Friday, August 28, 2009

പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ആഗസ്റ്റ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നാം ജീവിക്കുന്ന ഈ ലോകത്ത് നമ്മുടെ അനുഭവങ്ങള്‍ മുഴുക്കെ വെറും തോന്നലുകളും സ്വപ്നവുമാണെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഇന്നത്തെ ശാസ്ത്രത്തിന് യാതൊരു തടസ്സവുമില്ലെന്നതാണ് സത്യം. പ്രത്യക്ഷത്തില്‍ കാണുന്ന ഈ ലോകവും അതിലെ സകല ചരാചരങ്ങളും ചലനങ്ങളുമെല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെ നമുക്കനുഭവപ്പെടുന്നു എന്നും പറയാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമെന്നാല്‍ അതൊരു സോഫ്റ്റ്വെയറാണല്ലോ. ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സ്പര്‍ശനാനുഭവമില്ലാത്തതാണ് സോഫ്റ്റ്വെയറെന്ന് നാം വിശേഷിപ്പിക്കാറുണ്ട്. അതായത് ഇവിടെ നമ്മുടെ അനുഭവങ്ങളൊക്കെ ഏതോ ഒരു കമ്പ്യൂട്ടറില്‍ നേരത്തെ പ്രോഗ്രാം ചെയ്തതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ ലോകമെന്ന് നാം മനസ്സിലാക്കുന്നത്, മനുഷ്യന്റെ മസ്തിഷ്ക്കം എന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രോസസ്സര്‍ സംവിധാനത്തിലൂടെ വേര്‍തിരച്ച് സംസ്ക്കരിച്ചെടുക്കുന്ന ധാരണകള്‍ മാത്രമാണ്. ഈ മസ്തിഷക്കത്തെ കബളിപ്പിക്കാന്‍ വളരെ എളുപ്പവുമാണത്രെ.

നിങ്ങള്‍ പ്രഭാതത്തില്‍ പത്രം വായിക്കുന്ന അനുഭവമൊന്ന് സങ്കല്‍പിക്കുക. കടലാസ് താളുകളില്‍ കറുത്ത മഷി പുരളുമ്പോള്‍ അത് വാര്‍ത്ത എന്ന നിലക്ക് നിങ്ങള്‍ക്ക് വായിക്കാനാവുന്നു. ഈ സമയത്ത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ദിനപത്രവും നിങ്ങളിരിക്കുന്ന കസേരയുമെല്ലാം യാഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം പോലും സംശയിക്കുന്നില്ല. എന്നാല്‍ അത് അങ്ങനെത്തന്നെയാണോ?

വിഷയം അതിവിചിത്രമെന്ന് തോന്നിയേക്കാം. അതല്ലെങ്കില്‍ ഇതൊരു 'കോര്‍ക്കറസിയന്‍' ചിന്ത എന്ന് നിങ്ങള്‍ വിധി എഴുതിയേക്കാം. അതേതായാലും നമ്മുടെ ഭൌതിക ജഡമുള്‍പ്പെടെയുള്ള ഈ ലോകം മുഴുക്കെ ആറ്റം കൊണ്ടും ബിറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. നമ്മെ വലയം ചെയ്തിരിക്കുന്ന ഈ ആറ്റവും ബിറ്റുകളും യഥാര്‍ഥത്തില്‍ തന്നെ ഉള്ളതാണോ? അതോ അവ സാങ്കേതികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു ഇലക്ട്രോ തരംഗങ്ങളുടെ ആകത്തുകയാണോ? 'മായ' പോലുള്ള ചില സോഫ്റ്റ്വെയറുകളുപയോഗിച്ച് നാം കമ്പ്യൂട്ടറില്‍ ത്രിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കാറുണ്ടല്ലോ. സോഫ്റ്റ്വെയറിന്റെ പേര് പോലെത്തന്നെ ഇതും ഒരു 'മായ' തന്നെ. ഇത്തരം കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ വസ്തുക്കളുടെ യഥാര്‍ഥ അനുഭൂതിയും അനുഭവവും പകരുന്നുവെന്നതില്‍ സംശയമില്ല. ഇനി ഈ ഭൂമി തന്നെ വലിയൊരു മോണിറ്ററായി സങ്കല്‍പിക്കുക. 'മായ'യെക്കാള്‍ അത്യുഗ്രമായ ഒരു സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിക്കുന്നു എന്നും സങ്കല്‍പിക്കുക. ആകാശത്തോളം വിശാലതയുള്ളതാണ് അതിന്റെ മോണിറ്റര്‍. ഇവിടെ എല്ലാം ത്രിമാന രൂപങ്ങള്‍, ചിത്രങ്ങള്‍. എല്ലാം ഒരു കമ്പ്യൂട്ടറില്‍ അതി സൂക്ഷ്മമായി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍.

