(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ നവമ്പര്‍ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മെ അറിയിച്ചിരിക്കയാണ്. (നമ്മെ ഭീഷണിപ്പെടുത്തിയിരിക്കയാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി). അതായത് വിന്‍ഡോസ് പിന്നെയും 'അപ്ഡേറ്റ്' ചെയ്യുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. പേര് 'വിന്‍ഡോസ് 10' എന്നാണത്രെ. 'വിന്‍ഡോസ് 8' നേരത്തെ നാം കേട്ടതാണ്. എട്ടിന് ശേഷമുള്ള നമ്പര്‍ പത്താണോ എന്ന് ചോദിച്ചേക്കാം. വിന്‍ഡോസ് ഒമ്പത് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലല്ലോ. വേണ്ട. അതിന് നമുക്ക് മറുപടിയുണ്ട്. നേരത്തെ വിന്‍ഡോസ് 8.1 പുറത്തിറക്കിയത് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. അതുതന്നെയാണ് വിന്‍ഡോസ് 9 എന്നങ്ങ് കണക്കാക്കിയാല്‍ മതി. അതിനുള്ള കണക്കും അവതരിപ്പിക്കാം. 7=7, 8=8, 8.1=9, 10=10. ഇതാണ് കണക്ക്. അപ്പോള്‍ പത്ത് എന്ന അക്കത്തിന് തീര്‍ച്ചയായും ന്യായമുണ്ടെന്ന് നമുക്ക് ആശ്വസിക്കാം.
ഇടക്കിടക്ക് പുറത്തിറങ്ങുന്ന വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തും അതിന് വേണ്ടി സിസ്റ്റം അപ്ഗ്രേഡ് ചെയ്തും കമ്പ്യൂട്ടര്‍ ഉപയോക്താക്കളായ നമ്മള്‍ മടുത്തു. ഇപ്പോള്‍ മൈക്രോസോഫ്റ്റിനെയും മടുപ്പ് പിടികൂടിയോ എന്നാണ് സംശയം. വിന്‍ഡോസിന്റെ എക്കാലത്തെയും മികച്ച പതിപ്പായിരിക്കും ഇതെന്നാണ് കമ്പനിയുടെ ഓപറേറ്റിംഗ് സിസ്റ്റം വിഭാഗം തലവന്‍ ടെറി മേയര്‍സണ്‍ അവകാശപ്പെടുന്നത്. എക്കാലത്തെയും എന്ന് പറഞ്ഞാല്‍ 'പില്‍ക്കാലത്തെയും എന്നും അര്‍ഥമുണ്ടല്ലോ. അത് അങ്ങനെത്തന്നെയാവട്ടെ എന്ന് നമ്മളും ആഗ്രഹിക്കുന്നു. അതായത് അപ്ഡേഷന്‍ ഇനി ഇവിടെ അവസാനിപ്പിക്കാം. പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട. കുറച്ചു കാലത്തേക്കെങ്കിലും നിര്‍ത്തി വെക്കാം. വിന്‍ഡോസ് 10 ഈ ഇനത്തിലുള്ള അപ്ഡേഷനാവട്ടെ എന്ന് പാവപ്പെട്ട കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ആഗ്രഹിച്ചുപോവുന്നതില്‍ തെറ്റില്ലല്ലോ. അങ്ങനെ കുറേ കാലത്തേക്കെങ്കിലും നമ്മളുപേയോഗിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം മാറ്റേണ്ടതില്ലല്ലോ.
