Friday, July 10, 2009

നിങ്ങളുടെ സുരക്ഷയ്ക്ക് കമ്പ്യൂട്ടറിന്റെ സുരക്ഷ


Article Published in Info Kairali Computer Magazin on June 2009


ഇത്തവണ ഒരു രക്ഷകന്റെ രൂപത്തിലാണ് വിനീതനായ കോര്‍ക്കറസ് നിങ്ങളുടെ മുമ്പിലെത്തുന്നത്. അതായത് നാം ജീവിക്കുന്ന ഈ ഭൂമി ലോകത്തിലെന്ന പോലെ സൈബര്‍ ലോകത്തും കള്ളന്‍മാരും ശല്യക്കാരും പിടിച്ചുപറിക്കാരും കൊള്ളക്കാരും ഭീകരന്‍മാരുമൊക്കെ ഉണ്ടല്ലോ. ഹാക്കര്‍, ക്രാക്കര്‍, സ്പാമര്‍, ഫിഷര്‍ എന്നൊക്കൊയുള്ള മാന്യമായ പേരുകളിലാണ് ഇവരറിയപ്പെടുന്നതെന്ന വ്യത്യാസമുണ്ട്. അതേതായാലും വീട്ടിലും ഓഫീസിലുമൊക്കെ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ മടിച്ചുനില്‍ക്കേണ്ട, സാധ്യമായ എല്ലാ ആയുധങ്ങളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ നെറ്റില്‍ കയറാവൂ എന്നാണ് കോര്‍ക്കറസിന്റെ ഉപദേശം. നഖം, പല്ല്, കറിക്കത്തി, പേനക്കത്തി, നൈല്‍ കട്ടര്‍, മഴു, കമ്പിപ്പാര, ആന്റിവൈറസ് എന്നിങ്ങനെ ശരീരത്തിലും വീട്ടിലും ലഭ്യമാകുന്ന ആയുധങ്ങള്‍ക്ക് പുറമെ തോക്ക്, പീരങ്കി, മിസൈല്‍ തുടങ്ങിയ അത്യാധിനിക ആയുധങ്ങളും സാധ്യമാണെങ്കില്‍ കരുതി വെക്കാം. ജാഗ്രത പാലിച്ചില്ലെങ്കില്‍ ധനനഷ്ടം, മാനഹാനി, തടവുശിക്ഷ എന്നിവയൊക്കൊയാവും ഫലം. കുറ്റം ചെയ്തത് ഹാക്കറാണെങ്കിലും പിടികൂടപ്പെടുന്നത് ചിലപ്പോഴെങ്കിലും നിങ്ങളായിരിക്കുമെന്നതും പ്രത്യേകം ഓര്‍മ്മ വേണം.

നെറ്റിലെ നാല്‍ക്കവലകളിലെത്തിയാല്‍ നാല് ഭാഗത്തേക്കും ജാഗ്രതവേണം. ശത്രു ഏത് ഭാഗത്തുനിന്നും നിങ്ങളെ അക്രമിച്ചേക്കാം. നാല്‍ക്കവലയാവണമെന്നില്ല, ചെറിയൊരു ഇടുങ്ങിയ സുരക്ഷാവിടവ് മാത്രം കിട്ടിയാലും മതി ഹാക്കര്‍മാരും ട്രോജനുമൊക്കെ ആ വിടവിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടും. നിങ്ങള്‍ ഇ^മെയില്‍ ഉപയോക്താവാണെങ്കില്‍ ശല്യക്കാരായ സ്പാമുകള്‍ എപ്പോഴും തലവേദനയായിരിക്കും. നൈജീരിയന്‍ തട്ടിപ്പ് മുതല്‍ വയാഗ്ര പരസ്യം വരെ ഇക്കൂട്ടത്തിലുണ്ടാവും. ഇ^മെയില്‍ മുഖേനയുള്ള ഓഫറുകളും പ്രലോഭനങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മെയിലുകളില്‍ 97 ശതമാനവും ഈ ഇനത്തിലുള്ളവയാണത്രെ. ഇത്തരം മെയിലുകള്‍ തെരഞ്ഞെടുത്ത് ഡീലീറ്റ് ചെയ്യാന്‍ നെറ്റ് ഉപയോക്താവ് എത്രമാത്രം സമയം ചിലവഴിക്കണമെന്നോര്‍ത്തു നോക്കൂ.

