Wednesday, July 29, 2009

ഗൂഗോള വിസ്മയം മഹാവിസ്മയം..!


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഗൂഗിള്‍ ഇല്ലാതെ ഇത്രയും കാലം ഞങ്ങളൊക്കെ ഇവിടെ ജീവിച്ചുവെന്ന് നമ്മുടെ കുട്ടികളെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാവുമെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇപ്പോള്‍ ചിന്തിക്കുന്നത്. എന്തിനും ഏതിനും ഇപ്പോള്‍ ഗൂഗിള്‍ തന്നെ വേണം. നിങ്ങളുടെ മനസ്സില്‍ എന്ത് സംശയം തോന്നുന്നുവെങ്കിലും ഉടനെ ഗൂഗിളിനെ സമീപിക്കൂ. തല്‍സമയം സംശയ നിവാരണം ലഭിക്കുമെന്ന് തീര്‍ച്ച. നിങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതും ഗൂഗിളിനോട് തന്നെ ചോദിക്കുക. കോര്‍ക്കസുമാരില്‍ വ്യാജന്‍മാരുണ്ടോ എന്നതായിരുന്നു ഇടക്ക് യഥാര്‍ത്ഥ കോറക്കറസിനുണ്ടായ ഒരു സംശയം. ഉടനെ ഗൂഗിളിനെ സമീപിച്ച് 'Korkaras' എന്ന ഒരു കീവേര്‍ഡ് അങ്ങ് തൊടുത്തുവിട്ടു. പെട്ടന്നതാ വരുന്നു റിസള്‍ട്ട്. ഒന്നും രണ്ടുമല്ല. നൂറെണ്ണം. ഇതില്‍ വ്യാജന്‍മാരും ധാരാളമുണ്ടായിരുന്നു. എങ്കിലും യഥാര്‍ത്ഥ കോര്‍ക്കറസിന്് തന്നെയായിരുന്നു ഗൂഗിളില്‍ ആധിപത്യം. അതേസമയം ഇതര സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഈ ചോദ്യം നല്‍കിയപ്പോള്‍ പലര്‍ക്കും ഉത്തരമില്ലായിരുന്നു. റിസള്‍ട്ട് തന്നവര്‍ തന്നെ ഒന്നോ രണ്ടോ വ്യാജന്‍മാരെ കാണിച്ചു രക്ഷപ്പെട്ടു.

ഇങ്ങനെ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ശൂന്യാകാശത്തേക്ക് വരെ ഗൂഗിളിന്റെ സേവനം വ്യാപിച്ചിരിക്കയാണ്. ശൂന്യാകാശത്തിലൂടെ 10 ദിവസത്തെ വിനോദ യാത്രക്ക് ഇപ്പോഴത്തെ നിലവാരമനുസരിച്ച് നിങ്ങള്‍ക്ക് ഏതാണ്ട് ഇരുപത് ദശലക്ഷം ഡോളര്‍ ചിലവ് വരും. എന്നാല്‍ ഗൂഗളിന്റെ ഏറ്റവും പുതിയ സേവനങ്ങളിലൊന്നായ 'ഗൂഗിള്‍ സ്കൈ' (http://www.google.com/sky/) ഉപയോഗിച്ച് അത്രയും ദിവസമോ അതിലധികമോ ശൂന്യാകാശ യാത്ര നടത്താന്‍ ഇന്റര്‍നെറ്റിന്റെ മാസവരി മാത്രം നല്‍കിയാല്‍ മതി. രണ്ടവസ്ഥയിലും നിങ്ങള്‍ക്ക് കാണാനാവുന്നത് ഭൂമിയുടെ ദൃശ്യങ്ങള്‍ തന്നെ. ചെറിയൊരു മൌസ് ക്ളിക്കിലൂടെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും അടുത്ത് നിരീക്ഷിക്കാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ സേവനം ഉപയോഗപ്പെടുത്താന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ബെല്‍റ്റ് ധരിക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ തുറന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ശൂന്യാകാശത്തിലൂടെ യഥേഷ്ടം വിഹരിക്കുക. ഗൂഗിളിന് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്.

