Tuesday, December 16, 2014

ഗൂഗ്ളിന്റെ സ്മാര്‍ട്ട് കണ്ണട?

(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഏറെ ആരവത്തോടെ കൊട്ടി ഘോഷിക്കപ്പെട്ട ഗൂഗ്ളിന്റെ സ്മാര്‍ട്ട് കണ്ണട ഏതാനും മാസം മുമ്പ് പുറത്തിറങ്ങി. കണ്ണടയുടെ ഉള്ളറകളിലേക്ക് വെളിച്ചം പകര്‍ന്ന് ഇങ്ങ് മലയാളക്കരയില്‍ നമ്മുടെ ഇന്‍ഫോകൈരളി വരെ കവര്‍ സ്റ്റോറിയും ചെയ്തു. വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് നേരത്തെ ഈ കണ്ണടയില്‍ ഒരു നോട്ടമുണ്ടായിരുന്നു. വരട്ടെ. അതു പുറത്തിറങ്ങട്ടെ, എന്നിട്ട് നോക്കാം എന്നായിരുന്നു ആലോചന. എന്നാല്‍ കണ്ണട സംബന്ധിച്ച ചില വാര്‍ത്തകള്‍ പുറത്തുവന്നതോടെ അത് വെറുതെ കിട്ടിയാലും വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്.  
 
ആഗോള ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗ്ള്‍, സ്മാര്‍ട്ട് കണ്ണട പുറത്തിറക്കുന്നുവെന്ന് നമ്മെ വ്യാമോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായിരുന്നു. 2012ലാണ് ഇങ്ങനെയൊരു മാന്ത്രിക കണ്ണട പുറത്തിറക്കുന്നുവെന്ന് അവര്‍ നമ്മോട് പറഞ്ഞത്. നേരത്തെ അമേരിക്കന്‍ വിപണിയില്‍ പരീക്ഷണാര്‍ഥം ഏതാനും എണ്ണം വില്‍പനക്കെത്തിച്ചിരുന്നു. പിന്നെ ഔപചാരികമായി ആഗോള വിപണിയില്‍ മാസങ്ങള്‍ക്ക് മുമ്പ് അതു പുറത്തിറക്കുകയും ചെയ്തു. പക്ഷെ കണ്ണടയെവിടെ? അമേരിക്കന്‍ വിപണിയില്‍ വില ആയിരത്തഞ്ഞൂറ് ഡോളര്‍. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ ഇത് ലോഞ്ച് ചെയ്താല്‍ തുടക്കത്തില്‍ വില ഒരു ലക്ഷം രൂപക്ക് മുകളിലായിരിക്കുമെന്നാണ് നിഗമനം.


വിലയല്ല ഇവിടെ പ്രശ്നം. താങ്ങാനാവാത്ത വിലയായതിനാല്‍ കഥയിലെ കുറുക്കന്‍ പറഞ്ഞതു പോലെ 'മുന്തിരി കയ്ക്കും, പുളിക്കും' എന്ന് പറഞ്ഞു പിന്‍മാറുകയല്ല. ഇത് പ്രശ്നം വേറെയാണ്. അതായത് കണ്ണട അതീവ  അപകടകാരിയാണെന്നതാണ് വിഷയം. പുറത്തിറക്കിയ പിറ്റേന്ന് മുതല്‍ അതുപയോഗിക്കുന്നവര്‍ക്കെതിരെ കയ്യേറ്റം തുടങ്ങിയിരിക്കയാണെന്നാണ് വാര്‍ത്ത. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലാണ് തുടക്കം. ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചാല്‍ എന്തായിരിക്കും അവസ്ഥ. അത്പോലെയാണ് പൊതു സ്ഥലത്ത് ഈ കണ്ണട ധരിച്ചു നടന്നാലത്തെ അവസ്ഥയെന്നാണ് മനസ്സിലാവുന്നത്. കണ്ണട ധരിച്ചു നിങ്ങള്‍ ഏതെങ്കിലും ഹോട്ടലിലോ പാര്‍ക്കിലോ കയറിയാല്‍ 'കണ്ണട... കണ്ണട' എന്ന് ആര്‍ത്ത് വിളിച്ച് നിങ്ങള്‍ക്ക് ചുറ്റും ആളുകള്‍ ഓടിക്കൂടും. ചിലപ്പോള്‍ കയ്യേറ്റവും നടക്കും. പിന്നെ കണ്ണട പിടിച്ചു വലിച്ച് നിലത്തിട്ട് ചവിട്ടിയരക്കാനും ആളുകള്‍ മടിക്കില്ല. കണ്ണട ധരിച്ച് ആള്‍ക്കൂട്ടത്തിലെത്തിയ പലരും ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. പലര്‍ക്കും ആദ്യദിവസം തന്നെ കണ്ണട നഷ്ടമായെന്നാണ്  വിവരം. അതല്ലെങ്കില്‍ 'കണ്ണട വരുന്നേ..' എന്ന് വിളിച്ചു പറഞ്ഞ് ആളുകള്‍ നിങ്ങളുടെ മുമ്പില്‍ നിന്ന് ഓടിയൊളിക്കും. കാരണമെന്താണന്നല്ലോ. കണ്ണടയിലൂടെ നിങ്ങള്‍ കാണുന്നതൊക്കെ പിക്ചര്‍ രൂപത്തിലും വീഡിയോ രൂപത്തിലും ആരുമറിയാതെ എപ്പോഴും നിങ്ങള്‍ക്ക് പകര്‍ത്താനാവുമെന്നതാണ് ഈ കണ്ണടയുടെ സൌകര്യം. അതുതന്നെയാണ് കണ്ണടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും.  

