Wednesday, February 2, 2011

ഇനി ടാബ്ലെറ്റ് പിസികളുടെ കാലം




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പുസ്തകവും ദിനപത്രങ്ങളുമൊക്കെ നമുക്ക് ഇരുന്നും കിടന്നും നടന്നും ബസ്സിലും ട്രയിനിലുമൊക്കെ വായിക്കാനാവും. കമ്പ്യൂട്ടര്‍ സ്ക്രീനിന് ഈ സൌകര്യമില്ലല്ലോ. അതിനാല്‍ പഴയ രീതിയിലെ ആ വായന തന്നെ മതി, നിങ്ങളുടെ ഇ-വായനയൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. പരമ്പരാഗത രീതിയിലെ പുസ്തക വായനയില്‍ നിന്ന് ഡിജിറ്റല്‍ വായനയിലേക്ക് മാറുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാദം ഏറെക്കുറെ ഇങ്ങനെയാണല്ലോ. എന്നാല്‍ ഇനി മുതല്‍ ഇത്തരം വാദങ്ങളൊക്കെ വെറും മുരട്ടുവാദങ്ങളായി മാറുകയാണെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. പുസ്തകങ്ങള്‍ നല്‍കിയിരുന്ന അതേസൌകര്യം കമ്പ്യുട്ടറിലുടെയും നമുക്ക് ലഭിക്കുന്നു. ഇ-വായനാ രംഗത്ത് മാത്രമല്ല കമ്പ്യൂട്ടിംഗ് രംഗത്ത് തന്നെ വലിയ പ്രതീക്ഷകളും സൌകര്യങ്ങളും നല്‍കിക്കൊണ്ട് ഇതാ ടാബ്ലെറ്റ് പിസികള്‍ കടന്നുവരവായി. കമ്പ്യുട്ടര്‍ ഉപയോഗത്തിനു പുറമെ യാത്രകളില്‍ പുസ്തകമായി ഉപയോഗിക്കാം. ടി.വി കാണാം. നിങ്ങളൂടെ വഴികാട്ടിയും ഇതുതന്നെ.

സ്വീകരണ മുറിയില്‍ നിങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനുണ്ടല്ലോ, അത് ഇനി മുമ്പത്തേതുപോലെ പ്രയോജനപ്പെട്ടെന്ന് വരില്ല. വീട്ടിലെ ഓഫീസ് മുറിയിലോ നിങ്ങളുടെ ബെഡ്റൂമിലോ സ്ഥാപിച്ചിരിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറും അങ്ങനെത്തന്നെ. ലാപ്ടോപ്, നോട്ട്ബുക്ക്, നെറ്റ്ബുക്ക് എന്നിങ്ങനെ പല ഓമനപ്പേരുകളിലറിയപ്പെടുന്ന ചെറിയ കമ്പ്യൂട്ടറുകളുടെ അവസ്ഥയും ഇതുതന്നെ. ഇതൊക്കെ വലിയ അസൌകര്യമായി മാറുന്ന കാലം അത്ര വിദൂരത്തൊന്നുമല്ല. പകരം ഒരു പുസ്തകത്തെപ്പോലെ എപ്പോഴും എവിടെയും ഉപയോഗിക്കാവുന്ന രീതിയിലെ കമ്പ്യൂട്ടറുകള്‍ ഇനി നമ്മുടെ സഹചാരികളായി മാറുകയാണ്.

ടാബ്ലെറ്റ് പിസികളെക്കുറിച്ചാണ് പറയുന്നത്. അവ വിപണി കൈയ്യടക്കാനുള്ള ഒരുക്കത്തിലാണ്. ആപ്പിള്‍ കമ്പനിയുടെ രണ്ടാം തലമുറ ഐപാഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 എന്ന മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ടാബ്ലെറ്റുകള്‍.. അങ്ങനെ ടാബ്ലെറ്റ് കമ്പ്യുട്ടറിന്റെ വിപണി സജീവമാവുകയാണ്. പുതിയ വര്‍ഷം ടാബ്ലെറ്റ് പിസികളുടേതായിരിക്കുമെന്നാണ് നിരീക്ഷണം. മോട്ടറോളാ കമ്പനി പുറത്തിറക്കിയ സൂം (Xoom), സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പ്രശസ്തരായ ബ്ലാക്ക്ബറിയുടെ പ്ലേബുക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍, ലെനോവോ കമ്പനിയുടെ U1 Hybrid ടാബ്ലെറ്റ്, ഡെല്‍ കമ്പനിയുടെ സ്ട്രീക്, സാംസംഗിന്റെ ഗാലക്സി ടാബ്... ടാബ്ലെറ്റ് പിസികളുടെ നിര അനുദിനം വളരുന്നു.