മുമ്പ് ഐ.ബി.എം കോര്‍പറേഷനായിരുന്നു ഐ.ടിയിലെ ഭീമന്‍മാര്‍. പിന്നെ ആ സ്ഥാനം സൈക്രോസോഫ്റ്റ് കൈയ്യടക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ബി.എമ്മിന് മൈക്രോസോഫ്റ്റിനെ മനസ്സിലാക്കാനായില്ല. അതുപോലെത്തന്നെ മൈക്രോസോഫ്റ്റിന് ഗൂഗിളിനെയും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇവരെയൊക്കെ പിന്നിലാക്കി ഗൂഗിള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഗൂഗിളെന്ന വിസ്മയത്തെ ഒരു വര്‍ഷം പൂര്‍ണ്ണമായി പഠന നീരീക്ഷണത്തിന് വിധേയമാക്കി അതിസാഹസികമായ അതിന്റെ പാരമ്പര്യം വിവരിച്ച് 'The Legacy of Google’എന്ന ഗ്രന്ഥമെഴുതിയ സ്റ്റീഫന്‍ ഇ. ആര്‍ണോള്‍ഡ് ആണ് ഇത് പറയുന്നത്. സ്ഥാപനത്തിന്റെ മൂലധനവും ലാഭവും അതിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറെന്ന സി.ഇ.ഒയും തൊഴിലാളിയും എല്ലാം അതിന്റെ ഉപയോക്താക്കള്‍ തന്നെ എന്നതാണ് ഇതര കമ്പനികളില്‍ നിന്ന് ഗൂഗിളിനെ വേര്‍തിരിക്കുന്നത്. അതായത് ഞാനും നിങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ഗൂഗിളിന്റെ മൂലധനം. ഗൂഗിളിന്റെ വരുമാനവും ഇതുതന്നെ. ഇങ്ങനെ നമ്മുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗൂഗിളിന്റെ മൂലധനം വര്‍ദ്ധിക്കുന്നു. ലാഭം കുന്നുകൂടുന്നു. അതാണ് ഗൂഗിള്‍. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരെന്ന് അവകാശപ്പെടാവുന്ന ഇരുപതിനായിരത്തോളം പേര്‍ വിവധ രാജ്യങ്ങളിലായി കമ്പനിയുടെ ശമ്പളം പറ്റുന്നവരായി ഉണ്ടെങ്കിലും ഗൂഗിളിന്റെ സി.ഇ.ഒ നിങ്ങള്‍ തന്നെ. സംശയിക്കേണ്ട. നിങ്ങളെസ്സംബന്ധിച്ചേടത്തോളം ഗൂഗിളില്‍ നിന്ന് എന്ത് സേവനം വേണമെന്നും അതെങ്ങനെ വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പരമാധികാരം ഗൂഗിള്‍ നിങ്ങള്‍ക്കു വകവെച്ചുതരുന്നു.