ക്യാമറ, സ്ക്രീന്‍, ടച്ച് സൌകര്യമുള്ള ഫ്രെയിം, ബാറ്ററി, മൈക്രോഫോണ്‍, സ്പീക്കര്‍. ഇതൊക്കെയാണ് കണ്ണടയുടെ ഘടകങ്ങള്‍. സ്ക്രീന്‍ എന്നത് കണ്ണടയിലൂടെയുള്ള നിങ്ങളുടെ കാഴ്ചപരിധി തന്നെ. സാധാരണ കാഴ്ചക്ക് തടസ്സമാവാത്ത വിധത്തിലാണ് സ്മാര്‍ട്ട് കണ്ണടയുടെ സ്ക്രീനിന് രൂപം കൊടുത്തിരിക്കുന്നത്. എട്ട് അടി അകലത്തിലായി 25 ഇഞ്ച് സ്ക്രീനില്‍ കാണുന്ന പ്രതീതിയാണ് കണ്ണടയുടെ സ്ക്രീനിനുള്ളത്.

സ്മാര്‍ട്ട് ഫോണുപയോഗിച്ച് ഒരു ഫോട്ടോ എടുക്കണമെങ്കില്‍ നിങ്ങളെന്താണ് ചെയ്യുക. പോക്കറ്റില്‍ നിന്ന് ക്യാമറ പുറത്തെടുക്കും. പിന്നെ ക്യാമറ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യും. പിന്നെ ക്ലിക്ക്. ഫോട്ടോ മെയിന്‍ മെമ്മറിയിലോ മെമ്മറി കാര്‍ഡിലോ സേവ് ചെയ്യണം. ഫോട്ടോയുടെ ക്വാളിറ്റി ഉറപ്പു വരുത്തുകയും വേണം. എന്നാല്‍, ഗൂഗ്ള്‍ ഗ്ലാസ്സ് മുഖേന ഫോട്ടോ എടുക്കാന്‍ ഈ പ്രക്രിയകളൊന്നും വേണ്ട. നിങ്ങള്‍ കണ്ണട ധരിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് പറഞ്ഞേക്കണം. 'ഫോട്ടോ എടുക്കൂ...' എന്ന്. ഉടനെ നല്ല ക്ലാരിറ്റിയില്‍ ഫോട്ടോ റഡി. ഫോട്ടോ സ്വയം സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. വേണമെങ്കില്‍ ഫെയ്സ്ബുക്കിലേക്കും മറ്റും അപ്ലോഡ് ചെയ്യപ്പെടുന്നു.