ആപ്പിളിന്റെ ഐപാഡിനെക്കാള്‍ വലുപ്പത്തില്‍ കുറവാണ് സാംസംഗിന്റെ ടാബ്ലെറ്റ് പിസിയായ ഗാലക്സി ടാബ്. ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍. വീഡിയോ കോണ്‍ഫറന്‍സിന് സൌകര്യമൊരുക്കുന്ന തരത്തില്‍ മുന്‍വശത്തും പിന്‍വശത്തുമായി രണ്ട് ക്യാമറകള്‍. പിസിയിലെ മൈക്രോഫോണ്‍ ഉപയോഗിച്ചോ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചോ സാധ്യമാക്കാവുന്ന മൊബൈല്‍ ഫോണ്‍ സംവിധാനം. ഐപാഡിന്റെ ശക്തനായ എതിരാളിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഐപാഡിനെക്കാള്‍ ഒട്ടേറെ സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. ആന്‍ഡ്രോയിഡ് 2.2 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ സ്ക്രീന്‍ റെസല്യൂഷന്‍ 1024x600 പിക്സലാണ്. വിത്യസ്ത ആവശ്യങ്ങള്‍ക്കുതകുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കാനായി 'സാംസംഗ് ആപ്സ് മാര്‍ക്കറ്റും' സജ്ജമാണ്.

എന്നാല്‍ ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍ ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമല്ല. മൊബൈല്‍ ഫോണിന്റെ ഒതുക്കം ഇതിനില്ല. വലുപ്പത്തില്‍ അല്‍പം കൂടുതല്‍. അതേസമയം നമുക്ക് സുപരിചിതവും കണ്ണിന് ആശ്വാസം പകരുകയും ചെയ്യുന്ന കമ്പ്യുട്ടര്‍ സ്ക്രീനിന്റെ വലുപ്പവുമില്ല. ഈ പ്രശ്നം ടാബ്ലെറ്റ് പിസികളുടെ വിപണിയെ എത്രത്തോളം ബാധിക്കുമെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും. പത്ത് ഇഞ്ച് വ്യാസമുള്ള സ്ക്രീന്‍ എന്നത് ഏറെക്കുറെ സ്വീകാര്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇനത്തിലെ ടാബ്ലെറ്റ് പിസികളും രംഗത്ത് വരുന്നുണ്ട്.

ടാബ്ലെറ്റ് പിസികളില്‍ ലഭ്യമായ ഇ^റീഡര്‍ ഇലക്ട്രോണിക് വായന സുഗമമാക്കുന്നു. ഗാലക്സി ടാബിലൂടെ ലഭ്യമാക്കാവുന്ന സാംസംഗിന്റെ 'റീഡര്‍ ഹബ്ബ്' വലിയൊരു ഡിജിറ്റല്‍ ലൈബ്രറകളിലേക്കുള്ള തുറന്ന കവാടം തന്നെയാണ്. അതോടൊപ്പം ഡിജിറ്റല്‍ ഫിലിമുകളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാവുന്ന 'മീഡിയാ ഹബ്ബ്', സംഗീതത്തിനായുള്ള 'മ്യൂസിക് ഹബ്ബ്' എന്നിവയും ഗാലക്സി ടാബിനെ ആകര്‍ഷകമാക്കുന്നു. ടാബ്ലെറ്റ് പിസികളുടെ കൂട്ടത്തിലേക്ക് തോഷിബ കമ്പനി പുറത്തിറക്കിയ കമ്പ്യുട്ടറാണ് ഫോളിയോ (Folio 100). 1024x600 റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്ക്രീനാണ് ഇതിന്റെ സവിശേഷത. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 2.2. സാംസംഗ് തങ്ങളുടെ ഗാലക്സി ടാബ് പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഫോളിയോയും രംഗത്തെത്തിയത്. ഈ ഭീമന്‍ കമ്പനികളോടുള്ള മല്‍സരത്തില്‍ ഒരു കൈ നോക്കാനായി ഇന്ത്യയുടെ ആദം (Adam) ടാബ്ലെറ്റ് പിസിയും രംഗത്തെത്തുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇങ്ക് ഡിസൈന്‍ ലാബ്സ്'എന്ന കമ്പനിയാണ് ഇതിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്.