ഇരുപതിനായിരത്തോളം സാങ്കേതിക വിദഗ്ധരെന്ന് പറയുമ്പോള്‍ വലിയൊരു പൂന്തോട്ടത്തില്‍ നിങ്ങള്‍ ഇരുപതിനായിരം വ്യത്യസ്ത ആശയങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലെയാണ്. ഇവക്കൊന്നും പരസ്പര ബന്ധമില്ലതാനും. ആഴ്ചയിലൊരു പ്രവര്‍ത്തി ദിവസം ഈ വിദഗ്ധരോട് തങ്ങളുടെ മനസ്സിലുരുത്തിരിയുന്ന ആശയങ്ങള്‍ സ്വതന്ത്രമായി പരിപോഷിപ്പിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ആവശ്യപ്പെട്ടാലോ. അതായത് ഇരുപതിനായിരത്തോളം വിദഗ്ധരുടെ മൊത്തം ജോലി സമയത്തിന്റെ ഏതാണ്ട് ഇരുപത് ശതമാനം സ്വതന്ത്രമായി പുത്തന്‍ ആശയങ്ങള്‍ തോടിപ്പിടിക്കാനും അവക്ക് പ്രയോഗിക രൂപം നല്‍കാനും വിനിയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇക്കൂട്ടത്തില്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയര്‍മാരും മാത്രമല്ല ഗണിതശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. പ്രത്യേകിച്ച് വിഷയം ഗൂഗിളിന്റെ ലബോറട്ടറിയുമായി (labs.google.com) ബന്ധപ്പെട്ടതാകുമ്പോള്‍ അതിന് പ്രത്യേകമൊരു സവിശേഷത കൈവരുന്നു. നെറ്റുമായി ബന്ധപ്പെട്ട് പുതിയൊരാശയവും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ വ്യക്തമായ രൂപരേഖയും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ സംശയിക്കേണ്ട, അതു നടപ്പാക്കാന്‍ നിങ്ങള്‍ക്കും ഗൂഗിളിന്റെ സഹായം തേടാം. അതോടെ നിങ്ങളും ഗൂഗിളിന്റെ ഭാഗമായി. മടിച്ചു നില്‍ക്കേണ്ട. ജീവനക്കാരെ എറ്റവുമധികം ആദരിക്കുന്ന സ്ഥാപനമാണ് ഗൂഗിള്‍. ലോകത്തെ 440 വന്‍കിട കമ്പനികളെക്കുറിച്ച് പഠനം നടത്തിയ ഫോര്‍ച്ച്യൂന്‍ മാസികയാണ് ഈ വിശേഷണം ഗൂഗിളിന് നല്‍കുന്നത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിനെപ്പോലും വെല്ലുന്ന സൌജന്യ താമസം, ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇങ്ങനെയാണ് ഗൂഗിള്‍ അതിന്റെ തൊഴിലാളികളെ ആദരിക്കുന്നത്.

ഗൂഗിള്‍ എര്‍ത്ത്, ജിമെയില്‍, ഗൂഗിള്‍ ഡോക്സ്, ബ്ളോഗര്‍, യൂട്യൂബിന്റെ വികസനം, ഗൂഗിള്‍ കലണ്ടര്‍, ഓര്‍ക്കൂട്ട് എന്നിങ്ങനെ ഗൂഗിളിന്റെ ലാബില്‍ വികസിപ്പിച്ച ഒട്ടേറെ പദ്ധതികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സേവനങ്ങളാണ്. ഇതുപോലുള്ള ഒട്ടേറെ പദ്ധതികള്‍ വെളിച്ചം കാണാനായി ഗൂഗിള്‍ ലാബില്‍ അണിഞ്ഞൊരുങ്ങുന്നു. ചിലത് പുറത്തേക്ക് വന്നേക്കാം. മറ്റു ചിലത് ഒരിക്കലും വെളിച്ചം കാണണമെന്നുമില്ല. എന്നാലും ഗൂഗിള്‍ അതിന്റെ പണി തുടരുകതന്നെ ചെയ്യും. ഒന്നിന് ശേഷം നൂറ് പൂജ്യം വരുന്ന അക്കത്തെ ഗൂഗോള്‍ (Googole) എന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് കാസ്നറിന്റെ സഹോദരി പുത്രന്‍ മിള്‍ട്ടണ്‍ സിറോട്ട വിശേഷിപ്പിച്ചു. ഗൂഗോളില്‍ നിന്നാണ് ഗൂഗിളിന്റെ ഉത്ഭവം. അതെ, എനിക്കും നിങ്ങള്‍ക്കും എണ്ണിത്തീര്‍ക്കാനാവാത്ത വിധത്തിലുള്ള സേവനങ്ങളാണ് ഗൂഗിളിന്റെ ലാബില്‍ ഇരുത്തിരിഞ്ഞുവരുന്നത്. ഗൂഗിള്‍ മൂണ്‍, ഗൂഗിള്‍ മാര്‍സ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്, ആക്സസബിള്‍ സെര്‍ച്ച് (അന്ധന്‍മാര്‍ക്കായുള്ളത്), ഗൂഗിള്‍ നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറണൈന്ന് കണക്കാക്കുന്നു. 'തിന്മ അരുത്'. അതാണത്രെ ഗൂഗിളിന്റെ പ്രമാണ വാക്യം. ഇത്രയും ഉയര്‍ച്ച കമ്പനിക്കുണ്ടായത് തങ്ങളുടെ പ്രമാണവാക്യം മുറുകെ പിടിച്ചു മികച്ച സേവനം നല്‍കിയതുകൊണ്ടാണെന്ന് അതിന്റെ സ്ഥാപകര്‍ വിശ്വസിക്കുന്നു. 1999-ല്‍ വരുമാനം 99 ലക്ഷം ഡോളറും ചിലവ് 30 കോടി ഡോളറും. 2000-ല്‍ നഷ്ടം 66.5 കോടിയായി. 2001-ല്‍ 31.5 കോടി ഡോളള്‍ ലാഭവുമായി ജൈത്രയാത്ര തുടങ്ങി. പിന്നെ ഗൂഗിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. 66,434 ദശലക്ഷം ഡോളറാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം. മൈക്രോസോഫ്റ്റിന്റേത് 54,951 ദശലക്ഷം ഡോളറും.