കണ്ണട കൊണ്ട് പതിനാല് ഉപകാരമുണ്ടെന്നാണ് ഗൂഗ്ള്‍ പറയുന്നത്. കുട്ടുകാരുമായി നിങ്ങള്‍ക്ക് പെട്ടെന്ന് ടെലിഫോണിലൂടെ ബന്ധപ്പെടാം. ഫോണ്‍ ഡയറക്ടറിയില്‍ പരതേണ്ടതില്ല. കാതില്‍ ഇയര്‍ഫോണൊന്നും വെക്കേണ്ടതില്ല. നിങ്ങള്‍ പറയണം. 'കോര്‍ക്കറസിനെ വിളിക്കൂ' എന്ന്. മറുതലക്കല്‍ കോര്‍ക്കറസ് നിങ്ങളുമായി സംസാരിക്കാന്‍ തയ്യാര്‍. ഇത് കണ്ണടയുടെ പതിനാല് ഉപകാരങ്ങളിലൊന്ന്. ഇ^മെയില്‍ പരിശോധന, വീഡിയോ ചാറ്റ്, ജി.പി.എസ് സംവിധാനമുപയോഗിച്ച് സ്ഥലം നിര്‍ണ്ണയിക്കല്‍, ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്രയിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, കാലാവസ്ഥ അറിയല്‍, വീഡിയോ കോള്‍ ഇങ്ങനെ ഉപകാരങ്ങളുടെ പട്ടിക നീണ്ടുപോകുന്നു.  

ശരീരത്തില്‍ ധരിക്കാവുന്ന 'വെയറബിള്‍ ഡിവൈസു'കളാണ് ടെക്നോളജി രംഗത്തെ പുതിയ തരംഗമായി എത്തുന്നത്. കമ്പനികളൊക്കൊ ഇപ്പോള്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലാണ് ശ്രദ്ധചെലുത്തുന്നതത്രെ. ഇതില്‍ പ്രധാനം കണ്ണട തന്നെ. നേര്‍ത്തത്്. നന്നെ കനം കുറഞ്ഞത്. പക്ഷെ സ്മാര്‍ട്ടാണ്. ഇതിന് പ്രത്യേകമായി ഓപറേറ്റിംഗ് സിസ്റ്റവുമുണ്ട്. അതാണ് 'ഗൂഗിള്‍ വെയര്‍'. ഉപയോക്താവിന്റെ ശബ്ദ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ഈ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം. വൈഫൈ കണക്ഷനുപയോഗിച്ച് ഇന്റര്‍നെറ്റും ലഭ്യമാണ്.

കണ്ണടക്ക് പുറമെ ഈ ഇനത്തില്‍ സ്മാര്‍ട്ട് വാച്ചും പുറത്തിറങ്ങി. അതേതായാലും കണ്ണട പോലെ അപകടകാരിയാവില്ല ഈ വാച്ച്. ഗൂഗ്ളിന് പുറമെ സാംസംഗും സോണിയും ആപ്പിളുമൊക്കെ ഇത്തരം വാച്ചുകളുമായി വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ വില അല്‍പം കൂടുതലാണ്. ഇതൊരു സ്വതന്ത്ര ഉപകരണമല്ല. മറിച്ച് സ്മാര്‍ട്ട് ഫോണിന്റെ ഒരു ഭാഗമെന്ന നിലക്കാണ് വാച്ച് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണ വളകള്‍ നമുക്കറിയാം. ഇനി ഇലക്ട്രോണിക് വളകളും വരവായി. ടെംപറേച്ചറിന് പുറമെ ശരീരത്തിന്റെ ചലനങ്ങളും മറ്റും ഇത് രേഖപ്പെടുത്തും. വൈകുന്നേരം നിങ്ങളാവശ്യപ്പെടുകയാണെങ്കില്‍ ഇന്ന് എത്ര കിലോമീറ്റര്‍ നടന്നു എന്ന് വരെ ഇത് റിപ്പോര്‍ട്ട് തരും. മറ്റൊന്ന് സ്മാര്‍ട്ട് മോതിരമാണ്. ചെറിയ നോട്ടിഫിക്കേഷന്‍ നല്‍കാനേ ഇതിന്റെ കൊച്ചു സ്ക്രീനിന് സാധ്യമാവൂ. ഉദാഹരണമായി ഇ^മെയില്‍, മെസ്സേജ് എന്നിവയുടെ അറിയിപ്പുകള്‍ നമുക്ക് തരും.

ഇതുപോലുള്ള വെയറബിള്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ വെറും കൌതുകം എന്ന അവസ്ഥയിലാണുള്ളത്. ടെക്നോളജി വളരുന്നതോടെ ഭാവിയില്‍ ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയേക്കാം. കണ്ണട സര്‍വസാധാരണമാകുന്നതോടെ അതിന്റെ അപകടാവസ്ഥയും മറികടക്കാന്‍ സാധിച്ചേക്കാം. നമുക്ക് കാത്തിരിക്കാം.

https://www.facebook.com/korkaras

No comments:

Post a Comment