സാധാരണ പേഴ്സണല്‍ കമ്പ്യുട്ടറിലുപയോഗിക്കുന്ന സോഫ്റ്റുവെയറുകള്‍ മിക്കവയും ടാബ്ലെറ്റ് പിസിയിലും പ്രവര്‍ത്തിക്കുന്നു. പ്രധാനമായും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പ്യുട്ടറുകള്‍ക്കാവശ്യമായ ഏതിനം സോഫ്റ്റ്വെയറും ഗൂഗിള്‍ മാര്‍ക്കറ്റിലൂടെ ലഭ്യമാക്കാമെന്നത് ഇവയുടെ ആകര്‍ഷകത്വമാണ്. ഈ സോഫ്റ്റ്വെയറുകള്‍ മിക്കവയും സൌജന്യമാണെന്നതും ശ്രദ്ധേയമാണ്. പ്രോഗ്രാമിംഗില്‍ വലിയ പ്രാവീണ്യമില്ലാത്തവര്‍ക്ക് പോലും ടാബ്ലെറ്റ് പിസികള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കാവുന്നതാണ്.

പേഴ്സണല്‍ കമ്പ്യൂട്ടറിന് തുടക്കും കുറിച്ചതുപോലെത്തന്നെ ആപ്പിള്‍ തങ്ങളുടെ ഐപാഡിലൂടെ ടാബ്ലെറ്റ് പിസിക്കും തുടക്കം കുറിച്ചു. തുടര്‍ന്ന് ഇതര കമ്പനികളും അതേറ്റെടുത്തു. അതേസമയം ആപ്പിള്‍ അന്നും ഇന്നും ആപ്പിള്‍ തന്നെ. ആപ്പിളിന്റെ പിസി വേറിട്ടു നില്‍ക്കുന്നതുപോലെ അവരുടെ ഐപാഡും വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവില്ലെന്നത് ആപ്പിള്‍ ഉപകരണങ്ങളുടെ ഏക്കാലത്തെയും പ്രത്യേകതയാണല്ലോ. വിലയുടെ കാര്യത്തില്‍ ഇതര കമ്പനികളും ഇപ്പോള്‍ ആപ്പിളിനെ പിന്തുടരുന്നണ്ട്. എന്നാല്‍ വിപണിയില്‍ മല്‍സരം മുറുകുന്നതോടെ ടാബ്ലെറ്റ് പിസികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷ. കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ കുട്ടികള്‍ മുമ്പ് സ്ലേറ്റ് ഉപയോഗിച്ചിരുന്ന സ്ഥാനം ഇനി ടാബ്ലെറ്റ് പിസി കൈയ്യടക്കുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.

ഇതൊക്കെയാണെങ്കിലും ആപ്പിളിന്റെ ഐപാഡിന് വിലക്കൂടുതാലണെന്നത് അതിന്റെ ജനപ്രീതിക്ക് തടസ്സമായിട്ടില്ലെന്നതാണ് വാസ്തവം. കാരണം പോയ വര്‍ഷം ഇരുപത് ദശലക്ഷം (രണ്ട് കോടി) ഐപാഡാണ് വിറ്റഴിഞ്ഞതത്രെ. ഈ വര്‍ഷം അത് 50^55 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. മൈക്രോസോഫ്റ്റ്, സാംസംഗ്, മോട്ടറോള, എല്‍.ജി, സോണി തുടങ്ങിയ ഭീമന്‍ കമ്പനികളും ഈ മേഖല ഉന്നം വെക്കുമ്പോള്‍ ഈ വര്‍ഷം ടാബ്ലെറ്റ് പീസിയുടെ വിപണി പൊടിപൊടിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഊഹിക്കാം. ഈ രീതിയില്‍ ഇരുപതിലേറെ പ്രമുഖ കമ്പനികള്‍ ടാബ്ലെറ്റ് പിസിയുമായി ഉടന്‍ രംഗത്തെത്തുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ടാബ്ലെറ്റ് പിസികള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്റെ പ്രത്യേക പതിപ്പായ 'ഹണികോംമു'മായിട്ടാണ് മോട്ടറോള തങ്ങളുടെ 'ഒളിംപസ്' രംഗത്തിറക്കുന്നത്. സാംസംഗാകട്ടെ ഏറെ കൊട്ടി ഘോഷിച്ചുകൊണ്ടാണ് തങ്ങളുടെ 'ഗാലക്സി ടാബ്' ഈയ്യിടെ പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തില്‍ പുറത്തിറക്കി രണ്ട് മാസത്തിനകം പത്ത് ലക്ഷം സെറ്റുകള്‍ വിപണണം നടത്താന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് കണക്ക്. ഇപ്പോള്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാലക്സി രംഗത്തെത്തുന്നത്. ബ്ലാക്ക്ബെറിയുടെ പ്ലേബുക്കുകള്‍ മാര്‍ച്ചില്‍ വിപണിയിലെത്തുന്നതോടെ മല്‍സരം മുറുകുമെന്ന്തന്നെ കണക്കാക്കാം.

