
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസസംബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
രാപകല്‍ ഭേദമന്യേ പതിവായി നാം ചുരുങ്ങിയത് പത്ത് ഉപകരങ്ങളെങ്കിലും കൂടെ കൊണ്ടുനടക്കുന്ന ഒരുകാലം വന്നിരുക്കുന്നുവെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? പാന്റ്സിന്റെ വലതുപോക്കറ്റില്‍ ഒരു റേഡിയോയും ടൈപ്റിക്കോര്‍ഡറും വീഡിയോ ക്യാമറയും. ഇടതുവശത്തെ പോക്കറ്റില്‍ ഒരു കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ഡയറിയും സ്റ്റില്‍ ക്യാമറയും കൂടെ ലോകഭൂപടത്തിന്റെ ഏത്ഭാഗത്തും നേവിഗേഷന്‍ നടത്താന്‍ സാധ്യമാകുന്ന ഒരു ജി.പി.എസ്. ഉപകരണവും. ഷര്‍ട്ടിന്റെ പോക്കറ്റിലാവട്ടെ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പോക്കറ്റ് വാച്ച്. പിന്നെ ഒരു ടെലിഫോണും ഒരു കമ്പ്യൂട്ടറും. പോരേ. എങ്ങനെയുണ്ടാവും അവസ്ഥ. സാധ്യമല്ല എന്നായിരിക്കും നിങ്ങള്‍ പറയുക. എന്നാല്‍ ആധുനിക മൊബൈല്‍ ഫോണുകള്‍ ഈ സൌകര്യങ്ങളൊക്കെ ഒരൊറ്റ ഉപകരണത്തിലാക്കി നമുക്കു നല്‍കുന്നുവെന്നതാണ് വാസ്തവം.
കാര്യം ഇവിടെയും അവസാനിക്കുന്നില്ല. ഇന്റര്‍നെറ്റ് ടെലിവിഷന്‍ വരുന്നതോടെ ചാനല്‍ പരിപാടികള്‍ വീക്ഷിക്കാനും ഇനി ഈ ഉപകരണം തന്നെ മതി. സ്ക്രീന്‍ വളരെ ചെറുതാണെന്ന് പരാതിയുണ്ടാവും. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ഇതിനെ വലിയൊരു മോണിറ്ററുമായി ബന്ധിപ്പിക്കാം. യാത്രയിലാണെങ്കില്‍ സ്ക്രീനിലെന്നപോലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കണ്ണടയും ധരിക്കാം. ഇന്റര്‍നെറ്റുപയോഗിച്ച് ആവശ്യമായ ഏത് ചാനലും നിങ്ങള്‍ക്ക് ലഭ്യമാക്കാം. അതല്ലെങ്കില്‍ യൂട്യൂബിലെ വീഡിയോ ക്ളിപ്പുകളില്‍ സമയം ചിലവഴിക്കാം. നിങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണെങ്കില്‍ യൂട്യൂബില്‍ നിന്ന് തന്നെ അവിടുത്തെ ലക്ചര്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി. ലോകത്തെങ്ങുമുള്ള നൂറ്റമ്പതോളം യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ ക്ളാസ്സുകളുമായി ഇതിനകം യൂട്യൂബില്‍ രജിസ്റ്റല്‍ ചെയ്തുകഴിഞ്ഞു. അതല്ലെങ്കില്‍ അല്‍പം നേരമ്പോക്കാണ് വേണ്ടതെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഏതാനും ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്തു പ്രവര്‍ത്തിപ്പിക്കാം.
ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ മുകളില്‍ പരാമര്‍ശിച്ച ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളുടെയെല്ലാം ഭാവി അനിശ്ചിതമായിരിക്കുന്നു. സമയമറിയാന്‍ നാം ഉപയോഗിച്ചിരുന്ന റിസ്റ്റ് വാച്ച് ഇന്ന് ഒരാഡംബര വസ്തു മാത്രമാണ്. കാശുള്ളവര്‍ക്ക് വേണമെങ്കില്‍ അവിടെ കുറേ രത്നങ്ങള്‍ പതിച്ച് തങ്ങളുടെ കുബേരത വെളിപ്പെടുത്താം. അലാറം ക്ളോക്ക് എന്ന സാധനത്തിന് വംശനാശം നേരിട്ടു. റേഡിയോയും വാക്ക്മാനും നമ്മോട് വിടപറഞ്ഞു രംഗമൊഴിഞ്ഞു. സാധാരണ ക്യാമറകള്‍ ഇന്ന് ആര്‍ക്കും വേണ്ട. അവയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വില അനുദിനം കുറഞ്ഞുവരുന്നു. വെറുതെ കൊടുത്താല്‍പോലും ആരും വാങ്ങാത്ത ചരക്കായി അത് മാറി.