നിങ്ങളുടെ കമ്പ്യൂട്ടര്‍ എപ്പോഴെങ്കിലും അക്രമിക്കപ്പെടുകയാണെങ്കില്‍ പിന്നെ ആ കമ്പ്യൂട്ടര്‍ തന്നെ നിങ്ങള്‍ക്കെതിരെ ചാരപ്പണി നടത്തുന്ന വഞ്ചകനും ഒറ്റുകാരനുമാകുമെന്നാണ് ഏറെ ഖേദകരം. നിങ്ങളെ കബളിപ്പിക്കാനുള്ള വഴിയൊരുക്കുന്നതും നിങ്ങളുടെ കമ്പ്യൂട്ടര്‍ തന്നെ. അങ്ങനെ നിങ്ങള്‍ കാശ് കൊടുത്തുവാങ്ങിയ ഈ ഉപകരണം പിന്നീട് നിങ്ങളുടെത്തന്നെ ശത്രുവായിത്തീരുന്ന ദുരവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പാസ്വേര്‍ഡുകളും ക്രഡിറ്റ് കാര്‍ഡ് നമ്പറുകളുമുള്‍പ്പെടെ വിലപ്പെട്ട വിവരങ്ങളൊക്കെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ശത്രുവിന് ചോര്‍ത്തിക്കൊടുക്കുന്നു. ഈ വിവരങ്ങളൊക്കെ എവിടെ, ആരുടെ വശം എത്തിച്ചേരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല. നിങ്ങള്‍ക്കെതിരെ ഇത് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുമെന്നും അതിന്റെ ഭവിഷ്യത്ത് ഏതറ്റം വരെ പോകുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. ലണ്ടണില്‍ ഇത്തരമൊരു ഗൂഢ നീക്കത്തെ പിന്തുടര്‍ന്ന് അന്വേഷണമാരംഭിച്ച സൈബര്‍ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയ ഒരു 'അധോലോക' വെബ്സൈറ്റില്‍ നിന്ന് പിടികൂടിയത് ഒന്നര ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളില്‍ നിന്ന് മോഷ്ടിച്ച രഹസ്യ വിവരങ്ങളായിരുന്നുവത്രെ. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരുക്കുന്നത് ഉക്രൈനിലാണ്. സൈബര്‍ ലോകത്തും അധോലോകം ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

നിങ്ങളുടെ കമ്പ്യൂട്ടര്‍ സൈബര്‍ ആക്രമണത്തിന് വിധേയമായോ എന്ന് ചില ബാഹ്യ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മോണിറ്റര്‍ ഇടക്ക് സ്വയം ഓഫാകുന്നു, സ്വയം ഓണാകുന്നു. ഇതൊരു പ്രധാന ലക്ഷണമാണ്. ഡെസ്ക്ക് ടോപില്‍ പുതിയ ഫയലുകള്‍ പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ നിലവിലെ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇത് മറ്റൊരു ലക്ഷണം. നിങ്ങളാവശ്യപ്പെടാതെത്തന്നെ ചില ഇന്റര്‍നെറ്റ് സൈറ്റുകള്‍ തുറന്നുവരുന്നു, ബ്രൌസര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചുപോകുന്നു, കമ്പ്യൂട്ടര്‍ പതിവിലേറെ മന്ദഗതിയിലാവുന്നു തുടങ്ങിയവയും സൈബര്‍ ആക്രമണം നടക്കുന്നവെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളാണ്. കമ്പ്യൂട്ടറില്‍ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടോ എന്നറിയാന്‍ Start മെനുവില്‍ നിന്ന് Rum കമാന്റ് സെലക്ട് ചെയ്തു system.ini ടൈപ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ അഞ്ചാമത്തെ വരിയില്‍ exe=user എന്ന് രേഖപ്പെടുത്തിയിരിക്കുന്നുവെങ്കില്‍ ഉറപ്പിക്കുക നിങ്ങളുടെ കമ്പ്യൂട്ടര്‍ ആക്രമണത്തിന് വിധേയമായിരിക്കുന്നുവെന്ന്. ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ തല്‍ക്കാലം നിങ്ങള്‍ക്ക് ആശ്വസിക്കുകയും ചെയ്യാാം.

