഞാനശേഖരത്തിന് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കി എന്നതാണ് ജിമ്മിയെ നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാക്കിയത്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെ നെറ്റിലെ ഇതരസേവനങ്ങളിലും പതുക്കെ ചുവടുറപ്പിക്കാന്‍ വിക്കിയക്ക് പദ്ധതിയുണ്ടത്രെ.

സൈബര്‍ ലോകത്തെ ന്യൂസ് ഗ്രൂപ്പുകളും പരസ്യക്കാരുമൊക്കെ അടിഞ്ഞുകൂടിയ വെബ്സൈറ്റാണ് Craigslist.org. മാസത്തില്‍ ഒന്നര കോടി സന്ദര്‍ശകരാണത്രെ സൈറ്റിലെത്തുന്നത്. സൈറ്റിന്റെ നിര്‍മ്മാതാവും ഇന്റര്‍നെറ്റിലെ പ്രമുഖ ബിസിനസ്കാരനുമായ ക്രെയ്ജ് ന്യൂമാര്‍ക്കും നെറ്റില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.

യൂട്യൂബ് എന്ന് കേള്‍ക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്തുണ്ടാവില്ലെന്ന് പറയാം. അത്രമാത്രം ജനകീയമായിരിക്കുന്നു ആ വെബ്സൈറ്റ്. ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകളുടെ ശേഖരമാണ് അത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെങ്ങുമുള്ള ഏത് സംഭവത്തിന്റെയും വീഡിയോ ക്ലിപ്പ് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നല്ലതും ചീത്തയുമായ എല്ലാ ക്ലിപ്പുകളും അവിടെയുണ്ടെന്നത് ഒട്ടൊക്കെ ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്ന സൂചന നല്‍കുന്നു. അതേതായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്സൈറ്റാണിതെന്ന് പറയാതെ വയ്യ. ഇതിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവ് ചെനും ഹ്യൂര്‍ലിയും നെറ്റ് ഉപയോക്താക്കളായ നമ്മുടെയൊക്കെ ആദരവ് അര്‍ഹിക്കുന്നു. 2005-ല്‍ യൂട്യൂബ് സ്ഥാപിക്കുമ്പോള്‍ സ്റ്റീവ് ചെനിക്ക് വയസ്സ് ഇരുപത്തേഴ്. ഹ്യൂര്‍ലിക്ക് വയസ്സ് ഇരുപത്തെട്ട്. 1.65 ബില്യന്‍ ഡോളര്‍ വില കണക്കാക്കുന്ന യൂട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ കൈവശമാണുള്ളത്.

ഡേവിഡ് ഫിലോയെയും ജെറി യാങിനെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പരിചയപ്പെടുത്തേണ്ടതില്ല. യാഹൂവിന്റെ സ്ഥാപകരായ ഇവര്‍ അതി സാഹസികരായ യുവാക്കള്‍ തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ല. യാഹൂ സ്ഥാപിതമായ ശേഷം വളരെക്കാലത്തോളം തങ്ങളുടെ മേഖലയില്‍ അതിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരികളായ ഇവര്‍ നെറ്റില്‍ വെവ്വേറെ ആരംഭിച്ച സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് യാഹൂ എന്ന ഭീമാകാരന്‍ സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെട്ടത്. നെറ്റിലെ മിക്ക സേവനങ്ങളും കാഴ്ചവെക്കുന്ന യാഹൂവിന്റെ മുഖ്യ എതിരാളിയായി ഗൂഗിള്‍ രംഗത്തെത്തിയത് യാഹൂവിനെ അലോസരപ്പെടുത്തുന്നു.

നെറ്റിലെ ലേലച്ചന്തയായ ഇബേയെപ്പോലെ അതിവേഗം ഇന്നതിയിലെത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രമുഖ വെബ്സൈറ്റാണ് ജാക് മാ എന്ന ഇന്റര്‍നെറ്റ് വ്യവസായി നേതൃത്വം നല്‍കുന്ന ആലിബാബ ഗ്രൂപ്പിന്റെ TaoBao.com. 1999^ല്‍ ഒരു സ്വതന്ത്ര ചൈനീസ് ഡാറ്റാബെയ്സ് സംരംഭമെന്ന നിലയില്‍ രംഗത്തെത്തിയ ഈ വെബ്സൈറ്റ് പിന്നീട് ലോകത്താകമാനം വ്യാപിച്ച വലിയൊരു നെറ്റ്വര്‍ക്കായി രൂപപ്പെടുന്നത് ഇന്റര്‍നെറ്റ് ലോകം കൌതുകത്തോടെയാണ് നോക്കിക്കണ്ടത്.

ആമസോണ്‍ എന്ന ഇന്റര്‍നെറ്റ് പുസ്തകശാലയുടെ സ്ഥാപകനായ ജിഫ് ബസോസിനെ പരാമര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് ഒട്ടും തന്നെ ഉചിതമാവില്ലെന്ന് കോര്‍ക്കറസ് വിശ്വസിക്കുന്നു. ഒരു ദശകം മുമ്പ് വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച ഈ ഇന്റര്‍നെറ്റ് പുസ്തകശാലയുടെ ഇന്നത്തെ ആസ്തി 8.2 ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. ആമസോണിന്റെ വിജയത്തെത്തുടര്‍ന്ന് അതിന്റെ അനുകരണങ്ങള്‍ നെറ്റില്‍ ധാരാളമുണ്ടായെങ്കിലും അതിനോട് മല്‍സരിക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്നതാണ് സത്യം.

ആഴ്ചകള്‍ക്ക് മുമ്പ് നെറ്റില്‍ പരതുന്നതിനിടെ ലഭ്യമായ http://grademoney.com/ എന്ന വെബ്സൈറ്റാണ് നെറ്റിനെ സ്വാധീനിച്ച ചെറുപ്പക്കാരുടെ പേര് ഈ രൂപത്തില്‍ ലീസ്റ്റ് ചെയ്തത്. പിന്നീട് ഇതെഴുതാനായി വീണ്ടും സൈറ്റ് റഫര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സൈറ്റിന്റെ സ്ഥാപകന്‍ അത് വില്‍പനക്ക് വെച്ചതായിട്ടാണ് കണ്ടത്. ഇപ്പോള്‍ സൈറ്റ് നെറ്റില്‍ നിന്ന് തീരെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. അജ്ഞാതനായ ആ വെബ്സൈറ്റിന്റെ ഉടമക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോര്‍ക്കറസ് ഇതിവിടെ അവസാനിപ്പിക്കുന്നു.
*****

2 comments:

  1. നിങ്ങള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണോ? എങ്കില്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഈ മേഖലയുണ്ടായ മാറ്റങ്ങളും പുരോഗതികളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും നേതൃത്വം നല്‍കിയതും ഏതാനും ചെറുപ്പക്കാരാണെന്നതാണ് അതിലേറെ വിസ്മയാമഹം.

    ReplyDelete
  2. ഇഹ്ജാസ്‌October 24, 2010 at 10:09 PM

    നമ്മുടെ ബില്‍ ഗേറ്റ്സ് ഈ ലിസ്റ്റില്‍ പെടില്ലേ?

    ReplyDelete