സ്വീകരണ മുറിയിലെ ടി.വി ഇനി അസൌകര്യമായി മാറുമെന്ന് സൂചിപ്പിച്ചല്ലോ. ഇനി കിടന്നും ഇരുന്നും ബസ്സിലും ട്രയിനിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം, ഇ^വായന നടത്താം, യൂട്യൂബ് വീഡിയോകള്‍ കാണാം, ടെലിവിഷന്‍ പരിപാടികള്‍ കാണാം... അതാണ് ടാബ്ലെറ്റ് പിസി. ഉപകരണം പുറത്തിറക്കുന്നതോടെ അതിന്റെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കും സംവിധാനമൊരുക്കുകയാണ് ടെക്നോളജി ലോകം. നേരത്തെ ഐപോഡിന് വേണ്ടി ഐട്യൂണ്‍ രംഗത്തവതരിപ്പിച്ച ആപ്പിള്‍ ഇപ്പോള്‍ ഐപാഡിന് വേണ്ടി ആപ്പിള്‍ ടി.വിയും രംഗത്തിറക്കിയിരിക്കയാണ്. എല്‍.ജി പോലുള്ള ഭീമന്‍ കമ്പനികളും സമാന രീതിയിലുള്ള സേവനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പു നടത്തുകയാണ്. ടാബ്ലെറ്റ് പിസിയിലും മറ്റും ഉപയോഗിക്കുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുപയോഗിച്ച് ലഭ്യമാക്കാവുന്ന ടെലിവിഷന്‍ ചാനലുകളും പ്രോഗ്രാമുകളും ഈ വര്‍ഷത്തോടെ വ്യാപകമാവുമെന്നാണ് പ്രതീക്ഷ.

പരിമിതികള്‍ പലതുമുണ്ട്. ബാറ്ററി ബാക്കപ്പാണ് ഒരു പ്രശ്നം. 7-8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീഡിയോ കാണാന്‍ ഇപ്പോഴത്തെ ടാബ്ലെറ്റ് പിസികളിലൂടെ സാധ്യമാണ്. ബാറ്ററി ദൈര്‍ഘ്യം ഇനിയും കൂട്ടാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. തുടക്കത്തിലായതുകൊണ്ട് വിലക്കൂടുതല്‍ വലിയൊരു പ്രശ്നമാണ്. അതുപോലെ ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ മലയാളം ഭാഷയുടെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ടാബ്ലെറ്റ് പീസി വാങ്ങുന്നതു സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ടെന്നാണ് കോര്‍ക്കറസിന്റെ നിര്‍ദ്ദേശം. ഒരു 5-6 മാസം കൂടി കാത്തിരിക്കുക. വില ഗണ്യമായി കുറയുക തന്നെ ചെയ്യും. ഇത്തരം പരിമിതികളൊക്കെ ഉണ്ടെങ്കിലും ടാബ്ലെറ്റ് പിസികള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്. വിപണിയില്‍ ആര് മുന്നേറുമെന്നതാണ് ഇനി അറിയാനുള്ളത്, വില എത്രത്തോളം താഴുമെന്നും.

===============================

4 comments:

  1. വളരെ ഉപകാര പ്രദം, ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
    ആശംസകളോടെ..

    ReplyDelete
  3. പുതിയ അറിവുകൾക്ക് നന്ദി.

    ReplyDelete