കമ്പ്യൂട്ടര്‍ രംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ അരങ്ങേറുന്ന മേഖലയാണല്ലോ വെര്‍ച്ച്വല്‍ റിയാലിറ്റി. സാങ്കല്‍പിക യാഥാര്‍ഥ്യമെന്ന് ഇതിന്റെ മലയാളം ഭാഷ്യം. യഥാര്‍ഥത്തില്‍ മനുഷ്യകുലം തന്നെ തങ്ങളറിയാതെ ഇത്തരത്തിലെ കൂറെ സങ്കല്‍പങ്ങളിലല്ലേ ജീവിക്കുന്നത്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍... എല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അതി സമര്‍ഥമായ പ്രവര്‍ത്തനം. ഈ പ്രോഗ്രാമിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ മനുഷ്യന് മാത്രമേ സാധ്യമാകൂ എന്നതും അതഭുതം തന്നെ. ഇങ്ങനെയൊക്കെ നമുക്ക് ഒന്നാലോചിച്ചു കൂടേ. അതിനെന്താണ് തടസ്സം.

പ്രശസ്ത അമേരിക്കന്‍ തത്ത്വചിന്തകനായ ഹിലരി പുട്നാമിന്റെ (Hilary Putnam) അഭിപ്രായത്തില്‍ ഇവിടെ നാം യാഥാര്‍ഥ്യമെന്ന് മനസ്സിലാക്കുന്നത് മുഴുവന്‍ നമ്മുടെ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം മാത്രമാണ്. ഈ മസ്തിഷ്ക്കമാകട്ടെ വലിയൊരു സൂപ്പര്‍ കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കയാണ്. നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ മുഴുക്കെ ഈ സിസ്റ്റത്തിലേക്കയക്കപ്പെടുകയും അത് പ്രോസസ്സ് ചെയ്തു വീണ്ടും നമ്മുടെ മസ്തിഷ്ക്കത്തിലെത്തിച്ചേരുകയും ചെയ്യുന്നു. നാം ജീവിക്കുന്ന ഈ ലോകം തന്നെ അതിവിദഗ്മായ ഒരു കമ്പ്യുട്ടര്‍ സംവിധാനത്തിന്റെ ഭാഗമാണ്. നമ്മുടെ എല്ലാ ചലനങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് പകര്‍ത്തപ്പെടുന്നു. സംഗതി അസംഭവ്യമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇതുപോലുള്ള പരിപൂര്‍ണ്ണമായ ഒരു ഡിജിറ്റല്‍ ലോകം നിങ്ങള്‍ക്കും സൃഷ്ടിക്കാനായാലോ. അവിടെ എല്ലാമെല്ലാം നിയന്ത്രിക്കുന്നത് നിങ്ങളായിരിക്കും. അതല്ലെങ്കില്‍ നിങ്ങള്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറായിരിക്കും.

കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സ്വീഡീഷ് തത്ത്വചിന്തകനുമായ നിക് ബോസ്ട്രോം (Nick Bostrom) പറയുന്നതും ഇത് തന്നെയാണ്. അതായത് നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു ശക്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാകാന്‍ സാധ്യയുണ്ടത്രെ. ഈ പ്രൊഫസര്‍മാര്‍ക്കെല്ലാം എന്തുപറ്റി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. വരട്ടെ. അതിലേറെ അത്ഭുതകരമെന്ന് തോന്നുന്ന കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്. അതായത് കമ്പ്യൂട്ടര്‍ രംഗത്തെ ഇന്നത്തെ പുരോഗതിയും കുതിപ്പും ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ എത്തിപ്പെടുന്ന നാഗരികതയെക്കുറിച്ച് അത്യപൂര്‍വമായ ചില നിഗമനങ്ങളിലാണ് അദ്ദേഹമെത്തിച്ചേരുന്നത്. ഇതുപോലുള്ള ശക്തമായ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് സിമുലേഷനിലൂടെ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രപഞ്ച സംവിധാനമുണ്ടാക്കാന്‍ നമുക്കും കഴിയുമത്രെ. ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇത് അല്‍പം കടന്ന ചിന്തയും നിഗമനവുമാണെന്ന് നമുക്ക് തോന്നിയേക്കാം. അതേതായാലും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ നാം മാനിക്കേണ്ടതുണ്ടല്ലോ.

ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ ബാറോയും ഇതേ അഭിപ്രായക്കാരനാണ്. നേരത്തെ ജീവിച്ച ഏതോ സമൂഹം അതിവിദഗ്ദമായി പ്രോഗ്രാം ചെയ്ത ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ നിയന്ത്രണത്തിലാണ് നമ്മളുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഈ സോഫ്റ്റവെയറാകട്ടെ അത്യന്തം സൂക്ഷ്മവും 'ബഗ്ഗു'കളില്‍ നിന്ന് മുക്തവുമാണത്രെ. അഥവാ ഏതെങ്കിലും ബഗ്ഗ് കണ്ടെത്തിയിരുന്നെങ്കില്‍ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന നിര്‍മ്മിതമായ ഭുലോകമെന്ന വെര്‍ച്ച്വല്‍ റിയാലിറ്റിയെസ്സംബന്ധിച്ച് നമുക്ക് ബോധ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണമായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന രൂപപ്പെട്ട നമ്മുടെ ആകാശത്തിന്റെ ഏതാനും ഭാഗങ്ങള്‍ സോഫ്റ്റ്വെയറിലെ ബഗ്ഗുകള്‍ കാരണമായി നക്ഷത്രങ്ങളും മറ്റും ഇല്ലാതായി കറുത്തിരുണ്ട രൂപത്തില്‍ കണ്ടിരുന്നെങ്കില്‍, ഇതൊരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാം തന്നെയാണെന്ന് നമുക്ക് ബോധ്യമാകുമായിരുന്നേനേ. അതായത് കമ്പ്യൂട്ടര്‍ ഭാഷയില്‍ അവിടെ സോഫ്റ്റ്വെയര്‍ 'ക്രാഷ്' ആയിരിക്കുന്നുവെന്ന് നമുക്ക് പറയാമെന്നര്‍ഥം.

ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ നിലവിലെ വ്യവസ്ഥക്ക് കാരണമായി കുറേ സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളതെന്ന് ജോണ്‍ ബാറോ അഭിപ്രായപ്പെടുന്നു. നമുക്ക് മുമ്പ് നാഗരികതയുടെ ഉത്തുംഗതയിലെത്തിയ ഒരു സമൂഹം അതിവിദഗ്മായി രൂപകല്‍പന ചെയ്ത ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പ്രപഞ്ചമെന്നത് തന്നെയാണ് ഒന്നാമത്തെ സാധ്യത. അത്യന്തം ആസൂത്രിമായ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷ ലോകത്തെ യാഥാര്‍ഥ്യവുമായി പരമാവധി അടുപ്പിക്കുന്നു. ഇതിനുപയോഗിച്ച സോഫ്റ്റ്വെയറാകട്ടെ അതി സൂക്ഷ്മവും ബഗ്ഗുകളില്‍ നിന്ന് മുക്തവുമാണ്. ഈ രീതിയില്‍ സിമുലേഷന്‍ സാധ്യമാണെങ്കില്‍ തത്ത്വചിന്തകന്‍മാരും മറ്റും പറയുന്നതുപോലെ ഈ പ്രപഞ്ചം സമ്പൂര്‍ണ്ണമെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല. മറിച്ചു നമ്മുടെ അറിവിലുള്ള ന്യൂനതകള്‍ മുഖേനയാണത്രെ നാം അങ്ങനെ മനസ്സിലാക്കുന്നത്. അതായത് നമ്മുടെ അറിവ് ഒട്ടേറെ തെറ്റുകളും വിടവുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിനുള്ള പരിഹാരമെന്ന നിലക്ക് പ്രപഞ്ചമെന്ന ഈ സിസ്റ്റത്തിന്റെ പ്രോഗ്രാമിംഗില്‍ നമ്മുടെ മുന്‍ഗാമികള്‍ (മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ളവര്‍) നിരന്തരം അപ്ഡേറ്റുകള്‍ നടത്തിവരുന്നുണ്ടത്രെ. ഇതിനെ നാം പരിണാമം, പുരോഗതി എന്നൊക്കെ പറയുന്നു. പ്രോഗ്രാം പോലെത്തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റവും പലപ്പോഴും കേടുപാടുകള്‍ക്ക് വിധേയമാകുന്നുണ്ട്. ചിലപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ചില ഭാഗങ്ങളിലെ സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം ഇത്തരം പാകപ്പിഴവുകളും കേടുപാടുകളും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമവും അരങ്ങേറുന്നു. ഇനി സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാകുന്നുവെന്ന് സങ്കല്‍പിക്കുക. അതോടെ ഭൂമിയുടെ നിലനില്‍പ് അസാധ്യമായിത്തീരുകയും ചെയ്യും. അതല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികളായ ഈ കമ്പ്യുട്ടര്‍ വിദഗ്ധര്‍ തങ്ങളുടെ സിസ്റ്റത്തില്‍ 'ഫോര്‍മാറ്റ്' എന്ന ഒരു കമാന്റ് കൊടുക്കുകയാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരുമെന്ന് ഒന്നോര്‍ത്തു നോക്കൂ. അതിഭീകരം തന്നെയായിരിക്കും, അല്ലേ?