എല്ലാ ഉപകരണങ്ങളുടെയും സ്ഥാനത്ത് ഒരൊറ്റ ഉപകരണം മാത്രം. ഒരു സ്മാര്‍ട്ട് ഫോണ്‍. ഇവന്‍ തികച്ചും സ്മാര്‍ട്ട് തന്നെ. മുമ്പ് പാംടോപ് കമ്പ്യൂട്ടറെന്ന് നാം വിശേഷിപ്പിച്ചിരുന്ന ഉപകരണം പിന്നെ പി.ഡി.എ ആയി മാറി. ഇതിലൊരു മൊബൈല്‍ കണക്ഷനും കൂടിയായപ്പോള്‍ അത് സ്മാര്‍ട്ട് ഫോണായി. ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറുന്നു. പാംടോപും പി.ഡി.എയും സ്മാര്‍ട്ട് ഫോണുമൊക്കെ ഇന്ന് ഒരൊറ്റ ഉപകരണം തന്നെ. ഉയര്‍ന്ന റസല്യൂഷനുള്ള ക്യാമറ, വിപുലമായ മെമ്മറി, ബനുൂടൂത്ത്, മ്യൂസിക്-വീഡിയോ പ്ളേയര്‍, ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനം. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. മുമ്പ് ഇ-മെയില്‍ തുറക്കാനും വായിക്കാനും കമ്പ്യൂട്ടറായിരുന്നു ആശ്രയം. ഇന്ന് മൊബൈല്‍ ഫോണ്‍ ഏത് ഇ-മെയില്‍ പ്രോട്ടോകോളിനെയും തുണക്കുന്നു. എവിടെവെച്ചും നിങ്ങള്‍ക്ക് മെയില്‍ തുറക്കാം, വായിക്കാം, മറുപടി അയക്കാം.
ഗെയിമുകളും വിവിധ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം. വേര്‍ഡ് പ്രോസസ്സര്‍, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍ പ്രോഗ്രാം, വേഗതയേറിയ പ്രോസസ്സര്‍ ഇങ്ങനെ ഇവ നല്‍കുന്ന സൌകര്യങ്ങള്‍ വിപലമാകുന്നു. ട്രയിന്‍ യാത്രയിലും ബസ്സ് യാത്രയിലുമൊക്കെ ഓഫീസിലെ വേര്‍ഡ് ഫയലുകളും മറ്റും നിങ്ങള്‍ക്ക് തുറന്നുവായിക്കാം. എഡിറ്റ് ചെയ്യാം. ബനുൂടൂത്ത് വയര്‍ലെസ് കണക്ഷന്‍ ഉപയോഗിച്ച് എവിടെവെച്ചും തൊട്ടടുത്തുള്ള പ്രിന്ററിലേക്ക് കണക്റ്റ് ചെയ്തു കോപ്പിയെടുക്കാം. പി.ഡി.എഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ദിനപത്രങ്ങളൊക്കെ ഏത് സമയത്തും നിങ്ങളുടെ കരങ്ങളിലൊതുങ്ങുന്നു. അതോടൊപ്പം ഈ ആധുനിക മൊബൈല്‍ ഫോണ്‍ മനുഷ്യനെ ഒരു സഞ്ചരിക്കുന്ന പത്ര പ്രസാധകനാക്കി മാറ്റുകയാണ്. നോക്കിയയുടെ ച70 മോഡലില്‍ തുടങ്ങി ഏതാണ്ട് പുതിയ മൊബൈല്‍ ഫോണുകളൊക്കെ ഈ അവസ്ഥയിലേക്കെത്തിയിരിക്കയാണ്. ഫോട്ടോകളും ഫയലുകളും മൊബൈല്‍ നെറ്റ്വര്‍ക്ക് വഴിയും ഇന്റര്‍നെറ്റിലൂടെയും കൈമാറ്റം ചെയ്യാന്‍ സഹായകമായ വിസ്രിയാ സ്നാപ് (ഢശ്വൃലമ ിമു) പോലുള്ള സോഫ്റ്റ്വെയറുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
ഡിക്ഷണറിയും മെയില്‍ റീഡറുമൊക്കെ മൊബൈല്‍ സോഫ്റ്റ്വെയര്‍ രൂപത്തില്‍ നിങ്ങളുടെ കൈകളിലെത്തി. നിങ്ങള്‍ ജപ്പാനിലേക്കൊരു ബിസിനസ് യാത്ര പോകുന്നുവെന്ന് സങ്കല്‍പിക്കുക. അവിടെ ഹോട്ടലില്‍ ജപ്പാനിസ് ഭാഷയിലെഴുതിയ ബോര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാനറിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. ഫോണിലെ ക്യാമറ ഉപയോഗിച്ച് അത് പകര്‍ത്തിയാല്‍ മൊബൈല്‍ ഫോണിലെ ലെറ്റര്‍ റക്കഗ്നൈസ് സോഫ്റ്റ്വെയര്‍ അത് തിരിച്ചറിഞ്ഞു നിങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിത്തരും. ഈ രീതിയില്‍ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകാരപ്രദമായ ആയിരക്കണക്കിന് സോഫ്്റ്റ്വെയറുകള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും.