XP ക്ക് ശേഷം വിന്‍ഡോസില്‍ എടുത്തുപറയത്തക്ക എന്ത് സവിഷേതകളാണ് കൂട്ടിച്ചേര്‍ത്തത്. എന്നാലും വിഡോസ് 7 മായി ഉപയോക്താക്കള്‍ ഏറെക്കുറെ പൊരുത്തപ്പെട്ടുവരികയായിരുന്നു. അപ്പോഴതാ വരുന്നു എട്ട്. ഏഴിനെ വിട്ട് എട്ടിലേക്ക് മാറാന്‍ കമ്പ്യൂട്ടര്‍ ലോകം ഏറെ പ്രയാസപ്പെട്ടു. അപ്പോഴാണ് എട്ട് ജനപ്രിയമല്ലായിരുന്നുവെന്ന് മൈക്രോസോഫ്റ്റിനും ബോധ്യമായത്. എന്തൊക്കെയായിരുന്ന എട്ടിന്റെ സവിശേഷതകള്‍. ഡെസക്്ടോപില്‍ ടൈല്‍സ് മെനു കൊണ്ടുവന്നതോ? സ്റ്റാര്‍ട്ട് മെനു ഒഴിവാക്കിയതോ? ഉപയോഗം കൂടുതല്‍ സങ്കീര്‍ണമാക്കിയതോ? കണ്‍ട്രോള്‍ പാനലിലെത്താന്‍ ഉപയോക്താക്കള്‍ പെടാപാട് പെട്ടതോ?
പുതിയ വിന്‍ഡോസിന് ഒരു സവിശേഷതയുണ്ടത്രെ. ടെസ്ക്ടോപിന് പുറമെ ലാപ്ടോപിലും ടാബ്ലെറ്റ് പിസിയിലും സ്മാര്‍ട്ട് ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാന്‍ ഈ ഒരൊറ്റ സാധനം മതിയെന്നാണ് കമ്പനി പറയുന്നത്. ആവശ്യമായ ആപ്ളിക്കേഷനൊക്കെ ഒരൊറ്റ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. (കാശ് കൊടുക്കേണ്ടി വരും. അത് വേറെക്കാര്യം) ക്ലൌഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് ഉപയോക്തക്കള്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളും ഡോക്യുമെന്റുകളുമൊക്കൊ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും സാധിക്കും. അതൊക്കെ നല്ലത് തന്നെ. ആപ്പിളും ഗൂഗ്്ളുമൊക്കൊ ഈ രീതി തന്നെയാണല്ലോ അനുവര്‍ത്തിക്കുന്നത്.
പത്തില്‍ വേറെ എന്തൊക്കെ സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നാണ് മൈക്രോസോഫ്സ്റ്റ് പറയുന്നതെന്ന് നോക്കാം. വിന്‍ഡോസ് 8 ല്‍ അപ്രത്യമായ സ്റ്റാര്‍ട്ട് മെനു തിരിച്ചു വരും. ഇതില്‍ ഉപയോക്താവിന്റെ ഇഷ്ട മെനുകളൊക്കെയുണ്ടാവും. ടൈലുകളുടെ രൂപത്തില്‍ സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ളിക്കേഷന്‍ പ്രത്യക്ഷപ്പെടുമത്രെ. ഇമെയിലും ഫെയ്സ്ബുക്ക് സന്ദേശങ്ങളും കാലാവസ്ഥാ വിവരങ്ങളുമൊക്കെ ക്വിക് നോട്ടിഫിക്കേഷനായി ലഭ്യമാകും. അങ്ങനെ പുതിയ കുറേ സവിശേഷതകള്‍.
ട്രയല്‍ പതിപ്പ് പത്ത് ലക്ഷത്തോളം പേര്‍ ഡൌണ്‍ലോഡ് ചെയ്തുവെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്ക്. ഫൈനല്‍ പതിപ്പ് ഈ വര്‍ഷം അവസാനത്തില്‍ പുറത്തിറങ്ങും. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലാവാം. അതല്ലെങ്കില്‍ മധ്യത്തിലാവാം. നിലവില്‍ വിന്‍ഡോസ് 8 ന്റെ വിഹിതം 13.4 മാത്രം. അതേസമയം വിന്‍ഡോസ് 7 ന്റേത് 51.2. പഴയ എക്സ്.പിയുടേത് 23.9 മാണ്. വിന്‍ഡോസ് എക്സ്.പിക്ക് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പിന്തുണയുമില്ല. ഏതായാലും പത്ത് വരട്ടെ. അപ്പോള്‍ നോക്കാം. അതുവരെ ഏഴ് തന്നെ മതിയെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ തീരുമാനം.
No comments:
Post a Comment