എക്സ്്റ്റന്‍ഷന്‍

കമ്പ്യൂട്ടറിന്റെ നിലവിലെ കോപ്പി, പേസ്റ്റ് സംവിധാനം മനുഷ്യശരീരവുമായി ബന്ധിപ്പിക്കുന്നതോടെ തലച്ചോറിലെ വിവരങ്ങള്‍ മുഴുക്കെ സി.ഡി, ഡി.വി.ഡി പോലുള്ള ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണത്തിലേക്ക് ബാക്കപ് ചെയ്യാനാവും. ഇതില്‍ മനുഷ്യന്റെ കുട്ടിക്കാലം മുതല്‍ക്കുള്ള ഓര്‍മ്മകള്‍ മാത്രമല്ല, ചിന്തകളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം ഉള്‍പ്പെടും. ഇതിന് നിലവിലെ മെമ്മറി സംവിധാനം മതിയാവില്ല. ഡിസ്ക്ക് സ്പെയ്സ് യോട്ടാ ബയ്റ്റ് (YB) കണക്കിന് വേണ്ടി വരുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 10^ന് ശേഷം 24 പൂജ്യം നല്‍കിയാല്‍ ലഭിക്കുന്ന സംഖ്യയാണ് യോട്ടാ. ജീവശാസ്ത്ര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇത്രയും വലിയ ഡിസ്ക്ക് സ്പെയ്സ് ഉപയോഗിക്കേണ്ടി വരുന്നതത്രെ. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ രൂപം നല്‍കി വരുന്ന Mind Upload എന്ന പ്രൊജക്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
=====

3 comments:

  1. നിങ്ങള്‍ പ്രഭാതത്തില്‍ പത്രം വായിക്കുന്ന അനുഭവമൊന്ന് സങ്കല്‍പിക്കുക. കടലാസ് താളുകളില്‍ കറുത്ത മഷി പുരളുമ്പോള്‍ അത് വാര്‍ത്ത എന്ന നിലക്ക് നിങ്ങള്‍ക്ക് വായിക്കാനാവുന്നു. ഈ സമയത്ത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ദിനപത്രവും നിങ്ങളിരിക്കുന്ന കസേരയുമെല്ലാം യാഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം പോലും സംശയിക്കുന്നില്ല. എന്നാല്‍ അത് അങ്ങനെത്തന്നെയാണോ? - കോര്‍ക്കറസിന്റെ ഏറ്റവും പുതിയ ലേഖനം

    ReplyDelete
  2. കോര്‍ക്കറസ്,നിങ്ങൾ പറയുന്നതിനൊടു യൊജിക്കുവാൻ കഴിയുന്നില്ല
    നമ്മൾ എങ്ങനെ അതുപൊലെ ഒരു ലൊകം തീർച്ചയായും കാണും...
    ശാസ്ത്രം പകിട കളീക്കരുത്...

    ReplyDelete
  3. അത് ചിലപ്പോള്‍ ശരിയാകുമായിരിക്കും, കാരണം പ്രോഗ്രാം എന്നതിനേക്കാള്‍ അവരുടെതായ ഒരു സ്വപ്നത്തിലാണ് എല്ലാവരും എന്ന് തോന്നുന്നു.
    കാരണം ഈ ലോകത്തിലെ പല കാര്യങ്ങള്‍കും വ്യക്തമായ ഒരു ഉത്തരം ഇല്ല,ഉദാഹരണത്തിന് പ്രപഞ്ചത്തിന്റെ വലുപ്പം എത്രയാണ്,ഒരു വലുപ്പം ഉണ്ടെങ്കില്‍ ആ പ്രപഞ്ചത്തിന്റെ അപ്പുറത്ത് എന്താണ് ?,പശുകിടവ് എങ്ങിനെ യാണ് ആരും പഠിപ്പിക്കാതെ തള്ളപ്ശുവിന്റെ അകിട് തേടിപോകുന്നത് ...

    ReplyDelete