മൊബൈല്‍ ഫോണ്‍ മോഡം എന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇതുപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ് കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാം. ഇനി വൈഫൈ, വൈമാക്സ് തുടങ്ങിയ വയര്‍ലെസ് കണക്ഷനുകളും മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കാനുള്ള സൌകര്യവും രംഗത്തെത്തുകയാണ്.
മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതിയ കമ്പനികളും പുത്തന്‍ ഉപകരണങ്ങളും നിങ്ങളെത്തേടിയെത്തുന്നു. ഇന്ത്യയില്‍ നാം 'ഐഫോണി'ന്റെ ആഗമനം ആഘോഷിച്ചപ്പോള്‍ 'ഐഫോണ്‍ നാനോ' പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു ആപ്പിള്‍ കമ്പനി. മൂന്നാം തലമുറ മൊബൈല്‍ ടെക്നോളജി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നിലവി ലെ ഐഫോണിന്റെ ചെറിയ പതിപ്പ്. ബ്രിട്ടണിലെ 02 ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഇതിന്റെ വികസനം നടന്നത്. 64 ജിഗാബയ്റ്റ് സംഭരണ ശേഷിയുള്ള ഐപോഡ് മ്യൂസിക് പ്ളേയര്‍ ഇതിന്റെ കൂടെ ഉണ്ടാവുമെന്നത് തീര്‍ച്ച. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കമ്പനിയും മൊബൈല്‍ ഫോണ്‍ രംഗത്തേക്കിറങ്ങി. പ്രശസ്ത മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങളുടെ 'ജി 1' മൊബൈല്‍ ഫോണിന് രൂപം നല്‍കി. മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രത്യേകം ഓപറേറ്റംഗ് സിസ്റ്റവും ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നു.
വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് സ്മാര്‍ട്ട് ഫോണിനു പുറമെ പഴമയുടെ പ്രതീകമായി പോക്കറ്റില്‍ ഒരു പേനയും പിന്നെ ഒരു പേഴ്സും ഒരു താക്കോല്‍കൂട്ടവും കൊണ്ടുനടക്കുന്നു. ആ നിലക്ക് കോര്‍ക്കറസിനെ ഒരു 'കാലഹരണപ്പെട്ട' കമ്പ്യൂട്ടര്‍ ഉപയോക്താവ് എന്നു വിളിക്കാം. എന്നാല്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്ഫോണിന്റെയും ഉപയോഗത്തോടെ പേന ഒരലങ്കാര വസ്തുവായി മാറിയിരിക്കയാണ്. പേഴ്സ് ഇനി ഇ-ക്യാഷും ക്രഡിററ് കാര്‍ഡുമൊക്കെയായി മൊബൈല്‍ഫോണിലേക്ക് കൂടുമാറും. സ്മാര്‍ട്ട് കീകളുടെ വരവോടെ ഇനി താക്കോലുകളും സമീപഭാവിയില്‍ അപ്രത്യക്ഷമാകുമെന്നതില്‍ സംശയമില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ചോദ്യമിതാണ്. മൊബൈല്‍ ഫോണും നിലവിലെ രൂപത്തില്‍ നിന്ന് ഇനി അപ്രത്യക്ഷമാവുമോ? അതേ എന്നുതന്നെയാണ് ഉത്തരം. നാനോടെക്നോളജിയുടെ ആഗമനത്തോടെ ഇതും യാഥാര്‍ത്ഥ്യമാവുകയാണ്. ഇനി കോര്‍ക്കറസ് ധരിക്കുന്ന ഷര്‍ട്ടില്‍ ഈ ഉപകരണങ്ങള്‍ക്കെല്ലാം പകരമായി ഒരുപക്ഷെ നോക്കിയ കമ്പനി നിര്‍മ്മിച്ച ഒരു ബട്ടണുണ്ടായിരിക്കും. അതല്ലെങ്കില്‍ സോണി എരിക്സണ്‍ കമ്പനിയുടെ ഒരു കണ്ണട മുഖത്ത് ധരിച്ചേക്കാം.
*******
വിജ്ഞാനപ്രദമായ ലേഖനത്തിനു നന്ദി.
ReplyDelete