2001 മുതല്‍ 2004 വരെയായി ഗൂഗിള്‍ 47 പാറ്റന്റ് കരസ്ഥമാക്കി. തുടര്‍ന്ന് 2005-ലെ ആദ്യത്തെ ആറ് മാസങ്ങളിലായി ഗൂഗിള്‍ സ്വന്തമാക്കിയ പാറ്റന്റിന്റെ എണ്ണം എഴുപത്തിരണ്ട്. ഇതൊരു വന്‍ കുതിച്ചുചാട്ടം തന്നെ എന്നതില്‍ സംശയമില്ല. നമ്മുടെ കമ്പ്യൂട്ടറിലെ ഒരു ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് നമുക്കറിയാവുന്നതേയുളളൂ. അതിനു വേണ്ടി വരുന്ന സമയവും അറിയാം. അതേസമയം കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്നാണ് നാം ആവശ്യപ്പെട്ട വിവരം ഗൂഗിള്‍ തിരഞ്ഞെടുത്തു തരുന്നത്. 'പേജ് റാങ്ക്' എന്ന രഹസ്യ ഗണിത സമീകരണമാണ് ഇതിനായി അവരുപയോഗിക്കുന്നത്. യുക്തിപൂര്‍വ്വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ് പേജ് റാങ്ക് ചെയ്യുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഉദാഹരണമായി ഒരു വ്യക്തി പ്രാധാന്യമുള്ള ആളാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട ആളാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് ഈ രീതിയില്‍ പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്. റാങ്കിംഗില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു.

ലളിതമായ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി തൊട്ടതെല്ലാം തങ്ങളുടേതാക്കി മാറ്റി ഗൂഗിള്‍ അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റില്‍ ഇനി 2020 വരെയുള്ള കാലം ഗൂഗിളിന്റേത് തന്നെയായിരിക്കുമെന്നാണ് നീരീക്ഷകള്‍ പറയുന്നത്. ഗൂഗിളിനെ പരാജയപ്പെടുത്താനായി യാഹൂ, എം.എസ്.എന്‍ തുടങ്ങിയ നെറ്റിലെ ഭീമന്‍മാര്‍ പല അടവുകളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ ഭീഷണി നേരിടാനായി മൈക്രോസോഫ്റ്റ് ഒരുവേള യാഹൂവിനെത്തന്നെ വിലക്ക് വാങ്ങാനായി തുനിഞ്ഞിറങ്ങയത് വിസ്മരിക്കാനായിട്ടില്ല. അതേസമയം മൈക്രോസോഫ്റ്റിനെത്തന്നെ വിലക്ക് വാങ്ങാനായി മുന്നിട്ടിറങ്ങിക്കൊണ്ടാണ് ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചതെന്നത് ഏറെ വിസ്മയകരമായി.
*****

3 comments:

  1. അറിവുകള്‍ക്ക് നന്ദി...

    ReplyDelete
  2. മടിയന്‍March 26, 2010 at 3:51 PM

    ഗൂഗിളിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  3. വായിച്ചു നന്ദി

    ReplyDelete