വൈറസിന് പുറമെ സ്പൈ വെയറുകളും മാല്‍വെയറുകളും മറ്റും കണ്ടെത്തി നശിപ്പിക്കുന്നതിന് സൌജന്യമായിത്തന്നെ ലഭിക്കുന്ന ഒട്ടേറെ സോഫ്റ്റ്വെയറുകളുണ്ട്. ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമാക്കേണ്ടിയിരിക്കുന്നു. ഒന്നില്‍ പരിമിതപ്പെടുത്തണമെന്നില്ല. സമയവും സൌകര്യമനുസരിച്ച് ഇത്തരത്തിലെ ഒന്നിലധികം പ്രോഗ്രാമുകളും ആവാം. ചികില്‍സയെക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കലാണല്ലോ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ഇതുതന്നെയാണ് നല്ലത്. നിങ്ങള്‍ അല്‍പമൊന്ന് ശ്രദ്ധ ചെലുത്തിയാല്‍ ക്ഷുദ്ര പ്രോഗ്രാമുകളുടെ ശല്യത്തില്‍ നിന്നും ഹാക്കര്‍മാരുടെ കടന്നു കേറ്റത്തില്‍ നിന്നും കമ്പ്യൂട്ടറിനെ സുരക്ഷിതമാക്കാം.

ഇതൊക്കെയാണെങ്കിലും നെറ്റ് ഉപയോഗത്തില്‍ ഏതാനും ചില ചിട്ടകള്‍ കുടി നാം പാലിക്കേണ്ടതുണ്ട്. മെയില്‍ ചെക്ക് ചെയ്യാനും ബാങ്ക് അക്കൌണ്ടുകളിലേക്ക് കടക്കാനും മറ്റും കഴിയുന്നതും കഫേയിലെയും മറ്റു പൊതു സ്ഥലങ്ങളിലുമുള്ള കമ്പ്യൂട്ടറുപയോഗിക്കാതിരിക്കുക. അഥവാ നിര്‍ബന്ധ സാഹചര്യത്തില്‍ അങ്ങനെ ഉപയോഗിക്കേണ്ടി വന്നാല്‍ നിങ്ങള്‍ നല്‍കിയ പാസ്വേര്‍ഡുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്ന എന്ന് ഉറപ്പുവരുത്താനായി ബ്രൌസര്‍ പ്രോഗ്രാമിലെ Tools മെനുവിലെ Internet Options എടുക്കുക. തുടര്‍ന്ന് Content, Auto Complete, Clear Forms, Clear Passwords എന്നീ ക്രമത്തില്‍ പാസ്വേര്‍ഡുകള്‍ മായ്ച്ചുകളയുക. ഇത് ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ രീതി. മിക്ക ബ്രൌസറുകളിലും ഇതിന് സമാനമായ രീതികളുണ്ട്. സ്വന്തം കമ്പ്യൂട്ടറാണെങ്കില്‍ തന്നെ പ്രധാന ഫയലുകളെല്ലാം പാസ്വേര്‍ഡ് നല്‍കി സുരക്ഷിതമാക്കുക. ബാങ്ക് അക്കൌണ്ട്, ക്രഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍, നിങ്ങളുടെ ഫോട്ടോ എന്നിവയൊക്കെ ഈ രീതിയില്‍ സൂക്ഷിക്കേണ്ടതാണ്.

അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇ^മെയിലുകളിലെ അറ്റാച്ച്മെന്റ് ഫയലുകള്‍ ഒരു കാരണവശാലും തുറക്കരുത്. പ്രത്യേകിച്ച് exe, jpg തുടങ്ങിയ എക്സ്റ്റന്‍ഷനാണെങ്കിലും അവയില്‍ വൈറസുകളോ മറ്റു ക്ഷുദ്ര പ്രോഗ്രാമുകളോ ഉള്‍ക്കൊണ്ടിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അറ്റാച്ച്മെന്റായി ലഭിക്കുന്ന പി.ഡി.എഫ് ഫോര്‍മാറ്റ് താരതമ്യേന സുരക്ഷിതമാണെന്നായിരുന്നു ധാരണ. ഇതും ഇപ്പോള്‍ വൈറസ് വാഹകനാണെന്ന് കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് വന്‍ തുകക്കുള്ള ലോട്ടറിയടിച്ചരിക്കുന്നു, അതല്ലെങ്കില്‍ വലിയൊരു തുകക്കുള്ള സമ്മാനത്തിന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് തുടങ്ങിയുള്ള നൈജീരിയന്‍ ശൈലിയിലെ ഇ^മെയിലുകള്‍ക്ക് ഒരിക്കലും പ്രതികരണമയക്കരുത്. അശ്ലീലമെന്ന് സംശയിക്കുന്ന വെബ് സൈറ്റുകളോ ഇ^മെയിലുകളോ ഒരിക്കലും തുറക്കരുത്. ഇത്തരം സൈറ്റുകളില്‍ നിന്ന് പതിവായി എത്തുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യണം. ഇതിന്നായി Porn filter, Spam fighter, Mail washer തുടങ്ങിയ നിവരധി പ്രോഗ്രാമുകള്‍ നെറ്റിലുണ്ട്. ഇതില്‍ ചിലത് സൌജന്യമാണ്. മറ്റുചിലത് കാശ് മുടക്കിയാലേ ലഭിക്കൂ.

കമ്പ്യൂട്ടറിലും നെറ്റിലുമുള്ള നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക. ശത്രു പ്രത്യക്ഷപ്പെട്ടേക്കാവുന്ന രീതികളും അറിയുക. ശത്രുവിനെ തുരത്താനുള്ള ഒന്നാമത്തെ മാര്‍ഗം ആന്റി വൈറസ് പ്രോഗ്രാം തന്നെ. അതെപ്പോഴും സജീവമാക്കുക. ഇടക്ക് കമ്പ്യൂട്ടര്‍ സമ്പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് ശുദ്ധിവരുത്തുക. സാധിക്കുമെങ്കില്‍ ഫയര്‍വാള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്തു പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുക.

മറ്റൊരു സുരക്ഷാ പ്രശ്നം കൂടി അവശേഷിക്കുന്നു. നിങ്ങള്‍ പുലര്‍ത്തിപ്പോരുന്ന അശ്രദ്ധയും അലംഭാവവുമാണത്. അശ്രദ്ധ നിങ്ങള്‍ക്ക് തന്നെ കെണിയാകുന്ന സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായിരിക്കയാണല്ലോ. അപേക്ഷകളയക്കാനും പരീക്ഷാ ഫലമറിയാനും മറ്റുമൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റ് അനിവാര്യമായിരിക്കുന്നു. അതനുസരിച്ച് കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇന്റര്‍നെറ്റിലൂടെ അബദ്ധത്തില്‍ സംഭവിക്കാനിടയുള്ള തെറ്റുകള്‍ക്ക് പോലും ചിലപ്പോള്‍ നിങ്ങള്‍ ഉത്തരവാദിയായേക്കാം. ഇന്റര്‍നെറ്റിലൂടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും കൈമാറ്റം ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നമ്മുടെ നാട്ടില്‍. ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെയാകും. ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ തമാശക്കുവേണ്ടിയോ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയോ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഐ.ടി ആക്ട് പ്രകാരം രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാനിടയാക്കുന്ന കുറ്റകൃത്യമാണെന്നോര്‍ക്കുക.

ചുരുക്കത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് നിര്‍ദ്ദേശിക്കാനുള്ളതിതാണ്. നെറ്റിലെ കെണികളിലും ചതിക്കുഴികളിലും അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. സാധ്യമായ സുരക്ഷാ സംവിധാനങ്ങളുപയോഗിക്കുക. ഇന്റര്‍നെറ്റ് പ്രയോജനകരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അതൊരിക്കലും ദുരുപുയാഗപ്പെടുത്തരുത്. വ്യക്തികളെ തേജോവധം ചെയ്യാനോ ഭീഷണിപ്പെടുത്താനോ സാമ്പത്തികമായ തട്ടിപ്പുകള്‍ നടത്താനോ അശ്ലീലത പ്രചരിപ്പിക്കാനോ അതൊരിക്കലും ഉപയോഗിക്കരുത്.
==============

1 comment: